Your Voice

സി പി എം കേരള നേതൃത്വം ആര്‍ എസ് എസിന്റെ സ്വരത്തില്‍ സംസാരിക്കരുത്‌

സാമൂഹിക വിമർശകൻ ശ്രീ.പി.ജെ ബേബി സോഷ്യൽ മീഡിയയിൽ
എഴുതിയ കുറിപ്പിന്റെ സംഗ്രഹം: “മുസ് ലിംകളെല്ലാം തീവ്രവാദികളല്ല, എന്നാൽ തീവ്രവാദികളെല്ലാം മുസ് ലിംകളാണ് ” എന്ന സാമ്രാജ്യത്വ മുദ്രാവാക്യം രാജ്യവ്യാപകമായി പ്രചരിപ്പിച്ച് അതിലൂടെ ഇസ് ലാമോഫോബിയ പരത്തിയാണ് 2014ൽ മോഡി സംഘം തെരഞ്ഞെടുപ്പു വിജയം നേടിയത്.

അതുണ്ടാക്കിയ പൊതുബോധമനുസരിച്ച് ഗുജറാത്ത് കൂട്ടക്കൊലയിൽ 2000 പേരെ കാലപുരിക്കയച്ചതും ഗർഭിണിയുടെ വയർ പിളർന്ന് ശിശുവിനെ ശൂലത്തിൽ കോർത്തതും ഇഹ്സാൻ ജാഫ്രിയെ ചുട്ടുകൊന്നതുമൊന്നും തീവ്രവാദമല്ല! ബാബറി മസ്ജിദ് തകർത്തതോ, തുടർന്ന് രാജ്യത്തുടനീളം വർഗീയ ലഹളയിൽ ആയിരക്കണക്കിന് മുസ് ലിംകൾ കാലപുരി പൂകിയതോ തീവ്രവാദമല്ല!! സൊഹ്റാബുദ്ദീൻ ഷേക്ക്നെകൊന്നത്, അയാളുടെ ഭാര്യ കൗസർബിയെ കൊന്നത്… അതൊക്കെ തീവ്രവാദ വിരുദ്ധ പ്രവർത്തനമാണ് !

മുസ് ലിംകളും കമ്യൂണിസ്റ്റ് – മാവോയിസ്റ്റ്കാരും തീവ്രവാദികൾ, ഞങ്ങൾ ദേശസ്നേഹികൾ എന്ന ആശയത്തിന് പൊതുബോധത്തിൽ മേൽക്കോയ്മ നേടിയെടുക്കാൻ അവർക്കായി. ഹിന്ദു ജാഗരൺ മഞ്ച്, സനാതൻ സൻസ്ത തുടങ്ങിയ പേരുകളിൽ നിരവധി ബോംബു സ്ഫോടനങ്ങൾ നടത്തുകയും, ധാബോൽക്കറും കൽബുർഗിയും മുതൽ ഗൗരി ലങ്കേശ് വരെയുള്ളവരെ വെടിവെച്ചു കൊല്ലുകയും ചെയ്തവരെ സംരക്ഷിക്കുകയും അവയുടെ നേതാവ് സാധ്വി പ്രജ്ഞാസിങ്ങിനെ രക്ഷിച്ചെടുത്ത് എം.പിയാക്കുകയും കേണൽ പുരോഹിത് ജാമ്യത്തിലിറങ്ങിയപ്പോൾ “ആർമി വെൽക്കംസ് ഇറ്റ്സ് ഹീറോ” എന്നാ ഘോഷിക്കുകയുമായിരുന്നു ഹിന്ദുത്വ ശക്തികളും ദേശീയ മാധ്യമങ്ങളും !

അധികാരത്തിൽ വന്നശേഷം JNU വിദ്യാർത്ഥി നേതാവ് കനയ്യകുമാർ കമ്യൂണിസ്റ്റ് എന്നു സ്വയം വിശേഷിപ്പിച്ച കുറ്റത്തിന് പകരമായി കളള വീഡിയോ ചമച്ച് രാജ്യദ്രോഹത്തിന് അറസ്റ്റ് ചെയ്യുകയും കോടതി മുറിയിൽ വെച്ച് RSS അഭിഭാഷക ഗുണ്ടകൾ ഭീകരമായി മർദ്ദിക്കുകയും ചെയ്തു. കനയ്യ പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ചു എന്നാണ് കള്ള വീഡിയോ ചമച്ചത്. ദശകങ്ങളിലൂടെ രാജ്യത്താകെ പടർന്ന ഈ മുസ് ലിം വിരുദ്ധ പൊതുബോധത്തിനെതിരെ പ്രായേണ മാതൃകാപരമായ നിലപാടാണ് CPM – CPi കക്ഷികളുടെ കേന്ദ്ര നേതാക്കൾ എടുത്തു പോന്നത്.

എന്നാൽ കേരളത്തിലും മറ്റും ആ പൊതു ബോധം പാർട്ടിക്കകത്തേക്ക് പല തലങ്ങളിൽ അലയടിച്ച് കയറിക്കൊണ്ടിരുന്നു .നാദാപുരത്തെ നിരന്തര സംഭവങ്ങൾ മാത്രമല്ല അതിനു തെളിവ്. ഉമ്മൻ ചാണ്ടി മന്ത്രിസഭക്കാലത്ത് മുസ് ലിം ലീഗിന്റെ അഞ്ചാം മന്ത്രിക്കെതിരെ വെള്ളാപ്പള്ളിയും സുകുമാരൻ നായരും ഉറഞ്ഞു തുള്ളിയതുണ്ടാക്കിയ ഹിന്ദു വർഗീയ വികാരത്തെ ചെറുക്കുന്നതിനു പകരം പ്രോത്സാഹിപ്പിച്ചു. തുടർന്ന് പു.ക.സ യുടെ പ്രമുഖ സംസ്ഥാന നേതാക്കളടക്കം തപസ്യയുടെ ദീർഘകാല നേതാവായ അക്കിത്തത്തെ പൊന്നാടയണിയിച്ചാദരിച്ചതിനെതിരെ കാര്യമായ പ്രതിഷേധം പോലുമുണ്ടായില്ല!
അതുണ്ടാക്കിയ ധൈര്യത്തിലാണ് പു.ക.സ യിലെ മേൽ സൂചിപ്പിച്ച സംഘം കരുത്തു നേടിക്കൊണ്ട് സ്വത്വവാദത്തിന്റെ പേരിൽ ഇരവാദ ഇരട്ടകളെന്നു പറഞ്ഞ് കെ ഇ എൻ, പോക്കർ എന്നിവരെ രൂക്ഷമായി കടന്നാക്രമിച്ച് രംഗത്തു വന്നത്.ആ ആക്രമണത്തിലൂടെ അവർക്ക് തങ്ങളുടെ അക്കിത്ത ആരാധനയെ “ദേശീയ- പുരോഗമന ” നിലപാടായി വെള്ള പൂശാനുമായി!

കേരളത്തിലെ പോലീസ് ഈ സർക്കാരധികാരമേറ്റെടുത്ത ശേഷം തികഞ്ഞ സംഘിപ്പോലീസായി പ്രവർത്തിച്ചു പോന്നതിന് നൂറുനൂറുദാഹരണങ്ങളുണ്ട്. ഒടുവിൽ കഴിഞ്ഞ ശബരിമലക്കാലത്ത് പോലീസ് RSSന് റിപ്പോർട്ട് ചെയ്തതും വത്സൻ തില്ലങ്കേരിക്ക് മൈക്ക് പിടിച്ചു കൊടുത്തതും മുഖ്യമന്ത്രിക്കു തന്നെ തുറന്നു സമ്മതിക്കേണ്ടി വന്നു. മൂന്നു സംഭവങ്ങളിലായി മാവോയിസ്റ്റുകളെന്ന പേരിൽ ഏഴ് പേരെ വെടിവെച്ചുകൊന്നു.
മഞ്ചക്കണ്ടിയിൽ നാലുപേരെ വെടിവെച്ചുകൊന്നതിന് ന്യായീകരണമുണ്ടാക്കാനായി വിദ്യാർത്ഥികളായ രണ്ട് CPM അംഗങ്ങളെ UAPA പ്രയോഗിച്ചറസ്റ്റ് ചെയ്തതും കള്ളത്തെളിവു ചമക്കുന്നതും, മാവോയിസ്റ്റുകൾക്ക് പൗരാവകാശമില്ല, വെടിവെച്ചു കൊല്ലാം എന്ന മട്ടിൽ ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത വിധത്തിൽ ചീഫ് സെക്രട്ടറി ലേഖനമെഴുതിയിട്ടും നടപടിയില്ലാത്തതും പോലീസിലെ സംഘി വാഴ്ചവെറും ആരോപണമല്ലെന്ന് തെളിയിക്കുന്നു.

ആ സ്ഥിതി ഇന്ന് CPM കേന്ദ്ര നേതൃത്വത്തെ വല്ലാതെ അസ്വസ്ഥമാക്കിയിട്ടുണ്ട്. അതിലേറെ, കേരളത്തിലെ അണികളും ഇടതു- മതേതര-ജനാധിപത്യ ശക്തികളും സ്തബ്ധരായി നിൽക്കുന്നു! CPM പോളിറ്റ് ബ്യൂറോ UAPAക്കെതിരെ ശക്തമായ നിലപാടെടുത്തതിനെ ചെറുക്കാനും ” ആ രണ്ടു കുട്ടികൾ വലിയ ഭീഷണിയാണ് ,UAPAതികച്ചും ആവശ്യമാണ് ” എന്ന വരുത്താനുമാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി നടത്തിയ മുസ് ലിം തീവ്രവാദ പ്രസ്താവന എന്നാർക്കും മനസിലാകും. അത് “ഹിസ് മാസ്റ്റേഴ്സ് വോയിസ് ” ആണെന്നു മനസ്സിലാക്കാൻ പ്രാഥമിക ധാരണ മതി. അതല്ല , അത് വന്നത് അദ്ദേഹത്തിന്റെ സംഘപരിവാർ ബോധത്തിൽ നിന്നു മാത്രമാണെങ്കിൽ മുഖ്യമന്ത്രി അത് തിരുത്തേണ്ടതായിരുന്നു.അതുണ്ടായിട്ടില്ല.

CPM കേന്ദ്ര നേതൃത്വവും CPi യും ഇക്കാര്യത്തിൽ സ്വാഗതാർഹമായ ഒരു നിലപാടാണെടുത്തത് എന്നത് ആശ്വാസകരമാണ്. UAPA ഉപയോഗിക്കൽ, ലിംഗസമത്വം തുടങ്ങിയ അടിസ്ഥാന ഭരണഘടനാ വിഷയങ്ങളിൽ ഉറച്ച നിലപാടെടുത്തുകൊണ്ട് ,ഭരണഘടനാവാഴ്ച എന്ന മുദ്രാവാക്യമുയർത്തി മാത്രമേ ഇന്ത്യയിലെ ഫാസിസത്തെ പ്രതിരോധിക്കാനാവൂ.അത്തരമൊരു നിർണായക സന്ദർഭത്തിൽ UAPA ചുമത്തൽ , അതിനെ ന്യായീകരിക്കാൻ ഇസ് ലാമോഫോബിയ വളർത്തൽ എന്നിവയുടെ അപകടം പ്രത്യേകം വിവരിക്കേണ്ടതില്ല. ഏതു മാനദണ്ഡം വച്ചും CPM നേതൃത്വത്തിലൊരു ന്യൂനപക്ഷം സ്വീകരിക്കുന്ന പ്രോ-ഹിന്ദുത്വ നിലപാട് തുറന്നു കാട്ടപ്പെടണം, ചെറുത്തു. തോല്പിക്കപ്പെടണം. കേരളത്തിന് സംഘിപ്പോലീസ് വേണ്ട എന്നതു തന്നെയാണ് കാര്യം”

Facebook Comments
Related Articles
Show More
Close
Close