Current Date

Search
Close this search box.
Search
Close this search box.

കരിക്കുലം പരിഷ്കരണത്തിന് കാഹളം മുഴങ്ങുമ്പോൾ?

സംസ്ഥാനത്തെ സ്കൂളുകളിൽ ആൺ, പെൺ വ്യത്യാസമില്ലാതെ ഇരിപ്പിടമൊരുക്കുന്നതിന്‍റെ സാധ്യത പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് ചർച്ച ചെയ്യുന്നതായി വാർത്തകൾ പുറത്ത് വരുന്നു. കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ സംബന്ധിച്ച് സമൂഹ ചർച്ചക്ക് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ കരട് കുറിപ്പിലാണ് ഇത് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ അഭിപ്രായമറിയിക്കാൻ ചൊവ്വാഴ്ച ചേർന്ന കരിക്കുലം കോർ കമ്മിറ്റി യോഗത്തിൽ അംഗങ്ങളോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

പാഠ്യപദ്ധതി പരിഷ്കരണത്തിൽ പരിഗണിക്കേണ്ട 25 വിഷയ മേഖലകൾ സംബന്ധിച്ച കുറിപ്പിലാണ് ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം പ്രത്യേകം ചർച്ചക്കുവെച്ചിട്ടുള്ളത്. ലിംഗഭേദമില്ലാത്ത യൂനിഫോം, സ്കൂളുകൾ മിക്സഡ് ആക്കി മാറ്റൽ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നത് ചർച്ചയായതിനു പിന്നാലെയാണ് പുതിയ നീക്കം. ലിംഗഭേദം പരിഗണിക്കാതെ കുട്ടികളെ വിദ്യാലയത്തിലെത്തിക്കാനും ക്ലാസ് മുറികളിൽ സമത്വത്തോടെ പ്രവർത്തിക്കാനും എന്തെല്ലാം ചെയ്യേണ്ടതുണ്ടെന്ന ചോദ്യം കരട് രേഖയിൽ മുന്നോട്ടുവെക്കുന്നുണ്ട്.

ലിംഗതുല്യത, ലിംഗനീതി എന്നിവ സംബന്ധിച്ച കേരളീയ സമൂഹത്തിന്‍റെ പൊതുബോധം വിമർശനപരമായി പരിശോധിക്കേണ്ടതുണ്ടെന്നും ചർച്ചക്ക് നൽകിയ കുറിപ്പിൽ പറയുന്നുണ്ട്. ചർച്ചകൾക്ക് ശേഷം കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും സർക്കാറും അംഗീകാരം നൽകുന്നതോടെ പാഠ്യപദ്ധതി ചട്ടക്കൂട് അധിഷ്ഠിതമായ പാഠപുസ്തക പരിഷ്കരണത്തിലേക്ക് പ്രവേശിക്കുമെന്നാണ് അറിയുന്നത്.

ഇത്രയും കാലം നമ്മുടെ നാട്ടിൽ നിലനിന്ന് പോന്ന ആൺ-പെൺ കാഴ്ചപ്പാടിൽ വലിയ വ്യത്യാസമുണ്ടാകാൻ പോകുന്ന ഒരു പ്രക്രിയയാണ് നടക്കാൻ പോകുന്നത്. ഇത് നേരിട്ട് കുട്ടികളിലേക്ക് പാഠപുസ്തകത്തിലൂടെയും ക്ലാസ് മുറികളിലൂടെ പ്രായോഗികമായും നടപ്പാകുന്നതോടെ പാശ്ചാത്യൻ സംസ്കാരത്തിലേക്ക് നാം പറിച്ച് മാറ്റപ്പെടുകയാണ്.

ഇടകലർന്നിരിക്കാനുള്ള മുറവിളി ബസ് സ്റ്റോപ്പിൽ മാത്രമല്ല; വിദ്യാലയത്തിലും ജീവിതത്തിൻ്റെ എല്ലാ മേഖലയിലും വരാൻ പോകുന്നു. ഇത് കേവലം ഇരുത്തത്തിൽ മാത്രം ഒതുങ്ങില്ല. പരസ്പരം ചുംബിക്കുന്നതും വാരിപ്പുണരുന്നതും മാത്രമല്ല; പൂർണനഗ്നനായി പബ്ലിക്കിൽ വന്നാൽ പോലും ‘സ്വന്തം ചോയിസ്’ എന്ന പേരിൽ തടയാൻ പാടില്ലന്നതിലേക്കാണ് കാര്യങ്ങൾ പോകുന്നത്. മൃഗരതിയും ശവഭോഗവും വരെ ന്യായീകരിക്കുന്ന ലിബറലുകളാണ് ഇതിൻ്റെ പിന്നിൽ.
അങ്ങനെ ഇഷ്ടമുള്ളവർ ചെയ്യട്ടെ, നിങ്ങൾ എന്തിന് ഇതിൽ ഇടപെടുന്നുവെന്ന് ചോദിക്കുന്നവരോട് പറയാനുള്ളത് എന്തിനാണ് പൊതു വിദ്യാലയത്തിൽ ഇത് അടിച്ചേൽപ്പിക്കുന്നത് എന്നാണ്.

മുമ്പ് കൃഷി ഒരു സംസ്കാരമാണെന്ന തീം എല്ലാ പാഠപുസ്തകങ്ങളിലും ഉൾപ്പെടുത്തിയിരുന്നത് പോസിറ്റീവായ നീക്കമായിരുന്നു. ഇതു പോലെ ജെൻഡർ ന്യൂട്രാലിറ്റി എന്ന ആശയം കരിക്കുലത്തിൽ ഉപ്പു പോലെ ലയിപ്പിക്കാനുള്ള നെഗറ്റീവ് നീക്കമാണ് ഇപ്പോൾ നടക്കുന്നത്. മതമില്ലാത്ത ജീവൻ എന്ന പാഠഭാഗം വന്ന ശേഷം നടന്ന സമരങ്ങൾ നമുക്ക് ഓർമ്മയുണ്ട്. അവസാനം ആ പേജ് ഒഴിവാക്കി ഉത്തരവിറക്കി പ്രശ്നം പരിഹരിച്ചു. അതുപോലെ ഈ ആശയം ഏതെങ്കിലും ഒരു പേജിലോ ആക്ടിവിറ്റിയിലോ മാത്രം ഒതുങ്ങുന്നതായിരിക്കില്ല. കരിക്കുലത്തിൽ അടപടലം ലയിച്ച് ചേരും. ഇടപെടൽ ഇപ്പോഴാണ് ആവശ്യമായിട്ടുള്ളത്. സമൂഹത്തിൽ നിന്ന് കാര്യമായ പ്രതികരണമൊന്നുമില്ലങ്കിൽ എല്ലാം അതിവേഗം നടപ്പാകും.

ധാർമ്മികത കാത്തു സൂക്ഷിക്കണമെന്ന് കരുതുന്ന, കുടുംബ സംവിധാനം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ മനുഷ്യരും ഈ വിഷയത്തിൽ ഇടപെടണം. അധ്യാപക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, സമുദായ സംഘടനകൾ, വിദ്യാഭ്യാസ വിചക്ഷണർ തുടങ്ങിയവരെല്ലാം ഇക്കാര്യത്തിൽ ഉണർന്നിരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പി ടി എ കമ്മറ്റികൾ എന്നിവയും വിഷയ പഠനം നടത്താൻ ശ്രദ്ധിക്കണം.

ജൻഡർ ന്യൂട്രാലിറ്റി പാശ്ചാത്യൻ നാടുകളിൽ ജൻഡർ ഡിസ്ഫോറിയയിലേക്ക് വഴിമാറിയതിൻ്റെ പേരിൽ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച് പഠനം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണം.
പാശ്ചാത്യർ ലിബറൽ സംസ്കാരത്തിൻ്റെ കെടുതികളിൽ ശ്വാസം മുട്ടിയശേഷം നമ്മുടെ കുടുംബ സംവിധാനത്തിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മൾ അവരുടെ വഴിയിലേക്ക് തിരിച്ച് നടക്കുന്നത് വിവേകശൂന്യതയാണ്.

ജൻഡർ പൊളിറ്റിക്സ് സംബന്ധിച്ചുള്ള ചതിക്കുഴികൾ അറിയാതെ ഏതാനും ലിബറൽ വാദികളുടെയും ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ളവരുടേയും അജണ്ടകൾക്ക് കരിക്കുലം കീഴൊതുങ്ങിയാൽ വലിയ വില നാം നൽകേണ്ടി വരും.

TK Ashraf
General Secretary
wisdom Islamic Organisation

Related Articles