Your Voice

അസിമാനന്ദമാര്‍ക്കു മുന്നില്‍ പരാജയപ്പെടുന്ന എന്‍.ഐ.എ

അസിമാനന്ദ കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ എന്‍ ഐ എക്കു കഴിഞ്ഞില്ല എന്നാണ് ഹരിയാന കോടതി നിരീക്ഷിച്ചത്. എഴുപതോളം പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ പ്രതികള്‍ പിന്നെ ആരാകും?. അതിനുള്ള ഉത്തരം ഇനി ഉണ്ടാകാന്‍ പോകുന്നില്ല. പ്രതിസ്ഥാനത്ത് സംഘ പരിവാര്‍ വന്നാല്‍ ആ കേസിനു സംഭവിക്കുന്ന പരിണിതി ഇങ്ങനെയാകും എന്നതിന്റെ ഉദാഹരമാണ് സംജോത ട്രെയിന്‍ സ്‌ഫോടനം.

വിചാരണ സമയത്ത് നിരന്തരമായി സാക്ഷികള്‍ കൂറ് മാറുക എന്നതു ഒരു സ്ഥിരം സംഭവമായിരുന്നു. അന്ന് തന്നെ ഈ കേസിന്റെ അവസ്ഥയെക്കുറിച്ചു പലരും സംശയം രേഖപ്പെടുത്തിയിരുന്നു. അസിമാനന്ദക്ക് പുറമെ സംഘ്പരിവാര്‍ പ്രവര്‍ത്തകരായ ലോകേഷ് ശര്‍മ, കമല്‍ ചൗഹാന്‍, രജീന്ദര്‍ ചൗധരി എന്നിവര്‍ കൂടി കേസില്‍ പ്രതിയായിരുന്നു. ഇവരെയും കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടയച്ചു. അതെ സമയം ഏറെ പാകിസ്ഥാനികള്‍ കൊല്ലപ്പെട്ട കേസായതിനാല്‍ കേസില്‍ തന്റെ രാജ്യത്തുള്ള ദൃക്‌സാക്ഷികളെ വിസ്തരിക്കണമെന്ന് പാകിസ്ഥാനി വനിത നല്‍കിയ ഹരജി തള്ളിയാണ് നാല് പ്രതികളെയും വെറുതെ വിട്ടയക്കുന്നുവെന്ന് ജസ്റ്റിസ് ജഗദീപ് സിങ് വിധിച്ചത്. പാകിസ്താന്‍ സ്വദേശി രാഹുല വാഖിള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ 13 പാകിസ്താനി സാക്ഷികള്‍ക്ക് യാതൊരു വിധത്തിലുള്ള സമന്‍സും കോടതി അയച്ചില്ല എന്നത് കൂടി ചേര്‍ത്ത് വായിക്കണം.

ഡല്‍ഹിയും ലാഹോറും തമ്മില്‍ ബന്ധിപ്പിക്കുന്ന സൗഹൃദ ട്രെയിന്‍ എന്നതാണ് സംജോതയുടെ പ്രസക്തി. ഇരു രാജ്യത്തേയും ആളുകള്‍ക്ക് തങ്ങളുടെ ബന്ധുക്കളെ കാണാന്‍ അതൊരു നല്ല അവസരമായിരുന്നു. 1976 മുതലാണ് ഈ സര്‍വീസ് തുടങ്ങിയത്. പിന്നെ പലപ്പോഴും സര്‍വീസ് മുടങ്ങിയിട്ടുണ്ട്. 2007 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സ്‌ഫോടനം നടന്നത്. തന്റെ അഞ്ചു കഞ്ഞുങ്ങള്‍ കത്തിയെരിയുന്ന രംഗം നേരില്‍ കണ്ട റാണാ ഷുക്കൂര്‍ അലി ഇപ്പോഴും ജീവിച്ചിരിക്കുന്നു. തന്റെ കുഞ്ഞുങ്ങളുടെ കൊലയാളികളെ ശിക്ഷിക്കുന്നത് കാണാന്‍ കഴിയില്ല എന്ന നിരാശയോടു കൂടെ. പലപ്പോഴും കേസില്‍ കക്ഷി ചേരാനായി അവര്‍ രംഗത്തു വന്നിട്ടുണ്ട്. പക്ഷെ ഒരിക്കല്‍ പോലും അവരുടെ ആവശ്യം നിറവേറ്റപ്പെട്ടില്ല. കൊലയാളികളെ തനിക്കു തിരിച്ചറിയാന്‍ കഴിയും എന്ന് അലിക്ക് ഉറപ്പാണ്. അദ്ദേഹത്തിന്റെ മുന്നില്‍ രണ്ടു പേര് വന്നിരുന്നതും റയില്‍വേ പോലീസ് അവരെ ഇറക്കി വിട്ടതും അലി ഓര്‍ക്കുന്നു. ഇതൊന്നും കോടതിയില്‍ എത്തിക്കാന്‍ കഴിയാത്തതില്‍ അദ്ദേഹവും ഭാര്യയും നിരാശരാണ്.

മുഖ്യപ്രതി എന്ന് എന്‍ ഐ എ കണ്ടെത്തിയ അസിമാനന്ദ ഇതിനു പുറമെ മറ്റു പല കേസുകളിലും പ്രതിയാണ്. ഹിന്ദുത്വ ഭീകരതയുടെ ഭാഗമായി അദ്ദേഹം ചെയ്ത ക്രൂരതകള്‍ മടികൂടാതെ ‘കാരവന്‍’ മാഗസിന് നല്‍കുന്നുണ്ട്. ഒരിക്കല്‍ താനാണ് ഇതൊക്കെ ചെയ്തത് എന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. പക്ഷെ തന്നെ പീഡിപ്പിച്ചാണ് അത്തരം ഒരു പ്രസ്താവന ഉണ്ടാക്കിയത് എന്നദ്ദേഹം പിന്നീട് മാറ്റി പറയുകയും ചെയ്തു. ഗാന്ധി വധത്തില്‍ പതിനെട്ടു വര്‍ഷം ഗോഡ്‌സെയുടെ സഹോദരന്‍ ഗോപാദ് ഗോഡ്‌സെ കിടന്ന ജയിലില്‍ താന്‍ കിടന്നിട്ടുണ്ട് എന്നതും വളരെ അഭിമാത്തോടെ അദ്ദേഹം എടുത്തു പറയുന്നുണ്ട്. സംഘ പരിവാറിന് വേണ്ടി നടത്തിയ പല കുറ്റകൃത്യങ്ങളിലും അസിമാനന്ദ പ്രതിയാണ്. പക്ഷെ എല്ലായിടത്തും സ്വയം രക്ഷപ്പെട്ടു പോരുന്നു എന്നത് നീതിന്യായ വ്യവസ്ഥയുടെ ദുരന്തമായി അവശേഷിക്കുന്നു.

സംഘപരിവാര്‍ നാട്ടില്‍ നടത്തിയ കൊലകളും ആക്രമണങ്ങളും ഈ രീതിയിലാണ് അവസാനിക്കുന്നത്. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പോലും അതാണ് അവസ്ഥ. നമ്മുടെ നാട്ടില്‍ ഒട്ടനവധി കലാപങ്ങള്‍ നടന്നിട്ടുണ്ട്. ഒരിടത്തും ആരും ശിക്ഷിക്കപ്പെടില്ല. അതെ സമയം മഅ്ദനിയെ പോലുള്ളവര്‍ വിചാരണയുടെ പേരില്‍ ഇന്നും അകത്താണ്. പല കള്ളക്കേസുകളിലും അകത്തു കിടക്കുന്നതില്‍ ഒരു സമുദായത്തിന്റെ പ്രാധിനിത്യം കൂടുതലാണ്. പലപ്പോഴും അവര്‍ കുറ്റവാളികളല്ല എന്ന് അറിഞ്ഞു വരുമ്പോള്‍ അവരുടെ ജീവിതത്തിന്റെ വലിയ ഒരു ഭാഗം അവസാനിച്ചിരിക്കും. സാക്ഷികള്‍ കേസിന്റെ വലിയ ഭാഗമാണ്. സാക്ഷികളുടെ കൂറ് മാറ്റം പലപ്പോഴും കുറ്റവാളികള്‍ രക്ഷപ്പെടാന്‍ കാരണമാകും. നൂറു കണക്കിന് സാക്ഷികളെ ഈ കേസില്‍ വിസ്തരിച്ചു. പക്ഷെ സാക്ഷികളായി രംഗത്തു വന്നവരെ അവഗണിക്കുകയും ചെയ്തു. സംഘ പരിവാര്‍ മോഡി യുഗത്തില്‍ കൂടുതല്‍ ശക്തമാകുകയാണ്. അത് കൊണ്ട് തന്നെയാണ് ഈ തിരഞ്ഞെടുപ്പ് കൂടുതല്‍ പ്രാധാന്യമാകുന്നതും. ഫാസിസത്തെ പടിക്കു പുറത്തു നിര്‍ത്താന്‍ നാം ഒന്നിച്ചു ശ്രമിച്ചില്ലെങ്കില്‍ അസിമാനന്ദമാര്‍ കൂടുതല്‍ പിറവിയെടുക്കാന്‍ കാരണമാകും.
തങ്ങളുടെ നഷ്ടമായ കുട്ടികളുടെ ഫോട്ടോ കയ്യില്‍ പിടിച്ചു അലിയും ഭാര്യയും ആകാശത്തേക്ക് നോക്കി. ‘അവന്റെ കോടതിയില്‍ സാക്ഷി വേണ്ട’ എന്ന കാര്യത്തില്‍ അവര്‍ക്കു സംശയം തീരെയില്ലായിരുന്നു.

Facebook Comments
Related Articles
Show More
Close
Close