Current Date

Search
Close this search box.
Search
Close this search box.

പ്രവാചകത്വവും അവതാര വാദവും

ഹൈന്ദവ, ഇസ് ലാം താരതമ്യത്തിലെ സുപ്രധാന പഠനമാണ് പ്രവാചകത്വവും അവതാര വാദവും.

ധർമം ക്ഷയിക്കുമ്പോൾ ദൈവം കാലാകാലങ്ങളിൽ ദിവ്യസന്ദേശവുമായി മനുഷ്യരിൽ നിന്നു തന്നെ തെരഞ്ഞെടുത്ത ദൂതൻമാരെ ഭൂമിയിൽ നിയമിക്കും എന്നതാണ് പ്രവാചകത്വ കാഴ്ചപ്പാട്. ഇങ്ങനെ നിയോഗിക്കപ്പെട്ട ദൈവദൂതൻമാരിൽ അന്തിമനാണ് മുഹമ്മദ് നബി. വിശുദ്ധ ഖുർആൻ കാണുക: “തീർച്ചയായും നാം നിന്നെ സത്യവുമായി നിയോഗിച്ചിരിക്കുന്നു. സുവാർത്ത അറിയിക്കുന്നവനും മുന്നറിയിപ്പുകാരനുമായിക്കൊണ്ട്. ഒരു ജനവിഭാഗവും അതിലൊരു പ്രവാചകൻ വരാതെ കഴിഞ്ഞു പോയിട്ടില്ല” (35 :24)

ഹൈന്ദവത മുന്നോട്ടു വെക്കുന്ന അവതാര വാദം പന്ത്രണ്ട് തത്വങ്ങൾ ഉൾക്കൊള്ളുന്നു. അതിൽ പതിനൊന്നും ഇസ് ലാമുമായി ഐക്യപ്പെട്ടു പോകുന്നതാണെന്ന് “ലോകമതങ്ങളെ പറ്റി ഒരു പുസ്തകം” എന്ന ഗ്രന്ഥത്തിൽ ടി.പി ശമീം പറയുന്നുണ്ട്. എന്നാൽ ഈ തത്വങ്ങളിലെ കാതലായ ഭാഗം, “മനുഷ്യരൂപം പൂണ്ട ഈശ്വരനാണ് . അവതാരം ” എന്ന വാദം ഇസ് ലാമുമായി ഒരു നിലക്കും യോജിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു ( പുറം: 299)

യഥാർത്ഥത്തിൽ വേദങ്ങളിലോ ആദ്യകാല ഹൈന്ദവ ധർമശാസനകളിലോ അവതാര വാദത്തെ കുറിച്ചു പറയുന്നുണ്ടോ..? ഇല്ലെന്നാണ് ഹൈന്ദവ പണ്ഡിതരുടെ തന്നെ അഭിപ്രായം!

വേദവിത്തും പരിഷ്കർത്താവുമായ വാഗ്ഭടാനന്ദ ഗുരു എഴുതുന്നു: “വൈഷ്ണവ മതത്തെ പ്രബലമായി പ്രചരിപ്പിച്ചവരെ വിഷ്ണുവിൻ്റെ അവതാര പുരുഷന്മാരാക്കിയും ശൈവ മതത്തിനു പ്രാബല്യം വരുത്തിയവരെ ശിവൻ്റെ പുത്രന്മാരാക്കിയും വർണിക്കുകയാണ് പ്രായേണ ചെയ്തു കാണുന്നത്. ശ്രീരാമനും ശ്രീകൃഷ്ണനും മറ്റും അവതാര പുരുഷന്മാരായതും ഗണപതിയും സുബ്രഹ്മണ്യനും ശിവസുതൻമാരായതും ഈ വഴിയിൽ കൂടിയാകുന്നു” (വാഗ്ഭടാനന്ദൻ്റെ സമ്പൂർണ കൃതികൾ. പുറം: 752. മാതൃഭൂമി)

“അജ ഏകപാത്” (ജനിക്കാത്ത ഏക രക്ഷകൻ) “അകായം” (ശരീരരഹിതൻ) തുടങ്ങിയ വിശ്രുത വേദ വാക്യങ്ങളുമായി ഒരിക്കലും പൊരുത്തപ്പെടാത്തതാണ് അവതാര വാദം.

അദ്ദേഹം വീണ്ടും എഴുതുന്നു: “ഭിക്ഷാശിയായി സഞ്ചരിച്ചിരുന്നതു കൊണ്ടും സർപ്പ വശീകരണത്തിൽ സാരസ്യം കിട്ടിയിരുന്നതുകൊണ്ടും “നങ്ങ” എന്ന കുറവ സ്ത്രീയുടെ പിതാവായിരുന്നു എന്നറിയപ്പെടുന്നതു കൊണ്ടും മറ്റും ശിവൻ ഒരു കുറവനായിരുന്നു എന്നൂഹിക്കുവാൻ വഴിയുണ്ട്. ഏതായാലും ശിവൻ്റെ നൈവേദ്യത്തെ ബ്രാഹ്മണ ജാതിക്കാർ ഭക്ഷിക്കാത്തതു കൊണ്ട് അദ്ദേഹം താഴ്ത്തപ്പെട്ട ഒരു ജാതിയിൽ ഉൾപ്പെട്ട ഒരാളായിരിക്കണമെന്നതുതീർച്ച” (അതേ കൃതി.പേജ്: 751)

വാഗ്ഭടാനന്ദ ഗുരു തുടരുന്നു:
“പണ്ട് ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നും മറ്റും ചില മനുഷ്യർ ഉണ്ടായിരുന്നു. അവരെല്ലാം മത വാദികളും ബുദ്ധമത പ്രചാരണത്തോടു കൂടി ഉടഞ്ഞു തകർന്നു പോയ പൗരോഹിത്യ പ്രഭവ കോട്ടകളുടെ പുനരുദ്ധാരണത്തിന്നായി കയ്യുമുയർത്തി ചാടിപ്പുറപ്പെട്ട വീരന്മാരും ആയിരുന്നു ” (അതേ പുസ്തകം, പേജ്: 751)

വൈഷ്ണവ ഭക്തി പ്രസ്ഥാനത്തിലാണ് അവതാര വാദം ആരംഭിച്ചത്. അതിനു മുമ്പ് ഹൈന്ദവ രേഖകളിലൊന്നും ദൈവാവതാരങ്ങളെ പറ്റി പരാമർശങ്ങളില്ല. ജാതീയതയെ കഠിനമായി എതിർത്ത ബുദ്ധനെപ്പോലും പേരിനു മുന്നിൽ “ശ്രീ ” ചേർത്ത് വിഷ്ണുവിൻ്റെ അവതാരമാക്കിയത് വെറും പതിനൊന്നാം ശതകത്തിലായിരുന്നു! ( ആദ്യം ക്ഷേമേന്ദ്രൻ “ദശാവതാര ചരിത”ത്തിലും തുടർന്ന് ജയദേവ കവി “ഗീതഗോവിന്ദ”ത്തിലും ഇത് ആവർത്തിച്ചതോടെ ബുദ്ധൻ “അവതാര”മായി വേഷപ്രച്ഛന്നനായി..!)

“ധർമത്തിന് ലോപം വരുമ്പോഴെല്ലാം ഞാൻ ശരീരം ധരിക്കും” എന്ന ഗീതാവചനം വേദ വിരുദ്ധമായതിനാൽ പ്രമാണമാകുന്നില്ലാ എന്നാണ് സ്വാമി ദയാനന്ദ സരസ്വതി രേഖപ്പെടുത്തിയത് ( സത്യാർത്ഥ പ്രകാശം. പേജ്: 304. കേരള ആര്യസമാജ മിഷൻ)

ഹൈന്ദവ നവീകരണ പ്രസ്ഥാന നായകനായി അറിയപ്പെടുന്ന കബീർ (ക്രി: 1440-1518 ) ദശാവതാരത്തെ ശക്തമായി നിരാകരിച്ചതായി പ്രസിദ്ധ ചരിത്രകാരൻ ഡോ: താരാ ചന്ദ് വ്യക്തമാക്കുന്നു ( ഭാരതീയ സംസ്കാരത്തിൻ്റെ അടിയൊഴുക്കുകൾ. ടി.മുഹമ്മദ്. ഐ.പി.എച്ച് )

ഒതുക്കിപ്പറഞ്ഞാൽ അനന്തനും അനശ്വരനും അരൂപിയും എന്ന് വേദോപനിഷത്തുകൾ തന്നെ പരിചയപ്പെടുത്തുന്ന ദൈവം സ്ഥലകാല ബന്ധിതനായ മനുഷ്യനായി അവതരിക്കുകയെന്നത് യുക്തിസഹമല്ല. ദൈവേകത്വം, പരലോകം എന്നിവ പോലെ തന്നെ പ്രവാചകത്വവും മനുഷ്യ സമുദായത്തിൻ്റെ തെളിമയാർന്ന ആദിമ വിശ്വാസ ത്രയങ്ങളിൽ പെട്ടതത്രെ. ബഹുദൈവത്വം, പുനർജന്മവാദം, അവതാര വാദം എന്നിവ അപഭ്രംശങ്ങളും. ദിവ്യ വേദങ്ങളിൽ പൗരോഹിത്യ കത്രിപ്പുകൾ നടന്നു എന്നതിൻ്റെ തെളിവുകൾ കൂടിയാണിതൊക്കെ..!

ഖുർആൻ ദൈവത്തെ ഏറ്റവും സംക്ഷിപ്തമായി പരിചയപ്പെടുത്തിയതു കൂടി ഇതോട് ചേർത്ത് വായിക്കുക:

“പറയുക! അവനാണ് അല്ലാഹു. ഏകൻ. ദൈവം ആരുടെയും ആശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു. അവന് സന്തതിയില്ല. അവൻ ആരുടെയും സന്താനവുമല്ല. അവനു തുല്യമായി യാതൊന്നുമില്ല ” ( 112:1- 4 )

Related Articles