Current Date

Search
Close this search box.
Search
Close this search box.

മറക്കാനാകാത്ത എം ടി ഇബ്രാഹിം സാഹിബ്

ജീവിതയാത്രയിൽ കണ്ടു മുട്ടുന്നവരും ഇടപഴകുന്നവരുമായ ധാരാളം പേരുണ്ട്. എല്ലാവരും അങ്ങനെ വല്ലാതെ ഓർമകളിൽ തങ്ങി നിൽക്കില്ലെങ്കിലും ഒരിക്കലും മറക്കാനാകാത്ത വിധം ഹൃദയത്തിൽ സ്ഥാനം പിടിക്കുന്നവരുമുണ്ട്. അത്തരത്തിലൊരാളാണ് ഇന്നലെ ഈ ലോകത്തോട് വിട പറഞ്ഞ കോഴിക്കോട് വെങ്ങേരിയിലെ എം ടി ഇബ്രാഹിം സാഹിബ്.

1996 മാർച്ച് 26 നാണ് ഞാൻ മസ്കറ്റിലെ ‘ടൈംസ് ഓഫ് ഒമാനി’ൽ നിന്ന് ജോലി മതിയാക്കി ഷാർജയിൽ ‘ഗൾഫ് ടുഡേ’ പത്രത്തിൽ ജോയിൻ ചെയ്യുന്നത്. യഥാർത്ഥത്തിൽ തന്നെ ‘ബാച്‌ലർ’ ആയിരുന്നത് കൊണ്ട് കിടക്കാൻ ബെഡ് സ്പേസ് തന്നെ ധാരാളം മതിയായ കാലം. താമസിക്കാൻ ഒരിടമന്വേഷിച്ചു നടന്ന എന്നെ, അന്നത്തെ ഷാർജ ഐ സി സി യുടെ ആസ്ഥാനമായ റോക്സി ബിൽഡിങ്ങിലെ രണ്ടാം നമ്പർ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ട് പോയത് ‘ഗൾഫ് ടുഡേ’യിൽ തന്നെ ലൈബ്രെറിയനായി ജോലി ചെയ്തിരുന്ന ഡോ. കുട്ടി ഹസൻ. അവിടെ നിന്നാണ് ഇബ്രാഹിം സാഹിബിനെ പരിചയപ്പെടുന്നത്. പിന്നീടങ്ങോട്ട് ഒന്നര വർഷത്തോളം ആ ഫ്‌ളാറ്റിൽ എറണാകുളം ഇടപ്പള്ളികാരനായ പരേതനായ വി കെ കുഞ്ഞാലി (അല്ലാഹു അദ്ദേഹത്തിന് സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ), ആലത്തൂർ സ്വദേശിയായ ഉമർ സാഹിബ്‌, പാലക്കാട്ടുകാരൻ ഉമർക്ക, ചാവക്കാട്ടുകാരൻ മൊയ്തുട്ടിക്ക തുടങ്ങിയവരോടൊപ്പമുള്ള ജീവിതം ആരംഭിക്കുന്നത്.

തുടക്കത്തിൽ ഒരല്പം കർക്കശക്കാരനായി അനുഭവപ്പെട്ട ഇബ്രാഹിം സാഹിബിന്റെ പിതൃതുല്യമായ സ്നേഹ വാത്സല്യങ്ങൾ പിന്നീട് ഒരുപാട് അനുഭവിക്കാൻ കഴിഞ്ഞു. പ്രായം കൊണ്ട് പിതാവിന്റെ സ്ഥാനത്തുള്ള അദ്ദേഹത്തിൽ ഒരേ സമയം ഒരു നല്ല സുഹൃത്തിനെ കൂടി കണ്ടെത്താൻ കഴിഞ്ഞുവെന്നത് എന്റെയും സഹതാമസക്കാരുടേയുമൊക്കെ സൗഭാഗ്യങ്ങളിൽപെട്ടതായിരുന്നു. ജീവിതത്തിന്റെ ചില നിർണായക സന്ദർഭങ്ങളിൽ ഒരുപാട് ഉപദേശ-നിർദേശങ്ങളുമായും കുറച്ചൊക്കെ സ്നേഹമസൃണമായ ശകാരങ്ങളുമായും അദ്ദേഹം കട്ടക്ക് കൂടെ നിന്നു. അന്ന് ഐ സി സിയിൽ നടന്നിരുന്ന മദ്രസയുടെ ഒരു പ്രധാന ചാലക ശക്തി ഇബ്രാഹിം സാഹിബായിരുന്നു. അദ്ദേഹത്തിന്റെ ടൊയോട്ട ക്രസീഡ കാർ കുട്ടികൾക്കുള്ള ട്രാൻസ്‌പോർട്ട് ആയും മദ്രസയുടെ, എന്നല്ല മൊത്തം ഐ സി സിയുടെ, സർവവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ച വാഹനമായിരുന്നു. വിവിധ സാമ്പത്തിക ആവശ്യങ്ങൾക്കായി ഞങ്ങളെല്ലാവരും ആശ്രയിച്ചിരുന്ന പലിശ രഹിത നിധി ഏറ്റവും ഭംഗിയായി കൊണ്ടുനടന്നതിന് പിന്നിൽ അദ്ദേഹത്തിന്റെ കാർക്കശ്യത്തിന് ചെറുതല്ലാത്ത റോൾ ഉണ്ടായിരുന്നുവെന്നത് അതിൽ ഭാഗഭാക്കായ എല്ലാവരും സമ്മതിച്ചു തരും. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ആദ്യമായി ഐ പി എച്ചിന് പവിലിയൻ ലഭിച്ച വേളയിൽ അത് യാഥാർഥ്യമാക്കാൻ രാപകലില്ലാതെ അദ്ദേഹം ഓടി നടന്നത് ഇപ്പോഴും ഓർമകളിൽ പച്ച പിടിച്ചു നിൽക്കുന്നു.

വ്യക്തിപരമായി ഇബ്രാഹിം സാഹിബിന്റെ വാത്സല്യം ഒരുപാട് അനുഭവിച്ച നാളുകളാണ് ആ ഒന്നര വർഷം. അതിൽ ഇപ്പോഴും ഓർക്കുന്ന ഒന്ന് അവിടത്തെ റമദാൻ നാളുകളാണ്. പത്രപ്രവർത്തകനായത് കൊണ്ട് എനിക്ക് മിക്കവാറും വൈകുന്നേരങ്ങളിൽ ജോലി ഉണ്ടാകും. അവിടെയുള്ള കുടുംബങ്ങൾ മിക്കവാറും ദിവസങ്ങളിൽ ഐ സി സിയിലുള്ളവരെ നോമ്പ് തുറക്കാൻ വിളിക്കും. ഭക്ഷണം കഴിഞ്ഞു പോരാൻ നേരം ഒരു മടിയുമില്ലാതെ ഇബ്രാഹിം സാഹിബ് പ്രഖ്യാപിക്കും. “ജോലി ആയതിനാൽ ഒരാലുവക്കാരൻ വന്നിട്ടില്ല. അയാൾക്കുള്ളത് പൊതിഞ്ഞു തരണം.” രാത്രി 12 മണിക്ക് എല്ലാവരും ഗാഡ നിദ്രയിലായിരിക്കുന്ന സമയത്ത് ജോലി കഴിഞ്ഞെത്തുമ്പോൾ എന്നെയും കാത്ത് ആ പാർസൽ അടുക്കളയിലുണ്ടാകും. എത്രയോ ദിനങ്ങളിൽ ഇത് ആവർത്തിച്ചു.

റമദാൻ നാളുകളിൽ അത്താഴ സമയത്ത് ഒരു വലിയ പാക്കറ്റ് ബ്രഡ് കൈയിൽ പിടിച്ചിരുന്ന്, ഓരോ സ്ലൈസിലും ഒരു ബോട്ടിലിൽ നിന്ന് മയനൈസും മറ്റൊരു ബോട്ടിലിൽ നിന്ന് തേനും ചേർത്ത് എല്ലാവർക്കും കൊടുക്കുന്ന കാരണവരായ ഇബ്രാഹിം സാഹിബ് ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു. മൊബൈൽ ഫോൺ വന്നിട്ടില്ലാത്ത ആ കാലത്തു ഐ സി സിയിലെ ഫോൺ കണിശമായും നീതിപരമായും എല്ലാവർക്കും ഉപയോഗിക്കാൻ അവസരമുണ്ടാക്കുന്നതും പോസ്റ്റ്‌ ബോക്സ് നിത്യവും തുറന്ന് എല്ലാവർക്കുമുള്ള കത്തുകൾ വിതരണം ചെയ്യുന്നതും അദ്ദേഹത്തിന്റെ നിത്യ ശീലങ്ങളിലൊന്നായിരുന്നു.

കൃത്യനിഷ്ഠയും വ്യവസ്ഥാപിതത്വവും സ്വജീവിതത്തിൽ പാലിക്കുകയും മറ്റുള്ളവർ അത് തിരിച്ചു കാണിക്കുകയും ചെയ്യണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ഷാർജ ഇലക്ട്രിസിറ്റി ഡിപാർട്മെന്റിലെ ജോലി കഴിഞ്ഞെത്തിയാൽ അല്പം വിശ്രമിച്ച ശേഷം ബാക്കി സമയം മുഴുവൻ വിശ്വസിച്ച പ്രസ്ഥാനത്തിന് വേണ്ടി നീക്കിവെച്ച ഇബ്രാഹിം സാഹിബിനെയാണ് ഞങ്ങൾക്ക് അനുഭവിക്കാനായത്. ഇഹ-പര ജീവിത വിജയത്തിന് വേണ്ട ധാരാളം ഗുണങ്ങൾ അദ്ദേഹത്തിൽ ദർശിക്കാനായി. അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കുകയും സ്വർഗ്ഗവകാശികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ.. ആമീൻ.

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles