Your Voice

കശ്മീരും ട്രംപിന്റെ മധ്യസ്ഥതയും

1947 ആഗസ്റ്റ് 15ന് ഇന്ത്യയും പാകിസ്ഥാനും നിലവില്‍ വന്നു. നാട്ടുരാജ്യങ്ങള്‍ക്ക് ഇന്ത്യയോടൊപ്പമോ പാകിസ്ഥാനോടൊപ്പമോ ചേരാമെന്നായിരുന്നു വ്യവസ്ഥ. അന്ന് നിലവിലുണ്ടായിരുന്ന 552 നാട്ടുരാജ്യങ്ങളില്‍ ചിലത് പാകിസ്ഥാനോട് ചേര്‍ന്നു. ചിലത് ഇന്ത്യയോട് ചേര്‍ന്നു. രണ്ടു രാജ്യത്തോടും ചേരാതെ നിന്ന നാട്ടു രാജ്യങ്ങള്‍ ഹൈദരാബാദ്, തിരു-കൊച്ചി, ജമ്മു കാശ്മീര്‍, ജുനഗഡ് എന്നിവയായിരുന്നു.

ശേഷം കശ്മീര്‍ പല തരത്തിലുള്ള ആക്രമണങ്ങള്‍ക്കും കലാപങ്ങള്‍ക്കുമുള്ള ഇടമായി മാറി. അവസാനം പഠാന്‍ ഗോത്രവര്‍ഗ്ഗക്കാരുടെ ആക്രമണത്തെ തടയാന്‍ ജമ്മു-കാശ്മീര്‍ രാജാവ് ഇന്ത്യാ ഗവണ്‍മെന്റിന്റെ സഹായം തേടി. ഇന്ത്യയുടെ ഭാഗമല്ലാത്തതുകൊണ്ട് ഇന്ത്യന്‍ പട്ടാളത്തെ അയയ്ക്കാന്‍ ഇന്ത്യക്ക് കഴിയില്ലായിരുന്നു. അതിനിടെ കാശ്മീരിന്റെ ഒരു ഭാഗം പാകിസ്താന്‍ കൈവശപ്പെടുത്തിയിരുന്നു. ആസാദി കാശ്മീര്‍ എന്ന പേരില്‍ ഇതറിയപ്പെടുന്നു. അവസാനം 1947 ഒക്ടോബര്‍ 26ന്, 75 ശതമാനം മുസ്‌ലീം ജനതയുള്ള ജമ്മു-കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള Instrument of Accession (IOA) ഒപ്പ് വെക്കപ്പെട്ടു. IOA യോടൊപ്പമുള്ള ധവളപത്രത്തില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ ഇവയാണ്: ഇത് താല്‍ക്കാലിക ഏര്‍പ്പാടാണ്; ഇതനുസരിച്ച് പ്രതിരോധം, വാര്‍ത്താവിനിമയം, വിദേശം എന്നീ മേഖലകളില്‍ മാത്രമാണ് ഇന്ത്യയ്ക്ക് അധികാരം കൈമാറിയത്. കശ്മീര്‍ ഒരു തര്‍ക്ക പ്രദേശമാണ്. അവിടുത്തെ ജനങ്ങളുടെ ഇടയില്‍ ഹിതപരിശോധന നടത്തിയ ശേഷം മാത്രമേ തീരുമാനം അന്തിമമാകുകയുള്ളൂ.

ഈ വിഷയം ആദ്യമായി ഐക്യരാഷ്ട്ര സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത് ഇന്ത്യയാണ്. 1948 ലായിരുന്നു പ്രസ്തുത സംഭവം. ചുരുക്കത്തില്‍ മറ്റു നാട്ടു രാജ്യങ്ങളില്‍ നിന്നും ഭിന്നമായ രീതിയിലാണ് ജമ്മു കാശ്മീര്‍ ഇന്ത്യയില്‍ ലയിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു ബ്രിട്ടീഷുകാര്‍ നല്‍കിയ ഉപഹാരമായി കാശ്മീരിനെ കണക്കാക്കാം. സ്വതന്ത്ര ഇന്ത്യ കാശ്മീരുമായി കരാര്‍ ഒപ്പിട്ടപ്പോള്‍ അതില്‍ അന്നും ഇന്ത്യക്ക് വേണ്ടി ഒപ്പിട്ടത് മൗണ്ട്ബാറ്റണ്‍ പ്രഭുവായിരുന്നു. ഏകദേശം എഴുപതിനായിരം ജീവനുകള്‍ കാശ്മീര്‍ വിഷയത്തില്‍ പൊലിഞ്ഞിട്ടുണ്ട് എന്നാണ് കണക്ക്. രണ്ടു രാജ്യങ്ങളുടെയും ഇടയിലുള്ള കാര്യമാണ് കാശ്മീര്‍. ഇരു രാജ്യങ്ങളുടെയും വികസനത്തിന് ഉപയോഗിക്കേണ്ട ധനവും വിഭവങ്ങളും പലപ്പോഴും കാഴ്മീര്‍ താഴ്‌വരകളില്‍ ഉപയോഗിക്കുന്നു. ഈ വിഷയത്തില്‍ രണ്ടു യുദ്ധങ്ങള്‍ നടന്നു.

ഈ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ല എന്നതായിരുന്നു ഇന്ത്യയുടെ എക്കാലത്തെയും നിലപാട്. അതെ സമയം ഒരു മധ്യസ്ഥ ശ്രമത്തിലേക്ക് പാകിസ്താന്‍ വിഷയത്തെ പലപ്പോഴും കൊണ്ട് പോയിട്ടുണ്ട്. ‘തന്നോട് ഇന്ത്യന്‍ പ്രധാനമന്ത്രി മാധ്യസ്ഥം വഹിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചു” എന്ന് പറഞ്ഞത്
ഏതെങ്കിലും ഒരാളല്ല. സാക്ഷാല്‍ അമരിക്കന്‍ പ്രസിഡന്റ് ട്രംപാണ്. അതും വിഷയത്തില്‍ മറ്റൊരു കക്ഷിയായ പാകിസ്താന്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ വെച്ചും. ഇന്ത്യ അത്തരം ഒരു നിലപാടിനെ ശക്തിയായി എതിര്‍ക്കുന്നു. സമവായ ചര്‍ച്ചയ്ക്ക് ഇരു കൂട്ടരും തയ്യാറായാല്‍ തങ്ങള്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറെന്ന് അടുത്ത വിശദീകരണമായി അമേരിക്കന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. അപ്പോഴും പ്രസിഡന്റിനോട് ‘മോഡി ചോദിച്ചു’ എന്ന നിലപാടിനെ പുതിയ പ്രസതാവന തള്ളിക്കളയുന്നില്ല.

എന്തായാലും വിഷയം പുതിയ ചര്‍ച്ചകളിലേക്ക് തിരിയുന്നു. മുഖ്യ ചോദ്യം ആരാണ് കളവു പറയുന്നത് എന്നതാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. അതെ സമയം തന്നോടുള്ള വ്യക്തി സംഭാഷണത്തിലാണ് മോഡി അങ്ങിനെ ചോദിച്ചത് എന്നത് നിഷേധിക്കാനുള്ള അവകാശം മോഡിക്ക് തന്നെയാണ്. ഇന്ത്യ ഒരു ഔദ്യോഗിക രംഗത്തും അങ്ങിനെ ഒരു നിലപാടു സ്വീകരിച്ചിട്ടില്ല എന്നത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ വ്യക്തത വരുത്താനുള്ള ഉത്തരവാദിത്വം ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വ്യക്തിപരമായി തന്നെയാണ്.

കാശ്മീര്‍ വിഷയം നീണ്ടു പോകുന്നത് കൊണ്ട് ആര്‍ക്കാണ് മെച്ചം എന്ന ചോദ്യവും പ്രസക്തമാണ്. അന്താരാഷ്ട്ര ആയുധ കച്ചവടക്കാര്‍ക്കും ഭീകരര്‍ക്കും എന്നെ പറയാന്‍ കഴിയൂ. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ് എന്ന് നാം അംഗീകരിക്കുന്നു. അതെ സമയം കാശ്മീരികളെ കൂടി ഇന്ത്യക്കാരായി കാണാനുള്ള വിശാലത പലപ്പോഴും നാം കാണിക്കാതെ പോകുന്നു. രണ്ടു നേതാക്കള്‍ തമ്മിലുള്ള വ്യക്തി സംഭാഷണമാണ് ഇപ്പോഴത്തെ വിഷയം. അതിന്റെ സത്യാവസ്ഥ അവര്‍ തന്നെയാണ് വ്യക്തമക്കേണ്ടതും. അതിനാല്‍ മോഡിയുടെ സാധാരണ മൗനം കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കാനെ ഉപകരിക്കൂ.

Facebook Comments
Related Articles
Show More
Close
Close