Current Date

Search
Close this search box.
Search
Close this search box.

സംഘബലത്തിനൊപ്പം നിന്നവനായി നിനക്ക് അല്ലാഹുവിനെ കണ്ടുമുട്ടാൻ സാധിക്കുമെങ്കിൽ അതുചെയ്യുക!

ഖുർആൻ സന്ദേശം - 13

وَعَنَتِ ٱلۡوُجُوهُ لِلۡحَیِّ ٱلۡقَیُّومِۖ وَقَدۡ خَابَ مَنۡ حَمَلَ ظُلۡمࣰا
എന്നും ജീവിച്ചിരിക്കുന്നവനും സർവത്തിന്റെയും നിയന്താവുമായവന് മനുഷ്യമുഖങ്ങൾ വിധേയമായിക്കഴിയുകയും പാപഭാരം വഹിച്ചവർ പരാജിതരാവുകയും ചെയ്യും. (ത്വാഹ -111)

ശിർക്കു കഴിഞ്ഞാൽ അല്ലാഹു ഏറ്റവുമധികം വെറുക്കുന്ന പ്രവൃത്തിയാണ് അക്രമം. അക്രമത്തിനും അക്രമികളോടും അല്ലാഹുവിനുള്ള വെറുപ്പിന്റെ ആഴം ബോധ്യമാവാൻ, വിശ്വാസിയായ അക്രമിക്കെതിരെ അവിശ്വാസിയായ അക്രമിക്കപ്പെട്ടവൻ പ്രാർഥിച്ചാൽ ആ പ്രാർഥനയവൻ സ്വീകരിക്കും എന്നതുമാത്രം ആലോചിച്ചാൽമതി. വിശ്വാസിയോടുള്ള ദേഷ്യവും അവിശ്വാസിയോടുള്ള ഇഷ്ടവുംകൊണ്ടല്ല , മറിച്ച്, നീതിയോടുള്ള ഇഷ്ടവും അനീതിയോടുള്ള ദേഷ്യവും കൊണ്ടാണത്!

ഇബ്നു തൈമിയ്യ പറയുന്നു: അക്രമകാരികളായ വിശ്വാസി സാമ്രാജ്യത്തെ നീതിമാന്മാരായ അവിശ്വാസി സാമ്രാജ്യത്തിനുമുന്നിൽ അല്ലാഹു പരാജയപ്പെടുത്തും!

അറിവുകൾ മുഴുവൻ എനിക്കെഴുതിത്തരൂ എന്നാവശ്യപ്പെട്ട് ഒരു മനുഷ്യൻ അബ്ദുല്ലാ ബ്ൻ ഉമറി(റ)ന് കത്തെഴുതി. അദ്ദേഹം മറുപടിയായി ഇപ്രകാരമെഴുതി: അറിവുകൾ ഒത്തിരിയുണ്ട്. പക്ഷേ, ജനങ്ങളുടെ രക്തക്കറയൊന്നും പുരളാത്ത രീതിയിൽ, അവരുടെ സമ്പത്തിൽനിന്ന് അവിഹിതമായൊന്നും ഭക്ഷിക്കാത്തവനായി, അവരുടെ അഭിമാനത്തിനൊന്നും കളങ്കം വരുത്താതെ, അവരുടെ സംഘബലത്തിനൊപ്പം നിന്നവനായി അല്ലാഹുവിനെ കണ്ടുമുട്ടാൻ നിനക്കു സാധിക്കുമെങ്കിൽ അതുചെയ്യുക. സലാം!

വിവ: മുഹമ്മദ് ശാക്കിർ മണിയറ