Current Date

Search
Close this search box.
Search
Close this search box.

പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന അമേരിക്ക

മൂന്നാം ലോക മഹായുദ്ധത്തിലേക്ക് ആർക്കാണ് ഞങ്ങളെ ഏറ്റവും വേഗത്തിൽ എത്തിക്കാൻ കഴിയുകയെന്ന് തെളിയിക്കുന്നതിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻ കക്ഷികളും പരസ്പരം മല്ലിടുകയാണ്. ജോ ബൈഡനും കോൺഗ്രസിലെ ഡെമോക്രാറ്റുകളും യുദ്ധം ചെയ്യുന്നവരിൽ മുൻനിരക്കാരാകാനുള്ള തീവ്ര ശ്രമത്തിലാണ്. 61 ബില്യൺ ഡോളർ ഉപയോഗിച്ച് യുക്രെയിനിൽ അരങ്ങേറുന്ന യുദ്ധത്തെ ദീർഘിപ്പിച്ചു കൊണ്ട്, കൂടുതൽ റഷ്യക്കാരെയും യുക്രെയ്ൻ നിവാസികളെയും കൊല്ലണമെന്ന് 210-0 എന്ന ക്രമത്തിൽ കോൺഗ്രസിലെ ഡെമോക്രാറ്റുകൾ ഏകകണ്ഠമായി വോട്ട് ചെയ്തു. കൂടാതെ ഗസ്സയിലെ ഫലസ്തീനിയൻ കൂട്ടക്കൊല 14 ബില്യൺ ഡോളർ ഉപയോഗിച്ചുകൊണ്ട് ഇസ്രായേൽ അധികരിപ്പിക്കണമെന്ന് 173-37 എന്ന കൂറ്റൻ ഭൂരിപക്ഷത്തിലും വോട്ട് രേഖപ്പെടുത്തി.

യുക്രെയ്നിന്റെ നിലനിൽപ്പും ശക്തിയും “ഞങ്ങൾക്ക് പ്രധാനമാണ്” എന്നും അതിനാൽ യൂറോപ്പ് കൂടുതൽ വില നൽകണമെന്നും വോട്ടെടുപ്പിന് മുമ്പ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളെ “തിന്മയുടെ നവീകരിച്ച അച്ചുതണ്ട്” എന്ന് വിശേഷിപ്പിച്ച റിപ്പബ്ലിക്ക് സ്പീക്കർ മൈക്ക് ജോൺസൺ, യുദ്ധഭീതി പ്രദാനം ചെയ്യുന്നതിനുള്ള തൻറെ പങ്ക് കൃത്യമായി നിർവഹിച്ചു. അമേരിക്ക അംഗീകരിക്കാത്ത വിധത്തിൽ റഷ്യയുമായി വ്യാപാരം നടത്തുന്ന പക്ഷം, ചൈനയുടെ മേലുള്ള യു.എസ് ഉപരോധം കടുപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകുവാൻ വേണ്ടി, സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കൻ ചൈനയിലേക്ക് പറക്കാൻ തയ്യാറെടുക്കുന്ന വേളയിലായിരുന്നു പ്രസ്തുത ഭാഷണം അരങ്ങേറിയത്.

സമാധാനത്തിനായി നിലകൊള്ളുന്ന ഏറ്റവും ശക്തനായ പ്രസിഡൻറ് സ്ഥാനാർത്ഥി ഗ്രീൻ പാർട്ടിയുടെ ജിൽ സ്റ്റെയ്ൻ, രാജ്യത്തുടനീളമുള്ള ബാലറ്റുകളിൽ പ്രത്യക്ഷപ്പെടാനുള്ള തയ്യാറെടുപ്പിലാണ്. പരിപൂർണ്ണമായ ദേശീയ പ്രവേശനം നേടുന്നതിൽ വളരെയധികം മുന്നേറിയ ഗ്രീൻ പാർട്ടി, പ്രസ്തുത ചുമതല പൂർത്തിയാക്കുക എന്ന ആഗ്രഹത്തോടെ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു. സമാധാനത്തിനായി നിലകൊള്ളുന്ന മറ്റൊരു സമർത്ഥനായ സ്ഥാനാർത്ഥി കോർണൽ വെസ്റ്റിന്, ഏതാനും സംസ്ഥാനങ്ങളിലെ ബാലറ്റുകളിൽ സ്ഥാനം ലഭിച്ചിട്ടുണ്ട്. എന്നാൽ, രാജ്യത്തെ രണ്ട് പ്രധാന പാർട്ടികൾ ക്രമീകരിച്ച അന്യായമായ തെരഞ്ഞെടുപ്പ് സംവിധാനം മൂലം, ഒരു സ്വതന്ത്ര സ്ഥാനാർത്ഥി പ്രവേശനത്തിനായി നിരോധിത ചിലവുകൾ വഹിക്കേണ്ടി വരികയാണ്.

മറ്റൊരു സ്ഥാനാർത്ഥിയായ റോബർട്ട് എഫ്. കെന്നഡി ജൂനിയർ, പകുതി സമാധാന പ്രിയനാണ്. കാരണം, തന്റെ നയതന്ത്രത്തിലൂടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചിരുന്നു. എന്നാൽ, അടിയന്തരമായി ആവശ്യമുള്ളതും, തൻറെ നയതന്ത്രം ഉപയോഗിച്ചുകൊണ്ട് അവസാനിപ്പിക്കാവുന്നതുമായ ഗസ്സയിലെ ഇസ്രായേലിന്റെ യുദ്ധപ്രക്രിയയെ അദ്ദേഹം പൂർണ്ണമായി പിന്തുണക്കുന്നു. ഒരുതരം ഉഭയകക്ഷി അടിസ്ഥാനത്തിൽ, വൈറ്റ് ഹൗസും കോൺഗ്രസും ചേർന്ന് ലോകത്തെ ഒരു ആഗോള യുദ്ധത്തിലേക്ക് നയിക്കുകയാണ്.

യുക്രെയ്നിനെ യുദ്ധവിജയത്തിലേക്ക് നയിക്കുന്ന തന്ത്രങ്ങൾ ഒന്നും തന്നെ യു.എസിൻറെ പക്കലില്ല. പ്രസ്തുത യുദ്ധത്തിൽ കൂടുതൽ യുക്രെയ്നിയെൻ വംശജർ കൊല്ലപ്പെടുന്ന സന്ദർഭത്തിൽ പോലും, കഴിയുന്നത്ര റഷ്യക്കാരെ കൊല്ലുന്നതിനു വേണ്ടി യുക്രെയ്നിനെ ആയുധ സജ്ജരാക്കുകയാണ് യു.എസ്. യുക്രെയ്നിലെ റഷ്യയുടെ പ്രത്യേക സൈനിക നടപടിയുടെ തുടക്കം മുതൽ തന്നെ, യുക്രെയ്നിയൻ നിഷ്പക്ഷത ഊന്നിപ്പറയുകയും, നാറ്റോ വിപുലീകരണത്തിന് അറുതി വരുത്തുകയും ചെയ്തുകൊണ്ട് ഒരു സമാധാന ചർച്ചയ്ക്ക് ഞാൻ റഷ്യൻ ഭരണകൂടത്തെ ക്ഷണിക്കുകയുണ്ടായി. എന്നാൽ, അതിനെ തങ്ങളുടെ അസ്തിത്വത്തിന് ഭീഷണിയായി കണക്കാക്കി റഷ്യ എതിർക്കുകയാണ് ചെയ്തത്. അതിനുശേഷവും യുക്രെയ്നിലേക്കുള്ള നാറ്റോ വിപുലീകരണത്തിനും അതിലൂടെ രൂപപ്പെടുന്ന കൂടുതൽ യുദ്ധ ഇടപെടലുകൾക്കും വേണ്ടി ബൈഡനും കോൺഗ്രസും നിർബന്ധം പിടിക്കുന്നത് തുടരുന്നു.

ഫലത്തിൽ എന്താണ് സംഭവിക്കുന്നത്?, തുടർന്നുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് ആളപായങ്ങളും ഭൂമിശാസ്ത്രപരമായ നഷ്ടങ്ങളും യുക്രെയ്ൻ അനുഭവിക്കുന്നു. അതേസമയം, തന്റെ പൂർണ്ണ പിന്തുണയോടെ, ഇസ്രായേലിനെ നിരുപാധികമായ യുദ്ധ കുറ്റങ്ങൾ ചെയ്യാൻ ആയുധ സജ്ജരാക്കുകയാണ് ബൈഡൻ. ഗസ്സയിലെ ജനങ്ങളെ കൊന്നൊടുക്കുന്നതിലുള്ള അമേരിക്കൻ പങ്കാളിത്തത്തെ അമേരിക്കൻ ജനത, പ്രത്യേകിച്ച് യുവജനങ്ങൾ ശക്തമായി എതിർക്കുന്നുണ്ട്. എന്നാൽ പോലും, ബൈഡനോ കോൺഗ്രസോ ജനങ്ങളുടെ ശബ്ദത്തിന് കാതോർക്കുന്നില്ല.

അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ(ICJ) സമർപ്പിച്ച അപേക്ഷയിൽ, ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്ന് ദക്ഷിണാഫ്രിക്കൻ സർക്കാർ ശക്തമായി വാദിച്ചു. എന്നാൽ, അമേരിക്കൻ വിദ്യാർത്ഥികൾ പ്രസ്തുത കാര്യം ഉന്നയിക്കുന്ന സന്ദർഭത്തിൽ അവരെ അറസ്റ്റ് ചെയ്യുന്ന സ്ഥിതിവിശേഷമാണ് നിലവിൽ കാണാൻ സാധിക്കുന്നത്. വാസ്തവത്തിൽ, ഇസ്രായേലിൻ്റെ പ്രവർത്തനങ്ങൾ 1948-ലെ വംശഹത്യ കൺവെൻഷന്റെ ലംഘനമാകുമെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി വിധിച്ചിരുന്നെങ്കിൽ പോലും, അന്തിമവിധി തീർപ്പാക്കുന്നതിൽ കൂടുതൽ സമയമെടുക്കും.

ഇതിനൊക്കെ പുറമെ, ചൈനയ്ക്കെതിരായ നിരവധി പ്രകോപനഹേതുക്കൾ യു.എസ് വർദ്ധിപ്പിക്കുന്നത് തുടരുകയാണ്. ചൈനയുടെ സമ്പദ് വ്യവസ്ഥയെ തടസ്സപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ, യു.എസിൻ്റെ ഏകപക്ഷീയമായ നവ വ്യാപാര-സാമ്പത്തിക-സാങ്കേതിക നടപടികളെ അടിച്ചേൽപ്പിക്കുന്നു. പ്രസ്തുത നടപടികൾ അന്താരാഷ്ട്ര വ്യാപാര നിയമങ്ങളോടുള്ള അമേരിക്കൻ താൽപര്യങ്ങളുടെ ലംഘനമായിട്ട് പോലും, യു.എസ് തങ്ങളുടെ പ്രവർത്തികൾ അവസാനിപ്പിക്കാൻ തയ്യാറാകുന്നില്ല. കൂടാതെ, പ്രതികാരേച്ഛയും വിഭ്രാന്തിയും നിറഞ്ഞ മറ്റൊരു നടപടിയ്ക്ക് കൂടി കോൺഗ്രസ് വോട്ട് ചെയ്യുകയുണ്ടായി. ടിക് ടോക്ക് എന്ന സോഷ്യൽ മീഡിയ ആപ്പ്, അതിൻറെ ചൈനീസ് ഉടമകൾ, യു.എസ് ഉടമയ്ക്ക് വിൽക്കണമെന്ന ഉത്തരവിനാണ് കോൺഗ്രസ് പിന്തുണ അറിയിച്ചത്.

ഉൽപാദന രംഗത്തെ ചൈനയുടെ “അമിത ശേഷി”യും അമേരിക്കയെ അലോസരപ്പെടുത്തുന്നുണ്ട്. വളരെ കുറഞ്ഞ നിരക്കിൽ ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങൾ ചൈന നിർമ്മിക്കുന്നുയെന്നതാണ് “അമിതശേഷി” എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. ഉദാഹരണത്തിന്, വൈദ്യുതിയാൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്കായുള്ള ചൈനയുടെ ഉൽപാദനപ്രക്രിയകൾ അതിശയകരമാം വിധം കാര്യക്ഷമമാണ്. സമീപകാലത്ത്, ചൈന-യു.എസ് ബന്ധത്തിലെ സമാധാനപരതയെ ചൂണ്ടിക്കാണിക്കുന്ന ഏക-ചൈന നയത്തെ ലംഘിച്ചുകൊണ്ട് തായ്‍വാൻ ദ്വീപായ കിൻമെൻ ദ്വീപിലേക്ക് ബൈഡൻ തൻറെ സൈനികരെ അയക്കുകയുണ്ടായി. ജപ്പാനിലെയും കൊറിയയിലെയും ഉന്നത നേതാക്കളുമായി ചേർന്ന് ചൈന വിരുദ്ധ വാചാടോപങ്ങളും യു.എസ് ഉയർത്തി കൊണ്ടുവന്നു.

ബൈഡൻ ഗവണ്‍മെൻ്റിൻ്റെ ഇറാൻ വിരോധവും സമാനമായി നിർദയവും കാപട്യവുമാണ്. ഏപ്രിൽ ഒന്നിന്, അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനത്തിലൂടെ, ഇറാന്റെ നയതന്ത്ര പ്രദേശത്ത് ഇസ്രായേൽ ബോംബെറിഞ്ഞു. തുടർന്ന്, ഇസ്രായേലിന്റെ ക്രൂര നടപടികളെ അപലപിക്കുന്നതിനു പകരം, തൊട്ടടുത്ത ദിവസം തന്നെ ഇസ്രായേലിനെതിരായ സുരക്ഷാ കൗൺസിലിന്റെ വിമർശനത്തെ യു.എസ് തടഞ്ഞു. എന്നാൽ, ഏപ്രിൽ 14 ന് ഇറാൻ പ്രത്യാക്രമണം നടത്തിയ സന്ദർഭത്തിൽ, അമേരിക്ക ഇറാനെ രൂക്ഷമായി വിമർശിക്കുകയും, പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇത്തരം ഇരട്ടത്താപ്പുകളെ തുറന്നുകാണിക്കാനുള്ള തയ്യാറെടുപ്പിലാണ് വാഷിംഗ്ടൺ.

അതിനാൽ മേൽപ്പറഞ്ഞവയെ, “തിന്മയുടെ അച്ചുതണ്ടി”നെ സംബന്ധിച്ചുള്ള ചർച്ചയിൽ നമുക്ക് കൂട്ടിച്ചേർക്കാം. റഷ്യയുമായുള്ള ചർച്ചകൾ യു.എസ് നിരസിക്കുന്നു. കാരണം, പ്രസ്തുത യുദ്ധം യുക്രെയിനിനെ നശിപ്പിക്കുമെന്ന ഉറച്ച ബോധ്യമുള്ള സന്ദർഭത്തിൽ പോലും, റഷ്യയെ ദുർബലപ്പെടുത്താനുള്ള ആയുധമായി റഷ്യ-യുക്രെയ്ൻ യുദ്ധത്തെ ഉപയോഗിക്കുവാൻ യു.എസ് ആഗ്രഹിക്കുന്നു. ഗസ്സയിൽ അരങ്ങേറുന്ന ഇസ്രായേലിന്റെ വംശഹത്യ പരമ്പരയെ തടയാനുള്ള നടപടികളെ യു.എസ് നിർദാക്ഷിണ്യം തള്ളിക്കളയുന്നു. കൂടാതെ, അമേരിക്ക ചൈനയെ വ്യത്യസ്ത തരത്തിൽ പ്രകോപിപ്പിക്കുകയാണ്. ഇസ്രായേൽ ആരംഭിച്ച അതിക്രമങ്ങൾക്ക് അമേരിക്ക ഇറാനെ ശിക്ഷിക്കുന്നു. ഇവിടെ തിന്മയുടെ അച്ചുതണ്ടില്ല. പകരം, ക്രൂരവും നിഷ്ഠൂരവുമായ യു.എസ് സൈനികതയ്ക്ക് മുന്നിൽ റഷ്യ, ചൈന, ഇറാൻ എന്നിവയെ അമേരിക്ക കൂടുതൽ ശക്തമായി ഒന്നിച്ചു നിർത്തി.

പ്രസ്തുത യുദ്ധത്തെ സംബന്ധിച്ച് അമേരിക്കക്കാർ അങ്ങേയറ്റം അസന്തുഷ്ടരാണ്. മുപ്പത്തിമൂന്ന് ശതമാനം അമേരിക്കക്കാർ മാത്രമാണ് വിദേശനയത്തെ അംഗീകരിക്കുന്നത്. നാറ്റോ വിപുലീകരണം, സൈനിക അതിക്രമങ്ങൾ, ഭരണമാറ്റ പ്രവർത്തനങ്ങൾ എന്നിവയെ പതിറ്റാണ്ടുകളായി പിന്തുണയ്ക്കുന്ന ഒരു നവ യഥാസ്ഥിക രാഷ്ട്രീയ നേതാവാണ് ബൈഡൻ. നാലുവർഷത്തേക്ക് കൂടി രാജ്യത്തെ നയിക്കാൻ അദ്ദേഹം തീർത്തും അയോഗ്യനാണ്. അതിനിടെ, പ്രസിഡണ്ട് സ്ഥാനത്ത് ഇരുന്നുകൊണ്ട് ട്രംപ് ചെയ്ത കാര്യങ്ങൾ തീർത്തും അപകടകരമാണ്. പ്രതിസന്ധിഘട്ടത്തെ മറികടക്കാൻ സഹായകമാകുന്ന മിൻസ്ക് 2 ഉടമ്പടിയെ അദ്ദേഹം നിരാകരിച്ചു. കൂടാതെ, ചൈനയുമായും ഇറാനുമായുള്ള നയതന്ത്ര ബന്ധത്തെ ശത്രുതയിലാക്കാനും ഉപേക്ഷിക്കാനുമുള്ള ശ്രമങ്ങൾ നടത്തി.

ആണവ ശാസ്ത്രജ്ഞരുടെ ബുള്ളറ്റിൻ ‘സൂംസ്ഡേ ക്ലോക്ക്’ പ്രകാരം ലോകം എന്നത്തേക്കാളും വേഗത്തിൽ ആണവായുധങ്ങളുടെ കൂട്ട സ്ഫോടനത്തിലേക്ക് അടുത്തിരിക്കുകയാണ്. അമേരിക്കൻ നിവാസികൾക്ക് യുദ്ധത്തിന്റെയും സമാധാനത്തിൻ്റെയും ജീവിത-മരണ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള ഒരു യഥാർത്ഥ രൂപവും അമേരിക്കയിലെ രണ്ട് പ്രധാന രാഷ്ട്രീയ കക്ഷികളും പ്രദാനം ചെയ്യുന്നില്ല. രണ്ടു പാർട്ടികളും വളരെ കലുഷ പ്രിയരാണ്. തങ്ങളുടെ അശ്രദ്ധ നിറഞ്ഞ മുൻകാല  കണക്കുകൂട്ടലുകളെ മറയ്ക്കാൻ ഇരു കൂട്ടരും കൂടുതൽ പണവും ആയുധങ്ങളും കൈവശപ്പെടുത്തുന്നത് തുടരുന്നു. ഇരുകക്ഷികളും ഒരേ വിഭാഗത്തെ സേവിക്കുന്നു. വാൾസ്ട്രേറ്റ്, സൈനിക-വ്യാവസായിക സമുച്ചയം, സമ്പന്നർക്ക് നികുതിയിളവുകളും സബ്സിഡിയും നൽകുന്നതിന് ഇരു പാർട്ടികൾക്കും ധനസഹായം നൽകുന്ന മഹാസമ്പന്നർ, സൈനിക വ്യവസായങ്ങൾക്ക് നാറ്റോ വിപുലീകരണവും ആയുധ കരാറുകളും, എന്നിങ്ങനെ നീണ്ടുകിടക്കുന്നു പ്രസ്തുത സേവന സംരംഭം.അതിനാൽ സമാധാനവും സാമ്പത്തിക നീതിയും ഇവിടെ കൈകോർക്കുന്നു.

യുക്തിഭദ്രമായ വിദേശ നയത്തിനും ന്യായമായ സമ്പദ് വ്യവസ്ഥയ്ക്കും വേണ്ടി നിലകൊള്ളുന്ന, പ്രതീക്ഷകൾ ഏറെയുള്ള പീസ് സ്ഥാനാർത്ഥിയാണ് ജിൽ സ്റ്റെയ്ൻ. ഗ്രീൻ പാർട്ടിയെയും പീസ് സ്ഥാനാർത്ഥികളെയും ബാലറ്റിൽ നിന്ന് മാറ്റിനിർത്താൻ വേണ്ടിയുള്ള രണ്ട് പ്രധാന പാർട്ടികളുടെ നിർലജ്ജമായ ശ്രമങ്ങൾക്കിടയിലും, നവംബറിൽ എല്ലാ സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികളിൽ സ്റ്റെയ്നിന്റെ നാമം ഉണ്ടെന്ന് ഉറപ്പുവരുത്തുകയെന്നുള്ളതാണ് അടുത്ത ഏതാനും ആഴ്ചകളിൽ പീസ് പ്രവർത്തകർക്കുള്ള മുഖ്യ ജോലി.

യുദ്ധത്തിന്റെയും വാൾസ്ട്രീറ്റിന്റെയും കാര്യത്തിൽ പരാജയപ്പെട്ട നിലവിലെ രാഷ്ട്രീയ കേമന്മാരെ മാറ്റിനിർത്തി കൊണ്ടുള്ള ഒരു തെരഞ്ഞെടുപ്പിനു വേണ്ടി ധാരാളം അമേരിക്കക്കാരാണ് മുറവിളി കൂട്ടുന്നത്. ലോകമെമ്പാടും അരങ്ങേറുന്ന യുദ്ധങ്ങൾക്കുള്ള നയതന്ത്ര പരിഹാരങ്ങൾക്കായി ധാരാളം അമേരിക്കക്കാർ ആവശ്യപ്പെടുന്ന സന്ദർഭത്തിൽ, നവംബറിൽ സമാധാനത്തിനായുള്ള ഒരു തെരഞ്ഞെടുപ്പ് നമുക്ക് പ്രതീക്ഷിക്കാം. രാജ്യത്തുടനീളമുള്ള ബാലറ്റുകളിൽ സ്റ്റെയ്ൻ പ്രത്യക്ഷപ്പെടുകയാണെങ്കിൽ, പ്രസ്തുത തെരഞ്ഞെടുപ്പ് സാധ്യത വോട്ടർമാർക്ക് അവിടെ ലഭിക്കുന്നതായിരിക്കും.

വിവ: അബൂബക്കർ എം.എ

Related Articles