Current Date

Search
Close this search box.
Search
Close this search box.

വിശ്വാസിക്കെങ്ങനെ തന്റെ പറമ്പ് വെറുതെയിടാന്‍ കഴിയും ?

ഭൂമിയിലുള്ളതെല്ലാം മനുഷ്യര്‍ക്ക് വേണ്ടി പടച്ചതാണെന്ന് ഖുര്‍ആന്‍ പറയുന്നു. മലകളും കുന്നുകളും കാടും മരവും പുഴയും കടലും കന്നുകാലികളുമെല്ലാം മനുഷ്യരുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഉപയോഗപ്പെടുത്താനുമാണെന്നര്‍ഥം. ഭൂമി ദേവിയോ പ്രകൃതി ദേവനോ അല്ല ,മനുഷ്യര്‍ക്കായി കീഴ്‌പെടുത്തപ്പെട്ട വസ്തുക്കള്‍ മാത്രം. വികസനത്തിന് വേണ്ടിയോ മറ്റോ പ്രകൃതിയെ തൊടാന്‍ പാടില്ലെന്ന ആത്യന്തിക പരിസ്ഥിതി വാദം ഇസ്ലാമിനില്ല.

മനുഷ്യരുടെ ജീവിതത്തിന്റെ സുഗമമായ നിലനിലനില്‍പ്പാണ് അടിസ്ഥാനം. വെള്ളത്തെ മലിനമാക്കരുതെന്നും ഫല വൃക്ഷങ്ങള്‍ വെട്ടി നശിപ്പിക്കരുതെന്നും പഠിപ്പിക്കുന്നത് അതെല്ലാം മനുഷ്യര്‍ക്ക് ദോഷകരമാകുന്നു എന്നത് കൊണ്ട് കൂടിയാണ്.

ഒഴുകുന്ന വെള്ളത്തില്‍ നിന്നാണ് വുദു ചെയ്യുന്നതെങ്കില്‍ പോലും ആവശ്യത്തിന് മാത്രം ഉപയോഗിക്കുകയെന്ന് റസൂല്‍ (സ) പഠിപ്പിപ്പിക്കുമ്പോള്‍ മിതത്വമെന്ന വിശ്വാസിയുടെ ജീവിത മൂല്യത്തെയാണ് പകര്‍ന്ന് നല്‍കുന്നത് . തീര്‍ന്ന് പോകും എന്നത് കൊണ്ടല്ല ,പ്രകൃതിയിലെ ഏതനുഗ്രഹവും ഉപയോഗിക്കുമ്പോള്‍ ആവശ്യത്തിന് മാത്രമാകുക എന്നതാണ്.

‘നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക പക്ഷേ അതിര് കവിയരുത് ‘ .ഇവിടെ നമ്മുടെ ജീവിതക്കാഴ്ചപ്പാട് വളരെ പ്രധാനമാണ് .
അത്യാവശ്യത്തിനും ആവശ്യത്തിനുമപ്പുറം ആഢംബരവും അനാവശ്യവും ഒഴിവാക്കാനാകുന്നിടത്തേ മിതത്വത്തെ പ്രായോഗിക വത്കരിക്കാനാകൂ. ക്വാറികള്‍ തനിയെ പൊട്ടി മുളക്കുകയില്ല. ഡിമാന്റ് കൂടുമ്പോഴാണല്ലോ പ്രൊഡക്ഷന്‍ വര്‍ദ്ദിക്കുന്നത്. ആഢംബരങ്ങള്‍ക്ക് മാത്രമായി നമ്മളിറക്കുന്ന ഓരോ കല്ലും മണലും പ്രകൃതിക്ക് മേലുള്ള അത് വഴി മനുഷ്യര്‍ക്ക് മേലുള്ള കയ്യേറ്റങ്ങളാണ്.

ലാ തുഫ്‌സിദൂ ഫില്‍ അര്‍ദി ബഅദ ഇസ് ലാഹിഹാ. അല്ലാഹു ശരിയായ രൂപത്തില്‍ സംവിധാനിച്ച് തന്ന ഭൂമിയെ നിങ്ങളായിട്ട് നശിപ്പിക്കരുതെന്ന ഖുര്‍ആനിക പാഠം നമ്മുടെ ജീവിത സൗകര്യങ്ങള്‍ക്കായി ഒരുക്കിത്തന്ന പ്രകൃതിയെ മനുഷ്യര്‍ക്ക് ഉപദ്രവമാകുന്ന അവസ്ഥയിലേക്കെത്തിക്കരുത് എന്ന നിര്‍ദ്ദേശമാണെങ്കില്‍ واستعمركم فيها 11:61 എന്നത് പരിപോഷിപ്പിക്കാനുള്ള കല്‍പനയാണ്. അതായത് പരിസ്ഥിതിയെ തൊടാതെ സംരക്ഷിക്കുക എന്നതല്ല മനുഷ്യന് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്ന രൂപത്തിലേക്ക് പരിപോഷിപ്പിക്കണം എന്നത് കൂടിയാണ്.

മരിക്കുകയാണെന്നറിയുമ്പോഴും ഒടുവിലായി ചെയ്യാന്‍ കഴിയുന്ന ഒരു നന്മയും വിട്ട് കളയരുതെന്ന സന്ദേശമാണ് അന്ത്യനാള്‍ സംഭവിക്കാന്‍ പോകുകയാണെന്നറിയുമ്പോഴും കയ്യിലൊരു ചെടിയുണ്ടെങ്കില്‍ നടണമെന്ന പ്രവാചകാധ്യാപനത്തിന്റെ പൊരുള്‍. വൈക്കം മുഹമ്മദ് ബഷീര്‍ അതിനെ തേന്മാവ് എന്ന കഥയില്‍ യൂസുഫ് സിദ്ധീഖ് എന്ന കഥാ പാത്രത്തിലൂടെ മനോഹരമായി ആവിഷ്‌കരിക്കുന്നുണ്ട്.

മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് പ്രകൃതിയോടുള്ള ബാധ്യതയെന്ന നിലക്കല്ല മനുഷ്യരോടുള്ള ബാധ്യതയും അവര്‍ക്കുള്ള നന്‍മയെന്ന നിലക്കുമാണ്. നമ്മള്‍ വളര്‍ത്തുന്നൊരു മരം ,അതില്‍ നിന്നാരു കഴിച്ചാലും ഇനി ഒരു പക്ഷിയോ മൃഗമോ ആകട്ടെ നമുക്ക് പുണ്യമാണെന്ന് പഠിപ്പിക്കപ്പെടുമ്പോള്‍ പ്രകൃതിയോടിടപഴകുന്നതിന്റെ ആത്മീയ വശം കൂടിയാണത് പകര്‍ന്ന് നല്‍കുന്നത്. ഇതറിയുന്ന വിശ്വാസിക്ക് ഫലവൃക്ഷങ്ങള്‍ പോലും നട്ടുപിടിപ്പിക്കാന്‍ ശ്രമിക്കാതെ തന്റെ പറമ്പ് വെറുതെ ഇടാന്‍ കഴിയില്ല.

Related Articles