Current Date

Search
Close this search box.
Search
Close this search box.

ഭരണഘടനാശില്പിയോട് കാണിച്ച ക്രൂരതകൾ

രാജ്യം അംബേദ്കർ ജന്മദിനം ആഘോഷിക്കുന്ന സാഹചര്യത്തിൽ മാധ്യമം പ്രഥമ പത്രാധിപരായിരുന്ന പി കെ ബാലകൃഷ്ണനന്റെ വരികൾ പുനർവായനയ്ക്ക് വിധേയമാക്കുന്നത് സംഗതമായിരിക്കും.

“.. ആലോചിച്ചാൽ എത്ര വിചിത്രമാണ്! ബ്രിട്ടീഷ് പാർലമെന്ററി മോഡലിലുള്ളതും ഫെഡറൽ വിധാനത്തിലുള്ളതുമായ ഒരു ജനാധിപത്യ ഭരണ ഘടന ഇന്ത്യക്ക് വേണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളായ മഹാന്മാർ തീരുമാനിക്കുകയും ആയത് എഴുതിയുണ്ടാക്കാൻ ആവശ്യം വേണ്ട വിദഗ്ധനായി ഡോ: അംബേദ്ക്കറെ നിശ്ചയിക്കേണ്ടി വരികയും ചെയ്തത്!

1947 ഇന്ത്യൻ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലേക്ക് സംസ്ഥാന നിയമസഭകളിൽ നിന്ന് തിരഞ്ഞെടുപ്പ് നടന്നപ്പോൾ മഹാരാഷ്ട്രക്കാരനായ (അന്ന് ബോംബെ) ഡോ: അംബേദ്കറുടെ പേര് നിർദ്ദേശിക്കാനും പിന്താങ്ങാനും കോൺഗ്രസിന് വൻ ഭൂരിപക്ഷമുള്ള ബോംബെ അസംബ്ലിയിൽ ഒരുത്തനും ഉണ്ടായില്ല. പക്ഷേ ഭാഗ്യവശാൽ മുസ്ലിം ലീഗിന് ഭൂരിപക്ഷ ശക്തിയുണ്ടായിരുന്ന ബംഗാൾ അസംബ്ലിയിൽ ലീഗ് പിന്തുണയോടെ ജയിച്ചു വന്ന കുറേ അധ: കൃത എംഎൽഎമാർ ഉണ്ടായിരുന്നു. അവർ ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതി അംഗമായി അംബേദ്കറുടെ പേര് നിർദ്ദേശിക്കുകയും മുസ്ലിംലീഗ് അംഗങ്ങളുടെ പിന്തുണയോടെ അദ്ദേഹം ബംഗാളിൽനിന്നുള്ള പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഭരണഘടനയുടെ കരട് തയ്യാറാക്കാൻ കോൺസ്റ്റിറ്റ്യുവ്മെന്റ് അസംബ്ലി തെരഞ്ഞെടുത്ത 17 പേരിൽ, കാല മാറ്റത്തിനൊപ്പം കാലുമാറ്റമറിയാത്ത ഉദ്ധതനായ ഈ അധ:കൃതൻ കൂടി ഉൾപ്പെട്ടതിന്റെ അന്തർഗൃഹ നാടകങ്ങൾ എന്തൊക്കെയെന്ന് ഇനിയും വെളിപ്പെടാനിരിക്കുന്നു. പക്ഷേ ആ 17 വിദഗ്ദ്ധന്മാരുള്ള ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായി ഡോക്ടർ അംബേദ്കറെ തിരഞ്ഞെടുത്തത് അവിതർക്കിതമായ കഴിവിനെയും നിയമം, ഭരണഘടനാ നിയമം, വിശ്വ ചരിത്രം തുടങ്ങിയവയിൽ അദ്ദേഹത്തിനുള്ള നിരുപമ പാണ്ഡിത്യത്തെയും അതികഠിനമായി ബുദ്ധി വ്യായാമം ചെയ്യാനുള്ള കഴിവിനെയും ആർജ്ജവ ബുദ്ധിയെയും അംഗീകരിക്കാൻ വേണ്ടത്ര ഹൃദയ മഹാത്മ്യം ആ കമ്മിറ്റിയിലെ ഭൂരിപക്ഷം പേർക്കും ഉണ്ടായിരുന്നത് കൊണ്ടാണ്…. ”

“…. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗങ്ങളായി പ്രമുഖനായ ശ്രീ: ടി ടി കൃഷ്ണമാചാരി ഡോക്ടർക് നന്ദി പറഞ്ഞത് പക്ഷേ പകർത്താതെ വയ്യ. കൃഷ്ണമാചാരി പറഞ്ഞു: “സഭക്കു പക്ഷേ അറിയാമായിരിക്കാം, നിങ്ങൾ തിരഞ്ഞെടുത്ത 17 ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗങ്ങളിൽ 7പേർ കമ്മിറ്റിയിൽ നിന്ന് രാജിവെച്ചൊഴിഞ്ഞു. ഒരാൾ മരിച്ചു. പകരം ആളെ വെച്ചില്ല. ഒരാൾ എന്നും അകലെ അമേരിക്കയിലായിരുന്നു. ആ വിടവും നികത്തപെട്ടില്ല. മറ്റൊരാൾ ഭരണ കാര്യ നിമഗ്നനാകയാൽ ആ പരിധി വരെ ഈ പ്രവർത്തനങ്ങളിൽ സംബന്ധിക്കാൻ കഴിഞ്ഞില്ല. ഒന്നുരണ്ടുപേർ കമ്മിറ്റി യോഗങ്ങളിൽ സംബന്ധിക്കാനാവാത്തത്രക്ക്‌ ഡൽഹിയിൽ നിന്നും അകലെ അനാരോഗ്യനിലയിലായിരുന്നു. അങ്ങനെ ഈ ഭരണഘടനയുടെ കരട് തയ്യാറാക്കുക എന്ന് മഹാഭാരം ഡോക്ടർ അംബേദ്കർ ഒരുത്തന്റെ ചുമലിൽ തങ്ങിനിന്നു. പരമാവധി പ്രശംസാർഹമായ രീതിയിൽ ഈ ഭാരം തനിച്ച് നിറവേറ്റിയതിന് നാമെല്ലാം അദ്ദേഹത്തോട് കൃതജ്ഞരാണെന്ന കാര്യത്തിൽ എനിക്കശേഷം സംശയമില്ല.”

ഇങ്ങനെ കൃതജ്ഞത രേഖപ്പെടുത്തി സഭയിലെ സർവ്വ പ്രധാന കക്ഷിയും അതിന്റെ നേതാക്കളും ഭാരതീയ ജനതയും ഡോ:അംബേദ്കറോട് എന്തു വരെ കൃതജ്ഞത കാട്ടി എന്നത് വളരെ സന്ദിഗദ മായ കാര്യമാണ്. സ്തുതി പാഠം പറയാനറിയാത്ത സ്വതന്ത്രനായ ഡോക്ടർ അംബേദ്കർ പണ്ഡിറ്റ് നെഹ്റുവിന്റെ മന്ത്രിസഭയിൽ നിന്നും പ്രതിഷേധിച്ച് രാജിവെച്ച് പിരിഞ്ഞതും, രാജി വിശദീകരിച്ചു പ്രസ്താവന ചെയ്യണമെങ്കിൽ അഡ്വാൻസ് കോപ്പി സ്പീക്കറെ ഏൽപ്പിച്ച അംഗീകാരം നേടണമെന്ന് വന്നതും അതിന് മനസ്സില്ലാതെ ഡോക്ടർ അംബേദ്കർ സഭയിൽനിന്ന് കൊടുങ്കാറ്റുപോലെ ക്ഷോഭിച് വാക്കൗട്ട് നടത്തിയതും മിക്കവർക്കും ഇന്നറിയാത്തതെങ്കിലും സമീപകാല ചരിത്രം തന്നെയാണ്. 1952ലെ പൊതു തെരഞ്ഞെടുപ്പിൽ ബോംബെയിലെ ഒരു നിയോജകമണ്ഡലത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സർവ്വശക്തിയും കുതന്ത്രവും കേന്ദ്രീകരിച്ചുള്ള എതിർപ്പുമൂലം ” ഇന്ത്യൻ ഭരണഘടനാ ശിൽപി” സാമാന്യം ദയനീയം ആവണം വിധം പരാജയപ്പെട്ടതും നമ്മുടെ സമീപകാല ചരിത്രമാണ്. കമ്മ്യൂണിസ്റ്റ് നേതാവ് എസ്. എ ഡാങ്കെ യുടെ വിശേഷ കുതന്ത്രങ്ങളാണ് തന്റെ തോൽവിക്ക് പ്രധാനകാരണമെന്ന് അംബേദ്കർ വിശ്വസിച്ചു. അദ്ദേഹം പിന്നീട് പാർലമെന്റിൽ ചെന്നത് ബോംബെ നിയമസഭയിലെ അധ:കൃത്യാദി എംഎൽഎ മാരുടെ പിൻബലത്തോടെ രാജ്യസഭാംഗത്വം നേടിയാണ്… ” (വേറിട്ട ചിന്തകൾ ഐപിഎച്ച് പ്രസിദ്ധീകരണം പേജ്:57-60)

അന്ന് അംബേദ്കറോട് അങ്ങേയറ്റത്തെ നന്ദികേടും മര്യാദകേടും കാണിച്ച കുടിലമനസ്കരായ സവർണ്ണരുടെ പിൻഗാമികൾ ഇന്ന് അംബേദ്കർ രൂപകല്പനചെയ്ത ഭരണഘടനയെ തന്നെ തുരങ്കം വെക്കുകയും ചവിട്ടി തേക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

Related Articles