Current Date

Search
Close this search box.
Search
Close this search box.

സംവരണവും സിവില്‍ കോഡും രണ്ടായി കാണണം

‘ജാതി സംവരണം അവസാനിപ്പിക്കണം, ഏക സിവില്‍ കോഡ് നടപ്പാക്കണം എന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന്റെ ആവശ്യമായി കണ്ടാല്‍ പോരെ?. സമൂഹത്തിലെ ആളുകളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ കൂടുതല്‍ തരം തിരിക്കലല്ലേ നിലവിലുള്ള അവസ്ഥ കൊണ്ട് സാധിക്കൂ?’ ഒരു സഹോദരന്റെ സംശയം ഇങ്ങിനെയാണ്. ‘ജീവിതത്തിന്റെ അടിസ്ഥാനം എന്നും സമ്പത്താണ്. അപ്പോള്‍ വേണ്ടത് സമ്പത്തിന്റെ അടിസ്ഥാനത്തിലുള്ള പരിഗണനയല്ലേ? ഒരു സമൂഹത്തില്‍ എല്ലാവര്‍ക്കും ഒരേ സിവില്‍ നിയമമല്ല നല്ലത്?’

ചില വിഭാഗങ്ങള്‍ക്ക് പ്രത്യേക സൗജന്യങ്ങള്‍ നല്‍കുന്നതിനോ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനു വേണ്ടിയോ രൂപീകരിക്കപ്പെട്ട ഒരു സംവിധാനമല്ല സംവരണം. പഴയ ചാതുര്‍വര്‍ണ്യ സമ്പ്രദായത്തിന്റെ സ്വഭാവം പിടികൂടിയ ജനത ചില വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഒഴിവാക്കുന്നത് തടയുക എന്നുള്ള ഒരു ലക്ഷ്യം കൂടി ജാതി സംവരണത്തിനു പിന്നിലുണ്ട്. നൂറ്റാണ്ടുകളോളം വിജ്ഞാന മേഖലയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന വിഭാഗങ്ങള്‍ക്ക് വേണ്ടത്ര അധികാരാവകാശങ്ങളും സമ്പത്തും സാമൂഹിക അംഗീകാരങ്ങളും എല്ലാം പാരമ്പര്യമായി ലഭിച്ച ജനവിഭാങ്ങളോട് മത്സരിച്ച് വിജയം നേടുക എന്നുള്ളത് തീര്‍ത്തും ദുഷ്‌കരമായ കാര്യമാണ്. ഈ മത്സരത്തില്‍ പിന്തള്ളപ്പെട്ടു പോകാതിരിക്കാന്‍ ഭരണകൂടം അഥവാ സമൂഹം നല്‍കുന്ന ഒരു കൈ സഹായമാണ് സംവരണം.

ഇന്ത്യയിലെ പ്രധാന മത-ജാതി വൈജാത്യങ്ങള്‍ക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയില്‍ ഇപ്പോള്‍ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യക്കാര്‍ക്കും ഒരേ രീതിയില്‍ ബാധകമാകുന്ന തരത്തില്‍ ഒരു പൊതു വ്യക്തി നിയമ സംഹിത വേണം എന്ന ആവശ്യത്തിനേയും തര്‍ക്കത്തിനേയും കുറിക്കുന്ന പദമാണ് ഏകീകൃത സിവില്‍ കോഡ്. ഇത് വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളില്‍ പൊതുവായ നിയമം കൊണ്ടുവരാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്.

ജാതി ഇന്നും നമ്മുടെ ശാപമായി കണക്കാക്കുന്നു. എത്ര ഉന്നതിയില്‍ എത്തിയാലും ജാതി ചിന്ത മാറുന്നില്ല എന്നതാണ് നാം കണ്ടുവരുന്ന സത്യം. പകരം അത് കൂടുതല്‍ ശക്തി നേടുകയാണ്. നാടിന്റെ പല ഭാഗത്തു നിന്നും കേട്ടുവരുന്ന അക്രമങ്ങളില്‍ അധികവും വില്ലന്‍ ജാതി തന്നെ. ഹിന്ദു മതത്തിലെ ചാതുര്‍വര്‍ണ്യ സ്ഥാപനത്തിന്റെ അനന്തരഫലമാണ് ഇത്തരം ഒരു അവസ്ഥയ്ക്ക് കാരണമായി തീരുന്നത്. ഈ വ്യവസ്ഥയനുസരിച്ച് ഓരോ ജാതിക്കാരും ചില പ്രത്യേക ജോലികള്‍ മാത്രമേ പാടുള്ളൂ എന്ന അവസ്ഥ വന്നു. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ വര്‍ണ്ണത്തില്‍പ്പെട്ട ജാതിക്കാര്‍ സമൂഹത്തിലെ മുഖ്യകാര്യക്കാരും ശൂദ്ര വര്‍ണ്ണത്തില്‍പ്പെട്ട ജാതിക്കാര്‍ മേല്‍ പറഞ്ഞ വിഭാഗക്കാരുടെ സേവകരായും ജോലി ചെയ്തു.

ദളിത് എന്ന പദം അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്നതിനെ കുറിക്കുന്നു. ഹൈന്ദവ ജാതി വ്യവസ്ഥ അനുസരിച്ച് ഒരു വര്‍ണവും ഇല്ലാത്തവരാണ് ദലിതര്‍. ദലിത് എന്ന പദം ഒരു ജാതിയെ കുറിക്കുന്നില്ല, മറിച്ച് ചരിത്രപരമായ കാരണങ്ങളാല്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും ഒഴിച്ചുനിര്‍ത്തപെട്ട അനേകം ജാതികളെ പ്രതിനിധീകരിക്കുന്നു. സമൂഹശരീരത്തില്‍നിന്നു വിച്ഛേദിക്കപ്പെട്ട ഒരു ജനവിഭാഗം എന്ന അര്‍ത്ഥം ലഭിക്കത്തക്ക രീതിയില്‍ ദലനം ചെയ്യപ്പെട്ടത് (മുറിച്ച് മാറ്റപ്പെട്ടത്) എന്നാണ് ദലിതര്‍ എന്ന വാക്കിന്റെ അര്‍ത്ഥം. ജാതിവ്യവസ്ഥയുടെ ആധുനിക കാലത്തെ ഇരകളില്‍ ഒന്നാണ് നമ്മുടെ ഭരണഘടന ശില്പിയായ അംബേദ്കര്‍. അദ്ദേഹത്തെപ്പോലുള്ളവര്‍ ജാതി ഇരകളാവുന്നു എന്നത് തന്നെയാണ് ഇപ്പോഴും ജാതി അടിസ്ഥാനത്തിലുള്ള സംവരണം ആവശ്യമാണ് എന്നതിന്റെ കാരണവും. ജാതി അടിസ്ഥാനത്തിലല്ലാതെ മറ്റു കാരണങ്ങളാല്‍ പിന്നോക്കം പോയ ജനതകളുടെ സാമൂഹിക ഉന്നമനവും സംവരണത്തിന് കാരണമാണ്.

ജാതി സംവരണം അവസാനിക്കാന്‍ രണ്ടു വഴികളാണ് മുന്നിലുള്ളത്. ഒന്ന് ജാതിയുടെ പേരിലുള്ള വിവേചനം അവസാനിക്കണം. മറ്റൊന്ന് ചരിത്ര പരമായ കാരണങ്ങളാല്‍ അധികാരത്തില്‍ നിന്നും പുറകോട്ടു പോയവര്‍ക്ക് ശരിയായ രീതിയില്‍ അധികാര പങ്കാളിത്തം ലഭിക്കണം. അതിനു വഴി ഒരുക്കി കൊടുക്കേണ്ടത് സമൂഹത്തിലെ ഉന്നതരാണ്. കീഴ്ജാതിക്കാരോടും പിന്നോക്കക്കാരോടും ഉന്നത ജാതിക്കാരുടെ നിലപാടില്‍ മാറ്റം വന്നാല്‍ മാത്രമേ അതിനു പരിഹാരമാകൂ.

വ്യക്തി നിയമം എന്നത് പലര്‍ക്കും അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. അതവരുടെ വിശ്വാസത്തിന്റെ കൂടി ഭാഗമാണ്. ഇന്ത്യന്‍ ഭരണ ഘടന അനുവദിക്കുന്ന വ്യക്തി നിയമങ്ങള്‍ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസത്തിന്റെ തന്നെ ഭാഗമാണ്. വിവാഹം വിവാഹ മോചനം, അന്തരാവാകാശം എന്നീ മേഖലകളില്‍ മതം കൃത്യമായ നിയമ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. അത് പാലിക്കല്‍ വിശ്വാസികളുടെ നിര്ബന്ധ ബാധ്യതയാണ്. ആരാധന കാര്യങ്ങളില്‍ എത്രമാത്രം ദൈവീക നിയമങ്ങള്‍ അംഗീകരിക്കണം എന്നത് പോലെത്തന്നെയാണ് മറ്റു മത നിയമങ്ങളിലും വിശ്വാസി പുലര്‍ത്തേണ്ടത്. വിശ്വാസികള്‍ അത് പാലിക്കുന്നു എന്നത് ഒരു നിലക്കും സമൂഹത്തിന്റെ നിലനില്പിനെയോ സ്വസ്ഥതയെയോ ബാധിക്കുന്നില്ല. അത് കൊണ്ട് തന്നെ ഇതൊരു സാമൂഹിക വിഷയവുമല്ല. ഇന്ത്യയെ പോലെ മത സമൂഹങ്ങള്‍ കൂടുതലുള്ള ഒരു രാജ്യത്തു അത്തരം നീക്കങ്ങള്‍ വിപരീത ഫലമാണ് സൃഷ്ടിക്കുക. അത് കൊണ്ട് തന്നെ സംവരണവും സിവില്‍ കോഡും രണ്ടായി കാണണം. വ്യക്തികളുടെ വിശ്വാസത്തില്‍ കൈകടത്താതിരിക്കുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. വ്യക്തികള്‍ വിശ്വാസത്തെ ചൂഷണം ചെയ്യുമ്പോള്‍ അതിനെതിരെ നിയമം നിര്‍മ്മിക്കാം. അത് എലിയെ പേടിച്ചു ഇല്ലം ചുടുന്ന അവസ്ഥയിലാവരുത് എന്ന് മാത്രം.

Related Articles