Current Date

Search
Close this search box.
Search
Close this search box.

പരിസ്ഥിതി സംരക്ഷണം: ഒരു ഖത്തര്‍ മാതൃക

qatar.jpg

ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ഈ മാസം അവസാനം നടക്കുന്ന കാലാവസ്ഥ വ്യതിയാന സമ്മേളനത്തോടനുബന്ധിച്ച് നൂറ്റി അന്‍പതിലേറെ പള്ളികള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്താന്‍ രാജ്യത്തെ ഇസ്‌ലാമിക മന്ത്രാലയം തീരുമാനിച്ചിരിക്കുന്നു. കാലാവസ്ഥ വ്യതിയാനമടക്കം ഭൂമി നേരിടുന്ന പ്രശ്‌നങ്ങള്‍, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം, പ്രകൃതിസംരക്ഷണത്തില്‍ ഓരോരുത്തര്‍ക്കും വഹിക്കാനുള്ള പങ്ക് എന്നിവയെക്കുറിച്ച് വിശദീകരിക്കാന്‍ ഇമാമുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കപ്പെട്ടിട്ടുണ്ട്. മരങ്ങള്‍ മുറിക്കുന്നതിനെതിരെയും ജലം പാഴാക്കുന്നതിനെതിരെയും, ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളുമുദ്ധരിച്ച് സംസാരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് 1500ലേറെ വാചകങ്ങള്‍ ഉണ്ടെന്നും തല്‍സംബന്ധമായിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരളജനസംഖ്യയുടെ ഇരുപത്തി ആറ് ശതമാനത്തിലേറെ വരുന്ന ഇസ്‌ലാം മതവിശ്വാസികള്‍ കൊച്ചുരാഷ്ട്രമായ ഖത്തറിന്റെ ഈ തീരുമാനത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ട്. കായലും വയലും കുന്നിന്‍പുറവും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി കയ്യേറുകയും ആവാസവ്യവസ്ഥ തന്നെ തകരാറിലാവുകയും ചെയ്യുന്ന സംസ്ഥാനത്ത് , സ്വന്തം അനുയായികളെയും പൊതുസമൂഹത്തെയും ബോധവല്‍ക്കരിക്കേണ്ട ബാധ്യത ആരെക്കാളുമേറെ അവര്‍ക്കാണുള്ളത്. ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചാല്‍ കായ്കനികള്‍ പക്ഷികള്‍ കൊത്തിക്കൊണ്ടുപോകുന്നതിലും മരത്തണലില്‍ വഴിയാത്രക്കാര്‍ വിശ്രമിക്കുന്നതിനും മരണാനന്തരവും പ്രതിഫലം കിട്ടുമെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. അന്ത്യനാളിന്റെ കാഹളം വിളികേട്ടാലും കൈയിലുള്ള ചെടിനടണമെന്നാണ് തിരുമേനിയുടെ നിര്‍ദ്ദേശം. ആകാശത്ത് നിന്ന് മഴവര്‍ഷിപ്പിച്ച അനുഗ്രഹം അനേകം തവണ എടുത്തുപറഞ്ഞ ഗ്രന്ഥത്തിന്റെ അനുയായികള്‍ തന്നെയാണ് ആ ജലം പാഴാക്കാതെ സൂക്ഷിക്കേണ്ടത്. മണ്ണും, മരവും, മഴയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്തേണ്ടത് മതപരവും മാനുഷികവുമായ ബാധ്യതയുള്ളതായി കാണാന്‍ പണ്ഡിത സംഘടനകള്‍ തയ്യാറാകേണ്ടതാണ്. ജീവിതഗന്ധിയല്ലാത്ത കര്‍മശാസ്ത്ര വിഷയങ്ങളില്‍ അഭിരമിക്കുന്നതിനു പകരം ഇത്തരം കാര്യങ്ങളിലാണ് ശ്രദ്ധ ഊന്നേണ്ടത്.

Related Articles