Current Date

Search
Close this search box.
Search
Close this search box.

‘ഞാനി’ല്‍ നിന്നും ‘നമ്മളി’ലേക്ക്

ചിനു അക്വബെയുടെ ‘സര്‍വ്വം ശിഥിലമാകുന്നത്’ എന്ന നോവലിലെ ഇച്ചെണ്ടു പ്രാര്‍ഥിച്ചത് ഇങ്ങിനെയാണ്. ‘ഞങ്ങള്‍ പണം വേണമെന്ന് അപേക്ഷിക്കുന്നില്ല. എന്തെന്നാല്‍ ആരോഗ്യവും സന്തതികളും ഉള്ള ആള്‍ക്ക് സമ്പത്ത് ഉണ്ടായിരിക്കും. കൂടുതല്‍ പണം വേണമെന്നല്ല, കൂടുതല്‍ സ്വന്തക്കാര്‍ വേണമെന്നാണ് പ്രാര്‍ഥിക്കുന്നത്. ബന്ധുക്കള്‍ ഉള്ളതു കൊണ്ടാണ് നമ്മള്‍ മൃഗങ്ങളെക്കാള്‍ ശ്രേഷ്ടരായിരിക്കുന്നത്. ഒരു മൃഗം വേദനയുള്ള ഭാഗം മരത്തില്‍ ഉരസുമ്പോള്‍ മനുഷ്യര്‍ അയാളുടെ ബന്ധുവിനോട് തടവിക്കൊടുക്കുന്നതിന് ആവശ്യപ്പെടും. (ഉദ്ദരണം: കെ.ഇ.എന്‍ സംസ്‌കരാരത്തിലെ സംഘര്‍ഷങ്ങള്‍)

‘വിപത്ത് ഒരവയവത്തെ ബാധിക്കുമ്പോള്‍ മറ്റവയവങ്ങള്‍ക്ക് വെറുതെയിരിക്കാന്‍ കഴിയില്ല. മറ്റുള്ളവരുടെ ദുരിതത്തില്‍ നിങ്ങള്‍ക്ക് സഹാനുഭൂതിയില്ലെങ്കില്‍ നിങ്ങള്‍ മനുഷ്യനെന്ന പേരിന് അര്‍ഹനല്ല’
ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിനെതിരെ മര്‍ദ്ദിതരുടെ മോചനത്തിനായി പൊരുതിയതിന്റെ പേരില്‍ മുപ്പതോളം കൊല്ലം ജയിലില്‍ കഴിയേണ്ടി വന്ന നെല്‍സണ്‍ മണ്ഡേലയുടെ മുമ്പില്‍ ഭരണകൂടം ജയില്‍ മോചനത്തിനായി സമര്‍പ്പിച്ച നിബന്ധനകള്‍ നിരാകരിച്ചു കൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചു:’ദക്ഷിണാഫ്രിക്കന്‍ സമൂഹത്തിന് സമ്പൂര്‍ണ സ്വാതന്ത്ര്യം യാഥാര്‍ഥ്യമാകുന്നത് വരെ സര്‍ക്കാറിന്റെ സന്ധിവ്യവസ്ഥകള്‍ സ്വീകരിക്കുവാനോ അധികാരി വര്‍ഗവുമായി അനുരഞ്ജനത്തിലേര്‍പ്പെടാനോ എനിക്ക് സാധ്യമല്ല. എന്റെ സ്വാതന്ത്ര്യം സമൂഹത്തിന്റെ സ്വാതന്ത്ര്യമാണ്. അതിലുള്ള വിവേചനം എനിക്ക് അസഹ്യമാണ്.’
‘എന്റെ ജയില്‍ മോചനത്തിന് വേണ്ടി ദക്ഷിണാഫ്രിക്കന്‍ ജനതയുടെ അവകാശങ്ങള്‍ അവഗണിക്കാനോ സര്‍ക്കാറുമായി വിലപേശാനോ ഞാന്‍ സന്നദ്ധനല്ല. എന്റെ ജനത നിന്ദ്യത സഹിക്കുന്നതിലേറെ ജയിലിലെ മരണമാണെനിക്കഭികാമ്യം.’
‘ഞാന്‍’ എന്ന പദം സ്വന്തത്തെയും സ്വാര്‍ഥതയെയും പ്രതിനിധീകരിക്കുന്നു. അത് വ്യക്തിയുടെയും അവന്റെ അഹംബോധത്തിന്റെയും പ്രതീകമാണ്. ‘നമ്മള്‍’ സമൂഹത്തെതും സാമൂഹ്യമനസ്സിനെയും പ്രകാശിപ്പിക്കുന്നു. മുഴുവന്‍ മനുഷ്യരിലും ഇരുവികാരങ്ങളുമുണ്ടായിരിക്കും. അനുപാതങ്ങളിലേ അന്തരമുണ്ടാവുകയുള്ളൂ. ചിലതിലെ ‘ഞാന്‍’ ‘നമ്മളെ’ നിശ്ശേഷം നശിപ്പിക്കുന്നതാണ്. മറ്റു ചിലരിലെ ‘ഞാന്‍’ നമുക്ക് വഴിമാറിക്കൊടുക്കുന്നു. എന്നാല്‍ സമൂഹത്തിന് വേണ്ടി സ്വന്തം താല്പര്യങ്ങള്‍ സമര്‍പ്പിക്കാന്‍ സന്നദ്ധമാവുന്നവര്‍ വളരെ വിരളമായിരിക്കും. ഏറെപ്പേരും ‘ഞാനിന്റെ’ അവശിഷ്ടം മാത്രം ‘നമ്മള്‍ക്ക്’ നല്‍കുന്നവരായിരിക്കും.
മറ്റുള്ളവരുടെ സുഖ ദു:ഖങ്ങളും സന്തോഷ സന്താപങ്ങളും നേട്ടകോട്ടങ്ങളും തന്റെതായി അനുഭവിക്കപ്പെടുന്ന സാമൂഹികാവബോധമുള്ളവര്‍ക്ക് മാത്രമേ സ്വാര്‍ഥമോഹങ്ങളുടെ തടവറകളില്‍ നിന്ന് മോചനം നേടാന്‍ കഴിയുകയുള്ളൂ. സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സ്വന്തം സ്വാതന്ത്ര്യം ത്യജിക്കാനും യുദ്ധമില്ലാത്ത ലോകത്തിനായി അന്തരംഗത്തെ യുദ്ധക്കളമാക്കാനും ശാന്തത നിറഞ്ഞ നാളെയുടെ നിര്‍മ്മിതിക്ക് അശാന്തി അനുഭവിക്കാനും വരും തലമുറയുടെ വിജയത്തിനായി ത്യാഗം അനുഭവിക്കാനും അത്തരക്കാര്‍ക്കേ സാധിക്കുകയുള്ളൂ. അവ്വിധമുള്ള ആളുകളുടെ ആധിക്യത്തിലാണ് സമൂഹത്തിന്‍രെ സമുന്നതിയും നാടിന്റെ നേട്ടവും നിലകൊള്ളുന്നത്.
‘നമ്മള്‍ക്ക’് വേണ്ടി ‘ഞാനിനെ’ കുരുതികൊടുക്കാന്‍ കഴിയുന്ന കുറെയാളുകളെങ്കിലുമില്ലാത്ത രാഷ്ട്രവും ജനതയും അതിവേഗം തളര്‍ന്ന് തകര്‍ന്ന് പോകും. മനുഷ്യരാശി ഇന്നനുഭവിക്കുന്ന സകലവിധ സുഖസൗകര്യങ്ങളും ലോകം നേടിയ നിഖില നേട്ടങ്ങളും സ്വാര്‍ഥത്തെ തോല്‍പിച്ച സാമൂഹ്യബോധത്തിന്റെ സംഭാവനകളത്രെ.
ഇസ്്‌ലാം മനുഷ്യനെ സ്വാര്‍ഥതയില്‍ നിന്ന് സാമൂഹികതയിലേക്ക് നയിക്കുന്നു. അതിലെ ആരാധനാ കര്‍മ്മങ്ങളും പ്രാര്‍ഥനകളും മനുഷ്യനെ ‘ഞാനി’ല്‍ നിന്ന് നമ്മളിലേക്ക് നയിക്കുന്നു. അഞ്ചു നേരത്തെ നമസ്‌കാരങ്ങളിലെ എല്ലാ നിര്‍ബന്ധ പ്രാര്‍ഥനകളും ‘ഞങ്ങള്‍’ ക്ക് വേണ്ടിയാണ്. ‘എനിക്ക്’ വേണ്ടിയല്ല. അവയിലൊന്ന് ആദിമനുഷ്യന്‍ മുതല്‍ ലോകാവസാനം വരെയുള്ള എല്ലാ നാടുകളിലും തലമുറകളിലെയും സച്ചരിതരായ മുഴുവന്‍ ആളുകളുടെയും സമധാനത്തിനും രക്ഷക്കും വേണ്ടിയുള്ളതാണ്. ഇങ്ങനെ ഇസ്‌ലാം വിശ്വാസിയെ കാല, ദേശ, വര്‍ഗ, വര്‍ണദേതങ്ങള്‍ക്കധീതനായ വിശ്വപൗരനാക്കി മാറ്റുന്നു.

 

Related Articles