Current Date

Search
Close this search box.
Search
Close this search box.

ഈ പ്രപഞ്ചത്തില്‍ നാം മാത്രമോ?

ഈ പ്രപഞ്ചത്തില്‍ നാം തനിച്ചോ എന്ന ചോദ്യം ശാസ്ത്രലോകത്ത് വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്. ഭൂമിക്ക് സമാനമായ പല ഗ്രഹങ്ങളെയും ഇതിനകം കണ്ടെത്തിയിരുന്നു. അവയില്‍ പലതിനെകുറിച്ചും ഗവേഷണങ്ങളും നടന്നു കൊണ്ടിരിക്കുന്നുണ്ട്. സൗരയൂഥത്തിലെ ഗ്രഹങ്ങളില്‍ തന്നെ മനുഷ്യന്റെ അന്വേഷണം എവിടെയുമെത്തിയില്ലെന്നിരിക്കെ ഇതര നക്ഷത്രവ്യൂഹങ്ങളിലേക്കുള്ള അന്വേഷണം വളരെ പരിമിതമായ തോതിലേ ഇന്നും നടക്കുന്നുള്ളൂ. ഇത്രയും പ്രവിശാലമായ പ്രപഞ്ചത്തിന്റെ ഉള്ളടക്കത്തെകുറിച്ച് ഇനിയും ആര്‍ക്കും അവസാനവാക്ക് പറയാനായിട്ടില്ല എന്നതത്രെ യാഥാര്‍ഥ്യം.

പുതിയ ദൗത്യവുമായി ചൊവ്വയിലേക്ക് ക്യൂരിയോസിറ്റി കുതിച്ചുയരുന്നത് ഈ പശ്ചാത്തലത്തിലാണ്. 1969-ലെ മനുഷ്യന്റെ ആദ്യ ചന്ദ്രയാത്രക്ക് ശേഷം ഏറ്റവും വലിയ ശാസ്ത്രസംഭവമായാണ് ക്യൂരിയോസിറ്റിയെ പരിചയപ്പെടുന്നത്. 2011 നവംബര്‍ 26-ന് ഫ്‌ലോറിഡയിലെ കാപ്പ്കാനവറിയില്‍ നിന്ന് കുതിച്ചുയര്‍ന്ന ക്യൂരിയോസിറ്റി 2012 ആഗസ്ത് ആറിനായിരുന്നു ചൊവ്വയുടെ പ്രതലത്തിലിറങ്ങിയത്. ചൊവ്വയില്‍ ജീവന്‍ നിലനില്‍ക്കാന്‍ വല്ല സാഹചര്യവും നിലനില്‍ക്കുന്നുണ്ടോ എന്നും അത്തരമൊരു സാഹചര്യം എന്നെങ്കിലും നിലനിന്നിരുന്നോ എന്നും അതിനനുകൂലമായ ജൈവഘടകങ്ങള്‍ ലഭ്യമായിരുന്നോ എന്നും പരിശോധിക്കലാണ് ക്യൂരിയോസിറ്റിയുടെ പ്രധാനലക്ഷ്യം. ചൊവ്വയിലേക്ക് നേരത്തെ തിരിച്ച വൈക്കിങ് 2 ‘ലേബല്‍ഡ് റിലീസ് എക്‌സ്‌പെരിമെന്റ്’ എന്ന അന്വേഷണ ദൗത്യത്തില്‍ നടത്തിയതും ജൈവസാന്നിദ്ധ്യത്തെ കുറിച്ച അന്വേഷമാണ്. വൈക്കിങിന് ഉത്തരം കിട്ടാതിരുന്ന പലകാര്യങ്ങള്‍ക്കും ക്യൂരിയോസിറ്റി ഉത്തരം നല്‍കുമെന്ന് പ്രതീക്ഷയിലാണ് നാസയിലെ ശാസ്ത്രജ്ഞര്‍. മനുഷ്യന്‍ തേടിക്കൊണ്ടിരിക്കുന്ന ഈ അന്വേഷണങ്ങള്‍ക്ക് സൗരയൂഥത്തിലല്ലെങ്കില്‍ അതിന് പുറത്ത് അല്ലെങ്കില്‍ ഈ പ്രപഞ്ചത്തില്‍ എവിടെ നിന്നെങ്കിലും ഉത്തരം ലഭിക്കുന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

ഈ വിശാല പ്രപഞ്ചത്തില്‍ ഭൂമിയില്‍ മാത്രമാണോ ജീവനുള്ളത്. കോടാനുകോടി ഗാലക്‌സികള്‍ അവയുള്‍ക്കൊള്ളുന്ന ആയരക്കണക്കിന് ക്ലസ്റ്ററുകള്‍, ഓരോ ഗാലക്‌സിയിലും പതിനായിരക്കണക്കിന് നക്ഷത്രങ്ങള്‍. ഓരോ നക്ഷത്രത്തിനു ചുറ്റും എണ്ണമറ്റ ഗ്രഹങ്ങളും ഉപഗ്രങ്ങളും. ഇങ്ങിനെ പോവുന്ന പ്രപഞ്ചവിഹായുസ്സില്‍ ജീവനെന്ന പ്രതിഭാസം ഭൂമിയില്‍ മാത്രമോ? ഈ പ്രപഞ്ചം വൃഥാ സൃഷ്ടിക്കപ്പെട്ടതല്ലെന്ന വേദവാക്യം, സോദ്ദ്യേശ്യപൂര്‍വ്വമായ ഭൂമിയെ പോലെയുള്ള സംവിധാനങ്ങള്‍ പ്രപഞ്ചത്തില്‍ വേറെയും ഉണ്ടെന്നതിലേക്കുള്ള സൂചനയായിക്കൂടെ? മറ്റുള്ള നക്ഷത്രവ്യൂഹങ്ങളില്‍ ഭൂമിയിലെ പോലെ ജൈവസാന്നിദ്ധ്യത്തിന് അനുകൂലമായ സാഹചര്യമുണ്ടെങ്കില്‍ എന്തുകൊണ്ട് അങ്ങനെ സംഭവിച്ച് കൂടാ? അങ്ങനെയെങ്കില്‍ അവരില്‍ മനുഷ്യരെ പോലെയുള്ള ചിന്താശേഷിയുള്ള വര്‍ഗങ്ങളും ഇല്ലെന്ന് എങ്ങനെ തറപ്പിച്ച് പറയാനാവും. അങ്ങിനെ ഏതെങ്കിലും ബുദ്ധിജീവികള്‍ ഈ പ്രപഞ്ചത്തിലെവിടെയെങ്കിലുമുണ്ടെങ്കില്‍ അവരുമായി നമുക്ക് ബന്ധപ്പെടാനാവുമോ?

ഭൗമേതരജീവികളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ഭൗമേതര ജൈവവിജ്ഞാനീയം. അഥവാ എക്‌സോബയോളജി. ആസ്‌ട്രോ ബയോളജി എന്ന പേരിലും ഇതറിയപ്പെടുന്നു. നാസയുടെ കീഴില്‍ ‘സെറ്റി’ (സെര്‍ച്ച് ഫോര്‍ എക്‌സ്ട്ര ടെറസ്ട്രിയല്‍ ഇന്റലിജന്റ്‌സ്) എന്ന അന്വേഷണ വിഭാഗവും 1978 മുതല്‍ സജീവമാണ്. അമേരിക്കയിലെ വിര്‍ജീനിയ ഒബ്‌സര്‍വേറ്ററി ശാസ്ത്രജ്ഞനായിരുന്ന ഡോ. ഫ്രാങ്ക് ഡ്രേജ് 1961-ല്‍ പുറത്ത് നിന്നുള്ള റേഡിയോ സിഗ്നലുകള്‍ക്കായി തെരച്ചില്‍ തുടങ്ങിയതോടെയാണ് ഈ മേഖലയിലുള്ള ആധുനിക അന്വേഷണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഈ വിഷയത്തിലുള്ള ഖുര്‍ആനിക അന്വേഷത്തിലേക്ക് കടക്കുന്നതിന് മുമ്പ് ശാസ്ത്രലോകം എന്തു പറയുന്നു എന്നറിയാന്‍ ശ്രമിക്കാം.

ഖുര്‍ആനിക വെളിച്ചം
പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെകുറിച്ച് ചിന്തിക്കാനും അവിടേക്ക് ദൃഷ്ടികളയക്കാനും ഖുര്‍ആന്‍ നിരന്തരമായി ആഹ്വാനം ചെയ്യുന്നുണ്ട്. ഖുര്‍ആന്‍ ഒരു ശാസ്ത്ര പുസ്തകമോ അത് പഠിപ്പിക്കാനായി അവതരിച്ചതോ അല്ല. എന്നാല്‍ ഓരോ പ്രപഞ്ചപ്രതിഭാസങ്ങളെ കുറിച്ച് അന്വേഷിക്കുമ്പോഴും സ്രഷ്ടാവിന്റെ അജയ്യതയും സൃഷ്ടി മഹാത്മ്യവും കൂടുതല്‍ ബോധ്യപ്പെടുന്നു. ഖുര്‍ആന്‍ നടത്തുന്ന ശാസ്ത്ര പരാമര്‍ശങ്ങളുടെ താല്പര്യവും അതു തന്നെ.

ഖുര്‍ആനില്‍ പരാമൃഷ്ടമായ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ മൂന്ന് രീതിയിലുള്ളതാണ്. അതിലൊന്നു ഖുര്‍ആനിന്റെ പ്രഥമ സംബോധിതര്‍ക്ക് തന്നെ മനസ്സിലാക്കാനായിട്ടുള്ള ദൃഷ്ടാന്തങ്ങളാണ്. ഒട്ടകങ്ങളെ കുറിച്ചും ആകാശത്തെ കുറിച്ചും പര്‍വ്വതങ്ങളെ ഭൂമിയെ കുറിച്ചും ചിന്തിക്കാനാവശ്യപ്പെട്ടു കൊണ്ടുള്ള വചനങ്ങള്‍ (79:17—20)  ഉദാഹരണം. മനുഷ്യന് ദൈവം നല്‍കിയ ബുദ്ധിപരവും സാങ്കേതികവുമായ കഴിവുകള്‍ ഉപയോഗപ്പെടുത്തി പില്‍ക്കാലങ്ങളില്‍ ബോധ്യമായ യാഥാര്‍ഥ്യങ്ങള്‍. ഉദാഹരണത്തിന് വിരലടയാളങ്ങളെകുറിച്ചും (75:4) മനുഷ്യ ഭ്രൂണത്തിന്റെ വളര്‍ച്ചാ ഘട്ടങ്ങളെകുറിച്ചുമെല്ലാം ഖുര്‍ആനില്‍ (23: 11-14) വ്യക്തമാക്കിയ സത്യങ്ങള്‍. മൂന്നാമത്തേത് ഇനിയും കണ്ടെത്താനവാത്ത പ്രകൃതി ദൃഷ്ടാന്തങ്ങളാണ്. ഇത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ശാസ്ത്ര ലോകം എന്തെങ്കിലും കണ്ടെത്തിക്കഴിഞ്ഞാല്‍ അതു നമ്മുടെ ഖുര്‍ആനിലുണ്ട് എന്ന് പറയുന്നതിനപ്പുറം ശാസ്ത്രാന്വേഷങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയാണ് വേദഗ്രന്ഥത്തിന്റെ് അനുവാചകര്‍ ചെയ്യേണ്ടത്. ആധുനിക ശാസ്ത്രം ഇന്നേ വരെ കണ്ടെത്തിയിട്ടില്ലാത്ത ഭൗമേതര ജീവികളുടെ സാന്നിദ്ധ്യത്തെകുറിച്ച് ഖുര്‍ആനിലെ ചില സൂചനകള്‍ ഇവിടെ പ്രസക്തമാകുന്നു. പുതിയ ഗവേഷണങ്ങള്‍ക്ക് പ്രേരകമാവുന്നതാണ് അവയോരോന്നും.

പ്രപഞ്ചസംവിധാനങ്ങളെകുറിച്ചുള്ള വിവരണത്തില്‍ എവിടെയും ഭൂമിയില്‍ മാത്രമേ ജീവനുള്ളൂ എന്ന് വ്യക്തമാക്കുന്നില്ല എന്നതത്രെ യാഥാര്‍ഥ്യം. ഈ വിശാല പ്രപഞ്ചത്തില്‍ ഭൂമിയല്ലാത്ത മറ്റെവിടെയെങ്കിലും ജൈവസാന്നിദ്ധ്യമുണ്ടോ എന്ന അന്വേഷണത്തില്‍ ഖുര്‍ആനിന് വല്ല വെളിച്ചവും നല്‍കുവാനുണ്ടോ എന്നത് തീര്‍ച്ചയായും പരിശോധിക്കേണ്ടതുണ്ട്.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘ഉപരിലോകത്തിന്റെയും ഭൂമിയുടെയും സൃഷ്ടിപ്പിലും അവ രണ്ടിലും പരത്തിയിട്ടുള്ള ജീവജാലങ്ങളും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. അവനുദ്ദേശിക്കുമ്പോള്‍ അവയെ ഒരുമിച്ചു കൂട്ടുവാനും കഴിവുള്ളവനാണവന്‍.’ (42:29)
ഈ സൂക്തത്തില്‍ നിന്ന് ഗ്രഹിക്കാനാവുന്നത്:

– ‘വമാ ബസ്സ ഫീഹിമാ’ (അവ രണ്ടിലും നാം ജീവജാലങ്ങളെ പരത്തി) എന്ന് പറഞ്ഞതിലൂടെ ഭൂമിയില്‍ മാത്രമല്ല ചരാചരങ്ങളുള്ളതെന്ന് വ്യക്തമാക്കുന്നു. ഭൂമിയില്‍ മാത്രമായിരുന്നു ഉള്ളതെങ്കില്‍ ‘വമാ ബസ്സ ഫീഹാ’ എന്നാണ് പ്രയോഗിക്കേണ്ടിയിരുന്നത്.
– ജീവജാലങ്ങളെ കുറിക്കാന്‍ ‘ദാബ്ബത്ത്’ എന്ന പദമാണ് ഉപയോഗിച്ചത്. അവ പക്ഷികളോ മലക്കുകളോ ജിന്നുകളോ ആയിരിക്കുമോ എന്നതാണ് അടുത്തവിഷയം. ഖുര്‍ആന്‍ പ്രയോഗിച്ച ദാബ്ബത്ത് എന്ന പ്രയോഗം അതിനെ നിരാകരിക്കുന്നു. സ്ഥൂല ശരീരമുള്ള ജീവികള്‍ക്കാണ് ഈ ദാബ്ബ എന്ന പദം പ്രയോഗിക്കാറ്. ഒന്നിനോട് പറ്റിച്ചേര്‍ന്ന് സഞ്ചരിക്കുന്ന പുഴുവിനും ചിതലിനുമെല്ലാം ഈ പദമുപയോഗിക്കാറുണ്ട്. അതിനാല്‍ തന്നെ അഭൗതികമായ ശരീരത്തോടെ വിഹായുസ്സില്‍ ചരിക്കുന്ന ജിന്നുകളോ മലക്കുകളോ അല്ല അവയെന്ന് വ്യക്തം. ഖുര്‍ആനിന്റെ അറബിഭാഷയിലുള്ള ആധികാരിക പദാനുകോശമായ അല്‍ മുഫ്‌റദാത്തില്‍ റാഗിബുല്‍ ഇസ്ഫഹാനി പറയുന്നു. ‘പതുക്കെ ഭൂമിയിലൂടെ സഞ്ചരിക്കുന്നവയാണ് ദാബ്ബത്തിന്റെ താല്പര്യം’.

– ഇനി ഈ സംഗമം ഭൗതിക ലോകത്തെ ഉദ്ദേശിച്ചുള്ളതാണെങ്കില്‍ തന്നെ അന്തരീക്ഷത്തിലുള്ള പറവകളോ മറ്റോ അല്ലെന്ന് വ്യക്തം. മലക്കുകളും ജിന്നുകളും മനുഷ്യരുമായി സന്ധിച്ചതിന്റെ ഒരുപാട് ഉദാഹരണങ്ങള്‍ പ്രവാചക ചരിത്രങ്ങളിലൂടെ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്. എങ്കില്‍ പിന്നെ അവരാരായിരിക്കും? ഈ വിഷയത്തില്‍ ഖുര്‍ആന്‍ ആധുനികരായ വ്യാഖ്യാതാക്കളുടെ അഭിപ്രായങ്ങള്‍ കൂടി ചേര്‍ത്തുവായിക്കാം.

‘ഭൂമിയിലും വാനഗോളങ്ങളിലും എന്നാണിതുകൊണ്ടര്‍ഥം. ജിവിതമുള്ളത് ഭൂമിയില്‍ മാത്രമല്ല. ഇതര ഗോളങ്ങളിലും ജീവികളുണ്ട് എന്നതിന്റെ വ്യക്തമായ സൂചനയാണിത്. (സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി, തഫ്ഹീമുല്‍ ഖുര്‍ആന്‍ 4/463)

‘എങ്ങും എവിടെയും ഭൂമിയുടെ ഉപരിഭാഗത്തും അധോഭാഗത്തും സമുദ്രത്തിന്റെ ആഴങ്ങളിലും വിഹായുസ്സിന്റെ അനന്തതകളിലും പരന്നു കിടക്കുന്ന ജീവജാലങ്ങളെ കുറിച്ച് മനുഷ്യന് കുറച്ച് മാത്രമേ അറിയൂ. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ ഭൂവന -വാനങ്ങളിലുമുള്ള സമസ്ത ജീവജാലങ്ങളെയും ഒരുമിച്ചു കൂട്ടും.’ (ശഹീദ് സയ്യിദ് ഖുതുബ്, ഫീ ളിലാലില്‍ ഖുര്‍ആന്‍ 10/665)

ഉപരിലോകത്തെ ജീവികളെ കുറിക്കാന്‍ ഉപയോഗിച്ച ദാബ്ബ: എന്ന പ്രയോഗത്തില്‍ മലക്കുകള്‍ ഉള്‍പ്പെടുമോ? അവര്‍ കേവലം ജീവികള്‍ മാത്രമോ അതല്ല ദൈവാനുസരണം ജീവിക്കുകയും അവനെ വണങ്ങുകയും ചെയ്യുന്ന സവിശേഷ സൃഷ്ടികളോ? മനുഷ്യരെ പോലെ ദൈവ ശാസനകള്‍ പിന്തുടരനാവുന്ന വിശേഷ ബുദ്ധിയുള്ളവരാവുമോ അവര്‍?

‘ഭൂലോകത്തും ഉപരിലോകത്തും എത്രമാത്രം ജീവജാലങ്ങളും(ദാബ്ബത്ത്) മലക്കുകളും ഉണ്ടോ അവയൊക്കെയും അല്ലാഹുവിന് മുമ്പില്‍ സാഷ്ടാഗം പ്രണമിച്ചു കൊണ്ടിരിക്കുന്നു. അവരൊരിക്കലും ധിക്കാരം പ്രവര്‍ത്തിക്കുന്നില്ല. അവന്‍ തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുകയും, നല്‍കപ്പെടുന്ന ശാസനകളനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.’ (ഖുര്‍ആന്‍ 16:49)

ഇവിടെയും ജീവജാലങ്ങളെ കുറിക്കാന്‍ ദാബ്ബ എന്ന പദം പ്രയോഗിച്ചിരിക്കെ തന്നെ മലക്കുകളെ പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്യുന്നു. മാത്രമല്ല, അവര്‍ക്ക് ദൈവിക ശാസനകള്‍ ലഭിച്ചു കൊണ്ടിരിക്കുന്നു എന്ന വസ്തുതയും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. തഫ്ഹീമുല്‍ ഖുര്‍ആനില്‍ ഈ ആയത്തിനെ ഇപ്രകാരം വിശദീകരിക്കുന്നു: ‘ജീവനുള്ള സൃഷ്ടികള്‍ ഭൂമിയില്‍ മാത്രമല്ല, പ്രപഞ്ചത്തിലെ മറ്റു ഗോളങ്ങളിലുമുണ്ടെന്ന് ആനുഷംഗികമായി ഈ ആയത്ത് സൂചിപ്പിക്കുന്നു. (തഫ്ഹീമുല്‍ ഖുര്‍ആന്‍ 2/503)

ഭൗമേതര ലോകത്തെ ഈ ജീവികള്‍ മനുഷ്യരെപ്പോലെ വിശേഷ ബുദ്ധിയുള്ളവരായിരിക്കുമോ? ‘ആകാശഭൂമികളിലുള്ളവരെല്ലാം അല്ലാഹുവിന്റെ സൃഷ്ടികള്‍ തന്നെയാകുന്നു. അവന്റെ സന്നിധിയിലുള്ളവരും (മലക്കുകള്‍) അവന് കീഴ്‌വണങ്ങുന്നതില്‍ അഹങ്കാരം നടിച്ചിട്ടില്ല.’ (21:19) ഏതെങ്കിലും കാര്യത്തെ ചൂണ്ടിക്കാട്ടുന്ന സര്‍വ്വ നാമത്തില്‍ പദങ്ങളാണ് ‘മന്‍’ ‘മാ’ മുതലായവ. ഇതില്‍ ‘വലഹു മന്‍ ഫിസ്സമാവാതി’ എന്ന ബുദ്ധിയുള്ളവര്‍ക്ക് ഉപയോഗിക്കുന്ന പദമാണ് ഉപരിസൂക്തത്തില്‍ പ്രയോഗിച്ചിട്ടുള്ളത്. മനുഷ്യരെ പോലെ വിശേഷബുദ്ധിയുള്ളവര്‍ക്ക് മാത്രമേ അറബിയില്‍ ഈ പ്രയോഗം സ്വീകരിക്കാറുള്ളൂ. നിര്‍ജ്ജീവ വസ്തുക്കള്‍ക്കോ ജന്മവാസനക്കനുസരിച്ച് മാത്രം ജീവിക്കുന്നവര്‍ക്കോ ‘മാ’ എന്നാണ് ഉപയോഗിക്കുക. ഇവിടെ മലക്കുകളെ പ്രത്യേകമായി എടുത്തു പറയുന്നതിനാല്‍ മലക്കുകളല്ലാത്ത ഒരിനമാണ് ഇവിടെ സൂചിപ്പിക്കുന്നതെന്ന് വ്യക്തം.

ജീവികളുണ്ട് എന്ന് മാത്രമല്ല, അല്ലാഹു ഉദ്ദേശിച്ചാല്‍ പരലോകത്ത് ഒരുമിച്ച് കൂട്ടപ്പെടും എന്ന് പറഞ്ഞതിലൂടെ പ്രസ്തുത ജീവികള്‍ ന്യായാന്യായ വിചാരണക്ക് വിധേയരാക്കപ്പെടുന്ന വിശിഷ്ടവിഭാഗങ്ങളാവം എന്ന സൂചനയും ഈ സൂക്തം നല്‍കുന്നു.

‘ആദം സന്തതികള്‍ക്കു നാം മഹത്വമരുളി എന്നതും നമ്മുടെ കാരുണ്യമാകുന്നു. അവര്‍ക്കു കടലിലും കരയിലും വാഹനങ്ങള്‍ നല്‍കി, ഉത്തമ പദാര്‍ഥങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളെക്കാള്‍, പ്രത്യക്ഷമായ ഔന്നത്യമരുളുകയും ചെയ്തു.’ (17:70)

സൃഷ്ടികളില്‍ സ്രേഷ്ടരായാണ് മനുഷ്യരെ വിശേഷിപ്പിക്കാറുള്ളത്. ആദം സന്തതികളെ നാം മഹത്വപ്പെടുത്തി എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. എന്നാല്‍ അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഈ വ്യതിരിക്തത മനുഷ്യര്‍ക്ക് മാത്രമാണോ? അങ്ങനെയാണെങ്കില്‍ ‘എല്ലാവരേക്കാളും’ നാം ആദം സന്തതികളെ ആദരിച്ചിരിക്കുന്നു എന്നാണ് പറയേണ്ടിയിരുന്നത്. എന്നാല്‍ ഖുര്‍ആന്‍ എല്ലാവരേക്കാളും എന്നതിന് പകരം ‘അധികപേരേക്കാളും’ എന്നാണ് ഉപയോഗിച്ചത്.  

മനുഷ്യരെ പോലെ വിവേചനബോധവും സ്വയം നിര്‍ണ്ണായകാവശാശമുള്ള സൃഷ്ടികള്‍ ഈ പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കും ദൈവകല്‍പനകള്‍ അവതരിക്കുന്നുണ്ടാവണം. പ്രവാചക നിയോഗവും വേദഗ്രന്ഥവുമെല്ലാം അവരിലും ഉണ്ടായിരിക്കണം. ഖുര്‍ആനില്‍ ഏഴാകാശം പോലെ ഏഴു ഭൂമികളെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ‘സപ്ത വാനങ്ങളെയും അവക്ക് സമാനമായി ഭൂമിയേയും സൃഷ്ടിച്ചവനാണവന്‍. അവക്കിടയിലെല്ലാം ശാസന ഇറങ്ങിക്കൊണ്ടിരിക്കുന്നു. അല്ലാഹു സകല സംഗതികള്‍ക്കും കഴിവുറ്റവനെന്നും അവന്റെ ജ്ഞാനം സകല കാര്യങ്ങളെയും വലയം ചെയ്തിരിക്കുന്നുവെന്നും നിങ്ങള്‍ അിറയേണ്ടതിനാകുന്നു ഇപ്രകാരം വിവരിക്കുന്നത്’ (65:12)

ഈ സൂക്തത്തില്‍ മൂന്ന് കാര്യങ്ങള്‍ അല്ലാഹു വ്യക്തമാക്കുന്നു. ഏഴ് ആകാശത്തെ സൃഷ്ടിച്ചിരിക്കുന്നു. ഖുര്‍ആനില്‍ ഏഴ് സ്ഥലങ്ങളില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ് ഏഴ് എന്നത് കൃത്യമായ എണ്ണത്തെയോ ആധിക്യത്തെയോ സൂചിപ്പിക്കുന്നതാവാം. ആകാശം എത്രയാണോ അത്രയും ഭൂമികളുമുണ്ട്. ഇതില്‍ നിന്നും ഭൂസമാന ഗ്രഹങ്ങള്‍ പ്രപഞ്ചത്തില്‍ വേറെയുമുണ്ടെന്ന് മനസ്സിലാക്കാം. ഭൂമിയിലെ പോലെ അവിടെയും ദൈവിക നിയമങ്ങളും കല്പനങ്ങളും അവതരിക്കപ്പെടുന്നുണ്ട്.
ദൈവിക വിധിവിലക്കുകള്‍ അനിവാര്യമാണെങ്കില്‍ അവിടെയും മനുഷ്യരെ പോലെ വിശേഷബുദ്ധിയുള്ളവര്‍ ഉണ്ടായിരിക്കണമല്ലോ. അവര്‍ക്ക് വേണ്ടി ദൈവിക സരണി കാണിക്കാന്‍ പ്രവാചകന്‍മാരും നിയോഗിതരായിരിക്കണം. ‘ആകാശ ഭൂമികളിലെ സൃഷ്ടികളിലേക്കുള്ള വഹ്‌യാണ് ഉദ്ദേശ്യമെന്ന് അത്വാഅ്, മുഖാതല്‍ എന്നിവര്‍ പറയുന്നു. (റാസി 10/566)

മുകളില്‍ പറഞ്ഞ ആയത്തിന്റെ വ്യാഖ്യാനത്തില്‍ പ്രവാചകന്‍ തര്‍ജുമാനുല്‍ ഖുര്‍ആന്‍ എന്ന് വിശേഷിപ്പിച്ച ഇബ്‌നു അബ്ബാസില്‍ നിന്നുള്ള ഉദ്ധരണി പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഇബ്‌നു ജരീര്‍, ഹാകിം, ഇബ്‌നുഹാതിം എന്നിവര്‍ ഇബ്‌നു അബ്ബാസില്‍ നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നു. ‘അവയില്‍ ഓരോ ഭൂമിയിലും ആദമിനെ പോലെ ആദമും നൂഹിനെ പോലെ നൂഹും ഇബ്രാഹിമിനെ പോലെ ഇബ്രാഹിമും ഈസായെ പോലെ ഈസായുമുണ്ട്.’ (തഫ്‌സീറു ഇബ്‌നുകസീര്‍ 4/494)

അക്കാലത്തെ ജനസമൂഹത്തിന് ഉള്‍ക്കൊള്ളാനാവുന്നതിലും അപ്പുറമായിരുന്നു ഇക്കാര്യം. സയ്യിദ് മൗദൂദി ഉപരിസൂക്തത്തെ ഇപ്രകാരമാണ് വിശദീകരിക്കുന്നത്. ‘ഭൂമിയുടെ ഇനത്തില്‍നിന്ന് എന്നതിനര്‍ഥം മനുഷ്യന്‍ വസിക്കുന്ന ഈ ഭൂമി എപ്രകാരം അതിലെ സൃഷ്ടികള്‍ക്ക് ശയ്യയും തൊട്ടിലുമായിരിക്കുന്നുവോ അതേപോലെ, അല്ലാഹു ഈ പ്രപഞ്ചത്തില്‍ അനേകം ഭൂമികള്‍ അതിലെ നിവാസികള്‍ക്ക് ശയ്യയും തൊട്ടിലുമായി സജ്ജീകരിച്ചിട്ടുണ്ട്. എന്നല്ല, ജൈവവസ്തുക്കള്‍ ഈ ഭൂമിയില്‍ മാത്രമല്ല ഉള്ളത് എന്നും ഖുര്‍ആന്‍ പലയിടത്തും സൂചിപ്പിക്കുന്നുണ്ട്. ഉപരിലോകത്തും ജന്തുജാലങ്ങളുണ്ട്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, വാനലോകത്ത് കാണപ്പെടുന്ന ഗ്രഹങ്ങളും താരകങ്ങളും നിര്‍ജീവമായി കിടക്കുകയല്ല; ഭൂമിയിലെന്നപോലെ അവയിലും ധാരാളം നിവാസികളുണ്ട്. പൂര്‍വിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഈ യാഥാര്‍ഥ്യത്തിലേക്ക് വെളിച്ചം വീശിയിട്ടുള്ള ഒരു വ്യാഖ്യാതാവാണ് ഹ: ഇബ്‌നു അബ്ബാസ്. അന്ന് ഭൂമിയല്ലാത്ത മറ്റെവിടെയെങ്കിലും ബുദ്ധിയുള്ള സൃഷ്ടികള്‍ വസിക്കുന്നുണ്ട് എന്ന് സങ്കല്‍പിക്കാനേ മനുഷ്യര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇന്നും ശാസ്ത്രജ്ഞന്‍മാര്‍ വരെ, അത് യാഥാര്‍ഥ്യമാണോ എന്ന കാര്യത്തില്‍ സംശയാലുക്കളാണ്. എന്നിരിക്കെ പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ച ജനങ്ങള്‍ അത് എളുപ്പത്തില്‍ വിശ്വസിക്കുന്ന കാര്യം പറയേണ്ടതില്ലല്ലോ’ (തഫ്ഹീമുല്‍ ഖുര്‍ആന്‍ 5/524)

ഖുര്‍ആനില്‍ നിന്നുള്ള ഇത്തരം തെളിവുകളുടെ പിന്‍ബലത്തില്‍ ആധുനിക കാലഘട്ടത്തില്‍ മാത്രമല്ല,  ഇത്തരം വിഷയത്തെകുറിച്ച് യാതൊരു ശാസ്ത്രീയ നിഗമനങ്ങളും നടക്കാത്ത പൗരാണിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ കാലത്ത് തന്നെ ഭൗമേതര ജൈവസാന്നിദ്ധ്യത്തെകുറിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഇമാം റാസി എഴുതുന്നു. ‘സര്‍വ്വോന്നതനായ അല്ലാഹു ഭൂമിയില്‍ ചരിക്കുന്ന മനുഷ്യരെ പോലെ ആകാശങ്ങളിലും വ്യത്യസ്തമായ ജീവജാലങ്ങളെ സൃഷ്ടിച്ചിരിക്കുന്നുവെന്ന വ്യാഖ്യാനവും അസ്ഥാനത്തല്ല’. (തഫ്‌സീറുല്‍ കബീര്‍ 9/599)
 
‘ഈ വേദാവതരണം നിസ്സംശയം സര്‍വ്വലോക നാഥനില്‍ നിന്നാകുന്നു. ഇത് സ്വയം ചമച്ചതാണെന്ന് ഈ ജനം പറയുന്നുവോ? അല്ല, പ്രത്യുത നിന്റെ റബ്ബിങ്കല്‍ നിന്നുള്ള സത്യമത്രേ അത്’ (വിശുദ്ധ ഖുര്‍ആന്‍ 31: 2,3).

ആധുനിക ശാസ്ത്രത്തിന് ഇന്നേവരെ തെളിയിക്കാനായിട്ടില്ലാത്ത കാര്യമാണ് ഖുര്‍ആന്‍ വിവരിക്കുന്നത് എന്നതില്‍ അത്ഭുതമില്ല. ഈ പ്രപഞ്ചത്തെയും അതിലെ ജീവജാലങ്ങളെയും സംവിധാനിച്ചവന്‍ തന്നെയാണല്ലോ ഖുര്‍ആനും അവതരിപ്പിച്ചിരിക്കുന്നത്. പ്രപഞ്ചിക പ്രതിഭാസങ്ങളെ കുറിച്ച് വളരെ കൃത്യമായ പരാമര്‍ശങ്ങളാണ് ഖുര്‍ആന്‍ നടത്തുന്നത്. സ്ഥിരപ്പെട്ട ശാസ്ത്ര സത്യങ്ങള്‍ക്ക് വിരുദ്ധമായി ഒരു വാക്യംപോലും ഖുര്‍ആനിലില്ലെന്നത് അതിന്റെ അജയ്യത വ്യക്തമാക്കുന്നു. അതോടൊപ്പം പ്രാപഞ്ചിക ആയത്തുകള്‍ക്ക് (ദൃഷ്ടാന്തങ്ങള്‍ക്ക്) പിന്നിലുള്ള ശക്തിയേതാണോ അതേ ശക്തിതന്നെയാണ് ഖുര്‍ആനിക ആയത്തുകള്‍ക്കും (വചനങ്ങള്‍) പിന്നിലുള്ളതെന്ന് ഒരിക്കല്‍ കൂടി ഉറപ്പിക്കുകയും ചെയ്യുന്നു.

റഫറന്‍സ്:
1.    തഫ്‌സീറു ഇബ്‌നു കസീര്‍
2.    തഫ്‌സീറുല്‍ കബീര്‍ ഇമാം റാസി
3.    തഫ്ഹീമുല്‍ ഖുര്‍ആന്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി
4.    ഫീ ളിലാലില്‍ ഖുര്‍ആന്‍ ശഹീദ് സയ്യിദ് ഖുതുബ്
5.    ഇസ്‌ലാം വിശ്വാസ ദര്‍ശനം, (യുവത ബുക്‌സ്)
6.    ഈ പ്രപഞ്ചത്തില്‍ നാം തനിച്ചോ? ഡോ. ഹമീദ് ഖാന്‍ (ഡി.സി ബുക്‌സ്)
7.    യൂനിവേഴ്‌സ് ഇന്‍ നട്ട്‌ഷെല്‍, സ്റ്റീഫന്‍ ഹോക്കിങ്
8.    www.nssdc.gsfc.nasa.gov
9.    www. setiathome.ssl.berkeley.edu
10.    www.seti.org
11.    www.geocities.com/capecanaveral/7906
12.    www.exobiology.arc.nasa.gov
13.    http://journalofcosmology.com/Aliens111.html
14.    http://voyager.jpl.nasa.gov/

Related Articles