Views

തീവ്രവലതുപക്ഷത്തെ ഫാസിസം നയിക്കുന്നതെങ്ങനെ

ഫാസിസം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോയെന്ന് സംശയിക്കുന്നവര്‍ ഇറ്റലിയിലേക്ക് നോക്കണം. 42 ഓളം അഭയാര്‍ഥികളെ രക്ഷപെടുത്തിയതിന് ലാംപദൂസയില്‍ അറസ്റ്റിലായ, അഭയാര്‍ഥി- രക്ഷാ കപ്പലിന്റെ ക്യാപ്റ്റനായ 31 കാരി കരോള റാക്കറ്റ് അവര്‍ക്കൊരു പാഠമാണ്. മനുഷ്യജീവന്‍ രക്ഷിക്കുകയെന്ന പൊറുക്കപ്പെടാനാവാത്ത പാപത്തിന് ഈ യുവതി വര്‍ഷങ്ങള്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നേക്കാം. ഇത്തരമൊരു രാജ്യം നിര്‍മ്മിച്ചെടുത്ത അഭ്യന്തര മന്ത്രി മാറ്റിയോ സാല്‍വിനിയെ ഓര്‍ത്ത് ബെനിറ്റോ മുസോളിനിയുടെ ആത്മാവ് അഭിമാനിക്കുന്നുണ്ടാവണം. ഇറ്റലിയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണ് സാല്‍വിനി. തീവ്രവലതുപക്ഷ പാര്‍ട്ടികളായ ഫ്രാന്‍സിലെ നാഷണല്‍ ഫ്രണ്ടിനെയും ജര്‍മനിയിലെ ആള്‍ട്ടര്‍ണേറ്റിവ് ഫോര്‍ ജര്‍മനിയെയും കുട്ടു പിടിച്ചാണ് ഈയടുത്ത് യുറോപ്യന്‍ പാര്‍ലമന്റില്‍ ഐഡന്റിറ്റി ആന്റ് ഡെമോക്രസി എന്ന പേരില്‍ ഒരു കൂട്ടായ്മ ഇദ്ദേഹം ഉണ്ടാക്കിയത്. തീവ്രവലതുപക്ഷ കക്ഷികളുടെ ഒന്നിക്കല്‍ ലോകത്താകമാനം നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. പടിഞ്ഞാറ് അമേരിക്ക മുതല്‍ കിഴക്ക് ഫിലിപൈന്‍സ് വരെയും ബ്രസീലിലും യൂറോപ്പിലും ഇന്ത്യയിലുമടക്കം പരന്നു കിടക്കുന്ന, അഭയാര്‍ഥികള്‍ക്കും സാര്‍വലൗകികതക്കുമെതിരെയുള്ള സഖ്യം മുന്‍ വൈറ്റ് ഹൗസ് വക്താവായ സ്റ്റീവ് ബാനന്റെ വലിയ സ്വപ്നമായിരുന്നു.

20ാം നൂറ്റാണ്ടില്‍ തുടച്ചുനീക്കപ്പെട്ടശേഷം മുഖ്യധാരയിലേക്കുയരാന്‍ തീവ്രവലതുപക്ഷത്തിനായിട്ടില്ല. എന്നാല്‍, ഇന്ന് കാണുന്ന വലതുപക്ഷത്തിന്റെ ഉപജ്ഞാതാക്കള്‍ തീര്‍ത്തും വ്യതസ്തരാണ്. പുതിയൊരു തരം ഫാസിസ്റ്റ് ആശയമാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. നിയമപരവും ധാര്‍മ്മികവുമായ എല്ലാ അതിരുകളും ലംഘിച്ചുകൊണ്ട് ജനാധിപത്യത്തെ അടിച്ചമര്‍ത്തിയാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ക്ലാസിക്കല്‍ ഫാസിസം അവരുടെ ലക്ഷ്യങ്ങള്‍ നിറവേറ്റിയത്. ഈ ലക്ഷ്യങ്ങള്‍ നേടാന്‍ ഹിറ്റ്‌ലറും മുസ്സോളിനിയുമുള്‍പെടെയുള്ളവര്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ വ്യത്യസ്തമായിരുന്നെങ്കിലും ഒരു കാര്യത്തില്‍ അവരെല്ലാവരും ഒന്നിക്കുകയുണ്ടായി. അവരുടെ ശത്രുക്കളായി ഒരു കൂട്ടം അപരന്മാരെ അവര്‍ പ്രതിഷ്ഠിച്ചു. പ്രത്യയശാസ്ത്രപരമായും(ലിബറലുകളും കമ്യൂണിസ്റ്റുകളും) വംശപരമായും(ജൂതന്മാരും മറ്റു ന്യൂനപക്ഷങ്ങളും).

സമകാലിക സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇരുപതാം നൂറ്റാണ്ടില്‍ നിന്ന് വളരെ വ്യത്യസ്തമായിട്ടുണ്ട് . ഇന്നത്തെ വലതുപക്ഷത്തെ ‘ഫാസിസ്റ്റു’കളെന്ന് ആ പദത്തിന്റെ ക്ലാസിക്കല്‍ അര്‍ഥത്തില്‍ ഉപയോഗിക്കുന്നത് ഒരുപക്ഷേ അവരെക്കുറിച്ചുള്ള അജ്ഞത കാരണമാവാം. ഇന്നത്തെ ഫാസിസം പ്രവര്‍ത്തിക്കുന്നത് ജനാധിപത്യ സംവിധാനങ്ങള്‍ക്ക് പുറത്തല്ല. നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനങ്ങളുടെ അകത്തു തന്നെയാണ്. എന്നാല്‍ 20ാം നൂറ്റാണ്ടിലെ ഫാസിസത്തിന്റെ വക്താക്കള്‍ ജനാധിപത്യത്തിന്റെ മുകളില്‍ ചവിട്ടി നിന്നുകൊണ്ടാണ് മാറ്റങ്ങള്‍ കൊണ്ടുവന്നത്; ‘വിപ്ലവത്തിനെതിരെ വിപ്ലവം’ എന്നാണ് മുസ്സോളിനി അതിനെ നിര്‍വചിച്ചത്. ജനാധിപത്യ സംവിധാനങ്ങളെ അവയ്ക്കകത്തു നിന്നു തന്നെ മാറ്റിയെടുക്കാനാണ് സമകാലിക ഫാസിസം ശ്രമിക്കുന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടെ മാത്രം, ചില പ്രത്യേക വിഭാഗങ്ങള്‍ക്കെതിരെ ജനാധിപത്യ ഭരണകൂടങ്ങളും ജനാധിപത്യ സംവിധാനങ്ങളും തന്നെ നിര്‍മിച്ചെടുത്ത നിയമങ്ങള്‍ ഇതിന് തെളിവാണ്. മുഖ്യധാര ഇതിനെ അവഗണിക്കുകയോ, അനുകൂലിക്കുകയോ ആണ് സാധാരണ ചെയ്യുക. അതിനാല്‍ തന്നെ കാലത്തെ അതിജീവിച്ച ഏതെങ്കിലും ക്ലാസിക്കല്‍ ഫാസിസ്റ്റ് ശക്തികളുണ്ടെങ്കിലും അവയെക്കാള്‍ ഭീകരമാണ് സമകാലിക ഫാസിസം.

ട്രംപിന്റെ വംശീയതയും ന്യൂനപക്ഷങ്ങളോടും അഭയാര്‍ഥികളോടും മനുഷ്യാവകാശങ്ങളോടുമുള്ള അദ്ദേഹത്തിന്റെ വിദ്വേശവും ഏറ്റെടുക്കുന്ന ‘റിപബ്ലിക്കന്‍’ അമേരിക്കയില്‍ ഇത് വളരെ വ്യക്തമായി കാണാന്‍ സാധിക്കും. സമകാലിക ഫാസിസം സാമൂഹ്യ ക്ഷേമവുമായി സ്വയം ബന്ധപ്പെടുത്താറില്ല. വംശീയ മേല്‍ക്കോയ്മാ വാദത്തോടൊപ്പം തന്നെ മുതലാളിത്തത്തിന്റെ കെടുതികളനുഭവിച്ചു കൊണ്ടിരുന്ന പൗരന്മാരുടെ സാമൂഹ്യവും മനശാസ്ത്രപരവുമായ സാഹചര്യം പരമ്പരാഗത ഫാസിസം മുതലെടുത്തിരുന്നു. നിയോ-ലിബറലിസത്തിന്റെയും ആത്യന്തിക വ്യക്തിവാദത്തിന്റെയും കാലത്ത് ജന്മമെടുത്ത തീവ്ര-വലതുപക്ഷ പാര്‍ട്ടികള്‍ക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ട് ജനത്തെ കൈയ്യിലെടുക്കേണ്ട ആവശ്യം വരുന്നില്ല. മറിച്ച്, തുരുത്തുകളായി മാറിയ കുറേ മനുഷ്യരുടെ(അവര്‍ വലതോ ഇടതോ ആയിരിക്കണമെന്നില്ല) അമര്‍ഷം മുഴുവന്‍ അപരവല്‍ക്കരിക്കപ്പെട്ടവരിലേക്ക് തിരിച്ച് വിടുകയാണ് ചെയ്യുന്നത്. അപരന്റെ ‘ഉഛാടനം’ നിലനില്‍ക്കുന്ന സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളെ പരിഹരിക്കുമെന്ന് ഈ മനുഷ്യര്‍ വിശ്വസിപ്പിക്കപ്പെടുന്നു. ഇതുകൊണ്ടാണ് റിപബ്ലിക്കന്‍ പാര്‍ട്ടി മുന്നോട്ടു വെക്കുന്ന സാമ്പത്തിക നയങ്ങളെയോ ദേശീയ മൂല്യങ്ങളെയോ കുറിച്ച് സംസാരിക്കാതെ നിരന്തരമായി വെള്ള വംശീയ മേല്‍കോയ്മാവാദത്തെപ്പറ്റി മാത്രം ട്രംപ് സംസാരിച്ചുകൊണ്ടിരിക്കുന്നത്.

ഈ പുതിയ പ്രതിഭാസത്തെ പരമ്പരാഗത നിര്‍വചനങ്ങള്‍ കൊണ്ട് മനസ്സിലാക്കുക സാധ്യമല്ല. ആഗോളവല്‍കരണം,കൂടിയേറ്റം എന്നിവ സൃഷ്ടിക്കുന്ന ഭീഷണികള്‍ക്കെതിരെയുള്ള സ്വാഭാവിക പ്രതികരണമായാണ് ഇത് മനസ്സിലാക്കപ്പെടുന്നത്. എന്‍സോ ട്രാവര്‍സോ ചുണ്ടിക്കാണിക്കുന്ന പോലെ, ക്ലാസിക്കല്‍ ഫാസിസത്തിന്റെ കൃത്യപ്പെടുത്തിയ ശത്രു ജൂതന്മാരായിരുന്നുവെങ്കില്‍, കറുത്തവരും ലറ്റിനോകളും മുസ്ലിംകളും വെള്ളക്കാരല്ലാത്ത മറ്റു കൂടിയേറ്റക്കാരുമുള്‍പ്പെടെ വലിയൊരു വിഭാഗത്തെയാണ് ഇന്നത്തെ വലതുപക്ഷം ശത്രുക്കളാക്കി വെച്ചിട്ടുള്ളത്. വ്യത്യാസങ്ങള്‍ പലതുമുണ്ടെങ്കിലും, ക്ലാസിക്കല്‍ ഫാസിസത്തിന്റെ പാത തന്നെയാണ് സമകാലിക ഫാസിസവും സ്വീകരിച്ചു കാണുന്നത്. പക്ഷേ, നിയന്ത്രണം വിട്ട് വംശഹത്യകളിലെത്തിയ 20ാം നൂറ്റാണ്ടിലേതിനേക്കാള്‍ ഭീകരമായ വിനകളാണ് സാല്‍വീനിയുടെയും ബാനന്റെയും ആശയങ്ങള്‍ വരുത്തിവെക്കുക. ഒരു വ്യക്തിക്കോ ഒരു പ്രത്യേക വിഭാഗത്തിനോ ഈ തിര തടയുക അസാധ്യമാണ്. അതിനാല്‍ തന്നെ ഈ ഫാസിസ്റ്റ് തിരയെ അതിജീവിക്കുന്നതിന് കൂട്ടായ പ്രതിരോധം അത്യന്താപേക്ഷിതമായിത്തീരുന്നു.

അവലംബം: aljazeera.com

Facebook Comments
Related Articles
Show More
Close
Close