Current Date

Search
Close this search box.
Search
Close this search box.

“ഉമർ അകത്തേക്ക് കടക്കാൻ അനുവാദം ചോദിക്കുന്നു”

മദീന പള്ളിയോട് ചേർന്നിട്ടുള്ള ആ ഒറ്റമുറി വീട്ടിലായിരുന്നു നബി തിരുമേനി സല്ലല്ലാഹു അലൈഹിവസല്ലമ ആയിശ ബീവിയോടൊപ്പം താമസിച്ചിരുന്നത്. നബിയുടെ മരണശേഷം ആയിശ(റ ) അവിടെ ഒറ്റക്ക് താമസിച്ചു. മൂന്നു ഖബറുകളുടെ വലുപ്പം. അതായിരുന്നു ആ വീട്.
ആദ്യം പ്രവാചകനെ ആ വീട്ടിൽ ഖബറടക്കി. പിന്നീട് സ്വപിതാവ് അബൂബക്കർ സിദ്ദിഖ്. ബാക്കിയുള്ള സ്ഥലം തന്റെ ഖബറിന് വേണ്ടി പൊന്നാരിച്ചു വെച്ചാണ് ആ വീട്ടിൽ ആയിശ ബീവി ജീവിച്ചിരുന്നത്.

മരണവേളയിൽ തന്റെ അന്ത്യവിശ്രമത്തിനായി ആ സ്ഥലം എനിക്ക് കിട്ടിയിരുന്നെങ്കിലെന്നു ഉമർ(റ) ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതറിയാവുന്ന മകൻ ഉമറിന്റെ മൃതദേഹം വീടിനു പുറത്തു വെച്ച് കൊണ്ട് ആയിശ ബീവിയോട് അപേക്ഷിച്ചു.
“ഉമർ അകത്തേക്ക് കടക്കാൻ അനുവാദം ചോദിക്കുന്നു.”

ഒരു കാരക്ക ചീള് ദാനം ചെയ്തു കൊണ്ടെങ്കിലും ആയിശാ നീ നരകത്തിൽ നിന്നും മോചനം നേടേണ്ടതുണ്ടെന്ന് പ്രിയമേറിയൊരാൾ പറഞ്ഞു വെച്ചത് ആത്മാവിലേക്കാവാഹിച്ച ആയിശ ബീവി ശ്രേഷ്ടമായ ഈ അവസരം പാഴാക്കിയില്ല. സ്വന്തത്തിന് അത്രമേൽ പ്രിയമായ ആ സ്ഥലം ഉമറിന്റെ ഖബറിടത്തിനായി വിട്ടു കൊടുത്തു. ആ സ്ഥാനത്തിന് തികച്ചും അർഹനാണ് ഫാറൂഖ് ഉമർ എന്ന തീർപ്പ് കൂടിയാണല്ലോ അത്!

ആ വീട്ടിൽ താമസിക്കുന്ന കാലത്ത് മദീന പള്ളിയോരത്ത് ഒട്ടകത്തെ കെട്ടാൻ കുറ്റിയടിക്കുന്ന ഒരു സ്ത്രീയോട് ആയിശാ ബീവി വന്ന് പറയുന്നുണ്ട് ” പതുക്കെ , പതുക്കെ, ശബ്ദമുണ്ടാക്കാതെ അടിച്ചു കൂടെ, ആ വീട്ടിലെ ഖബറിനുള്ളിൽ ഉറങ്ങി കിടക്കുന്നത് ആരാണെന്ന് നിനക്കറിയില്ലേ?”
പ്രവാചകാനുരാഗത്തിന്റെയും, അനുധാവനത്തിന്റെയും ഈ മഹിത മാതൃകകൾ പുനഃ സൃഷ്ടിച്ചു കൊണ്ടു മാത്രമേ ആധുനിക കാലത്തും ഏതെങ്കിലും ഇസ്ലാമിക സംഘങ്ങൾക്ക് വിജയം വരിക്കാൻ സാധിക്കൂ എന്നാണ് ഞാൻ കരുതുന്നത്.

ഈ എഴുത്ത് തുടങ്ങിയത് അല്ലാഹുവും മുഹമ്മദും ഒന്നാണെന്ന് പറഞ്ഞൊരാൾക്ക് പെട്ടെന്ന് കൊടുത്തൊരു മറുപടി, പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നല്ലോ? ആ പോസ്റ്റിന്റെ തുടക്കം “നബിയുടെ ബോധം മറഞ്ഞു” എന്നായിരുന്നു. നബിയുടെ പേര് കേൾക്കുമ്പോൾ വെറുപ്പ് തോന്നുന്ന ഒരാൾക്ക് എഴുതിയ മറുപടി ആണല്ലോ. എന്നാലും പോസ്റ്റ് വായിച്ച പ്രവാചകസ്നേഹം കാത്ത് സൂക്ഷിക്കുന്ന ഏതൊരാളും നബി തങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും എന്നെനിക്കുറപ്പാണ്. എങ്കിലും “കുടുംബ ഗ്രൂപ്പിൽ ഷെയർ ചെയ്യുമ്പോൾ ഞാൻ (സ) ചേർത്തു. താങ്കൾ എഴുതുമ്പോൾ അത് ചേർക്കണം” എന്ന് സൂചിപ്പിച്ചു കൊണ്ടൊരു സഹോദരൻ സന്ദേശമയച്ചിരുന്നു. യുക്തിവാദിയായ ഒരാൾക്കുള്ള കുറിപ്പായതിനാലാണ് ആ മര്യാദ പാലിക്കാഞ്ഞത്, അദബ് കേടായി തോന്നരുത്” എന്ന് പറഞ്ഞെങ്കിലും ശേഷം ഞാൻ പോസ്റ്റ് എഡിറ്റ് ചെയ്ത് സല്ലല്ലാഹു അലൈഹിവസല്ലം എന്ന് ചേർത്തു .എന്തിനാണ് നമ്മളായിട്ട് പ്രിയമുള്ളൊരാളെ സങ്കടപ്പെടുത്തുന്നത്.

തൊട്ടടുത്ത മിനിട്ടിൽ എനിക്കൊരു ശബ്ദസന്ദേശമെത്തി. വിതുമ്പലിന്റെ അകമ്പടിയോടെ അയാളുടെ വിറയാർന്ന ശബ്ദം . ” സത്യം പറയാലോ മാഷേ …നിങ്ങളത് എഡിറ്റ് ചെയ്തത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. വല്ലാത്തൊരു സന്തോഷം”

മുൻഗാമികളിലുണ്ടായിരുന്ന പ്രവാചകാനുരാഗത്തിന്റെ നാമ്പുകൾ ഈ സമൂഹത്തിന്റെ പലയിടങ്ങളിലും വിതറി കിടപ്പുണ്ട് തന്നെ. അത് ഏതോ ഒരു പെരുമഴ കാത്തിരിപ്പുണ്ട്. അനുധാവനം എന്ന തലത്തിലേക്ക് കൂടി ഉയർന്ന് ദുരധികാരങ്ങൾക്കെതിരെ പട പൊരുതുന്ന പ്രവാചമാതൃകകൾ പുനസൃഷ്ടിക്കാനായിട്ട്.

അവർക്കുളളതാണ് വിജയം . ഇഹത്തിലും പരത്തിലും.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles