Current Date

Search
Close this search box.
Search
Close this search box.

ആദ്യത്തെ ഫിഖ്ഹ് അക്കാദമി

ഇമാം അബൂ ഹനീഫ അസാധാരണമായ ബുദ്ധിശക്തിയുള്ള പണ്ഡിതനായിരുന്നു. അദ്ദേഹം തൻറെ പ്രതിഭാ ശേഷി ഇസ്ലാമിക നിയമാവിഷ്കാരത്തിനും ക്രോഡീകരണത്തിനുമാണ് വിനിയോഗിച്ചത്. അദ്ദേഹത്തിന് മുമ്പുള്ള പണ്ഡിതന്മാർ ഖുർആനും പ്രവാചകചര്യയും അവലംബമാക്കി സ്വന്തം നിലയിൽ ഗവേഷണം നടത്തി അഭിപ്രായരൂപീകരണം നടത്തുകയാണ് ചെയ്തിരുന്നത്. എന്നാൽ ഇമാം അബൂഹനീഫ തൻറെ ശിഷ്യന്മാരിൽ അതീവ പ്രഗൽഭരായ നാല്പത് പേരെ തിരഞ്ഞെടുത്തു. അവരെ ഉൾപ്പെടുത്തി ഒരു നിയമ അക്കാദമിക്ക് രൂപം നൽകി.

ചരിത്രത്തിലെ ആദ്യത്തെ ഫിഖ്ഹ് അക്കാദമിയായിരുന്നു അത്. നിയമത്തിനപ്പുറം മറ്റു വിഷയങ്ങളിലും യോഗ്യരായ വ്യക്തികളെ അതിലുൾപ്പെടുത്തി. അങ്ങനെ അത് പണ്ഡിതന്മാരുടെയും ചിന്തകന്മാരുടെയും ഗവേഷകരുടെയും പ്രതിഭാശാലികളുടെയും ഒരു കൂട്ടായ്മയായി മാറി. സമകാലിക സമൂഹവും പിന്നാലെ വരുന്ന തലമുറകളും അഭിമുഖീകരിച്ചേക്കാവുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ ക്രോഡീകരിച്ചു. പിന്നീട് അവ കേന്ദ്രീകരിച്ച് ച്ചോദ്യങ്ങൾ ആവിഷ്കരിച്ചു. ഓരോ ചോദ്യവും ഉന്നയിച്ച് വിശദമായ ചർച്ച നടത്തി. ഒരു മാസത്തോളം ഒരൊറ്റ വിഷയത്തെ സംബന്ധിച്ച് ചർച്ച നടത്തിയ സംഭവം പോലും ഉണ്ടായിട്ടുണ്ട്. ചർച്ച പൂർത്തിയാവുമ്പോൾ എല്ലാവരും എത്തിച്ചേരുന്ന തീരുമാനം രേഖപ്പെടുത്താൻ സെക്രട്ടറിയെ ഏല്പിച്ചിരുന്നു. പ്രഗൽഭ പണ്ഡിതനായ ഇമാം അബൂ യൂസുഫാണ് ആ ചുമതല നിർവഹിച്ചിരുന്നത്.

വളരെയേറെ കഠിനാധ്വാനം ചെയ്താണ് ഇമാം അബൂ ഹനീഫ ഈ ദൗത്യം പൂർത്തീകരിച്ചത്. റോമിലെ ജസ്റ്റീനിയൻ നിയമസംഹിതയെക്കാൾ എന്തുകൊണ്ടും മനുഷ്യാവകാശങ്ങളോട് രചനാത്മകമായി പ്രതികരിക്കുന്നതാണ് ഇമാം അബൂ ഹനീഫ തയ്യാറാക്കിയ നിയമ സമാഹാരമെന്ന് ഡോക്ടർ മുഹമ്മദ് ഹമീദുല്ല തറപ്പിച്ച് പറയുന്നു. അങ്ങനെയത് മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ നിയമ അക്കാദമിയായി മാറി.(അവലംബം: ഇസ്ലാം; ചരിത്രം’ സംസ്കാരം’ നാഗരികത.)

Related Articles