Current Date

Search
Close this search box.
Search
Close this search box.

കലിമത്തുത്തൗഹീദ്, തൗഹീദുൽ കലിമ

ജീവിതത്തിൽ പലപ്പോഴും പലതിനോടും വിയോജിപ്പ് ഉണ്ടാവാം,പക്ഷെ അത് വിരോധമകേണ്ടതില്ല.വിയോജിപ്പിന്റെ ഭാഷ മാന്യമാകണം,അത് അസഹിഷ്ണുതയോ വിരോധമോ ആവാതിരിക്കാൻ ജാഗ്രത പുലർത്തണം. ഭൂത കാലത്തിന്റെ തടവുകാരായി മാറാതെ നല്ലൊരു ഭാവിയുടെ സ്രഷ്ടാക്കളായി മാറാൻ സാധിക്കണം. പോയ കാലത്തെ തെറ്റുകൾ ആവുന്നത്ര തിരുത്താം. ഐക്യം വളർത്തുക, അനൈക്യത്തെ പരമാവധി ചുരുക്കുക. തേങ്ങ ഉപയോഗിക്കേണ്ട എന്ന് വൈദ്യൻ പറഞ്ഞാൽ അതിനെ വലിച്ചു നീട്ടി ചിരട്ടകൊണ്ടുള്ള കയിൽ ഉപയോഗിക്കരുത്, ചകിരി കൊണ്ടുള്ള കയറോ ചവുട്ടിയോ ഉപയോഗിക്കരുത്, തെങ്ങു കൊണ്ട് ഒരു പാലമുണ്ടാക്കിയാൽ അത് പറ്റില്ല… ഇവ്വിധം തീവ്രതയും കാർക്കശ്യവും പുലർത്താതിരിക്കുക.

വീക്ഷണപരമായ വിയോജിപ്പ് പരസ്പരം ഉപയോഗപ്പെടുത്തുന്നതിനോ പൊതുവിഷയത്തിൽ സഹകരിക്കുന്നതിനോ തടസ്സമാകുകയില്ല എന്നതാണ് മുൻകാല അനുഭവം. ഉദാഹരണത്തിന് നമ്മുടെ പള്ളി ദർസുകളിൽ തഫ്സീർ കശ്ശാഫ് എന്ന വ്യാഖ്യാന ഗ്രന്ഥം പഠനത്തിനായി ഉപയോഗപ്പെടുത്തിയിരുന്നു. അതിന്റെ കർത്താവ് അഹ്ലുസ്സുന്നത്ത് വൽ ജമാഅത്തിന്റെ അഖീദയെ പൂർണ്ണമായും ഉൾക്കൊള്ളുന്ന വ്യക്തിയായിരുന്നില്ല, അദ്ദേഹം അഖീദയുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും വ്യത്യസ്തമായ വീക്ഷണം പുലർത്തിയിരുന്നു. പക്ഷേ അത് അദ്ദേഹത്തിന്റെ വൈജ്ഞാനിക സേവനം ഉപയോഗപ്പെടുത്തുന്നതിന് ഒരു തടസ്സമായിരുന്നില്ല. ഇതുപോലെ ഒട്ടനവധി ഉദാഹരണങ്ങൾ നമുക്ക് കാണാവുന്നതാണ്.

ഒരാൾ ശീഈയാണെന്ന കാരണത്താൽ അന്ധമായ വിരോധം വെച്ച് പുലർത്തേണ്ടതില്ല. അവരുമായി വിയോജിക്കേണ്ട വിഷയങ്ങളിൽ വിയോജിക്കാവുന്നതാണ്. യഥാർത്ഥത്തിൽ ശീഇസം, ഇന്നും നമ്മെ ശല്യം ചെയ്തുകൊണ്ടിരിക്കുന്ന ജൂതന്മാർ തിരികൊളുത്തിവിട്ട കുതന്ത്രങ്ങളുടെയും കുത്തിത്തിരിപ്പുകളുടെയും ഭാഗമാണ്. ഒരു കുതന്ത്രത്തിന്റെയും കുത്തിത്തിരിപ്പിന്റെയും തുടർച്ചയെന്നോണം വന്ന ഈ ശൈഥില്യം ഇപ്പോഴും നാം ഏറ്റെടുത്ത് നടക്കേണ്ടതില്ല; കഴിവതും അത് മാറ്റിയെടുക്കാനാണ് നോക്കേണ്ടത്. ഉസ്താദ് യൂസുഫുൽ ഖർദാവി അങ്ങനെയാണ് ശ്രമിച്ചത്.

അതുപോലെതന്നെ വൈജ്ഞാനികമായി നിലവാരം പുലർത്തുന്ന ശിയാക്കളുടെ പ്രബന്ധങ്ങൾ നമ്മൾ ഉപയോഗപ്പെടുത്താറുണ്ട്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അല്ലാമ അലി ശരീഅത്തി. അദ്ദേഹത്തിന്റെ പല ആശയങ്ങളും നിരീക്ഷണങ്ങളും വളരെ ബുദ്ധിപരവും നമുക്ക് ഉപയോഗപ്പെടുത്താവുന്നതും ഉപയോഗപ്പെടുത്തേണ്ടതുമാണ്. പക്ഷേ അദ്ദേഹത്തിന്റെ ചിന്ത ലോകാടിസ്ഥാനത്തിൽ വ്യാപിക്കും, മുസ്ലീങ്ങളിൽ പൊതുവായ ഇസ്ലാമിക വിപ്ലവ ബോധം വളർത്തും എന്നും മറ്റും മനസ്സിലാക്കിയ കുബുദ്ധികളായ സാമ്രാജ്യത്വശക്തികൾ അദ്ദേഹത്തിന്റെ പിന്നാലെ പോയി വേട്ടയാടി വധിക്കുകയാണ് ഉണ്ടായത്.

നമുക്കിടയിൽ ധാരാളമായി പ്രചരിച്ചിട്ടുള്ള അബ്ദുല്ല യൂസുഫലിയുടെ ‘The Holy Quran’ എന്ന ഖുർആൻ വിവർത്തനം, സത്യത്തിൽ അദ്ദേഹം ശിഈയായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പരിഭാഷ നല്ല നിലവാരം പുലർത്തുന്നു എന്ന കാരണത്താൽ ധാരാളം പ്രയോജനപ്പെടുത്തിയിരുന്നു, എന്നല്ല സലഫികൾ ഭരിക്കുന്ന സൗദി അറേബ്യ പ്രസ്തുത പരിഭാഷ ലക്ഷക്കണക്കിന് കോപ്പികൾ അച്ചടിച്ച് ലോകമെങ്ങും പ്രചരിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള സഹിഷ്ണുതയുടെ സംസ്കാരമാണ് നമ്മൾ വ്യാപിപ്പിക്കേണ്ടത്. വിയോജിക്കേണ്ട മേഖലകളിൽ, അത് മദ്ഹബകളുടേതായാലും അഖീദയുടെ വിഷയത്തിലായാലും ആരോഗ്യകരമായ വിമർശന സംസ്കാരം നമുക്കിടയിൽ വളർന്നുവരേണ്ടതുണ്ട്.

ഇസ്ലാമിന്റെ പ്രബോധന പ്രചാരണത്തിൽ അമുസ്ലിങ്ങളുടെ സേവനം പലപ്പോഴും നാം ഉപയോഗിക്കേണ്ടിവരും. നബി(സ) അമുസ്ലിങ്ങളുടെ സഹായം സ്വീകരിച്ചതായി ചരിത്രത്തിൽ കാണാം, അബൂത്വാലിബ്‌ മുതൽ ഹിജ്റയുടെ വേളയിൽ വഴികാട്ടിയായി സ്വീകരിച്ച അബ്ദുല്ലാഹിബിനു ഉറൈകിള് ഉൾപ്പെടെ നിരവധി ഉദാഹരണങ്ങൾ കാണാൻ സാധിക്കും. നമ്മുടെ പള്ളിദർസുകളിൽ ഉപയോഗപ്പെടുത്തുന്ന നിഘണ്ടു, അൽ മുൻജിദ് രചിച്ചത് ഒരു ക്രൈസ്തവനാണ്. ഒരുപക്ഷേ അതിലെ പല അർത്ഥങ്ങളോടും നാം പൂർണ്ണമായും യോജിക്കണമെന്നില്ല.

ഉദാഹരണത്തിന് ആദ്യ പിതാവ് ആദം (അ) നെ ക്രൈസ്തവ നിരീക്ഷണത്തിലാണ് അൽ മുൻജിദിന്റെ പഴയ പതിപ്പുകളിൽ പരിഭാഷപ്പെടുത്തിയിരുന്നത്, അത് പല പണ്ഡിതന്മാരും ചൂണ്ടിക്കാണിച്ചതുമാണ്. ഇങ്ങനെ പല നിലക്കും അമുസ്ലിങ്ങളെയും അവരുടെ സേവനങ്ങളെയും നാം ഉപയോഗപ്പെടുത്താറുണ്ട്. എന്നിരിക്കെ ശീഇകളോട് കടുത്ത വിരോധം അന്ധമായി പുലർത്തേണ്ടതില്ല.എന്നല്ല,നല്ല സമ്പർക്കങ്ങളിലൂടെ നമുക്കിടയിലുള്ള തർക്കങ്ങൾ ചുരുക്കി എടുക്കാനും,മനം മാറ്റം ഉണ്ടാക്കാൻ ശ്രമിക്കുകയണ് വേണ്ടത്.

കേരളത്തിൽ തന്നെ ശീഈ സ്വാധീനമുള്ള പല മേഖലകളും നമുക്ക് കാണാം. കേരളത്തിലെ സുന്നികളിൽ പൊന്നാനിത്താവഴി, കൊണ്ടോട്ടിത്താവഴി എന്നീ രണ്ട് ശാഖകൾ ഉണ്ട്. കൊണ്ടോട്ടി ശാഖ ശിഈ സ്വാധീനം ധാരാളമായി ഉള്ളതാണ്. അവരുടെ പല ആചാരങ്ങളിലും നമുക്കത് കാണാവുന്നതാണ്. പക്ഷിപ്പാട്ടും കുറത്തിപ്പാട്ടുമൂൾപ്പടെ പലതും ശിഈ രചനകൾ തന്നെയാണ്. അതുപോലെ മുസ്ലിം ലീഗിന്റെ നേതാക്കൾ മുഹമ്മദലി ജിന്ന ഉൾപ്പെടെ പലരും ശിയാക്കളായിരുന്നു. പക്ഷേ രാഷ്ട്രീയ രംഗത്ത് നേതൃത്വത്തെ സ്വീകരിക്കുന്നതിൽ അതൊരു തടസ്സമായിട്ടില്ല.

ശിയാക്കളിൽ പലരും അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നിവരെ ബഹുമാനപൂർവ്വം കാണുന്നില്ല എന്നത് ദുഃഖസത്യമാണ്; അത് തിരുത്തപ്പെടേണ്ടതാണ്.എന്നിരുന്നാലും നമുക്കിടയിൽ ഒരു വിശാല വീക്ഷണം വളർത്തിയെടുക്കേണ്ടതുണ്ട്. എന്നാലേ ലോകാടിസ്ഥാനത്തിൽ സമുദായത്തിന്റെ കരുത്ത് വർദ്ധിക്കുകയുള്ളൂ.പലനിലക്കും സുന്നി-ശിഈ ഭിന്നതകളെ ഊതി കത്തിക്കാൻ തരം കിട്ടുമ്പോഴൊക്കെ ഇസ്ലാമിന്റെ ശത്രുക്കൾ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.

ചോദിച്ചിട്ടുണ്ട്: ഒരാൾ ഇസ്ലാമിന്റെ സംസ്ഥാപനത്തിനു വേണ്ടി, അല്ലെങ്കിൽ ഇസ്ലാമിക ശരീഅത്ത് അതിന്റെ നന്മകളോടെ നടപ്പിലാക്കാൻ വേണ്ടി ശ്രമിക്കുമ്പോൾ അദ്ദേഹം പാരമ്പര്യപരമായി ശീഈയാണെന്ന കാരണത്താൽ എതിർക്കുകയും, അതേസമയം ഇസ്ലാമികമല്ലാത്ത പിഴച്ച ആശയങ്ങൾക്കും തത്വങ്ങൾക്കും വേണ്ടി പലരും പാടുപെട്ടു പണിയെടുക്കുമ്പോൾ അവരുടെ പിന്നാലെ ആളുകൾ പോകുന്നതിൽ ഒട്ടും അസ്വസ്ഥത ഉണ്ടാകാതിരിക്കുകയും ചെയ്യുന്നതിന്റെ അർത്ഥമില്ലായ്മ ഇമാം ഖുമൈനി ആവർത്തിച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

1950 കളിൽ കറാച്ചിയിൽ നടന്നൊരു കോൺഫറൻസിൽ അലമാ സുലൈമാൻ നദ്‌വി ഉൾപ്പെടെ പല പ്രമുഖരും പങ്കെടിത്തിരുന്നു. അതിൽ ശീഈ പണ്ഡിതനായിരുന്ന അല്ലമാ കാശിഫുൽ ഗ്വിത തന്റെ പ്രസംഗം തുടങ്ങിയത് “കലിമത്തു ത്തൗഹീദ്,തൗഹീദുൽ കലിമ” എന്ന് പറഞ്ഞുകൊണ്ടായിരുന്നു. മാത്രമല്ല പ്രസ്തുത പ്രസംഗത്തിൽ അദ്ദേഹം ഉമർ (റ) ഉൾപ്പെടെയുള്ള പലരേയും വാഴ്ത്തുകയും ചെയ്തിട്ടുണ്ടായിരുന്നു എന്ന് പ്രസംഗം നേരിൽ കേട്ട എന്റെ പിതാവ് (വി.സി അഹ്‌മദ്കുട്ടി) എന്നോട് സൂചിപ്പിച്ചിരുന്നു. കലിമത്തുത്തൗഹീദ്, തൗഹീദുൽ കലിമ എന്ന ആശയം, അഥവാ മുസ്ലിം സമുദായത്തെ ഏകീകരിക്കാനുള്ള വീക്ഷണം കൂടുതൽ വികസിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്.

പല ശീഈ പണ്ഡിതന്മാരും ശീഈ – സുന്നി ഐക്യം സാധിതമാകണമെന്ന് ആഗ്രഹിച്ചവരാണ്. പക്ഷേ ആ ചിന്തകൾ വേണ്ടത്ര വികസിപ്പിക്കാനോ വ്യാപിപ്പിക്കാനോ സമ്മതിക്കാതിരിക്കും വിധം പഴയ ചർച്ചകളും വിഷയങ്ങളും തന്നെ വീണ്ടും വീണ്ടും ഉയർത്തിക്കൊണ്ടുവന്ന് നിലനിർത്താനാണ് ഇസ്ലാമിൻറെ ശത്രുക്കൾ ശ്രമിക്കുന്നത്. സമുദായം ആകട്ടെ ആ കെണിയിൽ തന്നെ കുടുങ്ങിക്കഴിയുന്നു. നമ്മുടെ ഇപ്പോഴത്തെ ചർച്ച ചുഴലി അബ്ദുള്ള മൗലവിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ടുകൊണ്ടാണ്. ഇത് ആർക്കാണ് ഉപകാരം ചെയ്യുക എന്ന് നാം പരിശോധിക്കേണ്ടതുണ്ട്.

ഒരു സമുദായം എന്ന നിലക്ക് കഴിയുന്നത്ര ഐക്യം വളർത്തിയെടുക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്; ശ്രമിക്കേണ്ടത്. അതിനുപകരം അനവസരത്തിൽ അനാവശ്യമായി ചരിത്രത്തിലെ ദുഃഖകരമായ സംഭവങ്ങൾ വീണ്ടും വീണ്ടും അനുസ്മരിച്ച് മനസ്സുകളെ മലിനമാക്കുന്നത് വലിയ തെറ്റാണ്; ഖേദകരവുമാണ്.
നബി(സ) പറഞ്ഞിട്ടുണ്ട്:
من صلى صلاتنا واستقبل قبلتنا وأكل ذبيحتنا فذلك المسلم الذي له ذمة الله وذمة رسوله، فلا تخفروا الله في ذمته.
ആർ ഇസ്ലാമിക മുറക്കനുസരിച്ചുള്ള നമസ്കാരം നിർവഹിക്കുകയും, നമ്മുടെ ഖിബ്‍ല അഭിമുഖീകരിക്കുകയും നമ്മളറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നുവോ അവൻ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും സംരക്ഷണമുള്ള മുസ്ലിമാണ്. അല്ലാഹുവിന്റെ സംരക്ഷണത്തിന് നിങ്ങൾ തകരാറുണ്ടാക്കരുത്.(ബുഖാരി )

കാരുണ്യവാനായ റബ്ബ് ഉമ്മത്തിന്റെ ഏകീകരണത്തിന് വേണ്ടി പരമാവധി പരിശ്രമിക്കാൻ നമുക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ,നല്ല തിരിച്ചറിവിനും തിരുത്തിനും റബ്ബ് നമ്മെ തുണക്കട്ടെ, ആമീൻ.

Related Articles