Current Date

Search
Close this search box.
Search
Close this search box.

Tharbiya

വ്യക്തിത്വ വികസനം ഖുർആനിൽ – 2

ഖുർആൻ പഠിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട ആറ് ജീവിത പാഠങ്ങൾ കൂടി പഠിക്കാം.

1. അച്ചടക്കം ശീലിക്കുക – ‘സ്വലാത്’

സമയനിഷ്ഠയും അച്ചടക്കവുമാണ് ഒരു വിശ്വാസിയിൽ ആദ്യമായി ഉണ്ടാവേണ്ടത് . അതുകൊണ്ടുതന്നെ സമയബോധം അവന് അത്യാവശ്യമാണ്. അവനെ വ്യവസ്ഥാപിതത്വമുള്ളവനാക്കാൻ പ്രാപ്തനാക്കുന്ന സംവിധാനമാണ് സ്വലാത് /നമസ്‌കാരം

إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا (4:103)
നിശ്ചയമായും നമസ്‌കാരം, സത്യവിശ്വാസികളുടെ മേല്‍ സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധമാകുന്നു.
നമസ്കാരത്തിലൂടെ ആത്മീയമായ എന്തെല്ലാം ഉന്നത ലക്ഷ്യങ്ങളുണ്ടെങ്കിലും അവ സമയനിഷ്ഠവും അച്ചടക്കത്തിലുമല്ലെങ്കിൽ അതുവെറും ചടങ്ങാവും , യാന്ത്രികവും.

2. ത്യാഗം മുഖമുദ്രയാക്കുക – തദ്ഹിയ്യ

ഇസ്‌ലാമിന്റെ പ്രയോഗവത്കരണത്തിൽ ത്യാഗം ഒരു സുപ്രധാന വിഷയമാണ്. മുസ്ലീം അനുഷ്ഠിക്കുന്ന കർമ്മങ്ങൾ അവനെ ത്യാഗമാണ് പഠിപ്പിക്കുന്നത്. വിലപ്പെട്ടവയുടെയും കരുതിവെപ്പുകളുടെയും ഉറക്കത്തിന്റെയും സമയത്തിന്റെയുമെല്ലാം ത്യാഗം. നമസ്കാരം, വ്രതാനുഷ്ഠാനം, ദാനധർമ്മങ്ങൾ, ഹജ്ജ്, ബലി എന്നിവ തന്നെക്കാൾ മറ്റുള്ളവർക്ക് സ്ഥാനം നല്കുക എന്നതാണ് അവനെ ശീലിപ്പിക്കുന്നത്.

وَلَٰكِن يَنَالُهُ ٱلتَّقْوَىٰ مِنكُمْ( 22:37)
നിങ്ങളുടെ ഭക്തിയാണ് അല്ലാഹുവിലേക്കെത്തുക അഥവാ ത്യാഗത്തിലും ഭക്തിയിലും സ്ഥാപിക്കപ്പെടാത്ത ഏതു കർമവും വെറും പുക .

3. സ്ഥിരോത്സാഹം നിലനിർത്തുക – സ്വബ്ർ /ഇസ്തിഖാമ :

നമ്മുടെ പ്രയത്നവും കഠിനാധ്വാനവും അർപ്പണബോധവും ഉണ്ടായിരുന്നിട്ടു പോലും, നാം ആഗ്രഹിക്കുന്നതോ പ്രതീക്ഷിച്ചതോ ആയ ഫലമോ പ്രതികരണമോ കാണാത്ത സമയങ്ങളുണ്ട്. ഈ നിമിഷങ്ങളിൽ നമുക്ക് അനുഭവപ്പെടുന്ന നിരാശയുടെയും വിഷാദത്തിന്റെയും വികാരങ്ങളുമായി സമരസപ്പെടാൻ നമുക്കാവണം. ക്ഷമ, സ്ഥേയസ് എന്ന നിലയിൽ ഖുർആൻ പഠിപ്പിക്കുന്നത് ആ സ്ഥിരോത്സാഹത്തിന്റെ പാഠങ്ങളാണ്.

فَاصْبِرْ صَبْرًا جَمِيلًا ( 70:5)
നീ സുന്ദരമായി ക്ഷമിക്കൂ … എന്നാണാഹ്വാനം; പ്രാഥമിക അഭിസംബോധിതൻ നബി(സ)യാണെങ്കിലും പ്രവാചകന്റെ അനുയായികളും അദ്ദേഹത്തെ പോലെയാവൽ അനിവാര്യമാണ്.
93 ഇടങ്ങളിലാണ് സ്വബ്റിനെ കുറിച്ച് ഇതേ ഊന്നലിൽ ഖുർആൻ പറയുന്നത്.

فاستقم كما أمرت (11:112)
നിന്നോട് കല്പിക്കപ്പെട്ടത് പോലെ സ്ഥേയസ്സോടെ നില്ക്കുക എന്നും ഖുർആൻ പറയുന്നു. “ഇസ്തിഖാമതി “ൽ നിന്ന് നിഷ്പന്നങ്ങളായ ക്രിയകളും പ്രയോഗങ്ങളും 20 ലേറെ സ്ഥലങ്ങളിൽ വന്നിരിക്കുന്നത് പ്രത്യേകമായി പഠിക്കുന്നത് നന്നായിരിക്കും.

4. എല്ലാം താൽക്കാലികമാണ് എന്ന് ബോധ്യപ്പെടുത്തുക – ‘ദുന്യാവ്’ വെറുംമായ

നമ്മുടെ ബാഹ്യ അവസ്ഥാന്തരങ്ങൾ മായയാണ്.ചിലപ്പോൾ നമ്മുടെ ആന്തരിക വികാരങ്ങൾ പോലും ശാശ്വതങ്ങളല്ല. സാഹചര്യങ്ങളും സന്ദർഭങ്ങളും എപ്പോഴും മാറുന്നതും താൽക്കാലികവുമാണ് എന്ന ഉണർത്തൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് ഉപേക്ഷിക്കുന്നതും വേർപിരിയൽ ശീലം വളർത്തിയെടുക്കുവാനും സഹായിക്കുന്നു.

وَمَنْ يُرِدْ ثَوَابَ الدُّنْيَا نُؤْتِهِ مِنْهَا (4:145)
ഈ ലോകത്തെ ആഗ്രഹിക്കുന്നവന് അത് നല്കുമെന്ന് പറഞ്ഞു കൊണ്ട് ദുൻയാവിന്റെ നശ്വരത ഖുർആൻ 115 ഇടങ്ങളിൽ പ്രഖ്യാപിക്കുന്നത് അവയെല്ലാം താൽക്കാലികമാണെന്ന ചിന്ത നമ്മിൽ സജീവമാക്കി നിർത്തുന്നതിന് കൂടിയാണ്.

5.നന്ദി എന്ന ഗുണം വളർത്തുക – ശുക്ർ

നിറഞ്ഞു കവിയുന്നതാവണം നമ്മുടെ നന്ദി / ശുക്ർ .
അകിട് നിറഞ്ഞു പാൽ ചുരത്താലാണത്രെ അറബി ഭാഷയിൽ ശുക്ർ .ഉപകാരസ്മരണ, കൃതജ്ഞതാബോധം എന്നൊക്കെയാണ് ‘ശുക്‌റി’ന്റെ അര്‍ഥം. ഒരാള്‍ ഒരുപകാരം ചെയ്താല്‍ അതിന് നന്ദി കാണിക്കുന്നതിന്റെ ശരിയായ രൂപം ഇതാണ്: ഉപകാരത്തെ ഹൃദയംഗമമായി സമ്മതിക്കുകയും നാവുകൊണ്ട് ഏറ്റുപറയുകയും പ്രവൃത്തി മുഖേന ഉപകാരസ്മരണയുള്ളവനെന്ന് തെളിയിക്കുകയും ചെയ്യുക. ഇത് മൂന്നും കൂടിച്ചേര്‍ന്നതാണ് ‘ശുക്ര്‍.’ അനുഗ്രഹത്തെ അനുഗ്രഹദാതാവോട് ബന്ധപ്പെടുത്തണം. മറ്റാരോടും ബന്ധപ്പെടുത്തുകയുമരുത്. അനുഗ്രഹദായകനോട് സദാ കൂറും നന്ദിയുമുണ്ടായിരിക്കണം. അവന്റെ ശത്രുക്കളോട് സ്‌നേഹവും കൂറും പുലര്‍ത്തരുത്. അനുഗ്രഹദാതാവിന്റെ ആജ്ഞാനുവര്‍ത്തിയായി നിലകൊള്ളണം. അവന്റെ അനുഗ്രഹങ്ങള്‍ ഉദ്ദേശ്യങ്ങള്‍ക്ക് വിപരീതമായി ഉപയോഗപ്പെടുത്താതിരിക്കണം- ഇതെല്ലാമാണ് ശുക്‌റിന്റെ താല്‍പര്യങ്ങള്‍. ഖുർആനിൽ 35 അധ്യായങ്ങളിലായി 69 ഇടങ്ങളിലാണ് ശുക്റിനെ സംബന്ധിച്ച് പറയുന്നത്.
ഉദാ:
فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ 2:152
എന്നെ സ്മരിച്ചാൽ ഞാൻ സ്മരിക്കും ; എനിക്ക് നന്ദിയുള്ളവരാവൂ എന്നത് ഒരു ഉദാഹരണം മാത്രം.

6. മറ്റുള്ളവരിൽ സ്വാധീന ശക്തിയുള്ള സ്വഭാവമാർജിക്കുക – ‘അഖ്‌ലാഖ്’

ഇസ്‌ലാമിന്റെ അധ്യാപനങ്ങൾ വിശ്വാസികൾ അവരുടെ സ്വഭാവവും പെരുമാറ്റവും വികസിപ്പിക്കുന്നതിൽ ശ്രദ്ധാലുക്കളായിരിക്കണമെന്ന് ആവശ്യപ്പെടുന്നു. തങ്ങൾക്ക് ചുറ്റുമുള്ള മറ്റുള്ളവരിലും സമൂഹത്തിലും അവരുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് ഖുർആൻ പഠിപ്പിക്കുന്നു.

وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ 68:4 താങ്കൾ മഹത്തായ സ്വഭാവത്തിലാണുള്ളതെന്നു പ്രവാചക വ്യക്തിത്വത്തെ വെളിപ്പെടുത്തുന്നത് അദ്ദേഹത്തെ പിൻപറ്റുന്നവരിൽ നിരന്തരം പ്രചോദനമുണ്ടാക്കുന്നു; മുസ്‌ലിം സമൂഹം അവരുടെ പ്രവർത്തനങ്ങളെയും പെരുമാറ്റങ്ങളെയും മറ്റുള്ളവരിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ പറ്റിയും കൂടുതൽ ചിന്തിപ്പിക്കുന്നു.

ഇത്തരത്തിലുള്ള നിസ്സാരമെന്ന് നാം കാണുന്ന ചില ഖുർആനിക പാഠങ്ങൾ പഠിക്കാൻ ബോധപൂർവ്വം ശ്രമിച്ചാൽ സാധ്യമാവുന്നതാണ് നമ്മുടെ വ്യക്തിത്വത്തിന്റെ നിർമാണം .

Related Articles