Current Date

Search
Close this search box.
Search
Close this search box.

അതിനാൽ സന്തോഷിക്കുക, നിരാശപ്പെടരുത്..

ബലഹീനതയുടെയും അനൈക്യത്തിന്റെയും കാര്യത്തിൽ ഇസ്‌ലാമിക സമൂഹം ഇന്നത്തേതിനേക്കാൾ കഠിനമായ സാഹചര്യങ്ങളിലൂടെ മുമ്പ് കടന്നുപോയിട്ടുണ്ട്. ഇസ്ലാമിക ലോകത്ത് മംഗോളിയരുടെ അധിനിവേശവും ചില ഭരണാധികാരികളുടെ ലജ്ജാകരമായ നിലപാടുകളും വായിക്കുക. അവ ഇന്നത്തെ ഭരണാധികാരികളുടെ നിലപാടുകളെക്കാൾ നെറികെട്ടതും നാണംകെട്ടതുമായി നിങ്ങൾക്ക് കാണാൻ കഴിയും. അൻന്തലൂസിൻറെ ചരിത്രത്തെക്കുറിച്ച് വായിക്കുക. അതിൽ  ധാരാളം ഗുണപാഠങ്ങളുണ്ട്. കുരിശുയുദ്ധങ്ങളെക്കുറിച്ചും അന്തിമ വിജയത്തെക്കുറിച്ചും വായിക്കുക… ന്യായവിധി നാൾ വരെ ഈ ഉമ്മത്ത് നന്മ നിലനിൽക്കും…ഉറപ്പ്.

അഹ്ലുസ്സുന്നയുടെ ഇമാം അഹ്‍മദ് ബിൻ ഹൻബലിനെ കൊല്ലാൻ 70 ജഡ്ജിമാർ ഫത്‌വ പുറപ്പെടുവിച്ചുവെന്ന് ആരാണ് വിശ്വസിക്കുക?! അദ്ദേഹത്തെ അവർ ‘മുബ്തദിഅ് (പുത്തൻ പ്രസ്ഥാനക്കാരൻ) എന്ന് ആക്ഷേപിച്ചു. ഇമാം നമ്മുടെ കാലത്ത് ഉണ്ടായിരുന്നെങ്കിൽ, അവർ അദ്ദേഹത്തെ ‘ഖാരിജ്’ (ഇസ്‍ലാമിൽ നിന്നും പുറത്തായവൻ) ”ശത്രുവിന്റെ ഏജൻ്റ് ‘ എന്നൊക്കെ വിളിക്കുമായിരുന്നു.ഭരണാധികാരിയോട് അനുസരണക്കേട് കാണിച്ചെന്നോ മുസ്‍ലിം വിഭാഗങ്ങൾക്കിടയിൽ ഭിന്നത പരത്തുന്നുവെന്നോ ആരോപിച്ച് അവർ അദ്ദേഹത്തെ കൊല്ലാൻ പ്രേരിപ്പിക്കുമായിരുന്നു!

അവർ ആരാണ്?  അവരെപ്പോലെയുള്ളവർ ഇന്ന് ആരാണ്?  ഇബ്നു ഹൻബലിനെതിരെ കുപ്രചരണത്തിലേർപ്പെട്ടവരുടെ പേരുകൾ എന്തൊക്കെയാണ്? അല്ലാഹു അദ്ദേഹത്തോട് കരുണ കാണിക്കട്ടെ.. ഇഹത്തിലും പരലോകത്തിലുമുള്ള തുലാസുകളിൽ അവരുടെ മൂല്യം എന്താണ്?! ചരിത്രം അവരെ മറന്നു. ഇമാം ഇബ്‌നു ഹൻബൽ തന്റെ പേരിലൂടെയും പ്രവർത്തനങ്ങളിലൂടെയും നിലപാടുകളിലൂടെയും  മുസ്‌ലിംകൾക്കിടയിൽ ഒരു മികച്ച മാതൃകാ വ്യക്തിത്വമായി  പിന്തുടരപ്പെടുന്നു. അതിനാൽ ശുഭവാർത്ത അറിയിക്കുക, നിരാശപ്പെടരുത്….

അറുപതുകളുടെ അവസാനത്തിൽ കെയ്‌റോ സർവകലാശാലയിൽ മൂടുപടം ധരിച്ച ഒരു പെൺകുട്ടി മാത്രമേ അറിയപ്പെട്ടിരുന്നുള്ളൂ ആമിന ഖുതുബ്..!! ഇന്ന് മതബോധമുള്ള യുവതി-യുവാക്കൾക്ക് എതിരെ ഇത്രയധികം  അക്രമ -പീഡനങ്ങൾ ഉണ്ടായിട്ടും  ഈജിപ്ഷ്യൻ സർവകലാശാലകളുടെ സ്ഥിതി എന്താണ്?

എഴുപതുകളുടെ അവസാനത്തിൽ മൊറോക്കൻ സർവ്വകലാശാലകളിൽ പർദ്ദ ധരിച്ച ഒരു പെൺകുട്ടി മാത്രമേ അറിയപ്പെട്ടിരുന്നുള്ളൂ, വിദ്യാർത്ഥികളുടെയും പ്രൊഫസർമാരുടെയും പരിഹാസങ്ങൾക്ക് അവൾ വിധേയയായിരുന്നു, ഇന്നത്തെ അവസ്ഥ എന്താണ്?  മൊറോക്കോയിൽ വിശുദ്ധ ഗ്രന്ഥം മനഃപാഠമാക്കുന്നവരുടെ എണ്ണം നിങ്ങൾക്കറിയാമോ?! അതിനാൽ ശുഭവാർത്ത അറിയിക്കുക, നിരാശപ്പെടരുത്..

ദുരിതങ്ങളും ദുരന്തങ്ങളും പ്രയാസങ്ങളും സ്വാഭാവികവും യാത്രയുടെ ഭാഗവുമാണ്. പരീക്ഷണം ഒരു സാർവത്രികമായ പ്രാപഞ്ചിക പ്രക്രിയയാണ്. അതു മുഖേന ദൈവം  നന്മയെയും തിന്മയെയും വേർതിരിക്കുന്നു.പക്ഷേ, നിരാശയും വിധേയത്വവും ഭയവും കീഴടങ്ങലും മുസ്‌ലിംകളുടെ സ്വഭാവത്തിൽ പെട്ടതല്ല. അത് പ്രബോധകരുടെയും പരിഷ്കർത്താക്കളുടെയും സമീപന രീതിയുമല്ല

കൊളോണിയലിസം അല്ലെങ്കിൽ നാശത്തിന്റെ വ്യവസ്ഥ മിക്ക മുസ്‍ലിം രാജ്യങ്ങളിലും സ്വാധീനം നേടുകയും അവരെ  മതത്തിൽ നിന്നും അവരുടെ പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ സുന്നത്തിൽ നിന്നും അകറ്റാൻ ശ്രമിക്കുകയും ചെയ്‍തു. പക്ഷേ, ദൈവത്തിന് നന്ദി, അവർ പരാജയപ്പെട്ടു. അവരുടെ പരിശ്രമം പാഴായി, അത് സംഭവിച്ചില്ലേ?  നമ്മുടെ മതത്തിൽ നിന്ന് നമ്മെ അകറ്റുന്നതിൽ അവർ വിജയിച്ചോ?! അതിനാൽ ശുഭവാർത്ത അറിയിക്കുക, നിരാശപ്പെടരുത്.

പലസ്തീനിലും ശാമിലും ഇറാഖിലും മറ്റും സംഭവിച്ചതു പോലെ മുസ്‍ലിംകളെ ഉന്മൂലനം ചെയ്യുന്നതിൽ കപടരായ കുരിശുയുദ്ധമനോഭാവമുള്ള പാശ്ചാത്യരും  നിരീശ്വരവാദികളായ പൗരസ്ത്യരും മറ്റും പരസ്പരം കൈകോർത്തു പ്രവർത്തിച്ചു. അത് ചരിത്രത്തിൻ്റെ അന്ത്യമായിരുന്നില്ല. അത്തരം ദുരനുഭവക്കൾക്ക് ശേഷവും ഈ ഉമ്മത്ത് അടിയറവ് പറഞ്ഞില്ല. അവ പൂർണ്ണ വിമോചനത്തിനു മുമ്പുള്ള ഐഹികജീവിത സംഘർഷത്തിൻെറയും ദൈവിക നടപടി ക്രമങ്ങളുടെയും ഭാഗമായിരുന്നു. അടിച്ചമർത്തലിനും അന്ധകാരത്തിനുമെതിരെയുള്ള സമരം അല്ലാഹുവിൻ്റെ ഉതവിയാൽ മഹത്തായ വിജയം വരിക്കുക തന്നെ ചെയ്യും.

പ്രായമായവർ മാത്രം പള്ളികളിലെ നിത്യ സന്ദർശകരായിരുന്ന  ഒരു കാലഘട്ടത്തിലൂടെ നാം കടന്നുപോയിട്ടുണ്ട്. അന്ന് യുവ സമൂഹം മറ്റു മേഖലകളിൽ വിഹരിക്കുകയായിരുന്നു. ഇന്ന്, മുസ്‍ലിം യുവാക്കളിൽ ഭൂരിഭാഗവും അഞ്ചു നേരത്തെ നമസ്കാരവും പള്ളികളിൽ തന്നെ നിർവ്വഹിക്കുന്നു. ഇസ്ലാമിക പ്രഭാഷണങ്ങൾ, ഖുർആൻ പഠന സദസ്സുകൾ തുടങ്ങിയ എല്ലാ നിർമ്മാണാത്മക പ്രവർത്തനങ്ങളിലും യുവാക്കളുടെ നിറസാന്നിധ്യം കാണാം – പാശ്ചാത്യവൽക്കരണവും മതേതരത്വവും നിയന്ത്രണങ്ങളും അവഗണിച്ച്. 

സോഷ്യൽ മീഡിയയിൽ  പ്രത്യക്ഷപ്പെടുന്ന  അല്പന്മാർ  മുസ്‍ലിം രാജ്യങ്ങളിലെ സമൂഹങ്ങളുടെ യാഥാർത്ഥ്യം പ്രതിഫലിപ്പിക്കുന്നവരാണെന്ന് വിചാരിക്കരുത്. വെള്ള പ്രവാഹത്തിൽ നുരയും കുമിളകളും ഒഴുകിവരുന്നു.പക്ഷേ നിധികളും മനുഷ്യർക്ക് ഉപയോഗപ്രദമായവയും ഭൂമിയിൽ അവശേഷിക്കുന്നു. അതിനാൽ വിശ്വാസികളേ, സന്തോഷവാർത്ത അറിയിക്കുക, നിരാശപ്പെടരുത്.

ശത്രുക്കൾ നമ്മളോട് എന്ത് ചെയ്താലും നമ്മുടെ മതത്തിനോ വിശ്വാസത്തിനോ അഭിമാനത്തിനോ കോട്ടം തട്ടുകയില്ല. അതെ, നമ്മുടെ സമൂഹം മുമ്പ് അനുഭവിച്ചതുപോലെ ബലഹീനതയിലും ഛിദ്രതയിലും നാം കഷ്ടപ്പെടുന്നു. പക്ഷേ  അടുത്ത്  ഐക്യപ്പെട്ട് തിരിച്ച് വരവ് നടത്തും – ദൈവേച്ഛയുണ്ടെങ്കിൽ.

ഭൂമിയിൽ നാശം വിതക്കുകയും  മുസ്‍ലിംകളെ പരാജയപ്പെടുത്തുകയും ചെയ്ത  അക്രമകാരികളായ മംഗോളിയർ ഇസ്ലാം സ്വീകരിച്ചുവെന്ന് പറഞ്ഞാൽ ആരാണ് വിശ്വസിക്കുക?  അവസാനം അവർ ഇസ്ലാം മതം സ്വീകരിച്ച് മുസ്ലിം സമാജത്തിന്റെ ഭാഗമായി..! ഈ ദൈവിക സൂക്തം നാം മറക്കരുത്: “നിങ്ങള്‍ക്കിപ്പോള്‍ ക്ഷതം പറ്റിയിട്ടുണ്ടെങ്കില്‍ അതുപോലെ മുമ്പ് ആ ജനത്തിനും ക്ഷതമേറ്റിട്ടുണ്ട്. ആ ദിനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ മാറിമാറി വരാന്‍ ഇടയാക്കും. അല്ലാഹുവിന് സത്യവിശ്വാസികളെ വേര്‍തിരിച്ചെടുക്കാനാണത്. നിങ്ങളില്‍നിന്ന് രക്തസാക്ഷികളെ സൃഷ്ടിക്കാനും. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല.”( ആലു ഇംറാൻ: 140)

സർവ്വശക്തനായ ദൈവം രക്തസാക്ഷിത്വം നൽകിയവർക്ക് അഭിനന്ദനങ്ങൾ – അവൻ കൊല്ലപ്പെട്ടാലും അടിച്ചമർത്തപ്പെട്ടാലും അല്ലെങ്കിൽ ദൈവമാർഗത്തിൽ പോരാടിയാലും. ഇസ്‌ലാമിന്റെയും നന്മയുടെയും സന്ദേശം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും വാഗ്ദാനത്തിൽ ഉറച്ചുനിൽക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തവർക്ക് അഭിനന്ദനങ്ങൾ. പ്രതികൂല സാഹചര്യങ്ങളിലും പ്രയാസങ്ങളിലും പരീക്ഷണങ്ങളിലും സ്ഥൈര്യം നൽകുന്നവർക്ക് ഭാവുകങ്ങൾ.

“അല്ലാഹു തന്റെ തീരുമാനം കൃത്യമായി നടത്തുക തന്നെ ചെയ്യും. എങ്കിലും മനുഷ്യരിലേറെപ്പേരും അതറിയുന്നില്ല.” (യൂസുഫ്:21)

 

വിവ: എം.ബി.അബ്ദുർ റഷീദ് അന്തമാൻ

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

 

Related Articles