Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ് : സമാധാനത്തിന്റെ ആഗോള സന്ദേശം

pray.jpg

ഇസ്‌ലാമിന്റെ പഞ്ച സതംഭങ്ങളില്‍ പെട്ട ഒരു കര്‍മമാണ് ഹജ്ജ്. മുസ്‌ലിമാകട്ടെ അല്ലാത്തവനാകട്ടെ, ലോകത്തിലെ എല്ലാ ജനവിഭാഗത്തിനും ക്ഷേമത്തിന്റെയും അനുഗ്രഹത്തിന്റെയും സന്ദേശം നല്‍കാന്‍ ഹജ്ജിനു സാധിക്കുന്നു. ഇനിയും കുറേ വ്യക്തമായി പറഞ്ഞാല്‍ സസ്യങ്ങള്‍ക്കും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും എന്നല്ല സര്‍വ്വ ചരാചരങ്ങള്‍ക്കും നേരെ അതിനൊരു ദൗത്യമുണ്ട്. വിവിധ നാടുകളില്‍ നിന്നുള്ള, വിവിധ വര്‍ണങ്ങളിലുള്ള, വിവിധ ഭാഷകള്‍ സംസാരിക്കുന്ന, വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള , പ്രായ ഭേദമന്യേ ഒരു മഹാ ജനസഞ്ചയം വര്‍ഷം തോറും പരിശുദ്ധ ഹജ്ജ് കര്‍മങ്ങളനുഷ്ടിക്കാനായി മക്കയില്‍ ഒരുമിച്ച് കൂടുകയാണ്. ശാരീരികമായും സാമ്പത്തികമായും ശേഷിയുള്ള എല്ലാ മുസ്‌ലിമിന്റെ മേലും ജീവിതത്തിലൊരിക്കല്‍ ഹജ്ജ് നിര്‍വഹിക്കല്‍ ബാധ്യതയാണെങ്കിലും അത് വീണ്ടും ചെയ്യാന്‍ അവന്‍ സ്വപ്‌നം കാണുന്നു എന്നതാണ് യാഥാര്‍ഥ്യം. കഅ്ബ സന്ദര്‍ശിക്കുന്നതിലും ഹജ്ജിന്റെ കര്‍മ്മങ്ങള്‍ ചെയ്യുന്നതിലും ഹൃദയത്തിനു അഭ്യേദ്യമായ ബന്ധമാണുള്ളത്. ഇബ്രാഹീം പ്രവാചകന്റെ പ്രാര്‍ഥനക്കുള്ള ഒരു ഉത്തരമാകാം ഇത്. വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു.’ ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് ( അങ്ങനെ ചെയ്തത്. ) അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചെന്ന് വരാം.’ (1437)

ഇസ്‌ലാം ജാതി മത ഭേദമന്യേ സകല മനുഷ്യര്‍ക്കും ക്ഷേമവും സമാധാനവും കാംക്ഷിക്കുന്ന മതമാണ്. അത് കൊണ്ട് തന്നെയാണ് ഹജ്ജിനു വേണ്ടി തെരെഞ്ഞെടുക്കപ്പെട്ട മാസങ്ങളായ ദുല്‍ ഖഅ്ദ്, ദുല്‍ ഹജ്ജ്, മുഹര്‍റം എന്നീ മാസങ്ങളില്‍ യുദ്ധം നിരോധിക്കപ്പെട്ടിരിക്കുന്നത്. ലോകത്തില്‍ ഇസ്‌ലാം സമാധാനത്തെ പിന്തുണക്കുന്നു എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഹജ്ജ് കര്‍മങ്ങള്‍ സമാധാനത്തിന്റെ സന്ദേശമാണ് നമുക്ക് നല്‍കുന്നത്. സ്വമനസ്സിനു സമാധാനം, മുസ്‌ലിംകള്‍ക്കിടയിലുള്ള സമാധാനം, സകല മനുഷ്യര്‍ക്കുമുള്ള സമാധാനം തുടങ്ങി പരിസ്ഥിതിയോടും പ്രകൃതിയോടുമുള്ള സമാധാനത്തിനു വരെ ഹജ്ജ് ആഹ്വാനം ചെയ്യുന്നു.

മാനസിക സമാധാനം
ഒരു വിശ്വാസിയുടെ മനസ്സിനു സമാധാനവും ശാന്തതയും നല്‍കാന്‍ ഹജ്ജ് കര്‍മങ്ങള്‍ മൂലം സാധിക്കുന്നു. ആന്തരിക സമാധാനം എന്നത് ഹജ്ജിന്റെ പ്രതിഫലവും അതിന്റെ അനുഗ്രഹങ്ങളില്‍ പെട്ടതുമാണ്.ഹജ്ജിന്റെ വ്യത്യസ്ഥമായ  കര്‍മങ്ങള്‍ ഒരാളുടെ ആത്മാവിനെയും ശരീരത്തിനെയും ശുദ്ധീകരിക്കാന്‍ മാത്രം തക്ക കഴിവുള്ള കര്‍മങ്ങളാണ്. നിരന്തരം അല്ലാഹുവിനെ സ്മരിക്കുക, പശ്ചാത്താപം, പ്രാര്‍ഥന, അല്ലാഹുവിനോട് പാപമോചനം തേടല്‍, സമര്‍പ്പണം, ധാര്‍മിക തത്വങ്ങള്‍ മുറുകെ പിടിക്കുമെന്നുള്ള പ്രതിജ്ഞ തുടങ്ങിയവയെല്ലാം ഒരാളെ ആന്തരികമായ മാനസികമായ സമാധാനത്തിലേക്ക് നയിക്കുന്നതാണ്.

ഹജ്ജിലേക്കുള്ള യാത്രയുടെ തുടക്കത്തില്‍ തന്നെ ലബ്ബൈകല്ലാഹുമ്മ ലബ്ബൈക് എന്ന തല്‍ബിയത് ചൊല്ലിക്കൊണ്ട് തന്റെ ആഗമനത്തെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. ഒരാള്‍ ഹജ്ജ് തീര്‍ഥാടനത്തിനിറങ്ങിപ്പുറപ്പെടുമ്പോള്‍ തന്റെ സമ്പത്തും കുടുംബവും അല്ലാഹുവിലേല്‍പ്പിച്ചു കൊണ്ടാണ് ഇറങ്ങുന്നത്. താന്‍ നിത്യ ജീവിതത്തില്‍ ധരിക്കുന്ന സാധാരണയായ വസ്ത്രം ഉപേക്ഷിച്ച് ഇഹ്‌റാമിന്റെ വസ്ത്രം ധരിക്കുമ്പോള്‍ ഒരു നാള്‍ വെറും കൈയ്യോടെ അല്ലാഹുവിന്റെ സന്നിധിയിലേക്ക് പോകണമെന്ന കാര്യം അവന്‍ ആ സന്ദര്‍ഭത്തില്‍ ഓര്‍മിക്കുന്നു. അന്ന് താന്‍ ചെയ്തു കൂട്ടിയ നന്മകള്‍ മാത്രമായിരിക്കും അവന് കൂട്ടായിട്ടുള്ളത്. ഹജ്ജിലുടനീളം അവന്‍ അല്ലാഹുവിനെ സ്മരിക്കുന്നവനും അല്ലാഹുവിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് സദാ സമയവും ചിന്തിക്കുന്നവനുമായിരിക്കും. താഴെ പറയുന്ന ഖുര്‍ആനിക സൂക്തങ്ങള്‍ ഇവ എത്രമാത്രം അര്‍ഥവത്തായിരിക്കുമെന്ന് കാണിച്ചു തരുന്നു. ‘ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മ്മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീപുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ വഴക്കോ ഹജ്ജിനിടയില്‍പാടുള്ളതല്ല. നിങ്ങള്‍ ഏതൊരു സല്‍പ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്. (ഹജ്ജിനു പോകുമ്പോള്‍) നിങ്ങള്‍ യാത്രയ്ക്കുവേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോകുക. എന്നാല്‍  യാത്രയ്ക്കു വേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക. (ഹജ്ജിനിടയില്‍) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഭൗതികാനുഗ്രഹങ്ങള്‍ നിങ്ങള്‍ തേടുന്നതില്‍ കുറ്റമൊന്നുമില്ല. അറഫാത്തില്‍ നിന്ന് നിങ്ങള്‍ പുറപ്പെട്ടുകഴിഞ്ഞാല്‍ മശ്അറുല്‍ ഹറാമിനടുത്തുവെച്ച് നിങ്ങള്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുവിന്‍. അവന്‍ നിങ്ങള്‍ക്ക് വഴി കാണിച്ച പ്രകാരം നിങ്ങളവനെഓര്‍ക്കുവിന്‍. ഇതിനു മുമ്പ് നിങ്ങള്‍ പിഴച്ചവരില്‍  പെട്ടവരായിരുന്നാലും. എന്നിട്ട് ആളുകള്‍ ( സാധാരണ തീര്‍ത്ഥാടകര്‍ ) എവിടെ നിന്ന് പുറപ്പെടുന്നുവോ അവിടെ നിന്നു തന്നെ നിങ്ങളും പുറപ്പെടുക. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. അങ്ങനെ നിങ്ങള്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ പിതാക്കളെ നിങ്ങള്‍ പ്രകീര്‍ത്തിച്ചിരുന്നത് പോലെയോ അതിനെക്കാള്‍ ശക്തമായ നിലയിലോ അല്ലാഹുവെ നിങ്ങള്‍ പ്രകീര്‍ത്തിക്കുക. മനുഷ്യരില്‍ ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങള്‍ക്ക് നീ ( അനുഗ്രഹം ) നല്‍കേണമേ എന്ന്. എന്നാല്‍ പരലോകത്ത് അത്തരക്കാര്‍ക്ക് ഒരു ഓഹരിയും ഉണ്ടായിരിക്കുന്നതല്ല’ (അല്‍ ബഖറ: 197200) ഒരാള്‍ ഹജജ് നിര്‍വഹിക്കുമ്പോള്‍ തന്റെ എല്ലാ പാപങ്ങളും പൊറുക്കപ്പെടുമെന്ന് അവന്‍ പ്രതീക്ഷിക്കുന്നു. അങ്ങനെ വീട്ടിലേക്ക് പ്രസവിച്ച കുഞ്ഞിന്റെ മനസ്സുമായി അവന്‍ മടങ്ങുകയാണ്.

മുസ്‌ലിംകള്‍ക്കിടയിലെ സമാധാനം
വ്യത്യസ്ഥ തരക്കാരായ വിശ്വാസികള്‍ ഒരേ ഖിബ്‌ലയിലേക്ക് തിരിഞ്ഞ് ഒരേ തരത്തിലുള്ള ആരാധനാ കര്‍മങ്ങള്‍ ഒരേ വസ്ത്രം ധരിച്ച് ഹജ്ജ് നിര്‍വഹിക്കുമ്പോള്‍ ലോകത്തിനാകമാനം മാതൃകയായ സാഹോദര്യമാണ് അവിടെ പ്രത്യക്ഷമാകുന്നത്. ഹജ്ജ് കര്‍മത്തിനിടയില്‍ മറ്റൊരാളോട് തര്‍ക്കിക്കാനോ ജീവനുള്ള ഒരു വസ്തുവിനെ നോവിക്കാനോ പാടില്ല. എപ്പോഴും സമാധാന പൂര്‍ണമാകണം എന്നത് ഇഹ്‌റാം നല്‍കുന്ന പാഠമാണ്. അവനു ചുറ്റും നിരവധി മനുഷ്യര്‍ മൂലം അവന് ബുദ്ധിമുട്ടുണ്ടായാലും ശരി അവന്‍ ശാന്തനാകണമെന്നാണ് ഹജ്ജ് കല്‍പിക്കുന്നത്. ഇത് എല്ലാവരും പ്രാവര്‍ത്തികമാക്കുമ്പോള്‍ അവിടെ സമാധാനത്തിന്റെ താഴ്‌വര രൂപപ്പെടുകയാണ്. അങ്ങനെ ഹജ്ജ് ഒരു മുസ്‌ലിമിനെ, അവന്റെ വീക്ഷണങ്ങളോട് അഭിപ്രായവ്യത്യാസം പുലര്‍ത്തുന്ന അവനുമായി വിയോജിക്കുന്ന ആളുകളോട് സമാധാന പൂര്‍ണമായി ജീവിക്കാന്‍ പഠിപ്പിക്കുന്നു.

അമുസ്‌ലിംകളുമായുള്ള സമാധാനപൂര്‍ണമായ നിലനില്‍പ്
ഹജ്ജ് നല്‍കുന്ന അല്‍ഭുതകരമായ ഒരു സന്ദേശം, മാനവിക കുലത്തിലുള്ള മുഴുവന്‍ ആളുകളുമായും അവന്‍ സമാധാനപൂര്‍ണമായി ജീവിക്കണം എന്നാണ്.  നബി (സ) തന്റെ ചരിത്ര പസിദ്ധമായ അറഫാ പ്രഖ്യാപനത്തില്‍ ഇപ്രകാരം പറയുന്നു. ‘വിശ്വാസികളേ..നിങ്ങളില്‍ വെച്ച് ജീവിതത്തില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാരോ അവനത്രെ അല്ലാഹുവിങ്കല്‍ ഏറ്റവും മാന്യന്‍. അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ടതയുമില്ല. ശ്രേഷ്ടതക്കടിസ്ഥാനം ജീവിതത്തിലുള്ള സൂക്ഷ്മതയത്രേ’. ഹജ്ജില്‍ ഒരു തീര്‍ഥാടകന്‍ വ്യത്യസ്ത തരക്കാരായ ജനവിഭാഗങ്ങളോട് സമാധാന പരമായി പെരുമാറുന്നു. അതുമൂലം, മറ്റു മത വിഭാഗങ്ങളില്‍ പെട്ടവരുമായും അവന് സമാധാനപരമായും സഹകരണ മനോഭാവത്തിലൂടെയും പെരുമാറാന്‍ സാധിക്കുന്നു. അല്ലാഹു പറയുന്നു.  ‘പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു’ (അല്‍മാഇദ : 2).

പരിസ്ഥിതിയോടുള്ള സമാധാനം
ഹജ്ജില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ജീവനുള്ള ഒരു വസ്തുവിനെയും ഉപദ്രവിക്കാനോ വേട്ടയാടാനോ കൊല്ലാനോ പാടില്ല, അതിനെ തിന്നാനാണെങ്കിലും അല്ലെങ്കിലും ശരി. അങ്ങനെ ചെയ്യുന്നത് വലിയ അപരാധം ആണ്. നിശിദ്ധമാക്കപ്പെട്ട കാര്യമാണത്. അതു പോലെത്തന്നെയാണ് ഇഹ്‌റാമിലായിരിക്കുന്ന അവസ്ഥയില്‍ മരങ്ങളോ ചെടികളോ എത്രത്തോളമെന്നാല്‍ മുള്ള് നിറഞ്ഞ ചെടി വരെ മുറിക്കാനോ പറിക്കാനോ പാടില്ല. അല്ലാഹു പറയുന്നു. ‘സത്യവിശ്വാസികളേ, നിങ്ങള്‍ ഇഹ്‌റാമിലായിരിക്കെ വേട്ടമൃഗത്തെ കൊല്ലരുത്. നിങ്ങളിലൊരാള്‍ മനഃപൂര്‍വ്വം അതിനെ കൊല്ലുന്ന പക്ഷം, അവന്‍ കൊന്നതിന് തുല്യമെന്ന് നിങ്ങളില്‍ രണ്ടുപേര്‍ തീര്‍പ്പുകല്‍പിക്കുന്ന കാലിയെ (അഥവാ കാലികളെ) കഅ്ബത്തിങ്കല്‍ എത്തിച്ചേരേണ്ട ബലിമൃഗമായി നല്‍കേണ്ടതാണ്. അല്ലെങ്കില്‍ പ്രായശ്ചിത്തമായി ഏതാനും അഗതികള്‍ക്ക് ആഹാരം നല്‍കുകയോ, അല്ലെങ്കില്‍ അതിന് തുല്യമായി നോമ്പെടുക്കുകയോ ചെയ്യേണ്ടതാണ്. അവന്‍ ചെയ്തതിന്റെ ഭവിഷ്യത്ത് അവന്‍ അനുഭവിക്കാന്‍ വേണ്ടിയാണിത്. മുമ്പ് ചെയ്തു പോയതിന് അല്ലാഹു മാപ്പുനല്‍കിയിരിക്കുന്നു. വല്ലവനും അത് ആവര്‍ത്തിക്കുന്ന പക്ഷം അല്ലാഹു അവന്റെ നേരെ ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി കൈക്കൊള്ളുന്നവനുമാകുന്നു.’ (അല്‍മാഇദ : 95)

ഇതിലൂടെ ഒരു മുസ്‌ലിമിന് എങ്ങനെ പ്രകൃതിയോടും പരിസ്ഥിതിയോടും പെരുമാറണമെന്ന് പരിശീലനം ലഭിക്കുകയാണ്. അതിനെ എങ്ങനെ സംരക്ഷിക്കണമെന്ന് പഠിക്കുകയാണ്. ഒരു മുസ്‌ലിമിന് പരിസ്ഥിതി മലിനമാക്കാന്‍ സാധിക്കുകയില്ല, പ്രകൃതി വിഭവങ്ങള്‍ നശിപ്പിക്കാനും അല്ലാഹുവിന്റെ ഒരു സൃഷ്ടിയെയും ഉപദ്രവിക്കാനും സാധ്യമല്ല.

മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് ഹജ്ജ് എന്നത് സമാധാനത്തിലേക്കുള്ള ഒരു ആഗോള സന്ദേശമെന്ന തലക്കെട്ടിനെ അന്വര്‍ഥമാക്കുകയാണ്. അതിനെ യഥാര്‍ഥ രൂപത്തില്‍ ലോകത്ത്  നടപ്പാക്കിയാല്‍ സമാധാനപൂര്‍ണമായ സുരക്ഷിതമായ ക്ഷേമത്തിലധിഷ്ഠിതമായ ഐശ്വര്യമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുക തന്നെ ചെയ്യും എന്ന് ഹജ്ജ് നമ്മെ പഠിപ്പിക്കുന്നു.

വിവ : ശഫീഅ് മുനീസ് ട

Related Articles