Current Date

Search
Close this search box.
Search
Close this search box.

വിശ്വാസികളുടെ മുദ്രാവാക്യം ഇതുതന്നെയാണ്

dove1.jpg

ചരിത്രത്തിലുടനീളം  ഇസ്‌ലാമിക വ്യവസ്ഥക്കെതിരെ ശത്രുക്കള്‍ നിര്‍വഹിച്ചുകൊണ്ടിരുന്ന കുതന്ത്രങ്ങളുടെ തനിയാവര്‍ത്തനം ദര്‍ശിക്കുമ്പോള്‍ ചില പാഠങ്ങള്‍ അതില്‍ നിന്നും നാം പഠിക്കേണ്ടതുണ്ട്. സത്യവും അസത്യവുമായുള്ള കലഹം അന്ത്യനാള്‍ വരെ തുടര്‍ന്നുകൊണ്ടിരിക്കും എന്നത് ഒരു യാഥാര്‍ഥ്യമാണ്.
യഥാര്‍ഥ വിശ്വാസികളുടെ മുമ്പില്‍ പ്രതിസന്ധികള്‍ കുന്നുകൂടുമ്പോള്‍ അവരുടെ വിശ്വാസദാര്‍ഢ്യം കൂടുതല്‍ ബലവത്താകും. അല്ലാഹുവിന്റെ വാഗ്ദാനം സത്യസന്ധമാണെന്ന് അവരുടെ അധരങ്ങള്‍ മന്ത്രിച്ചുകൊണ്ടിരിക്കും. അല്ലാഹുവില്‍ നിന്നുള്ള വിജയത്തിലും സഹായത്തിലുമുളള അവരുടെ പ്രതീക്ഷ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും. ഭൂമുഖത്തെ എല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്നത് അല്ലാഹുവാണ് എന്ന ദൃഢബോധ്യമാണ് യഥാര്‍ഥ വിശ്വാസം.

മൂസാനബിയെയും സഹോദരന്‍ ഹാറൂനിനെയും ഫറോവയുടെ അടുത്തേക്കയച്ചപ്പോള്‍ അല്ലാഹു ഇപ്രകാരം കല്‍പിക്കുകയുണ്ടായി. ‘അവന്റെ വസ്ത്രാലങ്കാരങ്ങളില്‍ നിങ്ങള്‍ വഞ്ചിതരാകരുത്, കാരണം അവന്റെ നിയന്ത്രണം നമ്മുടെ കയ്യിലാണ്. എന്റെ അനുവാദത്തോടെയല്ലാതെ നീ സംസാരം തുടങ്ങരുത് ‘(അഹ്മദ്). ഈ വിശ്വാസദാര്‍ഢ്യത്തിന് വിശ്വാസിയുടെ ഐഹിക-പാരത്രിക വിജയത്തില്‍ വലിയ സ്വാധീനവും ഫലവും സൃഷ്ടിക്കാന്‍ കഴിയും. വിശ്വാസത്തെ ഭൂമിയില്‍ വേരുറച്ചതും അന്തരീക്ഷത്തില്‍ പടര്‍ന്നു പന്തലിച്ചതുമായ ഫലസമൃദ്ധി നല്‍കുന്ന വൃക്ഷത്തോട് ഖുര്‍ആന്‍ ഉപമിച്ചത് ഇതിനാലാണ്. (ഇബ്രാഹീം 24-25).
എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ ഏല്‍പിക്കുക, അവനില്‍ നിന്നും സഹായം തേടുക, പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും അവനില്‍ ഭരമേല്‍പിക്കുക..ഇത്തരം സന്ദര്‍ഭത്തില്‍ മനുഷ്യന് തന്റെ ദൗര്‍ബല്യം ബോധ്യപ്പെടുകയും തന്റെ രക്ഷക്കും വിജയത്തിനും അല്ലാഹുവിന്റെ സഹായവും സംരക്ഷണവും അനിവാര്യമാണെന്ന ബോധ്യം ഉടലെടുക്കുകയും ചെയ്യും. അതിനാല്‍ ഇത്തരം സന്ദര്‍ഭത്തില്‍ വിശ്വാസികളുടെ അഭിസംബോധന ഞങ്ങള്‍ക്ക് അല്ലാഹുമതി! ഭരമേല്‍പിക്കാന്‍ എത്ര ഉത്തമനാണവന്‍! എന്നായിരിക്കും.

ഇബ്രാഹീം നബിയെ അഗ്നികുണ്ഡാരത്തിലെറിഞ്ഞപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ഇതേ മുദ്രാവാക്യങ്ങളിലൂടെയായിരുന്നു. മക്കയിലെ ശത്രുക്കള്‍ സര്‍വസന്നാഹങ്ങളുമായി വിശ്വാസികളെ നേരിടാന്‍ പുറപ്പെടുന്നുവെന്നറിഞ്ഞപ്പോള്‍ അവരുടെ ആധിക്യവും സന്നാഹങ്ങളും വിശ്വാസികളില്‍ ഭയാശങ്കകളല്ല, വിശ്വാസദാര്‍ഢ്യമാണ് വര്‍ദ്ധിപ്പിച്ചത്. അവരുടെ അധരങ്ങളില്‍നിന്നും ഉതിര്‍ന്നുവീണ വാചകം ഹസ്ബുനല്ലാഹു വ നിഅ്മല്‍ വകീല്‍ എന്നതു തന്നെയായിരുന്നു.
ജമല്‍ സംഭവത്തില്‍ സഫവാനു ബ്‌നു മുഅത്വലിന്റെ വാഹനത്തില്‍ കയറിയപ്പോള്‍ എന്താണ് പറഞ്ഞതെന്ന് സൈനബ്(റ) ആഇശ(റ)യോട് ചോദിച്ചപ്പോള്‍ ആഇശ പ്രതികരിച്ചതും എനിക്ക് അല്ലാഹു മതി എന്നായിരുന്നു. വിശ്വാസികളുടെ മുദ്രാവാക്യം തന്നെയാണ് നീ പറഞ്ഞത് എന്നായിരുന്നു ഇതിനുള്ള സൈനബിന്റെ പ്രതികരണം.
പ്രതിസന്ധികളും പരീക്ഷണങ്ങളും അഭിമുഖീകരിക്കുകയും അസത്യത്തിന്റെ വക്താക്കള്‍ കാര്യങ്ങളെല്ലാം തങ്ങളുടെ വരുതിയിലാണെന്ന് കരുതുകയും ചെയ്യുമ്പോള്‍ വിശ്വാസികളുടെ കയ്യിലുള്ള ശക്തമായ ആയുധം ഈ മുദ്രാവാക്യം തന്നെയാണ്. അതിനാല്‍ തന്നെ നമ്മുടെ ഹൃദയങ്ങളിലും അധരങ്ങളിലും  ഈ മുദ്രാവാക്യം നിരന്തരമായി ഉയര്‍ന്നുകൊണ്ടേയിരിക്കേണ്ടതുണ്ട്. ശത്രുക്കള്‍ സര്‍വകുതന്ത്രങ്ങളുമായി ഇസ്‌ലാമിനും മുസ്‌ലിങ്ങള്‍ക്കുമെതിരെ രംഗത്തുവരുമ്പോള്‍ പ്രത്യേകിച്ചും. മാത്രമല്ല, ഈ സേഛ്വാധിപതികളും ധിക്കരികളും- അവര്‍ എത്ര വിസമ്മതിച്ചാലും- അല്ലാഹുവിന്റെ കൈപ്പിടിയിലാണെന്ന ബോധ്യം നമുക്കുണ്ടായിരിക്കുകയും വേണം.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്
 

Related Articles