Current Date

Search
Close this search box.
Search
Close this search box.

മുള്ള് നിറഞ്ഞ ജീവിതത്തിലെ ആശ്വാസകിരണങ്ങള്‍

thorn1.jpg

സത്യവിശ്വാസിയുടെ ജീവിതം പ്രശ്‌നങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും മുക്തമായിരിക്കില്ല. എല്ലാ മനുഷ്യരെയും ബാധിക്കുന്ന സ്വാഭാവികമായ ജീവിത പ്രതിസന്ധികള്‍ അവനെയും ബാധിക്കും. അത് അവന്റെ ജീവിതത്തെ ഇടുങ്ങിയതാക്കുകയും ആസ്വാദനങ്ങളെ ഹനിക്കുകയും ചെയ്‌തേക്കാം. എന്നാല്‍ സാധാരണക്കാരുടെയും വിശ്വാസിയുടെയും ജീവിതത്തില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കുന്ന സ്വാധീനം തീര്‍ത്തും വ്യത്യസ്തമായിരിക്കും. സാധാരണക്കാര്‍ ഇവയെ തന്റെ കാലക്കേടായും ദുശകുനമായും കാണുകയും പിശാചിന്റെ വഴിയില്‍ പോവുകയും ചെയ്യുന്നു. എന്നാല്‍ വിശ്വാസി അവയെ സ്രഷ്ടാവിന്റെ പരീക്ഷണങ്ങളായി ഉള്‍കൊള്ളുന്നു. അവയെ ക്രിയാത്മകമായി കണ്ട് തന്റെ നാഥന്റെ വിധിയില്‍ തൃപ്തിയടയുന്നു. മാത്രമല്ല ഇത്തരം പ്രയാസങ്ങള്‍ വിശ്വാസിയുടെ ജീവിതത്തില്‍ ധാരാളം സല്‍ഫലങ്ങളുണ്ടാക്കുകയും ചെയ്യും.

ഈ സല്‍ഫലങ്ങളില്‍ സുപ്രധാനമായ ഒന്നാണ്, ഇത്തരം കാര്യങ്ങളുണ്ടാകുമ്പോള്‍ വിശ്വാസി അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കും എന്നത്. അല്ലാഹുവിന്റെ മുമ്പില്‍ കൂടുതല്‍ വിനയാന്വിതനാകാനും അവന് കീഴ്‌വണങ്ങാനും വിശ്വാസി സന്നദ്ധനാകും. അല്ലാഹുവിലേക്ക് മടങ്ങുന്നതോടെ അവന്റെ മനസ്സിന് സമാധാനം ലഭിക്കുകയും അവര്‍ണനീയമായ സന്തോഷവും ആഹ്ലാദവും ഹൃദയത്തില്‍ പൂത്തുലയുകയും ചെയ്യുന്നു.
ഐഹിക ജീവിതത്തിന്റെ നൈമിഷികതയും നിസ്സാരതയും സ്വയം ബോധ്യപ്പെടുന്നു എന്നതാണ് വിശ്വാസിക്ക് ഇത്തരം പ്രതിസന്ധികള്‍ നേരിടുന്നതിലൂടെ ലഭിക്കുന്ന മറ്റൊരു ഫലം. ഈ യാഥാര്‍ഥ്യം ബോധ്യമാകുന്നതോടെ ഐഹികവിഭവങ്ങള്‍ ഉപേക്ഷിക്കാനും പരലോകത്തിന് വേണ്ടി ക്ഷമിക്കാനും കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകാനും അവന്് സാധിക്കും. പരലോകം ശാശ്വതവും ഉത്തമവുമാണെന്നും അതില്‍ ഒരു ദുഖവും പ്രയാസവും ഇല്ലെന്നും അവര്‍ തിരിച്ചറിയുന്നു. അല്ലാഹു ഉണര്‍ത്തുന്നു: ‘അവര്‍ പറയും: ‘ഞങ്ങളില്‍ നിന്ന് ദുഃഖമകറ്റിയ അല്ലാഹുവിനു സ്തുതി. ഞങ്ങളുടെ നാഥന്‍ ഏറെ പൊറുക്കുന്നവനാണ്; വളരെ നന്ദിയുള്ളവനും. ‘തന്റെ അനുഗ്രഹത്താല്‍ നമ്മെ നിത്യവാസത്തിനുള്ള വസതിയില്‍ കുടിയിരുത്തിയവനാണവന്‍. ഇവിടെ ഇനി നമ്മെ ഒരുവിധ പ്രയാസവും ബാധിക്കുകയില്ല. നേരിയ ക്ഷീണംപോലും നമ്മെ സ്പര്‍ശിക്കില്ല.’ (35:34,35)

തനിക്ക് ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പിന്നില്‍ അല്ലാഹുവിന്റെ അതിമഹത്തായ ഒരു യുക്തിയുണ്ടാകുമെന്ന് വിശ്വാസി കരുതുന്നു. തല്‍ഫലമായി തന്നെകുറിച്ച് കൂടുതലറിയുന്ന ശക്തിയില്‍നിന്നും ഉണ്ടാകുന്ന പരീക്ഷണങ്ങളെ വളരെ ക്രിയാത്മകമായി കൈകാര്യം ചെയ്യാന്‍ അവന്ന് സാധിക്കുന്നു. നല്ലരീതിയില്‍ കൈകാര്യം ചെയ്യുന്ന പക്ഷം ദുഖവും പ്രയാസങ്ങളും വിശ്വാസിയുടെ ജീവിതത്തിന്റെ പലമേഖലകളിലും ക്രിയാത്മകമായ സ്വാധീനമാണുണ്ടാക്കുക. അവയില്‍ ചിലതാണ് താഴെ:
1) വിശ്വാസവും സല്‍കര്‍മങ്ങളും അധികരിക്കും. അല്ലാഹു പറയുന്നു: ‘പുരുഷനോ സ്ത്രീയോ ആരാവട്ടെ. സത്യവിശ്വാസിയായിരിക്കെ സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിശ്ചയമായും നാം മെച്ചപ്പെട്ട ജീവിതം നല്‍കും. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റം ഉത്തമമായതിന് അനുസൃതമായ പ്രതിഫലവും നാമവര്‍ക്ക് കൊടുക്കും.’ (16:97) വിശ്വസിക്കുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക് ഉത്തമമായ ജീവിത സാഹചര്യങ്ങള്‍ നല്‍കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. അതുകൊണ്ട് അവന്‍ ജീവിതത്തില്‍ എന്ത് സംഭവിച്ചാലും അത് നല്ലതിനാണെന്ന് മനസ്സിലാക്കുന്നു. പ്രവാചകന്‍ പഠിപ്പിക്കുന്നത് കാണുക: ‘വിശ്വാസിയുടെ കാര്യം അല്‍ഭുതം തന്നെ. അവന് എല്ലാ കാര്യങ്ങളും നന്മയാണ്. വിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും ഈ അനുഗ്രഹം ലഭിക്കുകയില്ല. അവന് ഒരു സന്തോഷമുണ്ടാവുകയാണെങ്കില്‍ അവന്‍ അതിന് നന്ദി കാണിക്കും, അത് അവന് നന്മയാണ്. ഇനി പ്രയാസം ബാധിക്കുകയാണെങ്കില്‍ അവന്‍ ക്ഷമിക്കും, അതും അവന് നന്മയാണ്.’

2) തനിക്ക് ലഭിക്കാന്‍ പോകുന്ന മഹത്തായ പ്രതിഫലങ്ങളെയും സൗഭാഗ്യങ്ങളെയുംകുറിച്ച ആനന്ദമാണ് മറ്റൊരു നേട്ടം. ഇഹലോകത്ത് തന്നെ ബാധിച്ച പ്രശ്‌നങ്ങളുടെ മേല്‍ ക്ഷമിച്ചതിനും അനുസരണത്തില്‍ നിലയുറപ്പിച്ചതിനും തനിക്ക് ലഭിക്കാന്‍ പോകുന്ന സ്വര്‍ഗം അവനെ എല്ലാം സഹിക്കാന്‍ പ്രാപ്തനാക്കുന്നു. പ്രവാചകന്‍ പഠിപ്പിക്കുന്നു: ‘ഒരു മുസ്‌ലിമിനെയും ക്ഷീണവും വിഷമവും പ്രശ്‌നവും ദുഖവും ഉപദ്രവവും മനപ്രയാസവും ബാധിക്കുന്നില്ല, അല്ലാഹു അവന്റെ പാപം അവകൊണ്ട് പൊറുത്തുകൊടുത്തിട്ടല്ലാതെ. അവന്റെ കാലില്‍ തറക്കുന്ന മുള്ളുപോലും അവന്റെ പാപം മായ്ച്ചുകളയുന്നു.’ (ബുഖാരി, മുസ്‌ലിം) മറ്റൊരു നിവേദനത്തിലുള്ളത് ‘ഒരു മുസ്‌ലിമിന്റെ കാലില്‍ തറക്കുന്ന മുള്ള് അല്ലെങ്കില്‍ അതിലും ചെറിയ ഉപദ്രവം പോലും അവന്റെ പദവിയെ ഉയര്‍ത്തുകയും പാപങ്ങള്‍ പൊറുക്കുകയും ചെയ്യും’ (മുസ്‌ലിം).
അപ്പോള്‍ ഒരു വിശ്വാസിയെ എന്തെങ്കിലും പ്രശ്‌നമോ പ്രയാസമോ ബാധിക്കുകയാണെങ്കില്‍ അവന്‍ മനസ്സിലാക്കുക തന്റെ പാപങ്ങള്‍ പൊറുക്കപ്പെടുകയും നന്മകള്‍ വര്‍ദ്ധിപ്പിക്കപ്പെടുകയും ചെയ്യുമെന്നാണ്. ഒരു പൂര്‍വ്വസൂരി പറഞ്ഞു: ‘ജീവിതത്തില്‍ പ്രശ്‌നങ്ങളും പ്രയാസങ്ങളും ഇല്ലായിരുന്നെങ്കില്‍ ഒന്നുമില്ലാത്തവരായി അല്ലാഹുവിനെ കണ്ടുമുട്ടേണ്ടി വരുമായിരുന്നു.’ പുതുതലമുറ നേട്ടങ്ങളുണ്ടാകുമ്പോള്‍ സന്തോഷിക്കുന്നതുപോലെ പൂര്‍വികര്‍ പരീക്ഷണങ്ങളുണ്ടാകുമ്പോഴായിരുന്നു സന്തോഷിച്ചിരുന്നത്.

3) പരീക്ഷണങ്ങളിലൂടെ വിശ്വാസിക്ക് ദുനിയാവിന്റെ യാഥാര്‍ഥ്യം മനസ്സിലാകുന്നു. ഇഹലോകം നശ്വരമാണെന്നും വിഭവങ്ങള്‍ പരിമിതമാണെന്നും അതിലെ ആനന്ദം താല്‍ക്കാലികമാണെന്നും അവന്‍ തിരിച്ചറിയുന്നു. ഇഹലോകം നമ്മെ കുറച്ച് ചിരിപ്പിച്ചാല്‍ കൂടുതല്‍ കരയിപ്പിക്കുകയാണ് ചെയ്യുക, കുറച്ച് സന്തോഷിപ്പിച്ചാല്‍ കൂടുതല്‍ ദുഖിപ്പിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു: ‘ആ ദിനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ നാം മാറ്റിമറിച്ചുകൊണ്ടിരിക്കും.’ (3:140) പ്രാവാചകന്‍ പഠിപ്പിച്ചു: ‘ഐഹിക ജീവിതം വിശ്വാസിയുടെ ജയിലും നിഷേധിയുടെ സ്വര്‍ഗവുമാണ്.’ (മുസ്‌ലിം)
ഇത് പ്രശ്‌നങ്ങളുടെയും പ്രയാസങ്ങളുടെയും വീടാണ്. അതുകൊണ്ട് മരണത്തിന് ശേഷമുള്ള ലോകത്താണ് വിശ്വാസിക്ക് വിശ്രമിക്കാന്‍ സാധിക്കുക. ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: ‘ചിലരുടെ മരണം ആശ്വാസമാണ്. മറ്റ് ചിലരുടെ മരണം മറ്റുള്ളവര്‍ക്ക് ആശ്വാസമാണ്.’ സഹാബികള്‍ ചോദിച്ചു: പ്രവാചകരെ, താങ്കളെന്താണ് ഉദ്ദേശിച്ചത്? പ്രവാചകന്‍ വിശദീകരിച്ചു: ‘വിശ്വാസി മരണത്തോടെ ജീവിതത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് മടങ്ങുന്നു. അത് അവന്ന് ആശ്വാസമാണ്. എന്നാല്‍ അവിശ്വാസി മരിക്കുന്നതോടെ ഭൂമിയിലുള്ള അല്ലാഹുവിന്റെ അടിമകളും നാടും മരങ്ങളും മൃഗങ്ങളുമെല്ലാം അവന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടുന്നു. അവര്‍ക്കെല്ലാം അത് ആശ്വാസമാണ്.’

4) ഐഹിക കാര്യങ്ങളിലുള്ള അമിതമായ ആഗ്രഹങ്ങളും തിരക്കുകളും മനസ്സിനെ തളര്‍ത്തുകയും ശക്തി ക്ഷയിപ്പിക്കുകയും ചെയ്യും. എന്നാല്‍ പരലോകമാണ് ഒരാളുടെ മുഖ്യലക്ഷ്യമെങ്കില്‍ അയാളുടെ ശക്തിയും മനക്കരുത്തും അല്ലാഹു വര്‍ദ്ധിപ്പിക്കും. പ്രവാചകന്‍ പറഞ്ഞു: ‘ആരുടെ മുഖ്യപരിഗണന പരലോകത്തിനാകുന്നുവോ അല്ലാഹു അവന്റെ ഹൃദയത്തില്‍ ഐശ്വര്യം നിറക്കും. അവന് ശക്തിയും കരുത്തും അല്ലാഹു ശേഖരിച്ച് നല്‍കും. അവന്ന് അനുഗ്രഹമായി ഐഹിക സൗഭാഗ്യങ്ങളും നല്‍കപ്പെടും. ആരുടെ മുഖ്യപരിഗണന ഇഹലോകത്തിനാകുന്നുവോ അവന്റെ കണ്‍മുമ്പില്‍ അല്ലാഹു ദാരിദ്ര്യം നിറക്കും. അവന്റെ ശക്തി അല്ലാഹു ചോര്‍ത്തിക്കളയും. വളരെ പരിമിതമായ ഐഹിക വിഭവങ്ങള്‍ മാത്രമേ അവന്് നല്‍കപ്പെടുകയുള്ളൂ.’ (തിര്‍മിദി)

5) എല്ലാ പ്രശ്‌നങ്ങളും പ്രയാസങ്ങളും തരണം ചെയ്യാനുള്ള സുപ്രധാനമായ വഴി പ്രാര്‍ഥനയാണ്. അല്ലാഹു പറയുന്നു: ‘എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാല്‍ പറയുക: ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം.’ (2:186) പ്രാവാചകന്‍ എപ്പോഴും പ്രശ്‌നങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും രക്ഷപ്പെടുത്താന്‍ അല്ലാഹുവോട് പ്രാര്‍ഥിക്കാറുണ്ടായിരുന്നു. പ്രവാചകന്റെ ഒരു പ്രാര്‍ഥന അനസ് (റ) ഉദ്ധരിക്കുന്നു: ‘അല്ലാഹുവേ! പ്രയാസങ്ങളില്‍ നിന്നും ദുഖങ്ങളില്‍ നിന്നും ദൗര്‍ബല്യങ്ങളില്‍ നിന്നും അലസതയില്‍ നിന്നും ലുബ്ദില്‍ നിന്നും ഭീരുത്വത്തില്‍ നിന്നും കടം കയറുന്നതില്‍ നിന്നും ആളുകളാല്‍ അതിജയിക്കപ്പെടുന്നതില്‍ നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു.’ (ബുഖാരി)
മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: ‘പ്രയാസപ്പെടുന്നവന്റെ പ്രാര്‍ഥനയിതാണ്: അല്ലാഹുവേ! നിന്റെ കാരുണ്യത്തെ ഞാന്‍ പ്രതീക്ഷിക്കുന്നു. കണ്ണിമവെട്ടുന്ന നേരം പോലും എന്റെ കാര്യം നീ എന്നെ ഏല്‍പിക്കരുതേ. എന്റെ എല്ലാ കാര്യങ്ങളും നന്നാക്കണേ, നീയല്ലാതെ ഇലാഹില്ല.’ (അബൂദാവൂദ്)

6) ഇഹലോക ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് അല്ലാഹുവില്‍ ഭരമേല്‍പ്പിക്കല്‍ (തവക്കുല്‍). അല്ലാഹു പറയുന്നു: ‘എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുന്നവന് അല്ലാഹു തന്നെ മതി. അല്ലാഹു അവന്റെ കാര്യം നിറവേറ്റുക തന്നെ ചെയ്യും. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും ഒരു ക്രമം നിശ്ചയിച്ചിട്ടുണ്ട്.’ (65:3)

7) ചിന്തിച്ച് പാഠമുള്‍കൊണ്ട് ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് മനസ്സിന്റെ പ്രശ്‌നങ്ങളും പ്രയാസങ്ങളും തരണം ചെയ്യാന്‍ സഹായിക്കും. ഖുര്‍ആന്‍ പാരായണമെന്നത് ഹൃദയത്തിന്റെ വസന്തവും മനസ്സിന്റെ വെളിച്ചവും ആത്മാവിന്റെ തെളിച്ചവുമാണ്. ദുഖങ്ങളും വിഷമങ്ങളും മാറ്റാനും ശരീരത്തിന്റെയും ഹൃദയത്തിന്റെയും രോഗങ്ങള്‍ ഇല്ലാതാക്കാനും ഖുര്‍ആന്‍ പാരായണം സഹായിക്കും. അല്ലാഹു പറയുന്നു: ‘നാം ഇതിനെ അറബിയല്ലാത്ത മറ്റേതെങ്കിലും ഭാഷയിലെ ഖുര്‍ആന്‍ ആക്കിയിരുന്നുവെങ്കില്‍ അവര്‍ പറയുമായിരുന്നു: ‘എന്തുകൊണ്ട് ഇതിലെ വചനങ്ങള്‍ വ്യക്തമായി വിശദമാക്കപ്പെടുന്നില്ല? ഗ്രന്ഥം അനറബിയും പ്രവാചകന്‍ അറബിയുമാവുകയോ?’ പറയുക: സത്യവിശ്വാസികള്‍ക്ക് ഇത് വ്യക്തമായ വഴികാട്ടിയാണ്. ഫലവത്തായ ശമനൗഷധവും. വിശ്വസിക്കാത്തവര്‍ക്കോ, അവരുടെ കാതുകളുടെ കേള്‍വി കെടുത്തിക്കളയുന്നതാണ്. കണ്ണുകളുടെ കാഴ്ച നശിപ്പിക്കുന്നതും. ഏതോ വിദൂരതയില്‍ നിന്നു വിളിക്കുന്നതുപോലെ അവ്യക്തമായ വിളിയായാണ് അവര്‍ക്കനുഭവപ്പെടുക.’ (41:44) ‘ഈ ഖുര്‍ആനിലൂടെ നാം, സത്യവിശ്വാസികള്‍ക്ക് ആശ്വാസവും കാരുണ്യവും നല്‍കുന്ന ചിലത് ഇറക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ അതിക്രമികള്‍ക്കിത് നഷ്ടമല്ലാതൊന്നും വര്‍ധിപ്പിക്കുന്നില്ല.'(17:82)
ആരെങ്കിലും ചിന്തിച്ചും മനനംചെയ്തും ഖുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ അത് അവന്റെ മനപ്രയാസവും പ്രശ്‌നങ്ങളും ഇല്ലാതാക്കും. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസം സ്വീകരിക്കുകയും ദൈവസ്മരണയാല്‍ മനസ്സുകള്‍ ശാന്തമാവുകയും ചെയ്യുന്നവരാണവര്‍. അറിയുക: ദൈവസ്മരണകൊണ്ട് മാത്രമാണ് മനസ്സുകള്‍ ശാന്തമാകുന്നത്.’ (13:28)

വിവ: ജുമൈല്‍ കൊടിഞ്ഞി

Related Articles