Current Date

Search
Close this search box.
Search
Close this search box.

ഹജ്ജിന് പകരം ഹജ്ജ് മാത്രം

നാഥാ, ഞാനിതാ ഹാജരായിരിക്കുന്നു

പരിശുദ്ധ ഹജ്ജ് കർമ്മമെന്ന ലോക മുസ്ലിം സമ്മേളനത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. നാലായിരത്തിലേറെ സംവത്സരങ്ങൾ മുമ്പ് യുഗപുരുഷനായ ഇബ്രാഹിം നബി( അബ്രഹാം ) വിളംബരം ചെയ്ത ഈ മഹത് സമ്മേളനം ഇസ്ലാമിന്റെ വിപ്ലവാത്മകമായ വ്യാപനം കൂടുതലായി സുസാധ്യമാക്കുന്നതോടൊപ്പം അതാത് കാലങ്ങളിൽ മുസ്ലിം ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും സങ്കീർണതകളും കുറെയൊക്കെ പരിഹൃതമാക്കാനുള്ള സാധ്യതകളും സാഹചര്യവും ഒരുക്കുകയും ചെയ്യുന്നുണ്ട്. ഓരോ നാട്ടിലും ഭരണകൂടം മൂടിവെക്കുന്ന പലകാര്യങ്ങളും നിശബ്ദമായി ലോകമുസ്ലിങ്ങൾ പരസ്പരം കൈമാറാനും അത്യാവശ്യം ആലോചനങ്ങൾ നടക്കാനും പ്രാർഥനകൾ നടക്കാനും ഹജ്ജ് വേദിയാകും.

എട്ട് ദശകത്തോളം മുസ്ലിം ലോകത്തെ അങ്ങേയറ്റം വേദനിപ്പിക്കുന്ന ഫലസ്തീൻ പ്രശ്നം വളരെയേറെ സങ്കീർണമായി രൂക്ഷത പ്രാപിച്ചിരിക്കുകയാണ്. മാസങ്ങളായി വളരെയേറെ പ്രയാസപ്പെട്ട് കഴിയുന്ന ഒരു ദുർബല സമൂഹത്തെ ഉന്മൂലനം ചെയ്യാൻ അമേരിക്കയും ഇസ്രായേലും സകല മാർഗേനയും നിർത്താതെ നിഷ്ടൂരം യജ്ഞിക്കുകയാണ്; അറബ് മുസ്ലിം നാടുകൾ ഒരുതരം നിസ്സംഗതയിൽ സ്തംഭിച്ചു നിൽക്കുകയുമാണ്.

വിവിധ ദേശങ്ങളിൽ നിന്നുള്ള ചിന്താശീലരായ മുസ്ലിം സഹോദരങ്ങൾ ഇത്തരം കാര്യങ്ങളെപ്പറ്റി ആശയവിനിമയം നടത്താനും പ്രാർത്ഥിക്കാനും പരിഹാര സാധ്യതകൾ ആരായാനുമൊക്കെ ഹജ്ജ് സമ്മേളനം വേദി ആകേണ്ടതുണ്ട്. രണ്ടു/മൂന്നു മാസക്കാലം ലോകമുസ്ലിങ്ങളുടെ പരിച്ഛേദം ലോക മുസ്ലിങ്ങളുടെ തലസ്ഥാനത്ത് പ്രാർത്ഥനാപൂർവ്വം കൂടിച്ചേരുമ്പോൾ മുസ്ലിം ലോകം അതിനെ പ്രതീക്ഷാപൂർവ്വം കാത്തിരിക്കും. കൂടാതെ മ്യാന്മാർ, ഉയിഗുർ കാശ്മീർ തുടങ്ങിയ നിരവധി നാടുകളിലെ മുസ്ലിം പ്രശ്നങ്ങൾ ഉൾപ്പെടെ പലതിന്റെയും വിശദാംശങ്ങൾ പങ്കുവെക്കപ്പെടും.

മുസ്ലിം ലോകത്തിന്റെ വിശ്വവ്യക്തിത്വവും അതിജീവന ക്ഷമതയും ഉറപ്പുവരുത്തുന്ന സുപ്രധാന സമ്മേളനത്തിലേക്ക് മൂന്ന് ദശ ലക്ഷത്തോളം വിവിധ നാടുകളിലെ വ്യക്തികളെത്തും. മുസ്ലിം ഭരണാധികാരികൾ, ഒ.ഐ.സി, ജി.സി.സി തുടങ്ങിയ വേദികളുടെ നേതൃത്തങ്ങളും ഉണ്ടാകും. മുസ്ലിം വേൾഡ് ലീഗ് ( റാബിത്തത്തുൽ ആലമിൽ ഇസ്ലാമി)ന്റെ ആസ്ഥാനവും മക്കയാണ്. ഫലത്തിൽ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ഈ ആഗോള സംഗമത്തെ സവിഷദം പഠിക്കുന്നതിൽ പലരും വേണ്ടത്ര ശ്രദ്ധിക്കുന്നില്ല.

ഒരു അനുഷ്ഠാനം അല്ലെങ്കിൽ ആരാധന എന്ന നിലയ്ക്കുപരി പല മാനങ്ങളുള്ള ഈ സംഗമം വർഷംതോറും വളരെ സജീവമായി നടക്കുമ്പോൾ അത് ലോകത്തിന് നൽകുന്ന സൽഫലങ്ങൾ പലതാണ്. എല്ലാ വൈവിധ്യങ്ങൾക്കും ഉപരി ആഗോളതലത്തിലും ആദർശാടിസ്ഥാനത്തിലും ഉണ്ടാകുന്ന ഉദാത്തവും ഉൾക്കരുത്താറുന്നതുമായ ഉദ്ഗ്രഥനം വളരെ ഉൽകൃർഷ്ടമാണ്.

മൂന്ന് ദശലക്ഷത്തോളം വിവിധ നാട്ടുകാരായ ആളുകൾ ആഴ്ചകളോളം കഴിഞ്ഞു കൂടുമ്പോൾ മക്കയെന്ന മാതൃകാപട്ടണം (Model City) വളരെയേറെ വൃത്തിയോടെ ശാന്തിയോട് നിലകൊള്ളുന്നുണ്ട്. ഇസ്ലാമിന്റെ നന്മകളെയും മേന്മകളെയും പ്രഘോഷണം ചെയ്തുകൊണ്ടും ഉദാത്തവും ഉൽകൃഷ്ടവുമായ ഉദ്ഗ്രഥനഗീതം ഉദ്ഗാനം ചെയ്തുകൊണ്ടും മക്ക തല ഉയർത്തി നിൽക്കുന്നുണ്ട്. ” മക്കയിലേക്കുള്ള പാത”(Road to Mecca) അതീവ സുന്ദരവും സുഗമവുമാണെന്ന് വസ്തുത ഗ്രഹിക്കാൻ ഹജ്ജിനെ കൂടി വിശകലനം ചെയ്ത് ഗ്രഹിക്കേണ്ടതുണ്ട്. ആയതു വളരെ ചുരുങ്ങിയ രൂപത്തിൽ മനസ്സിലാക്കാനുള്ള ചെറിയൊരു ശ്രമമാണ് ഈ കുറിപ്പ്.

മാനവതയുടെ ആദിമതവും പ്രകൃതി മതവുമായ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങൾ പരസ്പര ബന്ധിതവും പരസ്പര പൂരകവുമാണ്. വിശുദ്ധ ഹജ്ജ് കര്‍മം അഞ്ചാമത്തേതായത് എല്ലാവരും അതനുഷ്ഠിക്കേണ്ടതില്ല, അനുഷ്ഠിക്കുന്നവര്‍ തന്നെ എല്ലായ്പ്പോഴും അനുഷ്ഠിക്കേണ്ടതില്ല എന്നതിനാലാണ്. അടിമുടി സാമൂഹികതയിലധിഷ്ഠിതമായ ഇസ്ലാമിന്റെ അനുഷ്ഠാനങ്ങളുടെ പ്രയോജനം അനുഷ്ഠിക്കുന്നവര്‍ക്കു മാത്രമല്ല, മറ്റുള്ളവര്‍ക്കും പ്രത്യക്ഷമായും പരോക്ഷമായും ലഭ്യമാകുമെന്നതാണ് വസ്തുത. ലോകം ഒരു ഗ്രാമം കണക്കെ ആഗോളവത്കൃതമായ ഇക്കാലത്ത് ഹജ്ജിന് ബഹുമുഖ പ്രയോജനങ്ങളുണ്ട്. ഹജ്ജും ഉംറയും ഇന്ന് സാര്‍വത്രികമായിരിക്കുകയാണ്. കൂടാതെ ദൃശ്യമാധ്യമങ്ങളിലൂടെ ലോകത്തെല്ലാവര്‍ക്കും ഹജ്ജ് കർമം കാണാനും സാധിക്കുന്നുണ്ട്. ആകയാല്‍ ഹജ്ജിന്റെ ബഹുമുഖ സദ്ഫലങ്ങള്‍ വളരെ വ്യാപകമാവേണ്ടതുണ്ട്. ഹജ്ജിന്റെ മഹത് സന്ദേശം സര്‍വര്‍ക്കും അനുഭവവേദ്യമാകേണ്ടതുമുണ്ട്.

ഹജ്ജിനെ വിലയിടിച്ചു കാണാനും ഇകഴ്ത്താനും മതവിരുദ്ധരും ഭൗതികവാദികളും പല മാര്‍ഗേണ ശ്രമിക്കാറുണ്ട്. ‘എന്തിനാണ് പുണ്യം തേടി അങ്ങോട്ട് പോകുന്നത്? ഇവിടെയൊന്നും പുണ്യമില്ലേ?’ എന്നിങ്ങനെ ഹജ്ജിന് പോകുന്നവരെ പരിഹസിക്കുന്നതും, കഥകളിലും നാടകങ്ങളിലും സിനിമകളിലും മറ്റും ‘ഹാജി’യെ ദുഷ്ട കഥാപാത്രമായി അവതരിപ്പിക്കുന്നതും ഇസ്ലാം വിരോധത്താലാണ്. ഒറ്റപ്പെട്ട ചില ഹാജിമാരെ മുന്‍നിര്‍ത്തി, ഉള്ളതും ഇല്ലാത്തതും കൂട്ടിക്കലര്‍ത്തി കുപ്രചാരണം നടത്തുന്നവര്‍ മനസ്സിലാക്കേണ്ടത്, അങ്ങനെ വല്ലവരും ഉണ്ടെങ്കില്‍ അവരങ്ങനെ ആയിത്തീര്‍ന്നത് ഒരിക്കലും ഹജ്ജ് കാരണമായിട്ടല്ല. ഹജ്ജ് ലക്ഷക്കണക്കിന് ആളുകളിലുണ്ടാക്കിയ/ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന നന്മകളോടുള്ള അഭിനിവേശത്തെ കാണാനോ അറിയാനോ ഒട്ടും മിനക്കെടാതെ ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ചും വക്രീകരിച്ചും കുപ്രചാരണം നടത്തുന്നവര്‍ ഇസ്ലാമിന്റെ ഒരു പ്രമുഖ സ്തംഭത്തെയും അതുവഴി ഇസ്ലാമിനെയും അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്.

ഹജ്ജിന് പകരം ഹജ്ജേ ഉള്ളൂ. അതിലൂടെ ആര്‍ജിക്കാവുന്ന പുണ്യവും നന്മയും മറ്റൊന്നിലൂടെ ലഭ്യമാകില്ല. ആകയാല്‍ ഹജ്ജിന് പകരം മറ്റേതെങ്കിലും പുണ്യകര്‍മം അനുഷ്ഠിച്ചാല്‍ ഒരിക്കലും മതിയാകില്ല. ഹാജിമാര്‍ക്ക് സ്നേഹാദരപൂര്‍വം യാത്രയയപ്പ് നല്‍കുന്നതും മറ്റും സമ്പന്നരെ ആദരിക്കലായി ചിത്രീകരിക്കുന്നവര്‍ കമ്യൂണിസ്റ്റ് ചിന്ത ഉണ്ടാക്കുന്ന അസൂയ എന്ന മാരക മാനസിക രോഗം ബാധിച്ചവരാണ്.

വാസ്തവത്തില്‍ ഹാജിമാര്‍ ത്യാഗപൂര്‍വം പോകുന്നിടത്തോടുള്ള (മക്കയും പരിസരവും) വൈകാരിക ബന്ധവും ആദരവുമാണ് ഹജ്ജ് യാത്രയയപ്പുകളുടെയും മറ്റും പ്രേരകം. ”ആരെങ്കിലും അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിക്കുന്നെങ്കില്‍ അത് ഖല്‍ബുകളുടെ തഖ് വാ ഗുണത്തില്‍പെട്ടതാകുന്നു”(22:32), ”തീര്‍ച്ചയായും സഫയും മര്‍വയും അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാകുന്നു” (അല്‍ബഖറ), ”അവിടെ (കഅ്ബാലയ പരിസരങ്ങളില്‍) സുവ്യക്തമായ- ചിന്തോദ്ദീപകമായ- ഒട്ടേറെ ദൃഷ്ടാന്തങ്ങളുണ്ട്” (3: 97), ”ഹജ്ജ് പ്രപഞ്ചനാഥനോടുള്ള ബാധ്യതയാണ്” (3: 97), ഇബ്്റാഹീം നബി (അ) മുഖേന അല്ലാഹു നടത്തിയ ആഹ്വാനത്തിനുള്ള (22:27) ഉത്തരമാണ് ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്’ (തമ്പുരാനേ, അടിയന്‍ ഇതാ ഹാജരായിരിക്കുന്നു) എന്ന തൽബിയത്.

കഅ്ബാലയവും അത് നിലകൊള്ളുന്ന മക്കയും ഹാജിമാരുടേത് മാത്രമല്ല, മറിച്ച് ലോകത്തെങ്ങുമുള്ള സര്‍വരുടേതുമാണ് (കഅബാലയാതെ വിശുദ്ധ ഖുർആൻ മാനവിക വിഭവനയോട് കൂടിയാണ് പരിചയപ്പെടുത്തിയത്; 2:125,3:96) . ആഗോള മുസ്ലിംകള്‍ കഅ്ബക്കഭിമുഖമായിട്ടാണ് പഞ്ച നേരങ്ങളില്‍ സദാ (ആജീവനാന്തം) പ്രാര്‍ഥിക്കുന്നത്. മരിച്ചാല്‍ ഖബ്റില്‍ അങ്ങോട്ട് മുഖം തിരിച്ചിട്ടാണ് കിടത്തുന്നത്. ആഗോള മുസ്ലിംകള്‍ കഅ്ബാലയവുമായി ഗാഢബന്ധം പുലര്‍ത്തുന്നവരാണ്/ പുലര്‍ത്തേണ്ടവരുമാണ്. ഹജ്ജിനായി തുടര്‍ച്ചയായി മൂന്നു മാസങ്ങള്‍ (ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹര്‍റം) യുദ്ധ നിരോധിത പാവന മാസങ്ങളായി ഇസ്ലാം നിര്‍ണയിച്ചത് മക്കയില്‍ മാത്രമല്ല, പ്രത്യുത ലോകത്തെല്ലായിടത്തേക്കുമാണ്. ഇത് ഹജ്ജ് അനുഷ്ഠിക്കുന്നവര്‍ക്ക് മാത്രമല്ല, ലോകത്തെങ്ങുമുള്ള സകല മുസ്ലിംകള്‍ക്കുമാണ്. ദുല്‍ഹജ്ജിലെ ആദ്യത്തെ ദശദിനങ്ങള്‍ വളരെ ശ്രേഷ്ഠതയുള്ള ദിവസങ്ങളാണ്. ഇത് ഹാജിമാര്‍ക്ക് മാത്രമല്ല, എല്ലാ സത്യവിശ്വാസികള്‍ക്കുമാണ്.

ബലിപെരുന്നാളിനോടനുബന്ധിച്ച് ബലികര്‍മം ഉദ്ദേശിക്കുന്നവര്‍ പ്രസ്തുത ദശദിനങ്ങളില്‍ ബലിയറുക്കുന്നതു വരെ നഖം വെട്ടാതെ, ക്ഷൗരം ചെയ്യാതെ മക്കയിലെ ഹാജിമാരോട് ഐക്യദാര്‍ഢ്യം പുലര്‍ത്തിക്കൊണ്ട് കഴിയുന്നുണ്ട്. ഹാജിമാര്‍ അറഫയില്‍ സമ്മേളിക്കുമ്പോള്‍ ലോക മുസ്ലിംകള്‍ അതിനോട് ഐക്യദാര്‍ഢ്യം പുലര്‍ത്തിക്കൊണ്ട് വ്രതമനുഷ്ഠിക്കുകയും പ്രാര്‍ഥനാ നിരതരായിക്കഴിയുകയും ചെയ്യുന്നു. ദുൽഹജ്ജ് പത്തിന് തല്‍ബിയത്ത് ( വിശുദ്ധ വിപ്ലവ മുദ്രാവാക്യം) ചൊല്ലി കല്ലെറിയാന്‍ പോയ ഹാജി തക്ബീര്‍ ചൊല്ലി മടങ്ങുമ്പോള്‍ ലോക മുസ്ലിംകളും അവരോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നു.

തുടര്‍ന്ന് അവര്‍ അവിടെ ബലി നടത്തുമ്പോള്‍ ലോകത്തെങ്ങും കോടിക്കണക്കിന് വിശ്വാസികള്‍ ബലി നിര്‍വഹിച്ചുകൊണ്ട് ഹജ്ജിനോടും ഹാജിമാരോടും ചേര്‍ന്നുനില്‍ക്കുന്നു. ഹാജിമാര്‍ തക്ബീര്‍ ആലപിച്ച് മൂന്നു നാള്‍ (11,12,13) മിനായില്‍ കഴിച്ചുകൂട്ടുമ്പോള്‍ ലോക മുസ്ലിംകള്‍ ഭക്തിപൂര്‍വം തക്ബീര്‍ ധാരാളമായി മുഴക്കി മൂന്നു ദിവസവും അതിനോട് ചേര്‍ന്നുനില്‍ക്കുന്നു. ഹാജിമാര്‍ നമുക്കു വേണ്ടി പ്രാര്‍ഥിക്കുന്നു. നമ്മള്‍ ഹാജിമാര്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കുന്നു. ഹജ്ജനുഷ്ഠിക്കാത്തവരെല്ലാവരും അറഫ നോമ്പനുഷ്ഠിച്ചും ബലി നടത്തിയും തക്ബീര്‍ ചൊല്ലിയും ഹജ്ജിനോട് ചേര്‍ന്നുനില്‍ക്കുകയാണ്. ആകയാല്‍ ഹജ്ജ് എല്ലാവരുടേതുമാണ്. അതിന്റെ ബഹുമുഖ നന്മകള്‍ സകല മനുഷ്യർക്കും പ്രത്യക്ഷമായും പരോക്ഷമായും സിദ്ധിക്കുന്നതാണ്.

ഹജ്ജ് ആഗോള മുസ്ലിം സമ്മേളനമാണ്. വിശ്വമതമായ ഇസ്ലാം ഇതുവഴി വിശ്വപൗരന്മാരെയാണ് വാര്‍ത്തെടുക്കുന്നത്. ദേശ- ഭാഷാ- വര്‍ണ- വര്‍ഗ വിഭാഗീയതകള്‍ക്കതീതമായി വിശുദ്ധവും വിശാലവുമായ ഉത്തമ വീക്ഷണം പുലര്‍ത്തുന്ന വിശ്വ പൗരന്മാര്‍ വഴി ഉദാത്തമായ ഉദ്ഗ്രഥനവും സൃഷ്ട്യുന്മുഖമായ ആഗോളീകരണവുമാണ് സുസാധ്യമാകുന്നത്. മനുഷ്യന്‍ ഒരൊറ്റ കുടുംബം, ലോകം ഒരു തറവാട് എന്നതാണതിന്റെ പൊരുള്‍.

ഹജ്ജ് ഒരിക്കലേ നിര്‍ബന്ധമുള്ളൂ. എന്നാല്‍, ഒന്നിലേറെ ഹജ്ജ് ചെയ്യാന്‍ പാടില്ല എന്ന് വിലക്കൊന്നുമില്ല. ഹജ്ജിനെ ടൂറിസമോ പിക്നിക്കോ ആക്കാന്‍ പാടില്ല. മറ്റു ബാധ്യതകളൊന്നും മര്യാദക്ക് നിര്‍വഹിക്കാതെ അടിക്കടി ഹജ്ജിന് പോകുന്നത് തികച്ചും അനഭിലഷണീയമാണ്. വിശിഷ്യാ, വളരെയേറെ പേര്‍ക്ക് ഫർദായ (നിര്‍ബന്ധം) ഹജ്ജ് ചെയ്യാന്‍ പോലും അവസരം കിട്ടാതെ പോകുന്ന, മക്കയിലും പരിസരത്തും അസാധാരണമാം വിധം തിക്കും തിരക്കും വര്‍ധിച്ച ചുറ്റുപാടില്‍.

എന്നാല്‍, മുന്‍ഗാമികളായ ധാരാളം പേര്‍ ഒന്നിലേറെ ഹജ്ജ് ചെയ്തവരാണ്. അന്നാരും അതിനെ വിലക്കിയിട്ടില്ല. പല കാരണങ്ങളാല്‍ ഒന്നിലേറെ ഹജ്ജ് ചെയ്യേണ്ടി വന്നേക്കാം. അങ്ങനെയുള്ളവരെ അന്ധമായി അധിക്ഷേപിക്കുന്നത് ഒട്ടും ശരിയല്ല. താനനുഷ്ഠിച്ച ഹജ്ജില്‍ അപൂര്‍ണത വരും വിധം അബദ്ധങ്ങള്‍ സംഭവിച്ചതിനാല്‍ ഹജ്ജ് വീണ്ടും ചെയ്യേണ്ടി വരുന്നവരുണ്ടാകാം. മാതാപിതാക്കള്‍ക്കു വേണ്ടി ഹജ്ജ് ചെയ്യുന്നവരുണ്ടാകാം. ഭാര്യ, പെങ്ങള്‍ തുടങ്ങിയവരോടൊപ്പം നിര്‍ബന്ധമായും അനുയാത്ര നടത്തേണ്ട നിര്‍ബന്ധാവസ്ഥയില്‍ പോകുന്നവരുണ്ടാകാം.

ചുരുക്കത്തില്‍, ഹജ്ജിനെ നിസ്സാരവല്‍ക്കരിക്കാനും ഹജ്ജിന് പോകുന്നവരെ ശരിക്കും വിലയിരുത്താതെ അടച്ചാക്ഷേപിക്കാനും തുനിയുന്നവര്‍ ഇസ്ലാമിക സൗധത്തിന്റെ സുപ്രധാന സ്തംഭത്തെ തകര്‍ക്കാന്‍ പല മാര്‍ഗേണ യത്നിക്കുന്ന നിര്‍മത- നിരീശ്വര വാദികളുടെ കുപ്രചാരണത്തിന് ഇന്ധനം പകരുകയാണ്.

ഹജ്ജിന്റെ ബഹുമുഖ പ്രയോജനങ്ങൾ വിവരണാതീതമാണ്. ഖുർആനിൽ നമസ്കാരത്തിന്റെയും നോമ്പിന്റെയും സകാത്തിന്റെയും പ്രയോജനങ്ങൾ കൃത്യമായി ഉദ്ധരിക്കുന്നുണ്ട്. നമസ്കാരവുമായി ബന്ധപ്പെട്ട് പറയുമ്പോൾ “നമസ്കാരം നമ്മെ മ്ലേച്ച വൃത്തികളിൽ നിന്നും നീച കർമ്മങ്ങളിൽ നിന്നും തടയുന്നു രക്ഷാകവചമാണെന്ന് ” ഖുർആൻ പറയുന്നുണ്ട്. നോമ്പുമായി ബന്ധപ്പെട്ട് “لعلكم تتقون”( നിങ്ങൾ ദോഷബാധയെ കരുതിയിരിക്കുന്നവരാവാൻ) എന്ന് പറയുന്നത് കാണാം. സക്കാത്തുമായി സംബന്ധിച്ച് സൂറ:തൗബയിൽ “നബിയെ അവരുടെ സമ്പത്തിൽ നിന്ന് നിർബന്ധ ദാനം പിടിച്ചെടുക്കുക, അതുവഴി അവരെ സംസ്കരിക്കാനും ശുദ്ധീകരിക്കാനും” ഇപ്രകാരം നമസ്കാരം, നോമ്പ് സകാത്ത് എന്നിവയുടെയൊക്കെ പ്രയോജനങ്ങളെ മൂർത്തമായ വാക്യങ്ങളിലാണ് ഖുർആൻ പ്രതിപാദിക്കുന്നത്.

എന്നാൽ ഹജ്ജുമായി ബന്ധപ്പെട്ട് പറയുമ്പോൾ “ليشهدوا منافع لهم” അവർക്കുള്ള ബഹുമുഖമായ പ്രയോജനങ്ങൾ നേരിട്ട് അനുഭവിച്ചറിയാൻ എന്നാണ് പറയുന്നത്. ഹജ്ജ് യഥാർത്ഥത്തിൽ അനുഭവിച്ചറിയേണ്ടതാണ്,പറഞ്ഞറിയിക്കാൻ കഴിയുന്നതിലേറെ ഒരുപാട് അനുഭൂതികളും ഗുണപാഠങ്ങളും ഉള്ളതാണ്. എല്ലാവർക്കും ഹജ്ജിൽ ഒരു അനുഭവമല്ല ഉണ്ടാവാറ്,ആളുകളുടെ തയ്യാറെടുപ്പിന് അനുസരിച്ച് ആത്മീയമായ മുന്നൊരുക്കങ്ങൾക്കുനുസരിച്ച് അനുഭവവും അനുഭൂതിയുമൊക്കെ വ്യത്യസ്തമാവാം. ഒന്നിലേറെ ഹജ്ജ് ചെയ്തവർക്ക് ആദ്യം ചെയ്ത ഹജ്ജിൽ നിന്നും വ്യത്യസ്തമായ അനുഭവമാണ് പിന്നെ ചെയ്യുമ്പോൾ കിട്ടുന്നതെന്ന് അനുഭവങ്ങളിൽ നിന്നും അറിഞ്ഞതാണ്.

ആകയാൽ ഹജ്ജിനെ ഒരു ജീവിതാഭിലാഷം കണക്കെ കൊണ്ടു നടക്കുന്നവരും അതിനായി പ്രാർത്ഥിക്കുന്നവരും പ്രയത്നിക്കുന്നവരുമാണ് വിശ്വാസികളിൽ മഹാഭൂരിപക്ഷവും. ഹജ്ജ് ഈ കാലഘട്ടത്തിൽ കുറേക്കൂടി എളുപ്പവും സൗകര്യപ്രദവുമായി മാറിയിട്ടുണ്ട്. അകാരണമായി ഹജ്ജ് നീട്ടിവെക്കുന്നത് തീർത്തും അനഭിലഷണീയമാണന്ന് പണ്ഡിതന്മാർ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ ഹജ്ജിനാവതുണ്ടായിട്ടും അത് അനിശ്ചിത കാലത്തേക്ക് നീട്ടിവെക്കുന്നവരുടെ മേൽ ജിസിയ എന്ന നികുതി ചുമത്തിയാലോ എന്ന് വരെ മഹാനായ ഉമറുൽ ഫാറൂഖ് ഒരു ഘട്ടത്തിൽ ആലോചിച്ചിരുന്നു. ഹജ്ജ് ചെയ്യാൻ ആവതുണ്ടായിട്ടും അത് ചെയ്യാതെ മൃതിയടയുന്നവൻ വിശ്വാസിയല്ലാതെ മരണമടഞ്ഞു കൊള്ളട്ടെ എന്ന് നബി(സ) താക്കീത് ചെയ്തതായും പ്രമാണങ്ങളിൽ കാണാവുന്നതാണ്.

ആകയാൽ ഹജ്ജ് അകാരണമായി നീട്ടി വെക്കരുത്, ആയുസ്സ് എപ്പോഴും അവസാനിക്കാം;. ആരോഗ്യത്തിന് അവിചാരിതമായ രൂപത്തിൽ ക്ഷയം സംഭവിക്കാം. അനിശ്ചിതമായ ഈ ജീവിതത്തിൽ കിട്ടുന്ന ആദ്യ അവസരത്തിൽ തന്നെ ഹജ്ജ് ചെയ്യാനുള്ള ഉത്സാഹം വിശ്വാസികൾ കാണിക്കേണ്ടതുണ്ട്. അതിനു നന്നായി തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. തയ്യാറെടുപ്പുകളിൽ ഏറ്റവും ശ്രേഷ്ഠമായ തയ്യാറെടുപ്പ് തഖ് വ തന്നെയാണെന്ന് സൂറ അൽ ബഖറയിൽ അല്ലാഹു നമ്മെ ഉണർത്തിയിട്ടുണ്ട്.(2:196,197,203)

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ വിശുദ്ധ ഹജ്ജ് കര്‍മം അഞ്ചാമത്തേതായത് എല്ലാവരും അതനുഷ്ഠിക്കേണ്ടതില്ല, അനുഷ്ഠിക്കുന്നവര്‍ തന്നെ എല്ലായ്പ്പോഴും അനുഷ്ഠിക്കേണ്ടതില്ല എന്നതിനാലാണ്. അടിമുടി സാമൂഹ്യതയിലധിഷ്ഠിതമായ ഇസ്ലാമിന്റെ അനുഷ്ഠാനങ്ങളുടെ പ്രയോജനം അനുഷ്ഠിക്കുന്നവര്‍ക്കു മാത്രമല്ല, മറ്റുള്ളവര്‍ക്കും പ്രത്യക്ഷമായും പരോക്ഷമായും ലഭ്യമാകുമെന്നതാണ് വസ്തുത. പരിശുദ്ധ റമദാനിലാണ് നിര്‍ബന്ധ വ്രതാനുഷ്ഠാനം. ഈ മാസത്തിന്റെ ശ്രേഷ്ഠതയും പലവിധ പുണ്യങ്ങളും നോമ്പെടുക്കുന്നവര്‍ക്ക് മാത്രമല്ല, മറിച്ച് മറ്റുള്ളവര്‍ക്ക് കൂടി ബാധകമാണ്.

ന്യായമായ പലവിധ കാരണങ്ങളാല്‍ നോമ്പനുഷ്ഠിക്കേണ്ടതില്ലെന്ന് വരാം. പക്ഷേ അങ്ങിനെ നോമ്പനുഷ്ഠിക്കാത്തവരും വ്രതമാസത്തിന്റെ പാവനത മാനിക്കുകയും അച്ചടക്കം പാലിക്കുകയും വേണം. വ്രതമാസമായ റമദാനിന്റെ പലവിധ പുണ്യങ്ങളും പ്രയോജനങ്ങളും ന്യായമായ കാരണത്താല്‍ നോമ്പനുഷ്ഠിക്കാത്തവര്‍ക്കും ലഭിക്കും. ചുരുക്കത്തില്‍ റമദാന്‍ മാസം എല്ലാവരുടേതുമാണ്. പഞ്ചനേരങ്ങളില്‍ പതിവായി നമസ്കരിക്കുമ്പോള്‍ പ്രാര്‍ഥനാ വാക്യങ്ങള്‍ ബഹുവചന ക്രിയയിലാണ്. (ഉദാ:- إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ – നിനക്ക് മാത്രം ഞങ്ങൾ ഇബാദത്ത് ചെയ്യുന്നു നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു)

നമസ്കാരം വഴിയുള്ള പ്രയോജനങ്ങള്‍ അന്തിമ വിശകലനത്തില്‍ സമൂഹത്തിനാകെയും ലഭിക്കും. ഈ സാമൂഹ്യതയും വിശാലതയും പരിശുദ്ധ ഹജ്ജിലുമുണ്ടെന്നാണ് വസ്തുത. ആകയാല്‍ ഹജ്ജിന്റെ ബഹുമുഖ സദ്ഫലങ്ങള്‍ വളരെ വ്യാപകമാവേണ്ടതുണ്ട്.ഹജ്ജിന്റെ മഹത് സന്ദേശം സര്‍വര്‍ക്കും അനുഭവവേദ്യമാകേണ്ടതുമുണ്ട്. ഹജ്ജിനെറ്റി ദുര്‍ധാരണകള്‍ ഉണ്ടാകാന്‍ പാടില്ലാത്തതുമാണ്.

ഹജ്ജ് ഒരു ഉലയാണ്. ഉലയില്‍ സ്വര്‍ണം സ്ഫുടീകരിക്കപ്പെടും പോലെ സത്യവിശ്വാസി ഹജ്ജിലൂടെ സ്ഫുടീകരിക്കപ്പെടും. പക്ഷേ ഇന്ന് ഹജ്ജ് യാത്രയുടെ നടത്തിപ്പുകാരും സംഘാടകരും ടൂറിസം വ്യാപാരത്തിലേര്‍പ്പെട്ടിട്ടുള്ള ട്രാവല്‍ ഏജന്‍സികളാണ്. അവരുടെ കൂടെ ഹജ്ജിന്ന് പോയവര്‍ക്ക്/പോകുന്നവര്‍ക്ക് ശരിയായ ഹജ്ജ് പൂര്‍ണതയോടെ അനുഷ്ഠിക്കാന്‍ സാധിക്കാതെ പലപ്പോഴും പരമാബദ്ധങ്ങള്‍ പിണഞ്ഞ് കഷ്ട- നഷ്ടങ്ങള്‍ക്കിരയായി കഴിയേണ്ടിവരുന്നത് പലരുടെയും സ്വകാര്യ ദു:ഖമാണ്. ഇത്തരക്കാരില്‍ പലരും പിന്നെയും ഹജ്ജിന്ന് പോയി തങ്ങളുടെ അബദ്ധങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക സ്വാഭാവികമാണ്.

ഹജ്ജ് വ്യാപാരവല്‍ക്കരിക്കപ്പെട്ടതിനാല്‍ ”ഉലയെ” ശീതീകരിപ്പിക്കും വിധം കേവല ടൂറിസത്തിന്റെ ഫൈവ്സ്റ്റാര്‍ കള്‍ച്ചര്‍ ഹജ്ജിലേക്ക് കടത്തി വിടുന്നു, ഹജ്ജ് കച്ചവടം വിജയകരമാക്കാന്‍. ഉലയെ ശീതീകരിച്ചാല്‍ പിന്നെ സ്ഫുടീകരണം നടക്കുന്നതെങ്ങനെ? ഇല്ലാത്തത് കടത്തി വിടാനും ഉണ്ടാവേണ്ടതിനെ ഫലത്തില്‍ ഇല്ലാതാക്കും വിധം മാറ്റി മറിക്കാനും പൗരോഹിത്യത്തിന്റെ ജാടകളാല്‍ ഞങ്ങളുടെ ഗ്രൂപ്പില്‍ ”സ്പെഷ്യല്‍ ഐറ്റംസ്” ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനും പലരും വിദഗ്ധമായി ശ്രമിക്കുന്നുണ്ട്. പലരും വളരെ വൈകിയാണ് ഹജ്ജില്‍ തങ്ങള്‍ക്ക് പിണഞ്ഞ അമളിയും നഷ്ടവും മനസ്സിലാക്കുന്നത്.

നബി (സ) ഒരൊറ്റ ഹജ്ജേ നിര്‍വഹിച്ചിട്ടുള്ളൂ. പഞ്ച സ്തംഭങ്ങളില്‍ ഏറ്റവും ഒടുവിലാണ് ഹജ്ജ് നിര്‍ബന്ധമായത്. ആദ്യ വര്‍ഷം സിദ്ധീഖുല്‍ അക്ബറിന്റെ നേതൃത്വത്തില്‍ നബിയുടെ അനുയായികള്‍ ഹജ്ജനുഷ്ഠിച്ചു. പിറ്റെ വര്‍ഷം നബി (സ) യുടെ നേതൃത്വത്തില്‍ വളരെ വലിയ സംഘം ഹജ്ജിന്ന് പോയി. അതു കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞപ്പോള്‍ നബി ഇഹലോക വാസം വെടിഞ്ഞു. ഹജ്ജ് ഒന്നേ പാടുള്ളുവെന്ന് നബി (സ) പറഞ്ഞിട്ടില്ല. എന്നാല്‍ സത്യ വിശ്വാസികള്‍ തങ്ങളുടെ സല്‍കര്‍മങ്ങളില്‍ തഖ് വയോടെ മുന്‍ഗണനാക്രമം ദീക്ഷിക്കേണ്ടതുണ്ട്.

ഹജ്ജ് ഒരു പാപനാശിനി കര്‍മമാണെന്ന ധാരണയാല്‍ ഹജ്ജ് കൂടുതല്‍ ചെയ്യുന്നവരുണ്ടെങ്കില്‍ അത് അത്ര ശരിയല്ല. റബ്ബിങ്കല്‍ സ്വീകാര്യമായ ഹജ്ജിന്റെ പല സല്‍ഫലങ്ങളില്‍ ഒന്ന് മാത്രമാണ് അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ പാപങ്ങള്‍ പൊറുക്കപ്പെടുമെന്നത്. പാപം പരിഹരിക്കാനും പൊറുപ്പിക്കാനും വേണ്ടി ഹജ്ജ് ചെയ്യണമെന്നില്ല. വേറെയും പല കര്‍മങ്ങളിലൂടെയും ദോഷങ്ങള്‍ റബ്ബിന്റെ കൃപയാല്‍ പൊറുക്കപ്പെടും. ”നിശ്ചയം സുകൃതങ്ങള്‍ തിന്മകളെ മായ്ച്ചു കളയും.” (വി.ഖു) നിഷ്കളങ്കമായ പശ്ചാത്താപം, പല നിലക്കും സല്‍ക്കര്‍മങ്ങള്‍ ഭക്തിപൂര്‍വം വര്‍ധിപ്പിക്കല്‍, ദാനധര്‍മങ്ങള്‍ തുടങ്ങിയവ പാപപരിഹാര വഴികളാണ്. അത്തരം പശ്ചാത്താപ പരിഹാര പ്രവര്‍ത്തനങ്ങള്‍ വിളംബം വിനാ ചെയ്യേണ്ടതുമാണ്.

എന്നോ അനുഷ്ഠിക്കാവുന്നത് ഒരു ഹജ്ജ് വരെ അത് നീട്ടി വെക്കേണ്ടതുമില്ല. പലരും ഹജ്ജ് ജീവിതത്തിലെ സായം സന്ധ്യയിലേക്ക് നീട്ടി വെക്കുന്നത് ഹജ്ജിനെ പാപനാശിനി പരിപ്രേക്ഷ്യത്തിലൂടെ മാത്രം ദര്‍ശിക്കുന്നതിനാലാണ്. യഥാര്‍ഥത്തില്‍ പരിശുദ്ധ ഹജ്ജ് ജഗന്നിയന്ഥാവായ റബ്ബിനോടുള്ള ബാധ്യതാ നിര്‍വഹണമാണ്. തമ്പുരാന്റെ വിളിക്ക് അടിയാന്‍ നല്‍കുന്ന വിനീതമായ ഉത്തരമാണത്. ജീവിതത്തിന്റെ അന്ത്യ ഘട്ടം വരെ നീട്ടി വെക്കാന്‍ പാടുളളതല്ല.

ആയുസ്സിന്റെ അനിശ്ചിതത്വവും സൗകര്യവും സാഹചര്യവും എപ്പോഴും അങ്ങനെത്തന്നെ തുടരണമെന്നില്ല എന്ന അനുഭവ യാഥാര്‍ഥ്യവും വെച്ച് ചിന്തിക്കുമ്പോള്‍ ഹജ്ജ് കഴിവതും നേരത്തെ നിര്‍വഹിക്കണമെന്ന് നാം തിരിച്ചറിയുന്നു. എന്നാല്‍ ശിഷ്ട ജീവിതത്തില്‍ അതിന്റെ ഫലങ്ങള്‍ തനിക്കും കുടുംബത്തിനും സമൂഹത്തിനും അനുഭവിക്കാനാകും. വാര്‍ധക്യ കാലത്തില്‍ വേച്ച് വേച്ച് കിതപ്പും ക്ഷീണവുമായി ഹജ്ജ് അനുഷ്ഠിക്കുമ്പോള്‍ മഹത്തായ ഹജ്ജിനെ നന്നായി ആസ്വദിച്ചനുഭവിച്ച് പൂര്‍ണതയോടെ അനുഷ്ഠിക്കാനാവാതെ വരും. അങ്ങനെ വരുമ്പോള്‍ ഇവിടെ പുലരേണ്ട പലവിധ നന്മകളും വേണ്ടത്ര പുലരാതെ വരും.

ഇന്നത്തെ കാലത്ത് നമ്മള്‍ പണിയുന്ന വീടിന്റെ ആഢംബരം കുറച്ചാല്‍ അല്ലെങ്കില്‍ ഒരു മുറി പിന്നീട് പണിയാമെന്ന് വെച്ചാല്‍ അല്ലെങ്കില്‍ വീടിന്നായി വാങ്ങുന്ന ഭൂമി രണ്ടോ മൂന്നോ സെന്റ് കുറച്ചാല്‍ ഹജ്ജ് നിര്‍വഹിക്കാന്‍ സാധിച്ചേക്കും. അങ്ങേയറ്റം സമ്പന്നത കൈവരിച്ച് എല്ലാ ആഢംബരങ്ങളും സ്വരൂപിച്ച് സകല മോഹങ്ങളും നടപ്പാക്കി ഒടുവില്‍ ചെയ്യേണ്ട ഒരു ചടങ്ങ് മാത്രമായി ഹജ്ജിനെ കാണാന്‍ പാടില്ലാത്തതാണ്. വളരെ കഷ്ടപ്പെട്ട് ഹജ്ജിനു പോകുന്നവരിൽ പലരും സ്വന്തത്തിൽ ഹജ്ജ് നിർബന്ധം ഇല്ലാത്തവരാണ്. അവരിൽ പലരും സ്വന്തത്തിൽ തീരെ കഴിവില്ലാത്തവരുമാണ്. ആ പുണ്യ സ്ഥലങ്ങൾ കാണുക എന്ന ആഗ്രഹപൂർത്തീകരണമാണ് പലരും ലാക്കാക്കുന്നത് . അത്തരം ആളുകൾക്ക് സൗകര്യമുള്ള കാലഘട്ടത്തിൽ സാവകാശം ഉംറ ചെയ്താൽ മതിയാവില്ലെ എന്നതും ചിന്തിക്കേണ്ട കാര്യമാണ്.

(ലേഖകൻ കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മുൻ മെമ്പറാണ് )

Related Articles