Current Date

Search
Close this search box.
Search
Close this search box.

ശഅ്ബാനിന്റെ ഗുണങ്ങള്‍: ആത്മീയമായി റമദാനിന് വേണ്ടി എങ്ങനെ തയാറെടുക്കാം ?

റമദാനിന്റെ ആവേശവും ആരാധനകളുടെ നീണ്ട രാത്രികളും പ്രതീക്ഷിച്ച് നില്‍ക്കുന്നതിനാല്‍ വിശ്വാസികള്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന മാസമാണ് ശഅ്ബാന്‍. എന്നാല്‍ ശഅ്ബാന്‍ മാസവും അത്ഭുതകരമായ പുണ്യത്തിന്റെ മാസം കൂടിയാണ്, അത് പ്രവാചകന്‍ മുഹമ്മദ് നബി (സ) തന്നെ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. നോമ്പ് നിയമമാക്കിയ മാസമായതിനാലും ഖിബ്‌ല ജറൂസലേമില്‍ നിന്നും മക്കയിലേക്ക് മാറ്റിയ മാസമായതിനാലും ഇതിന് വലിയ ചരിത്ര പ്രാധാന്യമുണ്ട്. ചരിത്രപരമായ പ്രാധാന്യത്തിനപ്പുറം, നോമ്പനുഷ്ഠിക്കുകയും ഖുര്‍ആനില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിന് വലിയ ആത്മീയ പ്രാധാന്യം നല്‍കുകയും ചെയ്യുന്ന മാസമാണ് ശഅ്ബാന്‍.

എന്താണ് ശഅ്ബാന്‍ ? വ്രതാനുഷ്ടാനത്തിന്റെ മാസം

വ്രതമനുഷ്ടിക്കുക എന്നതാണ് ഈ മാസത്തിലെ ആദ്യത്തെ പുണ്യ കര്‍മ്മം. സാധാരണഗതിയില്‍, നമ്മളില്‍ പലരും ഈ മാസത്തിലെ നോമ്പിനെ കുറിച്ച് മറന്നുപോകുന്നു കാരണം നമ്മള്‍ റമദാനിനായി കാത്തിരിക്കുകയാണ്. ആഇശ (റ) പറഞ്ഞു: ”റമദാന്‍ ഒഴികെ ഒരു മാസം മുഴുവന്‍ അല്ലാഹുവിന്റെ റസൂല്‍ നോമ്പെടുക്കുന്നത് ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല, അതുപോലെ, ശഅ്ബാനിനേക്കാള്‍ കൂടുതലായി മറ്റൊരു മാസം നോമ്പെടുക്കുന്നതും ഞാന്‍ കണ്ടിട്ടില്ല.” ആഇശ(റ) പറഞ്ഞു: ”അല്ലാഹുവിന്റെ റസൂല്‍ (സ) മറ്റെന്തിനേക്കാളും നോമ്പെടുക്കാന്‍ ഇഷ്ടപ്പെട്ട മാസമായിരുന്നു ശഅ്ബാന്‍. തീര്‍ച്ചയായും, ശഅ്ബാനു ശേഷം പ്രവാചകന്‍ റമദാനിലേക്ക് ചേരും. ‘അതായത്, ശഅ്ബാനും റമദാനും ഇടയില്‍ പ്രവാചകന്‍ ഇടവേള എടുക്കില്ലായിരുന്നു.”

ഈ രണ്ട് ഹദീസുകളില്‍ നിന്നും നമുക്ക് മനസ്സിലാക്കാവുന്ന കാര്യം പ്രവാചകന്‍ റമദാനിന് പുറമെ മറ്റൊരു മാസവും മുഴുവനായി നോമ്പെടുത്തിട്ടില്ലെന്ന്. എന്നാല്‍, റമദാനിന് ശേഷം അദ്ദേഹം ഏറ്റവും കൂടുതല്‍ നോമ്പെടുത്ത മാസം ശഅ്ബാന്‍ ആയിരുന്നു, എന്നു വെച്ചാല്‍ ശഅ്ബാനിലെ നോമ്പിനെ റമദാന്‍ മാസവുമായി ബന്ധിപ്പിച്ചത് പോലെയായിരുന്നു.

എപ്പോഴാണ് ശഅ്ബാന്‍ ?

ഇസ്ലാമിക ചാന്ദ്രമാസ കലണ്ടറിലെ എട്ടാം മാസമാണ് ശഅ്ബാന്‍. അത് റമദാന്‍ മാസത്തിന് തൊട്ടുമുമ്പാണ്. നിയമജ്ഞനും ആത്മീയ ഗ്രന്ഥകാരനുമായ ഇബ്‌നുല്‍ ഖയ്യിം അല്‍ ജൗസി പറയുന്നു:റമദാനിനെ മഹത്വപ്പെടുത്തുന്നതിനുള്ള ഉപാധിയായി പ്രവാചകന്‍ (സ) മിക്കവാറും എല്ലാ ശഅബാനിലും നോമ്പെടുത്തിരുന്നു, അതു പോലെ സുന്നത്തുകളില്‍ ഏറ്റവും പ്രിയപ്പെട്ടത് ഫജ്റിനു മുമ്പുള്ള സുന്നത്താണ്, കാരണം അത് നമസ്‌കാരങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട ഫജ്‌റിനെ മഹത്വപ്പെടുത്തുന്നു. നിര്‍ബന്ധ നമസ്‌കാരത്തിനുള്ള തയ്യാറെടുപ്പിനായി നിങ്ങള്‍ സുന്നത്ത് ചെയ്യുന്നത് പോലെ തന്നെ ശഅ്ബാന്‍ റമദാന്റെ ഒരുക്കവും മഹത്വവല്‍ക്കരണവുമാണ്.

ഇബ്നു അല്‍ ഖയ്യിം പറയുന്നു: എല്ലാ മാസവും മൂന്ന് ദിവസം സ്വമേധയാ നോമ്പെടുക്കുന്ന വ്യക്തിയാണ് പ്രവാചകന്‍. എന്നാല്‍, ചിലപ്പോള്‍ അതിന് കഴിയാറില്ല. അങ്ങനെ വന്നാല്‍ റമദാനിന് മുമ്പ് ആ ദിവസങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹം ശഅ്ബാനില്‍ നോമ്പെടുക്കും. സുന്നത്ത് നോമ്പുകളുള്‍പ്പടെ രാത്രി നമസ്‌കാരവും അദ്ദേഹം പതിവായി ചെയ്തിരുന്നതും എന്നാല്‍ ചിലപ്പോള്‍ ഒഴിവാക്കിയതുമായ ഐച്ഛിക ആരാധനകളുടെ പട്ടികയില്‍ ഇത് പ്രവാചകന്റെ ശീലമായിരുന്നു.

അവഗണിക്കപ്പെട്ട മാസം

ഉസാമ ബിന്‍ സൈദ് (റ) നിവേദനം ചെയ്യുന്നു: ‘ഞാന്‍ നബിയോട് ചോദിച്ചു, ‘മറ്റെല്ലാ മാസങ്ങളേക്കാളും നിങ്ങള്‍ ശഅ്ബാനില്‍ കൂടുതല്‍ നോമ്പെടുക്കുന്നത് എന്തുകൊണ്ട് ?’ നബി (സ) മറുപടി പറഞ്ഞു, ‘റജബിനും റമദാനിനുമിടയില്‍ ജനങ്ങള്‍ അവഗണിക്കുന്ന മാസമാണിത്. ഒരുവന്റെ കര്‍മ്മങ്ങള്‍ ലോകരക്ഷിതാവിങ്കലേക്ക് ഉയര്‍ത്തപ്പെടുന്ന മാസമാണത്. അതിനാല്‍ ഞാന്‍ നോമ്പുകാരനായിരിക്കുമ്പോള്‍ എന്റെ കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു.

അല്ലാഹുവിന്റെ പ്രീതിക്കായി മത്സരിക്കാന്‍ ഏറ്റവും നല്ല സമയം അല്ലാഹുവിനെ മറക്കാന്‍ സാധ്യതയുള്ള സമയങ്ങളാണെന്ന് പണ്ഡിതന്മാര്‍ പറയുന്നു. മറ്റുള്ളവരെല്ലാം അശ്രദ്ധരായിരിക്കുമ്പോള്‍ മികവിനായി പരിശ്രമിക്കുന്ന വ്യക്തി (മുഹ്സിന്‍) ഈ അവഗണിക്കപ്പെട്ട സമയങ്ങള്‍ പ്രയോജനപ്പെടുത്തും, അതു പോലെ അല്ലാഹുവിന്റെ പ്രീതിക്കായി മത്സരിക്കും. രാത്രിയിലുള്ള നമസ്‌കാരം വളരെ സവിശേഷമായതിന്റെ ഒരു കാരണമാണിത്, കാരണം ഈ സമയത്തെ ആരാധന കര്‍മ്മങ്ങള്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അല്ലാഹുവിന്റെ പ്രീതി ആഗ്രഹിക്കുന്നുവെന്ന് കാണിക്കുന്നു.

ഇബ്‌നു അല്‍-ജൗസി പറയുന്നു: ‘നന്മ ചെയ്യാനുള്ള നിങ്ങളുടെ നിര്‍ബന്ധത്തിന്റെ തെളിവാണിത്’ അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് മഗ്രിബിനും ഇശാ നമസ്‌കാരത്തിനുമിടയിലുള്ള സമയത്ത് സല്‍കര്‍മ്മങ്ങള്‍ ചെയ്യാന്‍ നബി(സ)യുടെ അനുചരന്മാര്‍ ഇഷ്ടപ്പെട്ടിരുന്നു. അധികപേരും അശ്രദ്ധരാകുന്ന സമയമാണത്. ഇബ്നു റജബ് പറയുന്നു: ആളുകള്‍ പൊതുവെ അശ്രദ്ധരായിരിക്കുമ്പോള്‍ ചെയ്യുന്ന ആരാധനകള്‍ കഴിയുന്നത്ര രഹസ്യമായി ചെയ്യണം, കാരണം ഇവ ഇഹ്സാനുള്ള (ശ്രേഷ്ഠത) പ്രവൃത്തികളാണ്, അതിനാല്‍ സാധ്യമായ ഏറ്റവും മികച്ച രീതിയില്‍ ചെയ്യുകയും വേണം.

ഖുര്‍ആനിന്റെ മാസം

ശഅ്ബാനിലെ നോമ്പിനെ പലരും അവഗണിക്കുന്നതുപോലെ ഖുര്‍ആന്‍ പാരായണവും അവഗണിക്കുന്നു. നാമെല്ലാവരും റമദാനില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നവരാണ്, അതിനാല്‍ പാരായണം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ റമദാന്‍ പാരായണത്തിനായി തയ്യാറെടുക്കുന്ന സമയമാണ് ശഅബാന്‍. ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരുടെ മാസം എന്ന് ശഅ്ബാനിനെ മുന്‍ഗാമികള്‍ വിശേഷിപ്പിക്കുന്നുണ്ട്.

ഇസ്ലാമിലേക്ക് ആദ്യകാലത്ത് കടന്നുവന്നവരില്‍ ഒരാളായ സലാമ കുഹൈല്‍ അല്‍-കൂഫി പറയുന്നു: ‘ശഅ്ബാന്‍ മാസമായാല്‍ ആളുകള്‍ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകും. ശഅ്ബാന്‍ മാസം പാരായണക്കാരുടെ മാസമാണ്. ‘മറ്റൊരു ഉദ്ധരിണിയില്‍ പറയുന്നു: ‘ശഅ്ബാന്‍ തുടങ്ങുമ്പോള്‍, അംറ് ഇബ്നു ഖയിസ് തന്റെ കട അടച്ച് ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകും. ഖുര്‍ആന്‍ അവലോകനം ചെയ്യാനുള്ള സമയവും റമദാനിനായുള്ള തയ്യാറെടുപ്പിന്റെ മാസം കൂടിയാണ് ശഅ്ബാന്‍.

ശഅ്ബാന്‍ 15: പശ്ചാതാപത്തിന്റെ രാത്രി

‘അല്ലാഹു ശഅ്ബാന്റെ പകുതിയുടെ (അതായത് ശഅ്ബാന്‍ 15) രാത്രിയിലേക്ക് നോക്കുന്നു, തന്റെ സൃഷ്ടികള്‍ക്കെല്ലാം അവന്‍ പൊറുത്തു കൊടുക്കും. ബഹുദൈവാരാധകനും വിദ്വേഷം കൊണ്ടുനടക്കുന്നവനും ഒഴികെ’ അബ്ദല്ലാഹ് ഇബ്നു അബ്ബാസിന്റെ മൗലയായ ഇഖ്‌രിമ അല്‍-ബര്‍ബാരിയില്‍ നിന്നും ഉദ്ധരിക്കുന്നു: ശഅ്ബാന്‍ 15നെ ‘ലൈലത്ത് അല്‍-ബറാഅ’ എന്ന് വിളിക്കുന്നു. നരകത്തില്‍ നിന്ന് നാം മോചിതരായ ദിവസം. നബി(സ) പറഞ്ഞു: അള്ളാഹുവിന് കര്‍മ്മങ്ങള്‍ സമര്‍പ്പിക്കപ്പെടുന്ന മാസമാണ് ശഅ്ബാന്‍. അതുപോലെ പതിനഞ്ചിന്റെ രാത്രിയില്‍ അല്ലാഹു നമ്മുടെ കര്‍മ്മങ്ങളിലേക്ക് നോക്കുകയും പാപങ്ങള്‍ പൊറുത്തു കൊടുക്കുകയും ചെയ്യും.

ശഅ്ബാനിലെ രാത്രിയെ ആരാധന കൊണ്ട് നിറയ്ക്കണം. ഈ രാത്രിയില്‍ പ്രത്യേകം ചെയ്യേണ്ട കര്‍മ്മങ്ങളൊന്നും നബി (സ) പറഞ്ഞിട്ടില്ല.
ശഅ്ബാനില്‍ നോമ്പെടുക്കുന്നതിനെ കുറിച്ച് ഇബ്‌നു റജബ് പറയുന്നു:’വ്രതാനുഷ്ഠാനത്തിന്റെ പ്രയാസം അകറ്റുകയും റമദാന്‍ കാലത്തേക്ക് അതിന്റെ മാധുര്യം മാത്രം അവശേഷിപ്പിക്കുകയും ചെയ്യുന്നു.”

നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും റമദാനിലെ ആദ്യ കുറച്ച് ദിവസങ്ങളില്‍ അലസതയാണ്. അതുപോലെ പഴയ ശീലവും ചിട്ടയും മാറ്റുവാനും പ്രയാസമാണ്. ശഅ്ബാനിലെ ആരാധനാ കര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ, നമ്മുടെ ആരാധനയുടെ മാധുര്യം ആസ്വദിക്കുന്ന തരത്തില്‍ ഊര്‍ജ്ജത്തോടും മനശക്തിയോടും കൂടി നമുക്ക് റമദാനിലേക്ക് പ്രവേശിക്കാം. ശഅ്ബാനിലെ സമയം തിട്ടപ്പെടുത്തുന്നതിലൂടെ, നമുക്ക് റമദാന്‍ തയാറെടുപ്പിന്റെ ഫലം കൊയ്യാം.

 

 

Related Articles