Current Date

Search
Close this search box.
Search
Close this search box.

പരീക്ഷണങ്ങളിൽ ഓർമിക്കേണ്ട പാഠങ്ങൾ

ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പരീക്ഷണങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളാതെ, പരീക്ഷണങ്ങളെ സ്വീകരിക്കാൻ സാധിക്കില്ല.

ഒന്നാമത്തെ പാഠം : തൗഹീദിന്റെയും ഈമാനിന്റെയും തവക്കുലിന്റെയും പാഠമാണ് പരീക്ഷണങ്ങൾ പകരുന്ന ഒന്നാമത്തെ പാഠം. ഒരു ദൈവദാസന് സ്വന്തം യാഥാർത്ഥ്യത്തെ കുറിച്ച് വെളിച്ചം നൽകുന്നതാണ് ഓരോ പരീക്ഷണങ്ങളും. താനൊരു ദുർബലനായ അടിമയാണെന്നും സൃഷ്ടാവിന്റെ ശക്തിയും കഴിവുമില്ലാതെ ഒരു ചലനവും നടക്കുന്നില്ല എന്ന പ്രായോഗിക ജ്ഞാനം പകർന്ന് നൽകുന്നു. ഇത് മനസ്സിലാക്കുന്നതിലൂടെ, അല്ലാഹുവിൽ ഭരമേൽപിക്കേണ്ട വിധം ഭരമേൽപിക്കാനും അവനിലേക്ക് അഭയം തേടേണ്ട വിധം തേടുവാനും ഒരുവനെ പ്രേരിപ്പിക്കുകയും, സ്വന്തത്തിലുള്ള അഹങ്കാരവും വഞ്ചനയും അശ്രദ്ധയും താൻപോരിമയും ദൂരികരിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.

രണ്ടാമത്തെ പാഠം: പരീക്ഷണങ്ങൾ ഐഹിക ജീവിതം വഞ്ചനാത്മകമായ വിഭവമാണെന്ന യാഥാർത്ഥ്യത്തെ വ്യക്തമാക്കി തരുന്നു. ഐഹിക ജീവിതത്തിന് പിന്നിൽ രോഗമോ ക്ഷീണമോ പ്രയാസങ്ങളോ ഇല്ലാത്ത, ശരിയായതും സൗഖ്യ പൂർണ്ണമായ ഒരു ജീവിതമുണ്ടെന്ന് ബോധ്യപ്പെടുത്തുന്നു. അല്ലാഹു പറയുന്നു: “പരലോകം തന്നെയാണ് യഥാർത്ഥ ജീവിതം അവർ മനസ്സിലാക്കിയിരുന്നെങ്കിൽ”
(സൂറ: അൻകബൂത് : സൂക്തം: 64)

മൂന്നാമത്തെ പാഠം: സൗഖ്യത്തോട് കൂടിയുള്ള അല്ലാഹുവിന്റെ അനുഗ്രഹത്തെ കുറിച്ച് അടിമയെ ഓർമപ്പെടുത്തുന്നത് പരീക്ഷണമാണ്.
തീർച്ചയായും ദീർഘകാലം താൻ ആസ്വദിച്ച സൗഖ്യത്തിന്റെ അർത്ഥത്തെക്കുറിച്ച് താൻ അനുഭവിക്കുന്ന വിപത്ത് അവന് വിശദമാക്കുന്നു. അതിന്റെ മാധുര്യം അവൻ രുചിക്കുകയോ അതിന്റെ മൂല്യം യഥാർത്ഥത്തിൽ തിരിച്ചറിയുകയോ ചെയ്തിട്ടില്ല എന്നത് ! ആരോഗ്യം തന്റെ തലയിലെ കിരീടമായിരുന്നുവെന്ന് രോഗിയാവുമ്പോഴല്ലാതെ ആരോഗ്യവാൻ തിരിച്ചറിയുന്നില്ല എന്ന് മുമ്പാരോ പറഞ്ഞത് എത്ര സത്യം !

നാലാമത്തെ പാഠം : പരിധി വിട്ട് സന്തോഷിക്കരുതെന്ന് മനുഷ്യനെ ഓർമപ്പെടുത്തുന്നു. അല്ലാഹു പറയുന്നു: “ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളിൽ തന്നെയോ യാതൊരു ആപ്ത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയിൽ ഉൾപ്പെട്ടു കഴിഞ്ഞ തായിട്ടല്ലാതെ. തീർച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു, നഷ്ടപ്പെട്ടതിൽ ദുഖിക്കാതിരിക്കാനും നൽകിയതിൽ അഹങ്കരിക്കാതിരിക്കാനും”
സൂറ: ഹദീദ്: 22 , 23)

അഞ്ചാമത്തെ പാഠം : സ്വന്തം ന്യൂനതകളെ കുറിച്ച് ഓർമിക്കുവാനും സാധ്യമാവുന്ന വിധം പെട്ടെന്ന് പശ്ചാത്തപിക്കുവാനും പരീക്ഷണങ്ങൾ അടിമയെ ഓർമപ്പെടുത്തുന്നു. സ്വന്തം കരങ്ങൾ കൊണ്ട് പ്രവർത്തിച്ചതല്ലാതെ ഒരു വിപത്തും നിങ്ങളെ ബാധിച്ചിട്ടില്ല. ധാരാളമായി അവൻ വിട്ട് വീഴ്ച ചെയ്യുന്നു.
വലിയ ശിക്ഷ എത്തുന്നതിന് മുമ്പ് പശ്ചാതപിക്കുവാനുള്ള അവസരമാണ് പരീക്ഷണം. അല്ലാഹു പറയുന്നു: “ഏറ്റവും വലിയ ആ ശിക്ഷ കൂടാതെ (ഐഹികമായ) ചില ചെറിയ ശിക്ഷകളും നാം അവരെ ആസ്വദിപ്പിക്കുന്നതാണ്. അവർ ഒരു വേള മടങ്ങിയേക്കാമല്ലോ. (സൂറ: ശൂറ :30 )

ആറാമത്തെ പാഠം : തീർച്ചയായും പരീക്ഷണങ്ങൾ പ്രവർത്തനങ്ങളുടെ സംസ്കരണ പാഠമാണ്. എല്ലാ കാര്യങ്ങളും ക്ഷമയിലേക്കെത്തിച്ച് കൊണ്ട് ക്ഷമയിലൂടെ ഒരു സമൂഹത്തെ സംസ്കരിക്കാനുള്ള പാഠമാണ്. അല്ലാഹുവിനെ അനുസരിക്കുവാനും സത്യത്തിൽ സ്ഥൈര്യത്തോടെ നിലകൊള്ളാനും അല്ലാഹുവിനെ ധിക്കരിക്കുന്നതിൽ നിന്നും, മിഥ്യയിൽ നിന്ന് അകന്ന് നിൽക്കാനും ക്ഷമ കൊണ്ടല്ലാതെ സാധിക്കില്ല. ശാശ്വതമായ സ്വർഗ്ഗത്തിലേക്കും അല്ലാഹുവിന്റെ തൃപ്തിയിലേക്കും കൊണ്ടെത്തിക്കുന്നത് ക്ഷമയാണ്. അല്ലാഹു പറയുന്നു: “ക്ഷമാലുക്കൾക്കല്ലാതെ അത് ലഭിക്കില്ല, മഹാ ഭാഗ്യവാൻമാർക്കല്ലാതെ അത് നേടാൻ കഴിയില്ല”

ദുനിയാവിൽ വിപത്തുകൾ ഇല്ലായിരുന്നെങ്കിൽ, പരലോകത്ത് പാപ്പരായവരുടെ കൂട്ടത്തിൽ മടക്കപ്പെടുമായിരുന്നുവെന്ന് ചില പൂർവ്വ സൂരികൾ പറഞ്ഞിരുന്നു.
റസൂൽ(സ) പറയുന്നു: “ചില മനുഷ്യർക്ക് അല്ലാഹുവിങ്കൽ പ്രത്യേക പദവിയു ണ്ട്, പ്രവർത്തനം കൊണ്ടല്ലാതെ അതിലേക്ക് എത്തില്ല. അതിനാൽ, ആ പ്രത്യേക പദവിയിൽ എത്തുന്നത് വരെ ആ വ്യക്തിക്ക് അനിഷ്ടകരമായ കാര്യങ്ങളിലൂടെ അല്ലാഹു അവരെ പരീക്ഷിച്ച് കൊണ്ടേയിരിക്കും. ഇമാം ഹസനുൽ ബസ്വരി പറയുന്നു: “സംഭവിക്കുന്ന വിപത്തുകളെയും ദുരിതങ്ങളെയും നിങ്ങൾ വെറുക്കരുത്. നിങ്ങൾ വെറുക്കുന്ന കാര്യങ്ങളിലായിരിക്കും റബ്ബ് നിങ്ങളുടെ വിജയം നിശ്ചയിച്ചിരിക്കുക.”

 

വിവ: വി.പി മെഹബൂബ അനീസ്

അവലംബം: رد البلاء بالصبر

Related Articles