Current Date

Search
Close this search box.
Search
Close this search box.

നോമ്പ്- സമയനിർണിത ആരാധന

ഇസ്‌ലാം സന്തുലിതവും യുക്തിഭദ്രവുമായ ഒരുജീവിത പദ്ധതിയാണ്. വൃത്തി, സമയനിഷ്ഠ, വ്യവസ്ഥാപിതത്വം, യുക്തിഭദ്രമായ നിയമങ്ങൾ, കൃത്യമായ ആത്മസംസ്കരണ പാഠങ്ങൾ എന്നിവ ഇസ്‌ലാമിൻറെ സവിശേഷതകളാണ്.

സമയം അമൂല്യമായ അനുഗ്രഹമാണ്. ഇസ്‌ലാം സമയത്തിന് വലിയ പ്രാധാന്യം കൽപിച്ചിട്ടുണ്ട്. വിശ്വാസിയുടെ ഓരോ നിമിഷവും ഏറെ വിലപ്പെട്ടതാണ്. നഷ്ട്ടപ്പെടുന്ന നിമിഷം പോലും തിരിച്ചെടുക്കാൻ സാധ്യമല്ല. വലിയ അനുഗ്രഹമായി കാണുന്ന സമ്പത്തായ ധനം നഷ്ടപ്പെട്ടാൽ പിന്നീട് തിരിച്ചെടുക്കാം. കൊഴിഞ്ഞുപോകുന്ന സമയം വീണ്ടെടുക്കുക അസാധ്യം. സമയ സംബന്ധിയായ അനേകം പാഠങ്ങൾ ഖുർആനും സുന്നത്തും പകർന്നുനൽകുന്നുണ്ട്. പരലോകത്ത് മനുഷ്യൻ അഭിമുഖീകരിക്കുന്ന പ്രധാന ചോദ്യം സമയത്തെക്കുറിച്ചായിരിക്കും. സമയത്തിൻറെ പ്രാധാന്യം തിരിച്ചറിയുന്നത് മരണ വേളയിലായിരിക്കും. അപ്പോഴത്തെ വിലാപങ്ങൾക്ക് ഫലമുണ്ടാകില്ല.

സമയത്തിൻറെ പ്രാധാന്യം മാത്രമല്ല സമയവിനിയോഗത്തിലെ ജാഗ്രതയും വ്യവസ്ഥാപിതത്വവും ഇസ്‌ലാം വിശ്വാസികളിൽ ഊട്ടിയുറപ്പിക്കുന്നത് ആരാധനകളിലൂടെയാണ്.

നമസ്കാരം 

“നിശ്ചയം നമസ്കാരം സത്യവിശ്വാസികൾക്ക് സമയനിർണിതമായ കാര്യമാകുന്നു”(4:103).

“നമസ്‌കാരം നിലനിർത്തുക; സൂര്യൻ ആകാശമധ്യത്തിൽനിന്ന് തെറ്റുന്നതു മുതൽ രാവ് ഇരുട്ടുന്നതുവരെ”(17:78).

“അതിനാൽ , പ്രദോഷത്തിലും പ്രഭാതത്തിലും അല്ലാഹുവിനെ വാഴ്ത്തുവിൻ. വാനലോകങ്ങളിലും ഭൂമിയിലും സ്‌തോത്രം അവന്നു മാത്രമവകാശപ്പെട്ടതാകുന്നു. മൂന്നാം യാമത്തിലും നിങ്ങൾക്ക് മധ്യാഹ്നമാകുമ്പോഴും (അവനെ വാഴ്ത്തുവിൻ)”(30:17,18)

“പകലിന്റെ രണ്ടറ്റങ്ങളിലും രാവ് അൽപം ചെല്ലുമ്പോഴും നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കേണം”(11:114).

അഞ്ചുനേരത്തെ നമസ്കാരങ്ങളുടെ സമയങ്ങൾ ജിബ്‌രീൽ വിശദമായി നബിയെ പഠിപ്പിച്ചത് ഹദീസിൽ കാണാം.

ജാബിർ(റ) നിവേദനം. നബി(സ)യുടെ അടുത്ത് ജിബ്‌രീൽ വന്ന് പറഞ്ഞു: എഴുന്നേറ്റ് നമസ്കരിക്കൂ, അങ്ങിനെ സൂര്യൻ മധ്യത്തിൽനിന്നും അൽപം തെറ്റിയപ്പോൾ ദുഹ്ർ നമസ്കാരം നിർവഹിച്ചു. പിന്നീട് ജിബ്‌രീൽ അസ്വറിൻറെ സമയത്ത് വന്നു. ഒരു വസ്തുവിൻറെ നിഴൽ അതിൻറെ അത്രത്തോളം വലിപ്പമുള്ളപ്പോൾ അസ്ർ നമസ്കരിച്ചു. മഗ്‌രിബിൻറെ സമയത്ത് വന്ന് നമസ്കരിക്കാൻ പറഞ്ഞു. സൂര്യൻ അസ്തമിച്ച ഉടനെയായിരുന്നു മഗ്‌രിബ് നമസ്കരിച്ചത്. വീണ്ടും ഇശായുടെ സമയത്തുവന്ന് നമസ്കരിക്കാൻ പറഞ്ഞു. അപ്പോൾ ആകാശത്തെ ചുവന്ന ശോഭ മാറിയതിനു ശേഷമായിരുന്നു അത് നമസ്കരിച്ചത്‌. പിന്നീട് പ്രഭാതത്തിൽ വന്നു നമസ്കരിക്കാൻ പറഞ്ഞു. അത് നിർവഹിച്ചത് പ്രഭാതം ഉദിക്കുമ്പോഴായിരുന്നു.

പിറ്റേ ദിവസം വീണ്ടും ജിബ്‌രീൽ വന്നു. എന്നിട്ട് നമസ്കരിക്കാൻ കൽപിച്ചു. അന്ന് ദുഹ്ർ നമസ്കരിച്ചത് ഒരു വസ്തുവിൻറെ നിഴൽ അതിൻറെ വലിപ്പമെത്തുന്ന സമയത്തായിരുന്നു. പിന്നീട് അസറിൻറെ സമയത്ത് വന്നു. അപ്പോൾ നമസ്കരിച്ചത് ഒരു വസ്തുവിൻറെ നിഴൽ അതിൻറെ രണ്ടിരട്ടി വലിപ്പത്തോളം എത്തുന്ന സമയത്തായിരുന്നു. പിന്നീട് മഗ്‌രിബിൻറെ സമയത്തു വന്നു. തലേ ദിവസം നമസ്‌കരിച്ച അതേ സമയത്തിൽ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. പിന്നീട് ഇശായുടെ സമയത്തുവന്നു. രാത്രിയുടെ പകുതി പിന്നിട്ട ശേഷമായിരുന്നു നമസ്കരിച്ചത്. പിന്നീട് ഫജറിൻറെ സമയത്തു വന്നു. പ്രഭാത ശോഭ നന്നായി പരന്നശേഷം നമസ്കരിച്ചു. ശേഷം നബിയോട് പറഞ്ഞു: ഈ രണ്ടു (ദിവസങ്ങളിൽ നമസ്കരിച്ച) സമയങ്ങൾക്കിടയിലാവുന്നു നമസ്കരിക്കേണ്ട സമയം.”(തിർമിദി, അഹ്‌മദ്‌, നിസാഈ)

സകാത്ത് 

നിസാബ് തികഞ്ഞ മുതലുകൾക്കാണ് സകാത്ത് ബാധകമാവുക. അത് കയ്യിൽ ഒരു വർഷം തികയുമ്പോഴാണ് സകാത്ത് നൽകേണ്ടത്. നബി(സ) പറഞ്ഞു: “വർഷം പൂർത്തിയാകുന്നതിനു മുമ്പ് ഒരു സമ്പത്തിലും സകാത്തില്ല.”(ഇബ്നു മാജ, ദാറഖുത്നി)

അലി(റ) നിവേദനം. നബി(സ) പറയുന്നു: “നിൻറെയടുക്കൽ ഇരുനൂറ് ദിർഹം (വെള്ളി) ഒരു വർഷം ഉണ്ടായാൽ അതിൽനിന്ന് അഞ്ച് ദിർഹം സകാത്തായി നൽകേണ്ടതാണ്. ഇരുപതു ദീനാറിൽ താഴെയുള്ള സ്വർണത്തിന് സകാത്തായി ഒന്നും നൽകേണ്ടതില്ല. ഇരുപത് ദീനാർ ഒരു വർഷം നിൻറെയടുത്തുണ്ടായാൽ അതിൽനിന്നും അര ദീനാർ സകാത്തായി നൽകേണ്ടതാണ്. അതിൽ കൂടുതലുണ്ടായാൽ ഈ തോതനുസരിച്ച് കണക്കാക്കുക”(അബൂദാവൂദ്)

കാർഷിക വിളകളുടെ സകാത്തിൻറെ സമയം വിളവെടുപ്പ് വേളയാണ്.

“പന്തലിൽ പടർത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും, ഈത്തപ്പനകളും, വിവിധതരം കനികളുമുള്ള കൃഷികളും, പരസ്പരം സാമ്യം തോന്നുന്നതും സാമ്യമില്ലാത്തതുമായ ഒലിവും മാതളവുമെല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു. അവയെല്ലാം കായ്ക്കുമ്പോൾ അതിൻറെ ഫലങ്ങളിൽ നിന്ന് നിങ്ങൾ ഭക്ഷിച്ചുകൊള്ളുക. വിളവെടുപ്പ് ദിവസം അതിൻറെ ബാധ്യത(സകാത്ത്) നിങ്ങൾ കൊടുത്ത് വീട്ടുകയും ചെയ്യുക. നിങ്ങൾ ദൂർത്ത് കാണിക്കരുത്.ദുർവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.”(അൻആം: 141)

നൽകാലികളിൽനിന്നും നിർണിത എണ്ണം പൂർത്തിയാകുമ്പോൾ നിശ്ചിത പ്രായമുള്ളവയെയാണ് സകാതായിനാകേണ്ടത്.

നോമ്പ് 

നോമ്പിൻറെ സമയകാര്യത്തിൽ വ്യക്തവും വിശദവുമായ പാഠങ്ങൾ ഉണ്ട്. റമദാൻ മാസത്തിൻറെ തുടക്കവും ഒടുക്കവും തീരുമാനിക്കുന്നതിന് മാസപ്പിറ കണ്ടതായ് ഒരാളെങ്കിലും സാക്ഷ്യപ്പെടുത്തണം. അബൂഹുറയ്റയിൽനിന്ന് നിവേദനം. നബി (സ)പറഞ്ഞു: മാസപ്പിറവി കാണുന്നതുപ്രകാരം നിങ്ങൾ നോമ്പനുഷ്ഠിക്കുകയും മാസം കണ്ടാൽ നിങ്ങൾ നോമ്പ് മുറിക്കുകയും ചെയ്യുക. മേഘം മൂലമോ മറ്റോ കാണാൻ കഴിയാതെ പോയാൽ നിങ്ങൾ മാസം മുപ്പതായി ഗണിക്കുക.(മുത്തഫഖുൻ അലൈഹി)

വ്രതം ആരംഭിക്കുന്നതിനും അവസാനിപ്പിക്കുന്നതിനും സമയമുണ്ട്. നോമ്പിൻറെ സമയം പ്രഭാതം മുതൽ സൂര്യാസ്തമയംവരെയാണെന്ന് ഇതിൽ നിർണയിച്ചു. “അപ്രകാരംതന്നെ, രാവിൻറെ കരിവരകളിൽനിന്ന് പ്രഭാതത്തിൻറെ വെള്ളവരകൾ തെളിഞ്ഞുകാണുന്നതുവരെ നിങ്ങൾക്ക് തിന്നുകയും കുടിക്കുകയും ചെയ്യാം. പിന്നെ അതെല്ലാം വർജിച്ച് രാവുവരെ വ്രതം പാലിക്കുക”(അൽബഖറ: 187)

രാത്രിയുടെ അതിർത്തി സൂര്യാസ്തമയം മുതൽ ആരംഭിക്കുന്നു. അതിനാൽ, സൂര്യൻ അസ്തമിക്കുന്നതോടൊപ്പംതന്നെ നോമ്പ് മുറിക്കേണ്ടതാണ്. അത്താഴത്തിൻറെയും നോമ്പ് തുറയുടെയും ശരിയായ അടയാളമിതാണ്.

നോമ്പ് മുറിക്കുന്ന സമയം തെറ്റാതെ നിർവഹിക്കുന്നത് വലിയ നന്മയാണെന്ന് പ്രവാചക പാഠമുണ്ട്. “നോമ്പ് തുറക്കാൻ തിടുക്കം കാണിക്കുന്ന കാലമത്രയും ജനങ്ങൾ നന്മയിൽ തന്നെയായിരിക്കും”(ബുഖാരി,മുസ്‌ലിം)

 ഹജ്ജ്

“ചന്ദ്രൻറെ വൃദ്ധിക്ഷയങ്ങളെ കുറിച്ച് നിന്നോട് അവർ ചോദിക്കുന്നു. പറയുക: ജനങ്ങൾക്ക് കാലഗണനക്കും ഹജ്ജ് തീർത്ഥാടനത്തിനുമുള്ളതാകുന്നു അത്”(അൽബഖറ: 189) ഇസ്‌ലാമിൻറെ അഞ്ച് സ്തംഭങ്ങളിൽ അവസാനത്തേതാണ് ഹജ്ജ്. ഏകനായ ദൈവത്തെ ആരാധിക്കാൻ ഭൂമുഖത്ത് ആദ്യമായി നിർമിക്കപ്പെട്ട ദേവാലയത്തിൽ ലോകത്തിൻറെ എല്ലാ ഭാഗത്തുനിന്നും വിശ്വാസികൾ എത്തിച്ചേർന്നു ഒരേസമയം നിവഹിക്കുന്ന ആരാധന. ദുൽഹജ്ജ് മാസത്തിലെ ഏതാനും ദിവസങ്ങളിലാണ് ഹജ്ജ്. എങ്കിലും അതിനായുള്ള യാത്രയും മറ്റും പരിഗണിച്ച് ശവ്വാൽ, ദുൽഖഅദ, ദുൽഹിജ്ജ എന്നിവ ഹജ്ജിൻറെ സമയമായി നിശ്ചയിച്ചിരിക്കുന്നു. “അറിയപ്പെട്ട ചില മാസങ്ങളാകുന്നു ഹജ്ജ്”(അൽബഖറ: 197).

ഏതൊരു ആരാധനയും അതിനായി നിശ്ചയിക്കപ്പെട്ട സമയത്ത് മാത്രം നിർവഹിക്കുക എന്നത് പ്രധാനമാണ്. ആരാധനകൾ അല്ലാഹു സ്വീകരിക്കാനുള്ള ഉപാധികളിലൊന്നായി സമയമാവുക എന്നതിനെ നിശ്ചയിച്ചതായി പ്രമാണങ്ങൾ പറഞ്ഞുവെച്ചിട്ടുണ്ട്. മറ്റ് ആരാധനകൾക്കെന്ന പോലെ നോമ്പിനും അതുണ്ട്. റമദാൻ മാസപ്പിറവി ദൃശ്യമാവുക എന്നതാണത്. ‘മാസപ്പിറ ദൃശ്യമായാൽ നിങ്ങൾ നോമ്പനുഷ്ഠിക്കുക’ എന്ന തിരുമൊഴി അത് വ്യക്തമാക്കിയിരിക്കുന്നു. വിശ്വസ്തരായ ഒരാളുടെ സാക്ഷ്യത്തോടെ അതംഗീകരിക്കാം. സാധ്യമാകുന്നത്ര വിശ്വാസികളിലേക്ക് മാസപ്പിറ വിവരം എത്തിക്കണം. അതറിഞ്ഞവരൊക്കെ നോമ്പനുഷ്ഠിക്കണം. അറിയിക്കുന്നതിനും അത് അനുസരിക്കുന്നതിനും രാജ്യാതിർത്തികൾ തടസ്സമല്ല. വിവര സാങ്കേതിക വിദ്യയുടെ വികാസം ലോകത്തെ ഒരു ഗ്രാമമാക്കി മാറ്റിയ ഈ കാലത്ത് നോമ്പാരംഭത്തിൽ ഉണ്ടാവുന്ന വൈവിധ്യങ്ങൾ വിവരക്കേടിൻറെ ലക്ഷണമെന്നേ പറയേണ്ടൂ.

Related Articles