Current Date

Search
Close this search box.
Search
Close this search box.

മയ്യിത്തിന് പ്രയോജനം ചെയ്യുന്ന കർമങ്ങൾ

ഒരു മുസ്ലിം ജീവിതകാലത്ത് ചെയ്ത ഏതു സൽകർമ്മവും മരണാനന്തരം അയാൾക്ക് പ്രയോജനം ചെയ്യും. എന്നാൽ സ്ഥായിയായി നില നിൽക്കുന്നതും തുടർന്നും ഫലം കിട്ടുന്നതുമായ മൂന്നു കാര്യങ്ങളുണ്ട്.

സ്ഥായിയായ ദാനം, പ്രയോജനപ്രദമായ വിജ്ഞാനം, തനിക്കുവേണ്ടി പ്രാർത്ഥിക്കുന്ന നല്ല സന്താനം എന്നിവയാണത്. നബി (സ) പറഞ്ഞതായി അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു.

إذا مات ابن آدم انقطع عمله إلا من ثلاث صدقة جارية أو علم ينتفع به أو ولد صالح يدعوله (مسلم)
സ്വന്തം മക്കളുടെ മാത്രമല്ല, മറ്റു മുസ്ലിംകളുടെയും പ്രാർത്ഥന മരണമടഞ്ഞവർക്കു ഫലം ചെയ്യും. മയ്യിത്ത് നമസ്കാരത്തിൽ പ്രാർത്ഥിക്കാൻ നിർദ്ദേശിച്ചത് അതുകൊണ്ടത്രെ.

ഖുർആൻ പറയുന്നു: والذين جاؤا من بعدهم يقولون ربنا اغفرلنا ولإخواننا الذين سبقونا بالإيمان ولا تجعل في قلوبنا غلا للذين آمنوا ربنا إنك رؤوف رحيم
(ശേഷം വന്നവർ പറയും: നാഥാ, ഞങ്ങൾക്കും മുമ്പ് വിശ്വാസം കൈകൊണ്ട് കഴിഞ്ഞു പോയ ഞങ്ങളുടെ സഹോദരന്മാർക്കും പൊറുക്കേണമേ! സത്യവിശ്വാസികൾക്ക് നേരെ ഞങ്ങളുടെ മനസ്സിൽ വിദ്വേഷം ഉണ്ടാക്കരുതേ, നാഥാ നീ കൃപാലുവും കാരുണ്യവാനുമല്ലോ.)

ദാനം
മരിച്ചവർക്കു വേണ്ടി വിശേഷിച്ചും സന്താനങ്ങൾ നടത്തുന്ന ദാനം മൂലവും അവർക്കു ഗുണം ലഭിക്കുന്നതാണ്. അബൂഹുറൈറ (റ) പറയുന്നു:

ان رجلا قال للنبي ﷺ إن أبي مات وترك مالا ولم يوص فهل يكفر عنه أن أتصدق عنه ؟ قال : نعم (أحمد، مسلم)
(ഒരാൾ നബി (സ) യെ സമീപിച്ച് ചോദിച്ചു: എന്റെ പിതാവ് മരിച്ചിരിക്കുന്നു. അദ്ദേഹം സമ്പത്ത് ബാക്കി വെച്ചിട്ടുണ്ട്. ഒന്നും ഒസ്യത്ത് ചെയ്തിട്ടുമില്ല. ഞാൻ അദ്ദേഹത്തിന് വേണ്ടി ദാനം ചെയ്താൽ അതു അദ്ദേഹത്തിന്റെ പാപപരിഹാരത്തിന് കാരണമാവുമോ? നബി (സ) പറഞ്ഞു: അതെ.

സഅദുബ്നു ഉബാദ(റ)യുടെ ഉമ്മ മരിച്ചു. അദ്ദേഹം നബി (സ) യോട് ചോദിച്ചു:

يا رسول الله : إن أمي ماتت أفاتصدق عنها ؟ قال : نعم قال : فأي الصدقة أفضل ؟ . قال : سقي الماء (أحمد، النسائي )
(അല്ലാഹുവിന്റെ ദൂതരേ, എന്റെ ഉമ്മ മരിച്ചിരിക്കുന്നു. ഞാൻ അവർക്കു വേണ്ടി ദാനം ചെയ്യട്ടെയോ? നബി (സ) പറഞ്ഞു: അതെ. ഞാൻ ചോദിച്ചു. ഏറ്റവും നല്ല ദാനം ഏതാണ്? നബി (സ) പറഞ്ഞു: ജലദാനം.)

എന്നാൽ ജനാസ കൊണ്ടു പോകുമ്പോഴും ഖബറിനടുത്തു വെച്ചും ദാനം ചെയ്യുന്നതിന് ഇസ്ലാമിൽ മാതൃകയില്ല. അതിനാൽ തന്നെ അതു ബിദ്അത്തും അനഭികാമ്യവുമാണ്.

ഹജ്ജ്
പരേതന് ഹജ്ജ് നിർബന്ധമുണ്ടെങ്കിൽ പകരം സന്താനങ്ങൾ അതു നിർവഹിച്ചാൽ അതിന്റെ പ്രതിഫലം അദ്ദേഹത്തിന് ലഭിക്കും. ഇബ്നു അബ്ബാസ് (റ) പറയുന്നു:

إن امرأة من جهينة جائت إلى النبي ﷺ فقالت: أن أمي نذرت أن تحج فلم تحج حتى ماتت أفأحج عنها ؟ قال : حجي عنها. أرأيت لو كان على أمك دين أكنت قاضيته ؟ اقضوا فالله أحق بالقضاء (البخاري) (ജുഹൈന ഗോത്രത്തിലെ ഒരു സ്ത്രീ നബി (സ) യെ സമീപിച്ച് പറഞ്ഞു: എന്റെ ഉമ്മ ഹജ്ജ് ചെയ്യാൻ നേർച്ചയാക്കിയിരുന്നു. അവർക്ക് ഹജ്ജ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. അവർ മരിച്ചുപോയി. അവർക്കുവേണ്ടി ഞാൻ ഹജ്ജ് ചെയ്താൽ മതിയാവുമോ? നബി (സ) പറഞ്ഞു: നീ അവർക്കു വേണ്ടി ഹജ്ജ് ചെയ്തു കൊള്ളുക. നിന്റെ മാതാവിനു വല്ല കടവും ഉണ്ടായിരുന്നുവെങ്കിൽ നീ അതു കൊടുത്തു വീട്ടുമായിരുന്നില്ലേ? നിങ്ങൾ കടം വീട്ടുക. അല്ലാഹവാണ് കടം വീട്ടാൻ കൂടുതൽ അർഹൻ.

നോമ്പ്
നോമ്പും അങ്ങനെ തന്നെ. ഇബ്നു അബ്ബാസ് (റ) പറയുന്നു:
جاء رجل إلى النبي ﷺ فقال : يا رسول الله إن أمي ماتت وعليها صوم شهر أفأقضيه عنها ؟ قال : لو كان على أمك دين أكنت قاضيه عنها ؟ ( البخاري, مسلم)
(ഒരാൾ നബി (സ) യെ സമീപിച്ചു പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എന്റെ മാതാവ് മരിച്ചിരിക്കുന്നു. അവർക്കു ഒരു മാസത്തെ നോമ്പ് ബാധ്യതയുണ്ട്. അവർക്കു വേണ്ടി ഞാൻ നോമ്പനുഷ്ഠിച്ചാൽ മതിയാകുമോ? നബി (സ) ചോദിച്ചു: നിന്റെ മാതാവിന് കടമുണ്ടെങ്കിൽ നീ അതു വീട്ടുകയില്ലേ? അദ്ദേഹം പറഞ്ഞു: അതെ. നബി (സ) പറഞ്ഞു: എങ്കിൽ അല്ലാഹുവിന്റെ കടമാണ് വീട്ടാൻ ഏറ്റം അർഹം.)

ഖുർആൻ പാരായണം
മരിച്ചവർക്കോ ജീവിച്ചിരിക്കുന്ന ആർക്കെങ്കിലുമോ വേണ്ടി ഖുർആൻ പാരായണം ചെയ്ത് അതിന്റെ ഫലം ദാനം ചെയ്യുന്നതിന് ഖുർആനിൽ തെളിവില്ല. നബി (സ)യുടെ മാതൃകയുമില്ല. അങ്ങിനെ ചെയ്യുന്നതിന് പ്രതിഫലം കിട്ടുകയില്ലെന്നാണു ഇമാം ശാഫിഈയുടെ പ്രസിദ്ധാഭിപ്രായം. അഹ്മദുബ്നു ഹമ്പലും മറ്റു പണ്ഡിതന്മാരും കിട്ടുമെന്ന പക്ഷക്കാരാണ്. ഗുണം കിട്ടുമെന്ന് പറയുന്നവർ തന്നെ ഖുർആൻ ഓതിയ ആൾ അതിന് പ്രതിഫലം പറ്റരുതെന്ന് ഉപാധി വെക്കുന്നുണ്ട്. പാരായണം ചെയ്തതിന്റെ ഫലം പരേതന് ദാനം ചെയ്യുന്നതായി കരുതുകയും വേണം. നബി (സ) ക്കുവേണ്ടി ഇങ്ങനെ ദാനം ചെയ്യുന്നത് അഭികാമ്യമല്ലെന്ന് പിൽക്കാല പണ്ഡിതന്മാർ പലരും അഭിപ്രായപ്പെടുന്നു. സഹാബിമാർ ആരും ഇവ്വിധം നബി (സ) യുടെ പേരിൽ ദാനം ചെയ്തതായി തെളിവില്ല. ( അവസാനിച്ചു )

Related Articles