Current Date

Search
Close this search box.
Search
Close this search box.

രണ്ടാം ഹജ്ജിനേക്കാള്‍ പൂണ്യം പാവങ്ങളെ സഹായിക്കുന്നതിന്

hajj5.jpg

ചിലമുസ്‌ലിങ്ങള്‍ എല്ലാ വര്‍ഷവും ഹജ്ജ് ചെയ്യാന്‍ താല്‍പര്യപ്പെടുന്നുണ്ട്. അതിന് പുറമേ എല്ലാ റമദാനിലും അവര്‍ ഉംറ നിര്‍വഹിക്കുകയും ചെയ്യുന്നുണ്ട്. ഹജ്ജ് നിര്‍വഹിക്കാന്‍ ഇത്രയും തിരക്കുള്ളതും ജനത്തിരക്കുമൂലം ആളുകള്‍ മരണപ്പെടുകയും ചെയ്യുന്ന കാലത്താണിതെന്നോര്‍ക്കണം. സുന്നത്തായ ഹജ്ജും ഐഛികമായ ഉംറയും നിര്‍വഹിക്കാന്‍ ഇവര്‍ ഉപയോഗിക്കുന്ന ഈ പണം പാവങ്ങളെയും പതിതരെയും സഹായിക്കാന്‍ ചെലവഴിച്ച് കൂടെ എന്നത് പ്രസക്തമായ ഒരു ചര്‍ച്ചയാണ്.

– ദീനിന്റെ സ്തംഭങ്ങളില്‍പെട്ടതും അടിമ നിര്‍ബന്ധമായും ചെയ്യേണ്ടതുമായ കാര്യങ്ങള്‍ക്കാണ് ഒരാള്‍ ഏറ്റവും മുന്‍ഗണന നല്‍കേണ്ടത്. അതിന് ശേഷം കൂടുതലായി ഐഛികകാര്യങ്ങളും ചെയ്യണം. അതിലൂടെ നാഥന്റെ പ്രീതി കരസ്ഥമാക്കാനാകുമെന്ന് പ്രവാചകന്‍ ഉണര്‍ത്തിയിട്ടുണ്ട്. അല്ലാഹു പറയുന്നതായി പ്രവാചകന്‍ പറയുന്നു: ‘ഞാന്‍ അടിമക്ക് നിര്‍ബന്ധമാക്കിയ കാര്യങ്ങള്‍ ചെയ്ത്‌കൊണ്ടല്ലാതെ ഒരാള്‍ക്ക് എന്റെ സാമീപ്യം നേടാനാവില്ല. ഞാന്‍ അവനെ ഇഷ്ടപ്പെടുന്നത് വരെ ഐഛികകാര്യങ്ങള്‍ ചെയ്ത് അടിമ എന്നിലേക്ക് അടുത്തുകൊണ്ടിരിക്കും. അപ്രകാരം ഞാന്‍ അവനെ ഇഷ്ടപ്പെട്ടാല്‍ അവന്‍ ശ്രവിക്കുന്ന ചെവിയും കാണുന്ന കണ്ണും ഞാനായി മാറും….’ പക്ഷെ ഈ ചോദ്യത്തിന് ഉത്തരം നല്‍കണമെങ്കില്‍ ഇസ്‌ലാമിക നിയമങ്ങളില്‍ അല്ലാഹു പാലിച്ച ചില തത്വങ്ങള്‍കൂടി നമ്മുക്ക് പരിഗണിക്കേണ്ടിവരും.

1) നിര്‍ബന്ധകാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതുവരെ അല്ലാഹു ഐഛികകര്‍മങ്ങള്‍ സ്വീകരിക്കുകയില്ല. നിര്‍ബന്ധ ബാധ്യതയായ സകാത്ത് പൂര്‍ണമായോ ഭാഗികമായോ കൊടുത്തുവീട്ടാത്തവന്റെ സുന്നത്തായ ഹജ്ജും ഉംറയും സ്വീകരിക്കപ്പെടുകയില്ലെന്ന് നമുക്ക് ഈ തത്വത്തിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാവുന്നതാണ്. ഒരാളില്‍ നിന്ന് കടം വാങ്ങിയ ധനം ഉപയോഗിച്ച് കച്ചവടം ചെയ്ത് ഒരാള്‍ ലാഭമുണ്ടാക്കിയെന്ന് കരുതുക. ലാഭത്തില്‍ നിന്ന് അയാള്‍ എത്ര ആളുകള്‍ക്ക് പണം വായ്പ നല്‍കിയാലും അയാളുടെ വാങ്ങിയ കടം വീടുകയില്ലല്ലോ. അതുപോലെയാണ് നിര്‍ബന്ധ ബാധ്യതകള്‍ തീര്‍ക്കാതെ സുന്നത്തായ ഹജ്ജിനും ഉംറക്കും വേണ്ടി പണം ചെലവാക്കുന്നവന്റെ വിധി.

2) പ്രയാസകരമായ ഒരു കാര്യത്തിലേക്ക് നയിക്കുമെങ്കില്‍ അല്ലാഹു ഐഛികകര്‍മങ്ങള്‍ സ്വീകരിക്കുകയില്ല. കാരണം ജനങ്ങള്‍ക്ക് പ്രയാസങ്ങളുണ്ടാക്കുന്നതിന്റെ തിന്മ ഇല്ലാതാക്കിയാലേ ഒരാള്‍ക്ക് സുന്നത്തിന്റെ നന്മ ലഭിക്കൂ. ആവര്‍ത്തിച്ച് ഹജ്ജ് ചെയ്യുന്നവരുടെ തിരക്ക് കാരണം മറ്റുള്ള ഹാജിമാര്‍ക്ക് പ്രയാസമുണ്ടാകാനോ തിരക്കില്‍പെട്ട് അവര്‍ മരിക്കാനോ കാരണമാകുന്നുണ്ടെങ്കില്‍ അത് ഗൗരവത്തോടെ കാണേണ്ടതാണ്. നിര്‍ബന്ധ ഹജ്ജ് പൂര്‍ത്തീകരിച്ചവര്‍ തങ്ങളുടെ സഹോദരന്മാര്‍ക്ക് പ്രയാസവും നിര്‍ബന്ധബാധ്യത പൂര്‍ത്തീകരിക്കുന്നതിന് തടസ്സവുമാകുന്ന തരത്തില്‍ വീണ്ടും ഹജ്ജിന് പോകുന്നത് നിഷിദ്ധമായിമാറും.

3) ഉപകാരങ്ങള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് ഉപദ്രവങ്ങള്‍ തടയുന്നതിനാണ്. ഉപകാരം വ്യക്തിപരവും ഉപദ്രവം സമൂഹത്തിനുമാണെങ്കില്‍ തീര്‍ച്ചയായും ഉപദ്രവം തടയാനായി ഉപകാരം ഒഴിവാക്കണം. സുന്നത്തായ ഹജ്ജ്് നിര്‍വഹിക്കുക എന്നത് മറ്റ് നിര്‍ബന്ധ ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്ക് പ്രയാസമാകുന്നതിനാല്‍ അത് പാടില്ല. മാത്രമല്ല, ആധുനിക കാലത്ത് ഹജ്ജിന് നിശ്ചിത ക്വാട്ടകളുണ്ട്. അതുകൊണ്ട് ആവര്‍ത്തിച്ച് ഹജ്ജ് ചെയ്യുന്നവര്‍ നര്‍ബന്ധ ഹജ്ജ് നിര്‍വഹിക്കാനുള്ള ഒരാളുടെ അവസരമാണ് ഹനിക്കുന്നത്.

4) ഐഛികകാര്യങ്ങള്‍ ചെയ്യാനുള്ള മേഖല വളരെ വിശാലമായതാണ്. അല്ലാഹു അതില്‍ ഒരു ഇടുക്കവും ഉണ്ടാക്കിയിട്ടില്ല. ദീര്‍ഘദൃഷ്ടിയുള്ള ഒരു സത്യവിശ്വാസി അവന്റെ അവസ്ഥക്കും കാലത്തിനും സാഹചര്യത്തിനും ഏറ്റവും യോജിച്ച കര്‍മങ്ങളാണ് തെരെഞ്ഞെടുക്കുക. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്ന രീതിയില്‍ ഐഛിക കര്‍മങ്ങള്‍ ചെയ്യാന്‍ അവന്‍ മുതിരുകയില്ല. അപ്രകാരം ഒരാളെ പ്രയാസപ്പെടുത്തിക്കൊണ്ട് സുന്നത്ത് ചെയ്യാന്‍ അയാള്‍ ശ്രമിക്കുകയില്ല. ആവശ്യമുള്ളവര്‍ക്കും പതിതര്‍ക്കും സഹായമെത്തിക്കാനാണ് അവര്‍ ശ്രമിക്കുക. പ്രത്യേകിച്ചും അടുത്ത ബന്ധുക്കളായവര്‍ക്ക്. കാരണം അടുത്തബന്ധുക്കളെ സഹായിക്കുന്നത് ഇരട്ടി പുണ്യമാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.

നിര്‍ബന്ധ ഹജ്ജ് നിര്‍വഹിച്ച് ഒരാള്‍ വീണ്ടും ഹജ്ജ് ചെയ്യുന്നതിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് അവന് ചുറ്റുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ്. കാരണം അത് സത്യവിശ്വാസിയുടെ നിര്‍ബന്ധ കടമയായാണ് പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ചുണ്ണുന്നവന്‍ സത്യവിശ്വാസിയല്ലെന്ന് പ്രവാചകന്‍ പറഞ്ഞത് അതിനാലാണ്. അതുപോലെതന്നെയാണ് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘങ്ങള്‍ക്കും മറ്റും സഹായങ്ങള്‍ നല്‍കുന്നത്. ചുരുക്കത്തില്‍ അത്യാവശ്യമാണെങ്കില്‍ പൊതുസമൂഹത്തിന് ഗുണമുണ്ടാക്കുന്ന കാര്യങ്ങള്‍ക്കാണ് വ്യക്തിപരമായ ഐഛികകാര്യങ്ങളെകാള്‍ മുന്‍ഗണന നല്‍കേണ്ടത്.

അവസാനമായി എനിക്ക് ആത്മാര്‍ഥതയോടെ ഉപദേശിക്കാനുള്ളത് സമുദായത്തിന് പണത്തിന് ധാരാളം ആവശ്യമുള്ള വര്‍ത്തമാന കാലസാഹചര്യത്തില്‍ സുന്നത്തായ ഹജ്ജും ഉംറയും നിര്‍വഹിച്ച് ധനം പാഴാക്കുന്നത് നാം നിര്‍ത്തണം. ഇനി ഹജ്ജ് ആവര്‍ത്തിച്ച് ചെയ്യണമെന്ന് നിര്‍ബന്ധമുള്ളവര്‍ അഞ്ചോ പത്തോ വര്‍ഷത്തില്‍ മാത്രം ആവര്‍ത്തിക്കുക. ഇപ്രകാരം ചെയ്യുകയാണെങ്കില്‍ പ്രത്യക്ഷമായ രണ്ട് ഗുണങ്ങളാണ് നമുക്ക് നേടാനാവുക.

ഒന്ന്, ദൈവമാര്‍ഗത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പ്രബോധനത്തിനും വേണ്ടി ആ ധനം ഉപയോഗിക്കാനാവും. ലോകത്ത് വിവിധ സ്ഥലങ്ങളില്‍ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാനും അവരുടെ സന്തോഷത്തിനും ഈ ധനം വിനിയോഗിക്കാന്‍ സാധിക്കും.
രണ്ട്, നിര്‍ബന്ധ ഹജ്ജ് ചെയ്യുന്നവര്‍ക്ക് സൗകര്യമാകുന്ന രീതിയില്‍ ഹജ്ജിനിടയില്‍ പരമാവധി തിരക്ക് കുറക്കാന്‍ സാധിക്കും.

വിവ: ജുമൈല്‍ കൊടിഞ്ഞി     

Related Articles