Current Date

Search
Close this search box.
Search
Close this search box.

സാമൂഹിക ബാധ്യതകൾ നിർവഹിക്കേണ്ടതാര്?

വൈയക്തിക ബാധ്യതകളും സാമൂഹിക ബാധ്യതകളും ഒരേ പോലെ നിറവേറ്റപ്പെടണമെന്നാണ് സുന്നി മദ്ഹബുകളുടെ നിലപാട്55. നിർവഹിക്കാൻ ബാധ്യസ്ഥരായ മുകല്ലഫുകളുടെ എണ്ണത്തിലാണ് അഭിപ്രായ വിത്യാസം56. സാമൂഹിക ബാധ്യതകളുടെ അഭിസംബോധിതർ ആരാണ് എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ രണ്ട് വിരുദ്ധ വീക്ഷണങ്ങളുണ്ട്. ഭൂരിപക്ഷ അഭിപ്രായമനുസരിച്ചു ഫർദ് കിഫായ നിർവഹിക്കാൻ എല്ലാ മുകല്ലഫുകളും ബാധ്യസ്ഥരാണ്. അത് കൊണ്ട് തന്നെ ബാധ്യത നിർവഹിക്കപ്പെട്ടിട്ടില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാവുന്നതുമാണ്. ചില പണ്ഡിതന്മാരുടെ അഭിപ്രായ പ്രകാരം ചില  മുകല്ലഫുകൾക്ക് മാത്രമാണ് ബാധകമാവുന്നത്.  കുറച്ചു പേർ കർമം നിർവഹിച്ചാൽ എല്ലാവരുടെയും ബാധ്യത ഒഴിവാക്കപ്പെടും എന്നതാണ് ഈ അഭിപ്രായത്തിന്റെ ന്യായം. ബാധ്യത നിർവഹിക്കപ്പെട്ടില്ലെങ്കിൽ എങ്ങനെയാണു കുറ്റം ചുമത്തുക എന്ന കാര്യത്തിലാണ് ഈ രണ്ട് വീക്ഷണങ്ങളുടെയും വിത്യാസം നില കൊള്ളുന്നത്57

ഇമാം അൽ ശീറാസി ഈ ചർച്ചയെ കൂടുതൽ സങ്കിർണമാക്കുന്നുണ്ട്. സാമൂഹിക ഉത്തരവാദിത്തത്തിന്റെ നിർവഹണം ജിന്നുകളോ മലക്കുകളോ പൂർത്തീകരിച്ചാൽ മനുഷ്യരുടെ ബാധ്യത ഒഴിവാവുമോ എന്നതാണ് അദേഹത്തിന്റെ അന്വേഷണം58. അദൃശ്യ കാര്യങ്ങളിൽ വിശ്വസിക്കുന്ന മുസ്‌ലിംകളുടെ വീക്ഷണ പ്രകാരം ‘സമുദായം’ എന്ന സങ്കല്പത്തിൽ മറ്റു ‌സൃഷ്ടികളും ഉൾപ്പെടുന്നതിനാൽ ഈ അന്വേഷണം സാധ്യതയുള്ളതാണ്. അത്തരമൊരു സാഹചര്യം ഭൗതികമായി തന്നെ സാധ്യമാണ്. സ്വാഹാബിയായിരുന്ന ഹൻദല (റ) രക്തസാക്ഷിയായപ്പോൾ മലക്കുകൾ അദ്ദേഹത്തെ കുളിപ്പിച്ചു എന്നത് ആധികാരികതയുള്ള സംഭവമാണ്. 

ഫർദ് കിഫായ നിർവഹിക്കുന്നവരുടെ നിയ്യത്തിനെ കുറിച്ച് ഇമാം ഇബ്നുൽ ഹാജ്‌ജ് കുറിച്ചു വെച്ചതും കൂടെ ഇവിടെ പറയേണ്ടതുണ്ട്. സ്വന്തത്തിന് വേണ്ടി എന്നതോടൊപ്പം മറ്റുള്ളവർക്ക് കൂടി വേണ്ടിയാണ് കർമം നിർവഹിക്കുന്നതെന്നാണ് നിയ്യത്ത് വെക്കേണ്ടത്. “തന്റെ സഹോദരനെ സഹായിക്കുന്ന അടിമയെ അള്ളാഹു സഹായിക്കും” എന്ന ഹദീസാണ് ഈ നിയ്യത്തിന്റെ ആധാരം“59

ബാധ്യത നിർവഹണത്തിൻറെ മുൻഗണന ക്രമം

അൽ ജുവൈനി, അദേഹത്തിന്റെ പിതാവ്, അബു ഇസ്ഹാഖ് അൽ ഇസ്ഫറായിനി തുടങ്ങിയ ചുരുക്കം ചില നിയമ പണ്ഡിതർ (ഉസൂലികൾ) സാമൂഹിക ഉത്തരവാദിത്തങ്ങൾക്ക് വൈയക്തിക ഉത്തരവാദിത്തങ്ങളെക്കാൾ മുൻഗണന കല്പിച്ചിട്ടുണ്ട്. വൈയക്തിക ബാധ്യതകളിൽ സംഭവിക്കുന്ന വീഴ്ചകളുടെ പരിണതി അതാത്  വ്യക്തികളെ മാത്രം ബാധിക്കുമ്പോൾ സാമൂഹിക ബാധ്യതകളിൽ വീഴ്ച സംഭവിച്ചാൽ മുഴുവൻ സമുദായവും പരിണിത ഫലം അനുഭവിക്കേണ്ടി വരുമെന്നാണ് ‘അൽഗിയാസിലൂടെ’ ഇമാം ജുവൈനി വാദിക്കുന്നത്60. എന്നാൽ വൈയക്തിക ബാധ്യതകൾക്ക് സാമൂഹിക ബാധ്യതകളെക്കാൾ പ്രാധാന്യവും സ്ഥാനവുമുണ്ടെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും (ഉസൂലികൾ) അഭിപ്രായം. മറ്റു ചില പണ്ഡിതന്മാർ സാമൂഹിക ബാധ്യതകളെയും വ്യക്തിയിലേക്ക് ചേർത്ത് കൊണ്ട് ഈ രണ്ട് അഭിപ്രായങ്ങൾക്കുമിടയിലൊരു സമവായത്തിന് ശ്രമിക്കുന്നുമുണ്ട്61

വൈയക്തിക ബാധ്യതകളെക്കാൾ മുൻഗണന സാമൂഹിക ബാധ്യതകൾക്ക് നൽകണമെന്ന അഭിപ്രായത്തോട് വിസമ്മതം പ്രകടിപ്പിക്കുന്ന ഉസൂലികളുടെ വീക്ഷണം ചില തെറ്റിദ്ധാരണകൾക്ക് വഴി വെച്ചിട്ടുണ്ട്. ഏതേത് ബാധ്യതകളാണ് കൂടുതൽ ദൈവികമെന്നതല്ല അഭിപ്രായ വിത്യാസത്തിന്റെ കാതൽ. മറിച്ചു, ഒരു ബാധ്യതയുടെ പേരിൽ വ്യക്തിയെ പരീക്ഷിക്കുന്നതിനാണോ അതോ സമുദായത്തിന്റെ ഒരു ലക്ഷ്യം നടപ്പിലാക്കപ്പെടുന്നതിനാണോ കൂടുതൽ പ്രാധാന്യമുള്ളത് എന്നതിലാണ് ചർച്ച62. അഥവാ വ്യക്തി താത്പര്യം പൊതു താത്പര്യം എന്ന ബിന്ദുവിൽ കേന്ദ്രീകരിക്കുന്ന ചർച്ചയിൽ  അനുഷ്ഠാനങ്ങൾക്കിടയിലെ  മുൻഗണന ക്രമം വിഷയമാവുന്നില്ല.  

വാജിബ് ആയ കർമങ്ങളിൽ ചിലത് വൈയക്തിക ബാധ്യതയും മറ്റു ചിലത് സാമൂഹിക ബാധ്യതയുമാണ്. എന്നാൽ സാമൂഹിക ബാധ്യത ചിലപ്പോൾ വൈയക്തിക ബാധ്യതയായി പരിവർത്തിക്കപ്പെടാൻ സാധ്യതയുണ്ട്. നോർത്ത് അമേരിക്കയിലെ ജനങ്ങൾക്ക് ഇത് പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയും. വളരെ കുറച്ചു മുസ്ലിംകൾ മാത്രമുള്ള ഉൾപ്രദേശങ്ങൾ ഇതിനുദാഹരണമാണ്. സംഘടിത നമസ്‍കാരം ക്രമീകരിക്കുക (ഇമാമുമാർക്കും ഖത്തീബുമാർക്കും പരിശീലനം നൽകലുൾപ്പെടെ), ചില ആരാധനകൾക്ക് വേണ്ടി മാസപ്പിറവി അറിയുക, സകാത്ത്, സംബന്ധിച്ച നിർദേശങ്ങൾ നൽകുക തുടങ്ങി നിരവധി സാമൂഹിക ബാധ്യതകൾ നിർവഹിക്കാൻ വളരെ ചുരുക്കം ആളുകൾ മാത്രമേ ഇത്തരം സമൂഹങ്ങളിൽ ഉണ്ടാവുകയുള്ളൂ. 

സാമൂഹിക ബാധ്യതയുമായി ബന്ധപ്പെട്ട മറ്റൊരു ചർച്ചയുണ്ട്. ഒരു സാമൂഹിക ബാധ്യതയുടെ നിർവഹണത്തിലേർപ്പെട്ട വ്യക്തിക്ക് ആ കർമം പൂർത്തിയാക്കാനുള്ള  ഉത്തരവാദിത്തമുണ്ടോ എന്നതാണ് ആ ചർച്ച63. സമുദായത്തിന് ആവശ്യമുള്ള ഒരു സവിശേഷ വിജ്ഞാന ശാഖ പഠിക്കാൻ ആരംഭിച്ച ഒരു മുസ്‌ലിം വിദ്യാർഥിയുടെ അവസ്ഥ ഒരു ഉദാഹരണമാണ്. സാമൂഹികമായ ഒരു ബാധ്യതയാണ് അവൻ നിർവഹിക്കുന്നത് എന്നതിനാൽ ഇടക്ക് വെച്ച് തന്റെ കരിയർ മറ്റൊരു വഴിക്ക് കൊണ്ടു പോവാൻ അവന് അനുവാദമുണ്ടോ? അങ്ങനെ വരുമ്പോൾ അത്തരം വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കണം എന്ന മറ്റൊരു സാമൂഹിക ബാധ്യത കൂടി ആവിർഭവിക്കുന്നു. ഇവിടെ ഒരു പൊതു സിദ്ധാന്തം രൂപപ്പെടുത്താതെ ഓരോ സന്ദർഭങ്ങളുടെയും പ്രാധാന്യവും പ്രയോഗികതയും പരിഗണിച്ചു കൊണ്ട് ഇടപെടലാണ് പണ്ഡിതന്മാരുടെ രീതി. 

അപ്പോൾ, ഫർദ് കിഫായ പരിവർത്തിച്ചു ഫർദ് അയ്ൻ ആയി മാറിയത്തിന് ശേഷം ആ കർമം നിർവഹിക്കുന്നതല്ലേ നല്ലത്? സാമാന്യ ബുദ്ധിയുടെ ഈ ചോദ്യത്തെ ഇമാം ഇബ്നു ഹജർ അൽ ഹൈതമി അഭിമുഖീകരിക്കുന്നുണ്ട്. പരിവർത്തനത്തിലൂടെ ഫർദ് അയ്ൻ ആയ കർമം നിർവഹിക്കുന്നതിനേക്കാൾ ഉത്തമം ഫർദ് കിഫായ തന്നെ നിർവഹിക്കലാണെന്ന് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു64. മതപരമായ ബാധ്യതകളുടെ മുൻഗണന ക്രമത്തെ കുറിച്ച ചർച്ചക്ക് വെളിച്ചം നൽകുന്നതാണ് അദേഹത്തിന്റെ ഫത്‌വ.  

നോർത്ത് അമേരിക്കൻ മുസ്‌ലിംകളും ഫർദ് കിഫായ സംബന്ധമായ മാർഗ്ഗനിർദേശങ്ങളും

ഇനി ചർച്ചയെ ജീവിത പരിസരങ്ങളിലേക്ക് കൊണ്ടു വരികയാണ്. ഒരു ‘സമുദായത്തിന്റെ’ ഭൂമിശാസ്ത്രപരമായ അതിർത്തിയെ കുറിച്ചും, അടുത്തടുത്ത പട്ടണങ്ങൾ ഉത്തരവാദിത്തങ്ങൾ പങ്കിട്ടെടുക്കേണ്ടതിനെ കുറിച്ചും ഇസ്‌ലാമിക ഗ്രന്ഥങ്ങളിൽ  പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ‘സമുദായം’ (community) എന്ന സങ്കല്പത്തിന് ഇസ്‌ലാമിക നിയമ സിദ്ധാന്തങ്ങളിലോ അവയുടെ ചരിത്രപരമായ പ്രയോഗത്തിലോ ഒരു പൊതു നിർവചനം  കാണാൻ കഴിയുകയില്ല. മറിച്ച് അതിനെ സാഹചര്യപരമായി നിർവചിക്കപ്പെടാൻ വെക്കുകയാണ് ചെയ്തത്. 

കർമശാസ്ത്ര പണ്ഡിതന്മാർ ഫർദ് കിഫായ ഉത്തരവാദിത്തങ്ങളെ കുറിച്ച് പറയുമ്പോൾ, സമൂഹത്തിൻറെ അവസ്ഥയെ -ജനനിബിഡമായ മുൻസിപ്പാലിറ്റിയാണോ വിഭവക്ഷാമമുള്ള ഗ്രാമീണ സമൂഹമാണോ- പരിഗണിക്കുന്നതായും ദൂരം അളക്കാൻ ശരീഅയിൽ ഉള്ള അളവുകോലുകൾ ( ഖസ്ർ ബാധകമാവുന്ന ദൂരം, പകർച്ചവ്യാധിപകരുന്ന ദൂരം) ഉപയോഗിക്കുന്നതായും കാണാൻ കഴിയും65. ഇത്തരത്തിൽ ബാധ്യതകളെ പങ്കുവെക്കുന്നതിലൂടെ സമൂഹങ്ങളുടെ തന്നെ വിഭജനമോ മറ്റോ അല്ല ഉദ്ദേശിക്കപ്പെടുന്നത്. മറിച്ച്, ലഭ്യമായ വിഭവങ്ങൾ പരസ്പരം പങ്കുവെച്ചു കൊണ്ട് ഒരു പ്രദേശത്തു ജീവിക്കുകയും അവിടെ നിർവഹിക്കാനുള്ള മത ബാധ്യതകൾ നിർവഹിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഓരോ ജനതയുടെയും കാര്യപ്രാപ്തി എത്രയുണ്ടെന്നു യാഥാവിധി മനസിലാക്കാനും അവരുടെ സാമൂഹിക ജീവിതത്തെ ശക്തിപ്പെടുത്തലുമാണ് ഉദ്ദേശ്യം. 

സാമൂഹിക ബാധ്യത നിർവഹിക്കപ്പെടാത്തതിന്റെ ഉത്തരവാദിത്തം അതാത് പ്രദേശത്തെ ഇസ്‍ലാമിര സമൂഹങ്ങൾക്കു മാത്രമല്ലെന്നും ഭൂമിശാസ്ത്രപരമായ അകലം കണക്കിലെടുക്കാതെ എല്ലാ മുസ്‌ലിംകളും കുറ്റക്കാരാവുമെന്നുമുള്ള ചില പണ്ഡിതന്മാരുടെ അഭിപ്രായങ്ങളിൽ നിന്ന് ഇത് വ്യക്തമാണ്. ബാധ്യതകൾ നിർവഹിക്കപ്പെടാതെ കിടക്കുന്നതിനെ കുറിച്ചു അറിഞ്ഞ മുസ്‌ലിംകൾ, നിറവേറ്റാൻ ആവശ്യമായ കഴിവുകളുണ്ടായിട്ടും അവ നിർവഹിക്കുന്നില്ലെങ്കിൽ ഭൂമിശാസ്ത്രപരമായ അകലം കണക്കിലെടുക്കാതെ കുറ്റക്കാരാവുമെന്നാണ് അവരുടെ അഭിപ്രായം. 

ബാധ്യതകൾ നിർവഹിക്കപ്പെടാതെ കിടക്കുന്നതിനെ കുറിച്ചു അറിയിക്കപ്പെട്ടില്ലെങ്കിലും അവ അന്വേഷിച്ചറിഞ്ഞു നിർവഹിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അവരും കുറ്റക്കാരാവുന്നു. സാമൂഹിക ബാധ്യത പൂർത്തീകരിക്കപ്പെട്ടോ ഇല്ലയോ എന്ന കാര്യത്തിൽ ഉയർന്ന സാധ്യത(ظن) ഉണ്ടായാൽ മതി. അഥവാ ദൃഢത (യഖീൻ) ഉണ്ടാവേണ്ടതില്ല66. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു ബാധ്യത നിർവഹിക്കപ്പെട്ടുവെന്ന് നൂറു ശതമാനം ഉറപ്പില്ലെങ്കിലും നിർവഹിക്കപ്പെട്ടുവെന്ന ശക്തമായ ഊഹമുണ്ടെങ്കിൽ വ്യക്തികൾ കുറ്റക്കാരാവുകയില്ല. 

സാമൂഹിക ബാധ്യത വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് കൈമാറപ്പെടുന്നത് മുകളിൽ സൂചിപ്പിക്കപ്പെട്ടതാണ്. അതേ പോലെ ഒരു പ്രദേശത്തെ ബാധ്യത ‘മറ്റെല്ലാ പ്രദേശങ്ങളിലേക്കും’ കൈമാറപ്പെടുന്നതാണ്67. കോവിഡ് മഹാമാരി കാരണമായി തെളിഞ്ഞു വന്ന വെർച്വൽ ലോകം (virtual reality) അതിർത്തികളില്ലാത്ത സമുദായം എന്ന പരികല്പനയും സാധ്യമാക്കുന്നുണ്ട്. ഉദാഹരണത്തിന്, മുസ്‌ലിംകൾക്ക് വിഭവങ്ങളൊന്നുമില്ലാത്ത ഒരു പ്രദേശത്തെ സാമൂഹിക ബാധ്യതകൾ നിർവഹിക്കാൻ ഒരു വ്യക്തി മാത്രമുള്ള ഒരു സന്ദർഭത്തിൽ പ്രസ്തുത ആവശ്യം നിറവേറ്റാൻ സാധിക്കുന്ന എല്ലാവരിലേക്കും ആ ബാധ്യത കൈമാറപ്പെട്ടേക്കാം. ഭൂമിശാസ്ത്രപരമായ ദൂരം ഇവിടെ പരിഗണനീയമല്ല.

അധിക നിയമ വ്യവസ്ഥയിലും സാമൂഹിക സ്ഥിരത (social stability) നിലനിർത്താനും ജനക്ഷേമം വർധിപ്പിക്കാനും ഭരണനിർവ്വഹകരെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ മുസ്‌ലിം സമൂഹത്തെ വിശ്വാസത്തിലെടുത്തു വിവിധ ചുമതലകൾ നിശ്ചയിച്ചു കൊടുക്കലാണ് ശരീഅത്തിന്റെ രീതി. വിദ്യാഭ്യാസം, ആരോഗ്യം, ബാല സംരക്ഷണം, തർക്ക പരിഹാരം തുടങ്ങിയ പൊതു ആവശ്യങ്ങൾ അങ്ങനെ നിറവേറ്റപ്പെടുന്നതാണ്.  മുമ്പ് സൂചിപ്പിച്ച നിരവധി ഉദാഹരണങ്ങളും വഖ്‍ഫ് സംവിധാനം, അർധ സർക്കാർ സ്ഥാപനങ്ങൾ എന്നിവയും ഭരണനിർവ്വഹകരുടെയോ (executive) ജുഡീഷ്യറിയുടെയോ ഇടപെടലില്ലാതെ സ്വാതന്ത്രമായാണ് പ്രവർത്തിക്കുന്നത്. ഇസ്‌ലാമിക പാരമ്പര്യത്തിലെ സമുദായം എന്ന സങ്കല്പം ആധുനിക സങ്കല്പത്തിൽ നിന്നും എത്ര മാത്രം വിഭിന്നമാണെന്ന് ഇത് വ്യക്തമാക്കുന്നു.  

രാഷ്ട്രീയ- നിയമ വ്യവസ്ഥകളിൽ നിന്നും സാധിച്ചു കിട്ടാത്ത ആവശ്യങ്ങളുണ്ടാവും. സമുദായം നിയമനങ്ങൾ നടത്തുന്ന സംവിധാനങ്ങളിലൂടെയാണ് അത്തരം ആവശ്യങ്ങൾ പൂർത്തീകരിക്കപ്പെടുന്നത്. തീർച്ചയായും, സുപ്രധാനമായ ഇത്തരം  സമുദായ കാര്യങ്ങൾ ചരിത്രത്തിൽ പലപ്പോഴും രാഷ്ട്രത്തിന്റെ (state) കയ്യേറ്റങ്ങൾക്ക് ഇരയാക്കപ്പെട്ടിട്ടുണ്ട്. അപ്പോഴും, സാമൂഹിക ഉത്തരവാദിത്തം എന്ന സങ്കൽപം വലിയ സാധ്യതകൾ തുറന്നു തരുന്നുണ്ട്. സാഹചര്യങ്ങൾക്കതീതമായുള്ള അതിന്റെ പ്രവർത്തനക്ഷമതയിലൂടെ ആധുനികതയുടെ ഭാരം മറികടക്കാനുള്ള സാധ്യതയെ കുറിച്ചാണ്‌ ഈ ലേഖനം ആലോചിക്കുന്നത്.

നമ്മുടെ ഈ മനസ്സിലാക്കൽ പടിഞ്ഞാറിന്റെ മുസ്‌ലിം ഭാവനയെ സ്വാധീനിക്കുന്നതാണ്. മതേതര വ്യവസ്ഥക്കകത്തെ മത ന്യൂനപക്ഷമെന്ന നിലനിൽപ്പിന്റെ ചോദ്യത്തെ അഭിമുഖീകരിക്കാനും ഇത് സഹായകമാവുന്നു. മത കർമ്മങ്ങൾ, പൗരപ്രവർത്തനം, സാമൂഹിക പ്രവർത്തനം തുടങ്ങിയവ ചർച്ചയാവുന്ന ഈ സന്ദർഭത്തിൽ നോർത്ത് അമേരിക്കൻ മുസ്‌ലിംകളെന്ന നിലക്ക് എങ്ങനെ ഇടപെടണമെന്നതിന്റെ ഉത്തരം കൂടിയാണ് വിശ്വാസ ബാധ്യതകളെ കുറിച്ചും അവയുടെ ശരീഅ വിധികളെ കുറിച്ചുമുള്ള പരിശോധന. അടിസ്ഥാന മതപരമായ സൗകര്യങ്ങൾ പോലുമില്ലാതെ ചെറിയ നഗരങ്ങളിലും ഉൾപ്രദേശങ്ങളിലും ജീവിക്കുന്ന മുസ്‌ലിംകളുടെ ഫിഖ്ഹി ചോദ്യവും ഇവിടെ പരിഹരിക്കപ്പെടുന്നുണ്ട്. 

മുൻഗണനകൾ സൂക്ഷിച്ചു കൊണ്ടാണ് ഫർദ് കിഫായകൾ നിർവഹിക്കപ്പെടുന്നതെന്ന് ഉറപ്പു വരുത്താൻ പണ്ഡിതന്മാർ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, പ്രധാനമല്ലാത്ത വിഷയങ്ങളുടെ വിശദാംശങ്ങൾക്ക് അമിത പ്രാധാന്യം കൊടുക്കുന്ന കർമശാസ്ത്രകാരന്മാരെയും (jurists) വ്യക്തിപരമായ ബാധ്യതകൾ നിർവഹിക്കാതെയും അവ മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കാതെയും ചർച്ചകളിൽ മുഴുകുന്ന കർമശാസ്ത്രകാരന്മാരെയും ഇമാം ഗസ്സാലി തള്ളിപ്പറയുന്നുണ്ട്68

മുൻഗണന ക്രമം സൂക്ഷിക്കാത്ത ഈ പ്രവണതയെ ആവശ്യങ്ങൾ നിറവേറ്റാൻ മുസ്‌ലിം വൈദ്യന്മാരുടെ കുറവ് അനുഭവപ്പെടുന്ന ഒരു നാട്ടിൽ ആവശ്യത്തിലധികം കർമശാസ്ത്രകാരൻമാരുണ്ടാവുന്ന അവസ്ഥയോടാണ് അദ്ദേഹം ഉപമിക്കുന്നത്69. താജുദ്ദീൻ അൽസുബുകിയും സമകാലികരായ ധാരാളം കർമശാസ്ത്ര പണ്ഠിതന്മാരെ വിമർശിക്കുന്നുണ്ട്.  മുസ്‌ലിംകളുടെ മത വിദ്യാഭ്യാസത്തിലും അമുസ്‌ലിംകളോടുള്ള പ്രബോധനത്തിലും ശ്രദ്ധ കൊടുക്കാതെ ഉപയോഗ ശൂന്യമായ നിയമ തർക്കങ്ങളിലും ഭ്രാന്തൻ വിഭാഗീയതയിലും അഭിരമിച്ചതിനാലാണ് അദ്ദേഹം വിമർശനമുനയിച്ചത്70.

മുസ്‌ലിംകളോടും അമുസ്‌ലിംകളോടുമുള്ള ദഅ‍്‍വയെ കുറിച്ച നമ്മുടെ സങ്കൽപ്പങ്ങളേയും ഫർദ് കിഫായ സ്വാധീനിക്കുണ്ട്. ദഅ്‍വയുടെ രീതിയും ലക്ഷ്യവും നിർണ്ണയിക്കുന്നതിലും ആ സ്വാധീനമുണ്ട്. അമുസ്‌ലിംകളോടുള്ള ദഅ്‍വക്കാണോ മുസ്‌ലിംകളോടുള്ളതിനാണോ മുൻഗണന കൊടുക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് യുക്തിയുടെയും (ഹിക്മത്) ലക്ഷ്യബോധത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം. അബസ സൂറത്തിലെ അബ്ദുള്ളാഹിബ്നു ഉമ്മി മഖ്തൂമിന്റെ കഥ ഇവിടെ ശ്രദ്ധേയമാണ്.

അറിവ് പകർന്നു കൊടുക്കുന്നതിനും ആത്മാവിചാരണ നടത്തുന്നതിനും ഇടയിൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും ഈ ചർച്ച മുന്നോട്ടു വെക്കുന്നുണ്ട്. അറിവ് പകരുക, ദഅ്‍വ നടത്തുക തുടങ്ങിയ സാമൂഹിക ബാധ്യതകൾ, ദിക്റിൽ നിന്നും എല്ലാ കാര്യത്തിലും അല്ലാഹുവിനെ കാണുന്നതിൽ നിന്നും വ്യക്തികളെ വ്യതിചലിപ്പിക്കാൻ ഇടയാവരുതെന്ന് ഇമാം ഇബ്നു അജിബാഹ് ഓർമിപ്പിക്കുന്നുണ്ട്. പ്രബോധന ലക്ഷ്യവുമായി ഫറോവയുടെ അടുത്തേക്ക് മൂസയെയും ഹാറൂനെയും പറഞ്ഞു വിടുമ്പോഴുള്ള അല്ലാഹുവിന്റെ കല്പന അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. “എന്നെ സ്മരിക്കുന്നതിൽ വീഴ്ച വരുത്തരുത്”71 എന്ന ആയത്തിനെ ‘എന്റെ അടിമകളെ വഴി നടത്തുമ്പോൾ നിങ്ങൾ എന്നെ കുറിച്ച് അശ്രദ്ധരാവരുത്’ എന്നാണ് അദ്ദേഹം വ്യാഖ്യാനിക്കുന്നത്72.

ഉപസംഹാരം

മുൻഗണന ക്രമം നിശ്ചയിക്കുകയെന്നത് സമുദായ നേതൃത്വത്തിനിടയിൽ വിയോജിപ്പുണ്ടാവുന്ന ഒരു പ്രധാന കാര്യമാണ്. നമ്മുടെ ദൈവശാസ്ത്രത്തിന്റെ പ്രതിഫലനമാണ് ഫിഖ്ഹ്. ഖുർആനിനെ കുറിച്ച നമ്മുടെ മനസ്സിലാക്കലുകളെ പരിപോഷിപ്പിക്കുന്ന ഫിഖ്ഹ് ബാധ്യതകൾ ക്രമീകരിക്കാൻ നമ്മളെ പ്രാപ്തരാക്കുന്നു. ആരാധന കർമ്മങ്ങൾ നിർവഹിക്കാനും ഭൂമിയെ പരിപോഷിപ്പിക്കാനും (ഇമറാത്തുൽ അർള്) വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. 

ചിലപ്പോഴെങ്കിലും വ്യക്തികൾ ആഗ്രഹിക്കുന്ന മുൻഗണന ക്രമവും വ്യക്തി താത്പര്യങ്ങളും ഇസ്‌ലാം ആവശ്യപ്പെടുന്ന മുൻഗണന ക്രമത്തോട് യോജിക്കാതെ വന്നേക്കാം. എന്നല്ല, മുസ്‌ലിം സമുദായം നേരിടുന്ന ഒരു പൊതു പ്രശ്നമാണ് ചുമതലകളുടെയും ഫത്‍വകളുടെയും സ്ഥാനമാനങ്ങളുടെയും പേരിൽ സംഘടനകൾ തമ്മിലുള്ള മത്സരം. വലിയ സംഘടനകൾ അവഗണിക്കുന്ന ചില സമുദായ ആവശ്യങ്ങൾ ചെറിയ സംഘങ്ങളാണ് പൂർത്തീകരിക്കാറുള്ളത് എന്ന കാര്യം ഈ ചർച്ചയിൽ ഓർക്കപ്പെടേണ്ടതാണ്.  

സമുദായത്തിന്റെ വിത്യസ്ത ലക്ഷ്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന മുസ്‌ലിംകൾ പരസ്പരം മത്സരിക്കുന്നത് പോലെയാണ് കാണപ്പെടാറുള്ളത്. മുസ്‌ലിം ഉമ്മത്തിനെ പരിഗണിക്കുമ്പോൾ തങ്ങളുടെ ലക്ഷ്യമാണ് ഏറ്റവും പ്രധാനമെന്ന ചിന്തയിലാണ് ഈ മത്സരം. തങ്ങൾ ഒരു ലക്ഷ്യത്തിന് വേണ്ടി നിലകൊള്ളുന്നുവെന്നതിനാൽ മറ്റുള്ളവയെ കുറിച്ച് ആവലാതി വേണ്ടെന്നും അവർ ചിന്തിക്കുന്നു. നമ്മളിൽ ചിലർ ഒരു ഫർദ് കിഫായ നിർവഹിക്കുന്നതിൽ കേന്ദ്രീകരിക്കുകയാണെങ്കിൽ മറ്റു ബാധ്യതകളിൽ നിന്ന് നമ്മൾ ഒഴിവാക്കപ്പെടുമോ? 

ഇസ്‌ലാമിനെ പഠിപ്പിച്ചു കൊടുക്കുക, ദഅ്‍വ, ഇസ്‌ലാമോഫോബിയയെ നേരിടുക, മുസ്‌ലിം പൈശാചികവത്കരണത്തെ ചെറുക്കുക, നിരീശ്വര വാദത്തെ എതിരിടുക, വംശീയതയോടും വിവേചനത്തോടും പോരാടുക, പള്ളികളും ഇസ്‌ലാമിക സ്കൂളുകളും നിർമ്മിക്കുക, സാമൂഹിക സേവനം, തർക്ക പരിഹാരത്തിനുള്ള സമാന്തര വേദികൾ ഉണ്ടാക്കുക, മർദിതരെ സഹായിക്കുക, ആഗോള ഉമ്മത്തിന്റെ ലക്ഷ്യങ്ങൾ പോഷിപ്പിക്കുക, ഇസ്‌ലാമിക സാമ്പത്തിക സ്ഥാപനങ്ങൾ ആരംഭിക്കുക, പ്രകൃതി സംരക്ഷണം, രാഷ്ട്രീയ-സാമൂഹിക -നിയമ പഠനങ്ങളിൽ ഇടപെടുക, ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെ സംരക്ഷണം, അവഗണിക്കപ്പെടുന്ന യുവതയെ പരിചരിക്കുക, ഹലാൽ ഭക്ഷണ വിതരണം, ഹലാൽ ലോണുകളും സാമ്പത്തിക സഹായങ്ങളും ലഭ്യമാക്കുക, മുസ്‌ലിം പ്രതിനിധാനത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുക. ഏതാണ് നമ്മൾ ആദ്യം ചെയ്യേണ്ടത്? 

ഉത്തരവാദിത്തങ്ങളുടെ പേരിൽ മത്സരിക്കാൻ വേണ്ടിയുള്ള സങ്കല്പല്ല ഫർദ് കിഫായ എന്ന് ഈ ലേഖനം പ്രസ്താവിക്കുകയാണ്. മറിച്ച്, വിഭവങ്ങളുടെ ശരിയായ വിനിയോഗം, ചുമതല നിർവഹണത്തിൽ വരുന്ന അശ്രദ്ധകളും ചില സേവനങ്ങളിൽ മാത്രമുള്ള ആധിക്യവും ഇല്ലാതാക്കൽ എന്നിവ ഉറപ്പു വരുത്തുന്ന രീതിയിൽ പരസ്പര സഹകരണത്തോടെ സമുദായത്തിന്റെ ശ്രേഷ്ഠ ലക്ഷ്യങ്ങൾക്ക് വേണ്ടി നിലകൊള്ളാനാണ് ഫർദ് കിഫായ ആവശ്യപ്പെടുന്നത്.

വിവ: ഇർശാദ് പേരാമ്പ്ര

References:

55 Abū al-Ḥasan al-Āmidī, al-Iḥkām fī uṣūl al-aḥkām, 2nd ed. (Beirut: al-Maktab al-Islāmī, 1981), 1:100.

56 Al-Zarkashī, al-Baḥr al-muḥīṭ, 2nd ed. (Kuwait: Ministry of Endowments and Islamic Affairs, 1992), 1:242–45.

57 Al-Zarkashī, 1:242–45.

58 Al-Zarkashī, 249–50.

59 Ṣaḥīḥ Muslim, bk. 48, hadith 48; Ibn al-Ḥāj, al-Madkhal (Beirut: Dār al-Kutub al-ʿIlmīyah, 1995), 4:233.

60 Al-Juwaynī, al-Ghiyāthī, 137–38.

61 Al-Zarkashī, al-Baḥr al-muḥīṭ, 252.

62 Al-ʿAṭṭār, Ḥāshiyat ʿalá jamʿ al-jawāmiʿ, 236–38.

63 Al-Suyūṭī, al-Ashbāh wa-al-naẓāʾir, 374–75.

64 Ibn Ḥajar al-Haytamī, al-Fatḥ al-mubīn fī sharḥ al-Arbaʿīn (Jeddah: Dār al-Minhāj, 2008), 545.

65 Masāfat al-qaṣr is the distance at which one is allowed to shorten a four-unit (rak’ah) prayer to two. Masāfat al-‘adwā is an estimated distance beyond those where one can expect a response upon a cry of help. Scholars applied both distances in multiple legal rulings. In farḍ kifāyah applications, Shāfi’ī scholars discussed the need for a muftī within masāfat al-qaṣr range and a judge (qaḍī) within masāfat al-‘adwā.   

66 Jamāl al-Dīn al-Isnawī, Nihāyat al-sūl Sharḥ Minhāj al-Wuṣūl ilá ʿIlm al-Uṣūl, 1st ed. (Beirut: Dār Ibn Ḥazm, 1999), 99.

67 Abū al-Qāsim al-Rāfiʿī, Fatḥ al-ʿaziz sharḥ al-Wajīz, 1st ed. (Beirut: Dār al-Kutub al-ʿIlmīyah, 1997), 11:253.

68 Al-Ghazalī, Ihya, 80–82.

69 Al-Ghazalī, 80–82.

70 Tāj al-Dīn al-Subkī, Muʿīd al-niʿam wa-mubīd al-niqam (Lebanon: Muʾassasat al-Kutub al-Thaqāfīyah, 1986), 62–63.

71 Qur’an 20:42.

72 Ibn ʿAjībah, al-Baḥr al-madīd fī tafsīr al-Qurʾān al-Majīd (al-Hayʾah al-Miṣrīyah al-ʿĀmmah lil-Kitāb, 1999), 3:392.

Related Articles