Book Review

‘ഇന്ത്യയുടെ സാമൂഹിക രൂപീകരണവും മുസ് ലിംകളും’ എന്ന ഗ്രന്ഥം ശ്രദ്ധേയവുമാവുന്നത്

ഇന്ത്യയുടെ നിര്‍മ്മിതിയില്‍ ഒരു സമുദായം എന്ന നിലയില്‍ മുസ് ലിംകള്‍ നിര്‍വ്വഹിച്ച പങ്ക് അദ്വിതീയമത്രെ. എന്നാല്‍ മുസ് ലിം ഇന്ത്യയുടെ പൈതൃക വേരുകള്‍ തേടുന്ന രചനകള്‍ തുലോം തുഛമാണ്. കെ.ടി ഹുസൈന്‍ രചിച്ച് ഐ.പി.എച്ച് ഇപ്പോള്‍ പുറത്തിക്കിയ ‘ഇന്ത്യയുടെ സാമൂഹിക രൂപീകരണവും മുസ് ലിംകളും’ എന്ന ഗ്രന്ഥം ഏറെ പ്രസക്തവും ശ്രദ്ധേയവുമാവുന്നത് ഇതുകൊണ്ടാണ്.

മുസ് ലിംകള്‍ ഇന്ത്യയില്‍, ഇസ് ലാമിന്റെ നാഗരിക സംഭാവനകള്‍, ഇന്ത്യയിലെ ഇസ് ലാമിക നവോത്ഥാനം തുടങ്ങിയവ വിവരിക്കുന്ന ഭാഗം ഒന്ന്, സ്വൂഫീ പ്രബോധന പരമ്പരകളുടെ ഭാഗം രണ്ട്, അഹ്മദ് സര്‍ ഹിന്ദിയും ഔറംഗസീബ് ആലംഗീറിന്റെ യഥാര്‍ത്ഥ ചിത്രവും ഷാവലിയുല്ലാഹിദ്ദഹ് ലവിയും കടന്നുവരുന്ന ഭാഗം മൂന്ന്, ടിപ്പു സുല്‍ത്താന്‍, തഹ് രീകെ മുജാഹിദീന്‍, ഫറാഇദീ പ്രസ്ഥാനം, തീതുമീറിന്റെ വിപ്ലവങ്ങള്‍, 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം എന്നിവയുടെ ഭാഗം നാല്, അലീഗഢ് , ദയൂബന്ദ്, നദ് വത്തു ഉലമ എന്നിങ്ങനെ വിദ്യാഭ്യാസ പ്രസ്ഥാനങ്ങളെ പരിചയപ്പെടുത്തുന്ന ഭാഗം അഞ്ച്, അല്ലാമ:ഇഖ്ബാല്‍, അലി സഹോദരന്മാര്‍, അബുള്‍ കലാം ആസാദ്, മുഹമ്മദലി ജിന്ന, മൗലാനാ ഇല്യാസ്, സയ്യിദ് മൗദൂദി തുടങ്ങി വ്യക്തികളും പട്ടുറുമാല്‍ ഗൂഢാലോചന, ഖിലാഫത്ത് പ്രസ്ഥാനം തുടങ്ങിയ സംഭവപരമ്പരകളും നിറഞ്ഞു നില്‍ക്കുന്ന ഭാഗം ആറ്, മുസ് ലിം രാഷ്ട്രീയം, മുസ് ലിം ലീഗ്, ജമാഅത്തെ ഇസ് ലാമി, ഇതര സംഘടനകള്‍, അബുല്‍ ഹസന്‍ അലി നദ് വി, അബുല്ലൈസ് ഇസ് ലാഹി നദ് വി തുടങ്ങിയവ വിവരിക്കുന്ന ഭാഗം ഏഴ്…

നിരവധി റഫറന്‍സുകളുടെ സഹായത്തോടെ അണിയിച്ചൊരുക്കപ്പെട്ട 400 പേജുകളുള്ള ബ്രഹത്തായ ഈ ഗ്രന്ഥം അത്യന്തം വിജ്ഞാനപ്രദവും ഏറെ കൗതുകകരവുമത്രെ. ചരിത്രത്തെ ഒരു മുത്തുമാലയെന്നോണം കോര്‍ക്കുകമാത്രമല്ല, ഇന്ത്യന്‍ മുസ് ലിം നേതൃത്വത്തിന്റെ അമ്പരപ്പിക്കുന്ന പാരസ്പര്യം ചികഞ്ഞെടുക്കുന്നു എന്നതുകൂടിയാണ് ഈ ഗ്രന്ഥത്തെ അതീവ പ്രസക്തമാക്കുന്നത്. സമുദായത്തിന്നകത്തെ ബഹുസ്വരതയെ ഒരു കുടക്കീഴില്‍ നിര്‍ത്തുന്ന സര്‍ഗാത്മകത തന്നെയാവും ഈ രചനയെ വേറിട്ടതാക്കുന്ന ഒന്നാമത്തെ ഘടകം.

നിസാമുദ്ദീന്‍ ഔലിയയുടെ ഇസ് ലാമിനെ ജീവിതം കൊണ്ട് അനുഭവിപ്പിക്കുന്ന ദഅവാ രീതി, ഇഖ്ബാലിനാല്‍ സ്വാധീനിക്കപ്പെട്ട മുഹമ്മദലി ജിന്ന അവസാനകാലം ശീ ഇസത്തില്‍ നിന്ന് സുന്നിഇസത്തിലേക്ക് മാറിയിരുന്നു, ഇസ് ലാമിന്റെ രാഷ്ട്രീയ സംവിധാനത്തില്‍ പില്‍ക്കാലത്ത് ജിന്ന ആകൃഷ്ടനായിരുന്നു, സയ്യിദ് മൗദൂദിയെക്കൊണ്ട് തദ്വിഷയകമായി റേഡിയോ പാകിസ്ഥാനില്‍ ജിന്ന പ്രഭാഷണങ്ങള്‍ നടത്തിച്ചിരുന്നു, ഇഖ്ബാല്‍ മുസ് ലിം ലീഗ്കാരനായിരിക്കേ തന്നെ വിശിഷ്യ അവസാന കാലത്ത് ഇസ് ലാമിക രാഷ്ട്രീയ സിദ്ധാന്തത്തില്‍ മനസ്സുറപ്പിച്ചിരുന്നു…. എന്നിങ്ങനെ ചരിത്രത്തില്‍ വേണ്ടത്ര അറിയപ്പെടാത്ത ഒട്ടനവധി സംഭവപരമ്പരകള്‍ മഹത്തായ ഈ കൃതി പങ്കുവെക്കുന്നുണ്ട്.

ദേശീയത, ജനാധിപത്യം എന്നിവയെ കുറിച്ച ഇന്ത്യന്‍ മുസ് ലിം നേതാക്കളുടെ അഭിപ്രായപ്രകടനങ്ങളും നിരൂപണങ്ങളും ഉണ്ടായ പശ്ചാത്തലം ‘നെഹ്‌റു റിപ്പോര്‍ട്ട് ‘ ആണ്. അല്ലാമ: ഇഖ്ബാല്‍, മുഹമ്മദലി ജൗഹര്‍, മുഹമ്മദലി ജിന്ന,മൗലാനാ മൗദൂദി എന്നിവരുടെ ഇക്കാര്യത്തിലുള്ള വീക്ഷണങ്ങള്‍ സമാനസ്വഭാവമുള്ളതായിരുന്നു. എന്തിനധികം….അബുള്‍ കലാം ആസാദ് ഒഴികെയുള്ള മിക്ക മുസ് ലിം നേതാക്കളും, സര്‍ സയ്യിദ് അഹ്മദ് ഖാന്‍ വരെ ഇക്കാര്യത്താല്‍ സമാനത പുലര്‍ത്തിയിരുന്നു (ആസാദാവട്ടെ ആദ്യകാലത്ത് മറ്റാരേക്കാളും ശക്തമായി തൗഹീദിന്റെ രാഷ്ട്രീയത്തില്‍ ഊന്നിയിരുന്നു)തുടങ്ങിയ ഒട്ടേറെ കണ്ടെത്തലുകളും ഗവേഷണാത്മകമായ ഈ ഗ്രന്ഥം മുന്നോട്ടു വെക്കുന്നുണ്ട്.

ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ് ലാമിക പ്രബോധനത്തില്‍ ഏറ്റവും പങ്കുവഹിച്ചത് സ്വൂഫികളാണ്.കൗതുകകരമായ കാര്യം, മന:സംസ്‌കരണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് അവരൊക്കെയും രാഷ്ട്രീയം ഉള്‍പ്പെടുന്ന സമഗ്ര ഇസ് ലാമിനെയാണ് പ്രതിനിധാനം ചെയ്തത് എന്നതാണ്.ഈ അര്‍ത്ഥത്തില്‍ ആധുനിക ഇസ് ലാമിക പ്രസ്ഥാനമായ ഇന്ത്യന്‍ ജമാഅത്തെ ഇസ് ലാമി ഖാജാ മുഈനുദ്ദീന്‍ ചിശ്തിയെ പോലുള്ള ഇന്ത്യയിലെ ആദ്യകാല പ്രബോധകരുടെ പിന്തുടര്‍ച്ചയാണെന്നും ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു.

Facebook Comments
Show More

Related Articles

Close
Close