Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമോഫോബിയ: പ്രതിരോധിക്കാൻ 61 മാർഗങ്ങൾ

വടക്കേ അമേരിക്കൻ നാടുകളിലെ മുസ്‌ലിം സമൂഹത്തെ ലക്ഷ്യമാക്കി നടത്തപ്പെടുന്ന വിദ്വേഷപരമായ കുറ്റകൃത്യങ്ങൾക്കുള്ള മറുപടിയെന്നോണം കാനഡയിലെ ഒരു ദേശീയ മുസ്‌ലിം അഭിഭാഷക സംഘടന വളർന്നുവരുന്ന ഇസ്‌ലാമോഫോബിയയെ മറികടക്കാൻ സഹായകമാക്കുന്ന ഒരു കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഫെഡറൽ, പ്രൊവിൻഷ്യൽ, മുനിസിപ്പൽ തലങ്ങളിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അറുപത്തിയൊന്നോളം നിർദ്ദേശങ്ങളാണ് നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്‌ലിംസ് (എൻസിസിഎം) മുന്നോട്ട് വെച്ചത്. കനേഡിയൻ മനുഷ്യാവകാശങ്ങളും പൗരസ്വാതന്ത്ര്യവും സംരക്ഷിക്കുകയും വിവേചനത്തെയും ഇസ്ലാമോഫോബിയയെയും പ്രതിരോധിക്കുകയും കനേഡിയൻ മുസ്‌ലിംകളുടെ പൊതു താൽപ്പര്യങ്ങൾക്കായി വാദിക്കുകയും ചെയ്യുന്ന ഒരു സ്വതന്ത്ര, പക്ഷപാതരഹിത, ലാഭേച്ഛയില്ലാത്ത സംഘടനയാണ് എൻ‌സി‌സി‌എം.

മറ്റേത് ജി-7 രാജ്യങ്ങളിലും ഇല്ലാത്ത വിധം കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടെ നിരവധി മുസ്ലിങ്ങൾ ഇസ്‌ലാമോഫോബിയ മൂലം ഉണ്ടായിത്തീർന്ന വിദ്വേഷത്തിലൂടെ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് എൻ‌സി‌സി‌എം വാദിക്കുന്നു. 2017ൽ ക്യുബെക് സിറ്റിയിലെ മസ്ജിദിൽ നടന്ന കൂട്ടവെടിവെപ്പിൽ 6 മുസ്‌ലിം ആരാധകരാണ് കൊല്ലപ്പെട്ടത്. ലണ്ടനിലെ ഒൻറ്ററിയോയിൽ കഴിഞ്ഞ മാസം നടന്ന ഭീകരാക്രമണം ഒരു മുസ്‌ലിം കുടുംബത്തിലെ നാലു പേരുടെ ജീവനെടുത്തു. വ്യവസ്ഥാപിതമായ ഇസ്ലാമോഫോബിയയെ നേരിടാൻ അധികൃതരെ നിർബന്ധിക്കുന്നതിന് ഇത് കാരണമായി.

“ഇസ്ലാമോഫോബിയയെ അപലപിച്ചും കാനഡയിലെ മുസ്ലിങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമുള്ള നിരവധി വാക്കുകൾ രാഷ്ട്രീയക്കാരിൽ നിന്നും നാം കേൾക്കുന്നുണ്ടെങ്കിലും അവയെ നേരിടാനുള്ള നടപടി ക്രമങ്ങൾ ഇപ്പോഴും മന്ദഗതിയിലാണ്. ഇസ്ലാമോഫോബിയയെ മറികടക്കാൻ 2018ൽ കനേഡിയൻ ഹെറിറ്റേജ് സ്റ്റാൻഡിംഗ് കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിന് മൂന്ന് വയസ്സ് തികയുന്നു. പല കാര്യങ്ങളും ഇപ്പോഴും നടപ്പിലാക്കപ്പെട്ടിട്ടുമില്ല”, റിപ്പോർട്ടിൽ പറയുന്നു.

ഒരു ഫെഡറൽ ആന്റി-ഇസ്ലാമോഫോബിയ സ്ട്രാറ്റജി

2021ന്റെ അവസാനത്തോടെ ആന്റി-ഇസ്‌ലാമോഫോബിയ സ്ട്രാറ്റജി രൂപപ്പെടുത്തുക, ഇസ്‌ലാമോഫോബിയക്ക് കൃത്യമായൊരു നിർവചനം ഉണ്ടാക്കുക, ഇസ്‌ലാമോഫോബിയ വിരുദ്ധ ഗവേഷണങ്ങൾക്ക് ധനസഹായം നൽകുക, പൊതുവിദ്യാഭ്യാസ കാമ്പയ്നുകൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് റിപ്പോർട്ട് മുന്നോട്ട് വെക്കുന്ന പ്രധാന നിർദ്ദേശങ്ങൾ.

“ഇസ്‌ലാമോഫോബിയക്കെതിരെ കൃത്യമായൊരു സ്ട്രാറ്റജി എന്നത് ദീർഘ കാലമായി മുസ്‌ലിംങ്ങൾ ആഗ്രഹിക്കുന്ന ഒരു കാര്യമാണ്” മുസ്‌ലിം സംഘടനകൾ പറയുന്നു. “വ്യവസ്ഥാപിതമായ ഇസ്‌ലാമോഫോബിയയും അക്രമവും അവസാനിപ്പിക്കാൻ സഹായകമാകുന്ന ഒരു റൂട്ട്മാപ്പ് മുന്നോട്ട് വെക്കുന്ന ആന്റി-ഇസ്‌ലാമോഫോബിയ സ്ട്രാറ്റജി വികസിപ്പിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്യേണ്ട സമയമാണിത്” റിപ്പോർട്ട് പറയുന്നു.

ഓൺലൈൻ വഴിയുള്ള വിദ്വേഷം

ഓൺലൈൻ വഴി പരത്തുന്ന വിദ്വേഷത്തെക്കുറിച്ചും റിപ്പോർട്ട് സംസാരിക്കുന്നുണ്ട്. ക്യൂബെക് മസ്ജിദിൽ വെച്ച് ആറ് ആരാധകരെ കൊലപ്പെടുത്തിയ അലക്സാണ്ടർ ബിസ്സോണറ്റെയെ വിചാരണ ചെയ്യും നേരം ജസ്റ്റിസ് ഫ്രാങ്കൊയ്‌സ് ഹൂട്ട്‌ സൂചിപ്പിച്ച കാര്യം, കൂട്ടക്കൊല നടത്തും മുമ്പ് പ്രതി നിരവധി മുസ്ലിം വിരുദ്ധ ഓൺലൈൻ സോഴ്സുകളുമായി ഇവ്വിഷയകമായി ബന്ധപ്പെട്ടിരുന്നുവെന്നാണ്. മാത്രമല്ല, ബിസ്സോണറ്റെ യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിലൂടെ വംശീയ കണ്ടന്റുകൾ പ്രചരിപ്പിക്കുകയും ട്വിറ്റർ വഴി മുസ്‌ലിം ബാൻ എന്ന ഹാഷ്ടാഗ് സജീവമാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

പ്രമുഖ മാധ്യമ ഗവേഷക കമ്പനിയായ സിഷൻ 2016ൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2015 നവംബറിനും 2016 നവംബറിനും ഇടക്ക് സോഷ്യൽ മീഡിയയിൽ വന്ന വംശീയ പ്രസംഗങ്ങളിലും അസഹിഷ്ണുത പ്രമേയങ്ങളിലും 60 ശതമാനത്തിലേറെ വർദ്ധനവ് ആണ് വന്നിരിക്കുന്നത്. ബാൻ മുസ്‌ലിം, സീജ്ഹീൽ പോലെയുള്ള ഹാഷ്ടഗുകൾ കേന്ദ്രീകരിച്ചായിരുന്നു അവർ പഠനം നടത്തിയത്. ലെഗർ മാർക്കറ്റിംഗിന്റെ 2019 സർവ്വേ പ്രകാരം 60 ശതമാനം കനേഡിയക്കാരും സോഷ്യൽ മീഡിയയിൽ ഇടുന്ന റിപ്പോർട്ടുകൾ വിദ്വേഷ പ്രസംഗങ്ങളാണ്. അതുപോലെ 62 ശതമാനം ക്യുബെക്കുക്കാരും മുസ്ലിങ്ങളുമായി ബന്ധപ്പെട്ട വംശീയ ഉള്ളടക്കങ്ങളാണ് ഇന്റർനെറ്റ് വഴിയും സോഷ്യൽ മീഡിയ വഴിയും പ്രചരിപ്പിക്കുന്നത്.

വിദ്വേഷ പ്രേരിത ആക്രമങ്ങൾ അതിജീവിച്ചവർക്ക് ദേശീയ ധനസഹായം

വിദ്വേഷം പ്രേരിത ആക്രമങ്ങൾ നേടുകയും അത് അതിജീവിക്കുകയും ചെയ്ത ആളുകൾക്ക് ദേശീയ ധനസഹായം നൽകുന്ന ഒരു ഫെഡറൽ ബജറ്റ് രൂപപ്പെടുത്താനും റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്. വിദ്വേഷ പ്രേരിത “ആക്രമണങ്ങളെ അതിജീവിച്ചവർക്ക് ചെലവിന് വരുന്ന തുക ഫണ്ടിംഗ് പ്രോഗ്രാം വഹിക്കണം. പാരാമെഡിക്കൽ സേവനങ്ങൾ(ഫിസിയോതെറാപ്പി പോലെ), മെഡിക്കൽ ചികിത്സയും അതിനു ആവശ്യമായ ഉപകരണങ്ങളും, മാനസികാരോഗ്യ ചികിത്സ, വരുമാന നഷ്ടം പോലെയുള്ള യോഗ്യമായ ചെലവുകൾ ഫണ്ടിങ്ങിൽ ഉൾപ്പെടുത്തണം. ആക്രമണം നേരിട്ട് ചെലവുകൾ കൂടുതൽ ആവശ്യമായി വരുന്ന സമയത്ത് തന്നെ ലഭ്യമാകുന്ന രീതിയിൽ ഫണ്ടിംഗ് അപ്ലിക്കേഷൻ സുധാര്യമാക്കണം” റിപ്പോർട്ട് സൂചിപ്പിക്കുന്നു.

വെളുത്ത മേധാവിത്വ സംഘങ്ങളെ ലിസ്റ്റ് ചെയ്യാൻ പുതിയ നിയമം വേണം

കോംപാറ്റ് 18, പ്രൗഡ് ബോയ്സ്, റഷ്യൻ ഇംപീരിയൽ മൂവ്മെന്റ്, അറ്റോംവാഫെൻ ഡിവിഷൻ, ആര്യൻ സ്ട്രൈക് ഫോഴ്സ്, ത്രീ പേഴ്‌സന്റെർസ് പോലെ കാനഡയുടെ ഔദ്യോഗിക ലിസ്റ്റിലുള്ള ഭീകരാക്രമണ സംഘടനകളെ വെച്ച് തയ്യാറാക്കപ്പെട്ട വെളുത്ത വിദ്വേഷ സംഘങ്ങളുടെ പട്ടിക എൻസിസിഎം സ്വാഗതം ചെയ്തിട്ടുണ്ട്. ഇത്തരം കൂട്ടായ്മകളെ നിരോധിക്കുക വഴി വിദ്വേഷ പ്രേരിതമായ ഒരുപാട് പ്രവർത്തനങ്ങളെയും കൂട്ടുകൂടലുകളെയും ഇല്ലായ്മ ചെയ്യാനാകും. ഇത്തരം ഭീകര സംഘടനകളെ സാമ്പത്തികമായി പിന്തുണക്കുന്നവരെയും ആ ലിസ്റ്റിൽ ഉൾപ്പെടുത്തണം എന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു.

നാഷണൽ സെക്യൂരിറ്റി ഏജൻസികളുടെ പരാജയത്തെക്കുറിച്ച് പഠിക്കുക

കാനഡയിലെ വെളുത്ത മേധാവിത്വ ഗ്രൂപ്പുകളെ കൈകാര്യം ചെയ്യുന്നതിൽ ദേശീയ സുരക്ഷാ അധികാരികൾ നേരിട്ട പരാജയം സംബന്ധിച്ച് അന്വേഷണ പഠനം നടത്താനും മുസ്ലിം സംഘങ്ങൾ ശുപാർശ ചെയ്തു. അടുത്ത കാലത്തായി ഇസ്‌ലാമോഫോബിക് ആക്രമണങ്ങളിൽ വന്ന ശക്തമായ വർദ്ധനവ് അത് കൂടുതൽ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്നാണ്‌ തെളിയിക്കുന്നത്. ഇവ്വിഷയകമായി ദേശീയ സുരക്ഷാ ഏജൻസികൾക്ക് വെളുത്ത മേധാവിത്വ സംഘടനകളുമായി ഇടപെടാനും അവർക്കെതിരെ നടപടി എടുക്കാനും അവർക്ക് സാധ്യമായിരുന്നിട്ടും അവരത് ചെയ്യാതിരുന്നത് പ്രത്യേകിച്ചും അന്വേഷണ വിധേമാക്കണം. എൻ‌സി‌സി‌എം പറയുന്നതനുസരിച്ച്, അത്തരമൊരു പഠനം വിഭവങ്ങളിലെ അസമത്വത്തിലേക്ക് വിരൽ ചൂണ്ടുകയും കാനഡയിലെ വെളുത്ത മേധാവിത്വ ഗ്രൂപ്പുകൾക്ക് വിരുദ്ധമായി തദ്ദേശീയരായ, കറുത്ത, മുസ്ലീം സമുദായങ്ങളെ നിരീക്ഷിക്കുന്നതിന് ധനസഹായം നൽകിയത് പുറത്തുകൊണ്ട് വരികയും ചെയ്യും.

ക്രിമിനൽ കോഡിലെ ഭേദഗതി

ക്രിമിനൽ കോഡ് ഭേദഗതിയിൽ വിദ്വേഷ പ്രേരിത ആക്രമണങ്ങൾ, കൊലപാതകങ്ങൾ, ഭീഷണികൾ എന്നിവക്കും വ്യക്തമായ വ്യവസ്ഥകൾ ഏർപ്പെടുത്തണം. ‘വിദ്വേഷ കുറ്റകൃത്യം’ എന്ന് വിളിക്കപ്പെടുന്ന പ്രവർത്തിയെ നേരിടാൻ ആവശ്യമായ പ്രത്യേക നിയമ വ്യവസ്ഥകളില്ലെന്ന് മിക്ക കനേഡിയന്മാർക്കും അറിവുണ്ടാകില്ല. അതിനർത്ഥം, ഒരാൾ തെരുവിലൂടെ നടന്നു പോകുന്ന മറ്റൊരാളെ വംശീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്താൽ അത് വിദ്വേഷ പ്രേരിത ആക്രമണത്തിന് കീഴിൽ വരുമെങ്കിലും അതിനെ പ്രതിരോധിക്കാൻ കൃത്യമായൊരു നിയമ വ്യവസ്ഥ ഇല്ലാത്തതിനാൽ തന്നെ പ്രതി കുറ്റവാളിയായി പിടിക്കപ്പെടുകയോ വിചാരണ ചെയ്യപ്പെടുകയോ ഇല്ല.

ഇസ്‌ലാമോഫോബിയ നിരീക്ഷിക്കാൻ നയതന്ത്ര പ്രതിനിധിയുടെ പ്രത്യേക ഓഫീസ്

ഇസ്‌ലാമോഫോബിയ നിരീക്ഷിക്കാൻ ഒരു നയതന്ത്ര ഓഫീസ് തുടങ്ങാൻ ഉടനെത്തന്നെ ഫണ്ട് അനുവദിക്കണമെന്നും അതിലേക്ക് പ്രത്യേക നയതന്ത്ര പ്രതിനിധിയെ നിയോഗിക്കണം എന്നും കനേഡിയൻ സർക്കാറിനോട് എൻ‌സി‌സി‌എം നിർദ്ദേശിക്കുന്നുണ്ട്.
എൻ‌സി‌സി‌എം പറയുന്നതനുസരിച്ച്, കനേഡിയൻ മുസ്‌ലിംകളെ സ്വാധീനിക്കുന്ന നയങ്ങൾ, പ്രോഗ്രാമിംഗ്, ധനസഹായങ്ങൾ എന്നിവ സാധ്യമാക്കുന്നതിന് ഈ ഐഡിയ വിവിധ മന്ത്രാലയങ്ങളുമായി ചർച്ച ചെയ്ത് പ്രവർത്തിക്കേണ്ടതുണ്ട്.

കാനഡയിലെ ഇസ്ലാമോഫോബിയയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അന്വേഷിക്കുന്നതിനും ഇസ്ലാമോഫോബിയയുടെ ആശങ്കകളുമായി ബന്ധപ്പെട്ട് ഫെഡറൽ ഗവൺമെന്റിന്റെ എല്ലാ മേഖലകളിലും മൂന്നാം കക്ഷി അവലോകനങ്ങൾ നടത്തുന്നതിനും ഒരു കമ്മീഷണറുടെ അധികാരങ്ങൾ ഓഫീസിൽ നിയമിതനാകുന്ന നയതന്ത്ര പ്രതിനിധിക്ക് കല്പിച്ചു നൽകണമെന്നും എൻ‌സി‌സി‌എം ആവശ്യപ്പെടുന്നു.

ആത്മാനുഭവങ്ങൾ വിവരിക്കാൻ കനേഡിയൻ മുസ്ലിങ്ങളെ പ്രാപ്തരാക്കുക

കാനഡ മീഡിയ ഫണ്ട്, ടെലിഫിലിം, നാഷണൽ ഫിലിം ബോർഡ്, കലകൾക്കും മീഡിയക്കും വേണ്ടിയുള്ള പ്രൊവിൻഷ്യൽ, മുനിസിപ്പൽ ഗ്രാന്റുകൾ വഴി മുസ്ലിങ്ങളുടെ അനുഭവങ്ങൾ ഉപയോഗിച്ച് തന്നെ ഇസ്‌ലാമോഫോബിയക്കെതിരെ കൗണ്ടർ നരേറ്റീവുകൾ സൃഷ്ടിക്കണം എന്നതാണ് റിപ്പോർട്ട് മുന്നോട്ട് വെക്കുന്ന മറ്റൊരു നിർദ്ദേശം.

കാനഡയിലെ കലാകാരന്മാർക്കും സാമുദായിക സംഘടനകൾക്കും വേണ്ടിയുള്ള മിനിസ്ട്രി ഓഫ് ഹെറിറ്റേജ് വഴിയോ ആൻറി-റാസിസം സെക്രട്ടറിയേറ്റ് വഴിയോ ഇസ്‌ലാമോഫോബിയക്കെതിരെ മുസ്ലിങ്ങളുടെ താഴെത്തട്ടിൽ നിന്നുള്ള അനുഭവ വിവരണ ശേഖരണം, വിഷ്വൽ-ഓറൽ ഹിസ്റ്ററി പ്രോജക്ട് നിർമ്മാണം, അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള കമ്മ്യൂണിറ്റി ആർക്കൈവ് നിർമ്മാണം എന്നിവ സുഗമമാക്കാൻ ഒരു ദശലക്ഷം ഡോളർ ഫണ്ട് അനുവദിക്കണം എന്ന് ഇവർ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇസ്‌ലാമോഫോബിയ പഠനത്തിന് മാത്രമായൊരു ഫണ്ട്

“കാനഡയിലെ ഇസ്‌ലാമോഫോബിയ, ആന്റി- ഇസ്‌ലാമോഫോബിയ പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ യൂണിവേഴ്സിറ്റികളെ സഹായിക്കുന്നതിന് വേണ്ടി ഫെഡറൽ ഗവൺമെന്റുകൾ പ്രത്യേക ഫണ്ട് തയ്യാറാക്കണം”എൻസിസിഎം നിർദ്ദേശിക്കുന്നു.

എല്ലാ ജഡ്ജിമാർക്കും ആന്റി-ഇസ്‌ലാമോഫോബിയ പരിശീലനം നിർബന്ധമാക്കുക

കോടതിയിൽ സാക്ഷി പറഞ്ഞ ഒരു വ്യക്തിയുടെ സംസാരത്തിൽ വന്ന അപാകതയെ പരിഹസിച്ചതിന് ഈയടുത്ത് ഒരു ജഡ്ജിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. റാനിയ അല്ലൂലിന്റെ കാര്യത്തിൽ എൻ‌സി‌സി‌എമ്മും മറ്റുള്ളവരും ക്യുബെക് ജഡ്ജിയുടെ പെരുമാറ്റം അവലോകനം ചെയ്യുന്നതിൽ പങ്കാളികളായിരുന്നു. ഹിജാബ് ധരിച്ചതിന് ജഡ്ജ് അല്ലൂലിനെ കോടതി മുറിയിൽ നിന്നും പുറത്താക്കി. കാനഡയിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിധിന്യായത്തിലും നീതിന്യായ വ്യവസ്ഥയിലും കൂടുതൽ വൈവിധ്യങ്ങൾ ആവശ്യപ്പെടുമ്പോൾ തന്നെയാണ് ഇതര ജഡ്ജിമാർ ഇത്തരത്തിൽ സ്റ്റീരിയോടൈപ്പ് ഇസ്‌ലാമോഫോബിയയും വംശീയ പക്ഷപാതിത്വവുമായി മുന്നോട്ട് പോകുന്നത്.

റിപ്പോർട്ടിൽ പറയുന്നു: 2020ൽ സർക്കാർ ജഡ്ജിമാരുടെ നിയമത്തിലും ക്രിമിനൽ കോഡിലും ആവശ്യമായ നിർദ്ദിഷ്ട മാറ്റങ്ങൾ സഭയിൽ അവതരിപ്പിച്ചു. അതിനു ഇപ്പോഴാണ് പൊതുസമ്മതി ലഭിക്കുന്നത്. ലൈംഗിക അതിക്രമത്തെക്കുറിച്ച് ജഡ്ജിമാർക്ക് പരിശീലനം നൽകണമെന്ന് നിർബന്ധമാക്കുന്ന നിയമനിർമ്മാണം ഈ സെഷനിൽ പാസാക്കിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ നിയമനിമ്മാണത്തിൽ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട വംശീയവും വ്യവസ്ഥാപിതവുമായ വിവേചനത്തിൽ തുടർപഠനം നടത്താൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രത്യേക ഫെസിലിറ്റേറ്റർമാർ മുഖേന വംശീയ വിരുദ്ധ, ആന്റി-ഇസ്‌ലാമോഫോബിയ പരിശീലനങ്ങൾ അവർ നേടുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

വിദ്യാഭ്യാസ മേഖലയിലെ ഇസ്‌ലാമോഫോബിയയെയും അഭിമുഖീകരിക്കുക

കനേഡിയൻ സ്കൂൾ സംവിധാനങ്ങളിൽ പഠിക്കുന്ന മുസ്ലിം കുട്ടികളുടെ ജീവന്റെ തുടിപ്പുള്ള അനുഭവങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള പഠനങ്ങൾ തെളിയിക്കുന്നത് വിദ്യാഭ്യാസ രംഗത്തും ഇസ്‌ലാമോഫോബിയയുടെ വിവിധ രൂപങ്ങൾ പ്രായോഗികവൽകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നുവെന്ന് ഇസ്‌ലാമോഫോബിയ റിപ്പോർട്ടുകൾ വ്യക്താക്കുന്നു.

റിപ്പോർട്ട് ഇങ്ങനെയാണ്: വിദ്യാഭ്യാസ മന്ത്രാലയങ്ങൾ സ്കൂൾ ബോർഡുകളുമായി ചേർന്ന് പ്രവർത്തിക്കണം. ഓരോ ജില്ലകളിലും പ്രാദേശിക മുസ്ലിം സമുദായങ്ങളുമായി കൂടിയാലോചിച്ച് ഇസ്‌ലാമോഫോബിയ വിരുദ്ധ സ്ട്രാറ്റജി വികസിപ്പിക്കുകയും വിശാലമായ ഇസ്‌ലാമോഫോബിക്‌ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യണം. വിദ്യാർത്ഥികളുടെ വോയ്സ് ഡാറ്റ, അവരുടെ വിജയം, ജില്ലകളിലെ സ്റ്റാഫ് പ്രാധിനിധ്യം, മനുഷ്യാവകാശങ്ങളോടും സമത്വത്തോടുമുള്ള പ്രതിബദ്ധത എന്നിവ അടിസ്ഥാനമാക്കിയായിരിക്കണം സ്ട്രാറ്റജി രൂപപ്പെടുത്തേണ്ടത്.

ആന്റി-സെമിറ്റിക് ദേശീയ ഉച്ചകോടിക്ക് ഒരുദിവസം കഴിഞ്ഞ് ജൂലൈ 22 ന് നടന്ന ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള ദേശീയ ഉച്ചകോടിയുടെ തൊട്ടുമുമ്പാണ് എൻസിസിഎമ്മിന്റെ ഈ റിപ്പോർട്ട് പുറത്ത് വരുന്നത്.

Related Articles