Current Date

Search
Close this search box.
Search
Close this search box.

ഗസ്സ യുദ്ധത്തിലൂടെ കൊളോണിയലിസത്തിന്റെ തിരിച്ചു വരവുണ്ടാകുമോ ?

പാശ്ചാത്യരുടെ അവകാശവാദങ്ങളെ വിശ്വസിക്കുകയും അവരെ വിശ്വസിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നത് അജ്ഞതയുടെ മൂർത്തീഭാവമാണ്. മൂന്ന് നൂറ്റാണ്ടിലേറെ നിലനിന്ന പാശ്ചാത്യ കൊളോണിയൽ ശക്തി മറ്റു സംസ്കാരങ്ങളോടും പ്രദേശങ്ങളോടും ചെയ്ത കൊള്ളയിലും രക്തച്ചൊരിച്ചിലും അവഹേളനത്തിലും അധിഷ്ഠിതമായ രക്തപങ്കിലമായ ചരിത്രത്തിന് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ഇന്ന് ഇൗ മേഖലയിൽ അവരുടെ സാന്നിധ്യം അത്ര ഭൂഷണമായി കാണാൻ കഴിയില്ല. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ഏഷ്യയിലെയും പല രാജ്യങ്ങളും അടിമത്തത്തിന്റെയും ആശ്രിതത്വത്തിന്റെയും ചങ്ങലകളിൽ നിന്ന് മോചിതരാകാൻ വളരെ വലിയ വില നൽകി. പാശ്ചാത്യ ശക്തികളെ അവരുടെ മുൻകാല പ്രവർത്തനങ്ങൾ ആവർത്തിക്കാൻ അനുവദിക്കുന്നത് ലോകത്തെ വീണ്ടുമൊരു കീഴടക്കലിന്റെയും ചൂഷണത്തിന്റെയും ഘട്ടത്തിലേക്ക് തന്നെ നയിക്കും. ചരിത്രപരമായി അത്യാഗ്രഹം, അധികാര പോരാട്ടങ്ങൾ, ആഗോള ആധിപത്യത്തിനായുള്ള ആഗ്രഹം എന്നിവയാലാണ് കൊളോണിയൽ ശക്തികളെ വിനാശകരമായ യുദ്ധങ്ങളിലേക്കും ചൂഷണങ്ങളിലേക്കും നയിക്കുന്നത്. ഇവയെ വികസനത്തിന്റെയും നാഗരികതയുടെയും പേരിൽ വ്യാജമായ നേർത്ത ഒരു തുണി കൊണ്ട് മൂടുകയും ചെയ്യുന്നുവെന്നതാണ് യാഥാർത്ഥ്യം. അത്തരം ആക്രമണങ്ങളെയും അധികാരദുരാഗ്രങ്ങളെയും പാശ്ചാത്യരടങ്ങുന്ന ലോകം ചെറുക്കേണ്ടതും അവസാനിപ്പിക്കേണ്ടതും ആണ്.

ഫലസ്തീൻ ജനതയ്ക്കെതിരായ നിലവിലെ ആക്രമണം ഒരു പ്രത്യേക തീയതിയിൽ നിന്ന് തുടങ്ങുന്നതായി കണ്ടെത്താനാവില്ല, മറിച്ച് പലസ്തീൻ പ്രദേശത്ത് ഒരു കുടിയേറ്റ കൊളോണിയൽ അസ്തിത്വത്തിന്റെ ചരിത്രപരമായ സ്ഥാപനത്തിന്റെ തുടർച്ചയാണതെന്ന തിരിച്ചറിവ് നിർണായകമാണ്. പാശ്ചാത്യ രാജ്യങ്ങളുടെയും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും പിന്തുണയുള്ള ഇൗ സ്ഥാപനത്തെ (ഇസ്രയേൽ) പരമ്പരാഗതമായി ഒരു സൈനിക താവളമായും, യുദ്ധവികാരം ആളിക്കത്തിച്ച് നിരന്തരമായ അസ്ഥിരതയുടെ ഉറവിടമായും ആണ് കൊളോണിയൽ ശക്തികൾ കാണുന്നത്. ഇത് മുഖേന അറബികൾക്കും ജൂതന്മാർക്കും വലിയ നഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. എന്നിട്ടും, ഇന്നും പല അമേരിക്കൻ ചിന്തകരും പൊതുജന നേതാക്കളും ഇസ്രായേലിന് യുഎസിന് കൂടുതൽ തന്ത്രപരമായ പ്രാധാന്യമില്ലെന്ന് ഉൗന്നിപ്പറയുന്നു. അമേരിക്ക അതിന്റെ സ്വാധീനവും പ്രതിച്ഛായയും അപകടത്തിലാക്കാൻ തയ്യാറുള്ളതിന്റെ ഏക കാരണം അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയമാണ്. അമേരിക്കൻ രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും അക്കാദമിക് മേഖലയിലും വളരെ സജീവമായ ഇസ്രായേൽ അനുകൂല ലോബിക്ക് അതിന്റെ പ്രവർത്തനങ്ങൾ നിയമവിധേയമാക്കാനും സ്വയം പ്രതിരോധശേഷി നേടാനും കഴിഞ്ഞുവെന്നതെങ്ങനെയെന്നും എന്ത് കൊണ്ടെന്നുമുള്ള നൂറായിരം ചോദ്യങ്ങൾ ഇവിടെ ഉയരുന്നു.

പാശ്ചാത്യ രാഷ്ട്രീയത്തിലെ ഉന്നതർ, തങ്ങളെ സ്വയം പരിഷ്കൃതരും ആധുനികരുമായ രാഷ്ട്രങ്ങളായി അവതരിപ്പിക്കുന്നുണ്ടെങ്കിലും, തങ്ങളുടെ പദ്ധതികളും ആവശ്യങ്ങളും നേടുന്നതിനും കൈവരിക്കുന്നതിനും മറ്റും വേണ്ടി മതപരമായ മിത്തുകളെ ആശ്രയിക്കുന്നു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ സംബന്ധിച്ച് വിവരിക്കാൻ മതപരമായ പ്രവചനങ്ങൾ ഉദ്ധരിക്കുന്ന ഇസ്രയേൽ ഉദ്യോഗസ്ഥരുടെ സമീപകാല പ്രസ്താവനകൾ ഇൗ മാനസികാവസ്ഥയെ ഉയർത്തിക്കാട്ടുന്നുണ്ട്. ഫലസ്തീനികളെ ഇരുട്ടിന്റെ മക്കൾ എന്നും ഇസ്രയേലികളെ വെളിച്ചത്തിന്റെ മക്കൾ എന്നും വിശേഷിപ്പിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുടർന്ന് പ്രസ്താവിച്ചത് താൻ ഇൗ യുദ്ധത്തോട് കൂടി യെശയ്യാവിന്റെ പ്രവചനം നിറവേറ്റുമെന്നാണ് പ്രഖ്യാപിച്ചത്. ഇസ്രയേലിന്റെ കാര്യത്തിൽ മാത്രമല്ല, മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷ് ഇറാഖിനെതിരായ തന്റെ വിനാശകരവും അധാർമികവുമായ യുദ്ധത്തെ കുരിശുയുദ്ധമായി വിശേഷിപ്പിച്ചത് നാമാരും മറന്നിട്ടില്ല.

തങ്ങളെ മാത്രം മനുഷ്യരായി കാണുകയും മറ്റുള്ളവരെ മനുഷ്യത്വരഹിതരായി കണക്കാക്കുകയും ചെയ്യുന്ന രോഗാതുരമായ ഒരു തരം മാനസികാവസ്ഥ അവരുടെ ഉള്ളിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നു. ഒരു പക്ഷെ, ഇൗ പ്രശ്നം പരിഹരിക്കാൻ ഗവേഷകർ ഒരുപാട് പാടുപെടേണ്ടിവരും. ഫലസ്തീനികളെ “മനുഷ്യ മൃഗങ്ങൾ” എന്ന് വളിച്ച ഇസ്രായേൽ പ്രതിരോധ മന്ത്രി ഗാലന്റിന്റെ പ്രസ്താവനയാണ് ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം. നിരവധി നൂറ്റാണ്ടുകൾ നിണ്ടുനിന്ന പാശ്ചാത്യ കൊളോണിയലിസത്തിന്റെ കാലത്ത് നാം കണ്ടതുപോലെ, ഫലസ്തീനികളെ മനുഷ്യത്വരഹിതമാക്കുകയും അത് മുഖേന അവരുടെ നിയമപരമായ മനുഷ്യാവകാശങ്ങളെ ഇല്ലാതാക്കുക, ഏറ്റവും ക്രൂരമായ രീതിയിലുള്ള കൂട്ടക്കൊലകളും വംശഹത്യകളും നടത്തി അന്താരാഷ്ട്ര മാനുഷിക നിയമം വ്യവസ്ഥാപിതമായി ലംഘിക്കുക എന്നിവയാണ് ഇവ ലക്ഷ്യമിടുന്നത്.

കരുത്തരായ ഇസ്രായേലിന് തങ്ങളുടെ ശക്തിക്കപ്പുറം ലോക പിന്തുണ കൂടി ഉണ്ടായിരുന്നിട്ടും, യുദ്ധക്കളത്തിൽ പരാജയപ്പെടുന്നതും അതിന്റെ രാഷ്ട്രീയ പദ്ധതികൾ ചീട്ടുകൊട്ടാരങ്ങൾ പോലെ തകർന്നടിയുന്നതും കുപ്രചരമങ്ങളും പ്രൊപഗണ്ടകളും ചെറിയ കഷണങ്ങളായി ചിന്നിച്ചിതറുന്നതും അവരുടെ ആഖ്യാനങ്ങൾ ജൂതന്മാർക്കും ഇസ്രയേലികൾക്കുമിടയിൽ പോലും വിചാരണ ചെയ്യപ്പെടുന്നതിനും, അതിന്റെ നിയമസാധുത അതിവേഗം കുറയുന്നതിനും നമ്മൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്.

വാസ്തവത്തിൽ, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ശാശ്വതമായ ഏറ്റുമുട്ടലിന്റെ പുളിച്ച ഫലമായി രൂപപ്പെട്ട ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ചുള്ള തെറ്റായ ധാരണകളും ക്ഷുദ്രകരമായ പ്രാതിനിധ്യവും ശിഥിലമാകുകയാണ്. പാശ്ചാത്യ ധാർമ്മിക പാപ്പരത്തവും പലസ്തീനികളുടെ മനോധൈര്യവും വിശ്വാസദൃഢതയും കാണുമ്പോൾ ആബാലവൃദ്ധം ജനങ്ങളും ഇസ്ലാമിനെക്കുറിച്ച് അറിയാൻ കൂടുതൽ താൽപ്പര്യപ്പെടുന്നു. നെതന്യാഹുവുമായി നല്ല ബന്ധത്തിലല്ലാത്ത, അദ്ദേഹത്തെ വൈറ്റ്ഹൗസിൽ സ്വീകരിക്കാൻ വിസമ്മതിച്ച ജോ ബൈഡൻ തന്റെ ശത്രുവിന്റെ പിന്നിൽ നിൽക്കേണ്ട അവസ്ഥയാണിപ്പോൾ.

അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അവസരം നഷ്ടപ്പെട്ടാലും അതിജീവനത്തിനുള്ള എല്ലാ മാർഗങ്ങളും നെതന്യാഹുവിന് നൽകണമെന്നാണ് ബൈഡന്റെ മനസ്സലിരിപ്പ്. വിയറ്റ്നാം, സൊമാലിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ അമേരിക്കയുടെ അനുഭവത്തെ അടിസ്ഥാനമാക്കി, ഇൗ യുദ്ധത്തെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉപദേശങ്ങളും അമേരിക്കൻ സൈനിക ജനറൽമാരുടെ ഉപദേശങ്ങളും ഇസ്രായേൽ നേതാക്കൾക്ക്, പ്രത്യേകിച്ച് നെതന്യാഹുവിന്, തന്റെ അതിജീവനത്തിനുള്ള ഒരേയൊരു നേരിയ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. അത് ഹമാസിനെ പരാജയപ്പെടുത്തുകയും ഇസ്രായേലികളുടെ രക്തത്തിനും പ്രതികാരത്തിനുമുള്ള ദാഹം ശമിപ്പിക്കുകയും ചെയ്യണം. എന്നാലേ നെതന്യാഹുവിന് രക്ഷയുള്ളൂ. എല്ലാ മുന്നറിയിപ്പുകളെയുംഅവഗണിച്ച് അവയെ കണക്കിലെടുക്കാതെ ഇസ്രയേൽ യുദ്ധമുഖത്തിറങ്ങിയതിന്റെ കാരണവുമിതാണ്.

പാശ്ചാത്യ നയങ്ങൾക്ക് മേൽ അതിശക്തമായ അധികാരം കയ്യാളുകയും പാശ്ചാത്യ രാഷ്ട്രീയക്കാരെ ഭയപ്പെടുത്തവാനും തങ്ങൾക്ക് കഴിയുമെന്ന് ഇസ്രായേൽ തെളിയിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ ഇസ്രായേലിന് ഒരു സ്വതന്ത്ര രാഷ്ട്രമാകാൻ കഴിയില്ല, മറിച്ച് പാശ്ചാത്യ സംരക്ഷണം ആസ്വദിക്കുകയും അതിന്റെ പദ്ധതികൾ നിറവേറ്റുകയും അവരുടെ നിർദ്ദേശങ്ങൾക്കൊത്ത് പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു പാവരാജ്യമാകാനല്ലാതെ കഴിയില്ലെന്നും ഇൗ ഏറ്റുമുട്ടൽ തെളിയിച്ചു.

ഒരു ദിവസമെങ്കിലും അല്ലെങ്കിൽ ഇനിയെപ്പോഴെങ്കിലും ഇസ്രായേലിന് ഒരു കൊളോണിയൽ ഒൗട്ട്പോസ്റ്റ് അല്ലാതെ പ്രവർത്തിക്കാൻ കഴിയുമെന്ന് ആരെങ്കിലും നിനക്കുന്നുവെങ്കിൽ അവർ മൂഢരുടെ സ്വർഗത്തിലാണ്. തങ്ങൾ കബളിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് സമയം വളരെ വൈകുന്നതിന് മുമ്പ് സ്വയം വിലയിരുത്തേണ്ടതുണ്ട്. എങ്കിലും യുണൈറ്റഡ് സ്റ്റേറ്റ്സ് നിയന്ത്രിക്കുന്ന ഇൗ ആഗോളചേരിയിൽ ഇസ്രായേലിന്റെ സ്ഥാനം വളരെ വലുതാണ്. ഒരിക്കലും അത് വിലകുറച്ച് കാണരുത്.

 

വിവ: നജാഹ് അഹമ്മദ്

സോഴ്സ്: മിഡ്ൽ ഇൗസ്റ്റ്

Related Articles