Current Date

Search
Close this search box.
Search
Close this search box.

2012 -പ്രതീക്ഷയുടെ മുല്ലപ്പൂ വിടര്‍ന്ന വര്‍ഷം

ഫറോവമാരുടെ പതനം
ലോകത്തെ ഇസ്‌ലാമിക നവോഥാന പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും വര്‍ഷങ്ങളായി സ്വപ്‌നം കണ്ട വസന്തത്തിന് സൗരഭ്യം പകരുകയും പ്രതീക്ഷയുടെ മുല്ലപ്പൂ വിടരുകയും ചെയ്ത വര്‍ഷവുമാണ് 2012. പീഢന പര്‍വങ്ങള്‍ക്കിടയിലെ ഒരു വെള്ളക്കീറിനപ്പുറം പുതുലോകം ഇസ്‌ലാമിന് കൂടുതല്‍ സാധ്യതകള്‍ പകര്‍ന്നു നല്‍കുന്നു എന്ന് തെളിയിക്കുന്നതാണ് ഓരോ സംഭവ വികാസങ്ങളും. 2011-ല്‍ തുണീഷ്യയിലെ ഏകാധിപതിയായ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ പതനം പകര്‍ന്നു നല്‍കിയ ആവേശത്തിരയില്‍ മുപ്പത് വര്‍ഷത്തോളം ഈജിപ്തില്‍ ഏകാധിപത്യഭരണം നടത്തിയ ആധുനിക ഫറോവ ഹുസ്‌നി മുബാറക്കും ലിബിയയില്‍ മുഅമ്മര്‍ ഖദ്ദാഫിയും തകര്‍ന്നടിഞ്ഞത് കഴിഞ്ഞവര്‍ഷമാണ്.

ജയിലില്‍ നിന്നും കൊട്ടാരത്തിലേക്ക്
ജയിലില്‍ നിന്നും കൊട്ടാരത്തിലേക്ക് ഉയര്‍ത്തപ്പെട്ട പ്രവാചകനായ യൂസുഫ് നബിയുടെ സ്മരണകളുറങ്ങുന്ന ഈജിപ്തില്‍ വര്‍ഷങ്ങളോളം തടവറകളില്‍ രക്തവും ജീവനും നല്‍കി ഇസ്‌ലാമിക നവോഥാനത്തിന് വേണ്ടി അഹോരാത്രം പരിശ്രമിച്ച ഇഖവാനുല്‍ മുസ്‌ലിമൂന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി അധികാരത്തിലേറിയത് 2012 ലാണ്. തഹരീര്‍ സ്‌ക്വയറില്‍ ലോക പണ്ഡിതവേദി അധ്യക്ഷന്‍ ശൈഖ് യൂസുഫുല്‍ ഖറദാവി നേതൃത്വം നല്‍കിയ ജുമുഅ ഖുതുബയിലൂടെ കൂടുതല്‍ പ്രക്ഷുബ്ദമായ വിപ്ലവത്തിനു മുമ്പില്‍ മുബാറക് ഭരണകൂടം തകര്‍ന്നടിയുകയായിരുന്നു. തുടര്‍ന്നു നടന്ന ജനകീയ തെരഞ്ഞെടുപ്പില്‍ ഈജിപ്തിന്റെ പ്രസിഡന്റായി എഫ് ജെ പിയുടെ മുഹമ്മദ് മുര്‍സി അധികാരത്തില്‍ എത്തി. നേരത്തെ അന്നഹ്ദയുടെ സെക്രട്ടറിയായിരുന്ന ഹമാദി അല്‍ ജിബാലി ദീര്‍ഘകാലത്തെ ജയില്‍ വാസത്തിന് ശേഷം തുണീഷ്യയുടെ അധികാരത്തിലെത്തിച്ചേര്‍ന്നതു പോലെ മുബാറക് ഭരണകൂടത്തില്‍ ഈജിപ്തിന്റെ തടവറക്കുള്ളില്‍ കഴിഞ്ഞിരുന്ന ബ്രദര്‍ഹുഡിന്റെ മുഹമ്മദ് മുര്‍സി ഈജിപ്തിന്റെ ഭരണചക്രം തിരിക്കുന്ന സുല്‍ത്താനായി എന്നത് ഇസ്‌ലാമിക ലോകത്ത് വലിയ പ്രതീക്ഷയും പ്രത്യാശയും നല്‍കുന്നതാണ്. സൈനിക കമാന്ററെ പിരിച്ചുവിട്ട് കഴിഞ്ഞ ഭരണകൂടത്തിന്റെ അവശിഷ്ടങ്ങളെ സുപ്രധാന മേഖലകളില്‍ നിന്നും മാറ്റിനിര്‍ത്തിയതിലൂടെയും ഫലസ്തീന്‍ പ്രശ്‌നത്തില്‍ മാധ്യസ്ഥം വഹിച്ച് ലോകശ്രദ്ധ പിടിച്ചു പറ്റിയതിലൂടെയും മുര്‍സി തന്റെ കരുത്ത് തെളിയിച്ചു കഴിഞ്ഞു. ഈജിപതിന് പുതിയ ഭരണഘടന തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന രൂക്ഷമായ സമരങ്ങളെയും കലാപശ്രമങ്ങളെയും സൗമ്യമായി നേരിടുകയും ഹിതപരിശോധനയിലൂടെ മറികടക്കുകയും ചെയ്തത് വലിയ നേട്ടം തന്നെയാണ്.

തിരിച്ചുവരവിന്റെ വര്‍ഷം
ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാരങ്ങള്‍ക്കും കൂച്ചുവിലങ്ങിട്ട ഏകാധിപതികളായ ഭരണാധികാരികള്‍ക്കെതിരെ ജനം തെരുവിലിറങ്ങിയപ്പോള്‍ ലോകത്തിന്റെ വ്യത്യസ്ത രാഷ്ട്രങ്ങളിലേക്ക് അവര്‍ക്ക് ജീവനും കൊണ്ടോടി രക്ഷപ്പെടേണ്ട ഗതികേട് വന്നു. അതേ സമയം കാലഘട്ടത്തിലെ ഇസ്‌ലാമിക നവോഥാന ധര്‍മങ്ങള്‍ക്കായി എഴുന്നേറ്റുനിന്നതിന്റെ പേരില്‍ ജന്മനാടില്‍ നിന്നും പുറത്താക്കപ്പെട്ടു വിവിധ രാഷ്ട്രങ്ങളില്‍ അഭയം തേടേണ്ടിവന്ന ആധുനിക ഇസ്‌ലാമിക വ്യക്തിത്വങ്ങള്‍ തങ്ങളുടെ ദേശത്തേക്ക് തിരിച്ചുവന്ന നവോന്മേഷത്തിന്റെതായ വര്‍ഷം കൂടിയാണിത്. സൈനില്‍ ആബിദീന്‍ ബിന്‍ അലി പുറത്താക്കിയ ലോകപ്രശസ്ത ഇസ് ലാമികചിന്തകന്‍ റാഷിദുല്‍ ഗന്നൂഷി തുണീഷ്യയിലേക്ക് തിരിച്ചുവരികയും ഭരണത്തിന് മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നത് ശ്രദ്ധേയമാണ്. ഇസ്‌ലാമിന്ന് വേണ്ടി ശബ്ദിച്ചതിന്റെ പേരില്‍ ഈജിപ്തില്‍ നിന്നും പുറത്താക്കപ്പെട്ട് ഖത്തറില്‍ അഭയാര്‍ഥിയായി പതിറ്റാണ്ടുകളായി കഴിഞ്ഞുകൊണ്ടിരിക്കുന്ന ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ ഡോ യൂസുഫുല്‍ ഖറദാവി തഹരീര്‍ സക്വയറില്‍ എത്തി വിജയത്തിന്റെ ഖുതുബ എന്നറിയപ്പെടുന്ന ഖുത്തുബ നിര്‍വഹിച്ചതും ശ്രദ്ധേയമാണ്. മാസത്തില്‍ ഒരിക്കല്‍ ഈജിപ്തിലെ വിഖ്യാതമായ അല്‍ അസ്ഹറില്‍ അദ്ദേഹം ഖുതുബ നടത്തിവരികയും ഈജിപ്ഷ്യന്‍ പരിഷ്‌കരണത്തിന് നേതൃപരമായ പങ്കുവഹിക്കുകയും ചെയ്യുന്നു. ഇസ്രായേല്‍ അധിനിവേഷത്തിനെതിരെ ഖത്തറില്‍ നിന്നും സിറിയയില്‍ നിന്നും ഫലസ്തീനികള്‍ക്ക് നേതൃത്വം നല്‍കിവരുന്ന ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഫലസ്തീനില്‍ വന്ന് ഹമാസിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തില്‍ പങ്കെടുത്തത് മറ്റൊരു നാഴികക്കല്ലാണ്. ഇസ്‌ലാമിസ്‌ററുകള്‍ വിജയികളായി ജന്മനാടുകളിലേക്ക് തിരിച്ചുവരുന്ന പുതുപുലരികളെയാണ് 2012 പ്രധാനം ചെയ്തത്.

ഫലസ്തീന്‍…ചരിത്രവിജയം
അമേരിക്കയും ഇസ്രായേലും ഉയര്‍ത്തിയ ഭീഷണികളെ മറികടന്ന് ഫലസ്തീനിന് ഐക്യരാഷ്ട്ര സഭയില്‍ നിരീക്ഷക രാഷ്ട്രപദവി നല്‍കുന്ന പ്രമേയം 2012 നവംബര്‍ 29ന് ഐക്യരാഷ്ട്ര പൊതുസഭ പാസാക്കുകയുണ്ടായി. 193 അംഗ യു എന്‍ പൊതുസഭയിലെ 132 രാഷ്ട്രങ്ങള്‍ ഫലസ്തീനെ പിന്തുണക്കുകയും 41 രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തപ്പോള്‍ ലോകത്ത് ഇതിനെ എതിര്‍ക്കാന്‍ കേവലം 10 രാഷ്ട്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ലോകത്തിന്റെ ഖിബ്‌ല പടിഞ്ഞാറ് നിന്നും മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു.
ഇസ്സുദ്ദീന്‍ അല്‍ഖസ്സാമിന്റെ ബ്രിഗേഡിയര്‍ അഹ്മദ് ജഅ്ബരിയുടെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട് ഇസ്രായേലും ഹമാസും തമ്മില്‍ നടന്ന പോരാട്ടത്തില്‍ ഇസ്രായേലിന് മുട്ടുമടക്കി പിന്‍വാങ്ങേണ്ടി വന്നതും ഇസ്രായേലിന്റെ സുരക്ഷ സംവിധാനങ്ങളെ മറികടന്ന് ആസ്ഥാനമായ തെല്‍അവീവില്‍ മിസൈല്‍ അയക്കാന്‍ ഹമാസിന് സാധിച്ചതും ചെയ്തതിലൂടെ ഫലസ്തീന്‍ പോരാട്ടത്തിന് കൂടുതല്‍ ഊര്‍ജ്ജവും വീര്യവും പകര്‍ന്നു നല്‍കപ്പെട്ടവര്‍ഷവുമാണിത്. അറബ് ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ ഫലസ്തീന് പൂര്‍ണമായ പിന്തുണ നല്‍കിയതും യുദ്ധം നടക്കുമ്പോള്‍ തന്നെ ഈജിപ്ത് പ്രധാനമന്ത്രി ഹിഷാം ഖിന്‍ദീലും തുര്‍ക്കി വിദേശകാര്യമന്ത്രി ദാവൂദ് ഓഗ്ലോയും ഖത്തര്‍ അമീറുമെല്ലാം ഫലസ്തീനില്‍ എത്തി പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതും ലോകരാഷ്ട്രങ്ങളുടെ പിന്തുണ ഫലസ്തീന് അനുകൂലമായി മാറിയതും ഫലസ്തീന്‍ ചരിത്രനേട്ടമായി വിലയിരുത്തുന്നു.

സുകൃതങ്ങളുമായി മടങ്ങിയവര്‍
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഈറ്റില്ലമെന്നറിയപ്പെട്ട ഫ്രാന്‍സില്‍ നിന്നും ഇസ്‌ലാം സ്വീകരിക്കുകയും  തന്റെ അപാരമായ ധിഷണാപാടവത്താല്‍ കമ്യൂണിസ്‌ററുകളുടെയും ജൂതരുടെയും സാമ്രാജ്യത്വത്തിന്റെയും കണ്ണിലെ കരടായി മാറിയ ഇസ്‌ലാമിക ചിന്തകന്‍ റജാ ഗരോഡി നിര്യാതനായത് ഈ വര്‍ഷത്തിലാണ്. ഇന്ത്യന്‍ ഫിലോസഫികളെയും ദര്‍ശനങ്ങളെയും ആഴത്തില്‍ പഠിക്കുകയും തന്റെ മനന ഗവേഷണങ്ങളിലൂടെ ഇസ്‌ലാമിക ലോകത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ജമാഅത്തെ ഇസ്‌ലാമി മുന്‍ അമീര്‍ ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി സാഹിബിന്റെ വിയോഗവും മറ്റൊരു വലിയ നഷ്ടമാണ്. തന്റെ സ്വതന്ത്രമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ ഇസ് ലാമിന്റെ ശാദ്വലതീരത്തെത്തുകയും ഇസ്‌ലാമിക ലോകത്തിന് കനപ്പെട്ട സംഭാവനകള്‍ നല്‍കുകയും ചെയ്ത മറിയം ജമീലയും സുകൃതങ്ങളുമായി മടങ്ങിയ പ്രമുഖരില്‍ പെടുന്നു.

ആവിഷ്‌കാരത്തിന്റെ പേരിലെ ആഭാസങ്ങള്‍
ലോകാനുഗ്രഹിയായ പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് ലോകം ഒരിക്കല്‍ കൂടി സാക്ഷിയായ വര്‍ഷമാണിത്. സാത്താനിക് വേഴ്‌സസിനും ഡാനിഷ് കാര്‍ട്ടൂണിനും ശേഷം ഇന്നസെന്റ്‌സ് ഓഫ് മുസ് ലിം എന്ന പേരില്‍ അമേരിക്കക്കാരനായ ബാസ്‌ലി നകോല സംവിധാനം ചെയ്ത പ്രവാചനിന്ദ സിനിമ ലോകത്ത് വലിയ ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിന് നാം സാക്ഷിയാകേണ്ടിവന്നു.

പീഡനപര്‍വങ്ങള്‍
പ്രതീക്ഷയുടെ വെളളിവെളിച്ചങ്ങള്‍ക്കിടയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിങ്ങള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നത് നമ്മെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മ്യാന്‍മാറിലെ മുപ്പത് ശതമാനത്തോളം വരുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകളെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടു ഭരണകൂടവും ബുദ്ധന്മാരും നടത്തുന്ന കൂട്ടക്കൊലകള്‍ അതിഭീകരമായിരുന്നു. പലായനം ചെയ്യാന്‍ പോലുമൊരു ദേശമില്ലാതെ പതിനായിരക്കണക്കിന് മുസ്‌ലിംകള്‍ ലോകത്തിന് മുമ്പില്‍ ഒരു ചോദ്യഛിഹ്നമായി ഇന്നും കഴിഞ്ഞുകൊണ്ടിരിക്കുന്നു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പോലും ചെയ്യാന്‍ മടിക്കുന്ന ക്രൂരകൃത്യങ്ങളാണ് സിറിയയില്‍ ബശ്ശാറുല്‍ അസദിന്റെ ഭരണകൂടം തദ്ദേശീയര്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നത.  ലക്ഷക്കണക്കിന് നിരപരാധികള്‍ അറുകൊലചെയ്യപ്പെടുകയുണ്ടായി. എന്നാല്‍ ലോകരാഷ്ട്രങ്ങളുടെ പിന്തുണയോടെ ശക്തിപ്പെടുന്ന സിറിയന്‍ പ്രതിപക്ഷത്തിന്റെ പോരാട്ടങ്ങള്‍ വിജയം കാണുമെന്ന പ്രതീക്ഷ മാത്രമാണ് ഇനി ബാക്കിയുള്ളത്.
അസമിലെ കോജ്രകറിലും പരിസര ജില്ലകളിലും ബോഡോ തീവ്രവാദികള്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ അഴിച്ചുവിട്ട വംശീയ ആക്രമണം ഇന്ത്യയുടെ ചരിത്രത്തില്‍ കറുത്ത അധ്യായമായി അവശേഷിക്കുന്നു. അഭയാര്‍ഥികളില്‍ ഭൂരിഭാഗവും  സ്വദേശത്ത് തിരിച്ചുവരാന്‍ സാധിക്കാതെ ഇപ്പോഴും ക്യാമ്പുകളില്‍ തീതിന്ന് ജീവിച്ചുകൊണ്ടിരിക്കുകയാണ്.

ഒബാമയുടെ രണ്ടാമൂഴം
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ബറാക് ഒബാമ ഒരിക്കല്‍ കൂടി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി എന്നതും ലോകത്തിന് ചില പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. മുന്‍കാലങ്ങളിലുള്ളതു പോലെ പ്രത്യക്ഷമായ ആക്രമണങ്ങളും യുദ്ധങ്ങളും ഒബാമയുടെ ഭരണത്തില്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല ഒബാമയുടെ പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മീറ്റ് റോംനി ഇസ്രായേലിന്റെയും നെതന്യാഹുവിന്റെയും ഉറ്റ ചങ്ങാതിയുമായിരുന്നതിനാല്‍ തന്നെ ഒബാമയുടെ വിജയത്തിന് അല്‍പം മാറ്റ്കൂട്ടുന്നു.

Related Articles