Current Date

Search
Close this search box.
Search
Close this search box.

സിറിയ: ഇറാന്‍ കപടരാഷ്ട്രീയം കളിക്കുന്നു

syrian-refugees.jpg

‘സിറിയയില്‍ പ്രസിഡന്റ് ബശ്ശാര്‍ അസദിന്റെ നേതൃത്വത്തില്‍ നടക്കുന്ന സൈനിക നടപടി ഇസ്‌ലാമിക ചരിത്രത്തില്‍ പ്രശസ്തമായ കര്‍ബല സംഭവത്തെയാണ് ഓര്‍മിപ്പിക്കുന്നതെന്ന് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. 1132 വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ബലയില്‍ സംഭവിച്ചതു തന്നെയാണ് ഇപ്പോള്‍ സിറിയയിലും നടക്കുന്നത്. ദേശത്തിനും വംശത്തിനുമപ്പുറം മനുഷ്യ ജീവന് വിലകല്‍പിക്കുന്ന മതമാണ് ഇസ്‌ലാം. കര്‍ബല ഒരു പാഠമാകേണ്ട സമയമാണിതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വെള്ളിയാഴ്ച അറബ് വസന്തത്തെക്കുറിച്ച് നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം’ (മാധ്യമം 09-07-2012)

ആഗോള സാമ്രാജ്യത്വത്തിനെതിരെ മുസ്‌ലിം രാഷ്ട്രങ്ങള്‍ ഐക്യത്തോടെ പ്രതികരിക്കേണ്ട സന്ദര്‍ഭത്തില്‍ സിറിയയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ തുര്‍ക്കി പ്രധാന മന്ത്രി റജബ് ത്വയ്യിബ് ഉറുദുഗാന്‍ രണ്ടാം കര്‍ബല എന്നു പ്രയോഗിച്ചത് വളരെ ബോധപൂര്‍വമായിരിക്കും. കര്‍ബല എന്നത് എന്നും ശിയാക്കളുടെ മനസ്സിനെയും മസ്തിഷ്‌കത്തെയും തിളച്ചുമറിയിക്കാന്‍ പോന്ന വൈകാരിക സംഭവമാണ്. അറബ് രാഷ്ട്രങ്ങളുടെ തിരുമുറ്റത്തിരുന്ന് തദ്ദേശീയവാസ്സികള്‍ക്കെതിരെ നിഷ്ഠൂരമായ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സേഛ്വാധിപതിയായ സിറിയന്‍ ഭരണകൂടത്തിനെതിരെ ചെറുവിരല്‍ പോലുമനക്കാതെ സയണിസ്റ്റുകള്‍ക്കൊപ്പം എല്ലാ പിന്തുണയും നല്‍കുന്ന ഇറാന്റെ കപട നിലപാടിനെയാണ് പ്രസ്തുത പ്രയോഗത്തിലൂടെ ഉറുദുഗാന്‍ ഉന്നം വെച്ചത്. അമേരിക്കക്കെതിരെ നട്ടെല്ലുയര്‍ത്തി പ്രതികരിച്ച ഇറാനിനും അഹ്മദി നെജാദിനും ലോക മുസ്‌ലിങ്ങളും സാമ്രാജ്യത്വത്തിനെതിരെ പോരാടുന്ന എല്ലാ മനുഷ്യരും വലിയ പിന്തുണയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയിരുന്നത്. എന്നാല്‍ തങ്ങളിലര്‍പ്പിച്ച പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഇറാന് കഴിഞ്ഞില്ല എന്നു മാത്രമല്ല, അറബ് വന്തത്തിന്റെ കുളിര്‍ക്കാാറ്റുവീശിയ പുതിയ കാലത്ത് തികച്ചും പ്രതിലോമപരമായ രാഷ്ട്രീയ നിലപാടുകളാല്‍ ഇറാന്റെ പ്രതിച്ഛായ മങ്ങിക്കൊണ്ടിരിക്കുന്നു.

വസന്തത്തിന്റെ അലയൊലികള്‍ ആദ്യം ആഞ്ഞുവീശിയ തുനീഷ്യ, ഈജിപ്ത്, യമന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളോട് കാണിച്ച അതേ സമീപനമല്ല സിറിയയില്‍ ജനങ്ങള്‍ സ്വാതന്ത്ര്യമാവശ്യപ്പെട്ട് രംഗത്തിറങ്ങിയപ്പോള്‍ ഇറാന്‍ സ്വീകരിച്ചത്. ബഹ്‌റൈനിലടക്കം പൊതുജനങ്ങളുടെ ജനാധിപത്യമോഹത്തിന് ഭരണകൂടം വിലങ്ങുതടിയാകരുതെന്ന് ആഗോളസമൂഹത്തെ ഉപദേശിച്ച ഇറാന്‍ പക്ഷേ, സിറിയയിലേക്ക് വന്നപ്പോള്‍ കളം മാറ്റിച്ചവിട്ടുകയായിരുന്നു. അവിടെ ഭരണകൂടത്തിനെതിരെ പൊരുതുന്നവര്‍ വിദേശചാരന്മാരും സാമ്രാജ്യത്വത്തിന്റെ കുഴലൂത്തുകാരുമായി മാറി. എന്നല്ല, ബശ്ശാര്‍ അസദിനെ സഹായിക്കാന്‍ ഇറാനിയന്‍ ഭരണകൂടം ഏറക്കുറെ പരസ്യമായിത്തന്നെ രംഗത്തുവരുകയും ചെയ്തു എന്നതാണ് യാഥാര്‍ഥ്യം. കഴിഞ്ഞവര്‍ഷം ജൂണില്‍ സ്വതന്ത്ര വിചാര കേന്ദ്രമായ അറബ് അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട്  മധ്യപൂര്‍വദേശത്തെ ഇറാന്റെ രാഷ്ട്രീയ ഇടപെടലുകളെ സംബന്ധിച്ച് ഈജിപ്ത്, മൊറോകോ, ലബനാന്‍, യു.എ.ഇ, ജോര്‍ദാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ 4000 അറബ് പൗരന്മാരുമായി നടത്തിയ സര്‍വേയിലൂടെ വെളിവായ സുപ്രധാന സംഗതി അറബികള്‍ക്കിടയില്‍ ഇറാന്റെ ജനപ്രീതിക്ക് കാര്യമായ ഇടിവ് തട്ടിയിട്ടുണ്ടെന്നായിരുന്നു. ഇത് ഏതാണ്ട് ഒന്നരവര്‍ഷം മുന്‍പത്തെ അവസ്ഥയാണെങ്കില്‍  നാല്‍പതിനായിരത്തിലേറെ പേരെ അതിദാരുണമായി കൂട്ടക്കൊല ചെയ്തതിന് ശേഷം കാര്യങ്ങള്‍ അതിനേക്കാള്‍ മോശവും വഷളവുമായ അവസ്ഥയിലാണ്. ഹാഫിളുല്‍ അസദിനെ സഹായിക്കുന്ന കാലത്തോളം ഇറാനുമായി ബന്ധമില്ല എന്ന് പശ്ചിമേഷ്യയിലെയും ലോകത്തെ തന്നെയും ശ്രദ്ധേയനായ ഈജിപ്ഷ്യന്‍ ഭരണാധികാരി മുഹമ്മദ് മുര്‍സി തുറന്നടിച്ചത് ഇത്തരത്തിലാണ്. മുര്‍സിയുടെ നേതൃത്വത്തില്‍ വിപ്ലവ സര്‍ക്കാര്‍ ഈജിപ്തില്‍ അധികാരത്തിലേറിയതോടെ ഇറാനുമായുള്ള ബന്ധം ശക്തിപ്പെടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഇറാന്റെ കപടവും വൈരുദ്ധ്യവുമാര്‍ന്ന നിലപാടുകളാണ് മുര്‍സിയെ ഇറാനുമായുളള നയതന്ത്ര ബന്ധങ്ങള്‍ തന്നെ വിഛേദിക്കാന്‍ പ്രേരിപ്പിച്ചത്.

അമേരിക്കക്കും ലോകസാമ്രാജ്യത്വത്തിനുമെതിരെ തൊണ്ടയിടറി പ്രതികരിച്ച ഇറാന്‍ ശിയാക്കളോടുള്ള വംശീയ അഭിനിവേശത്തിന്റെ പേരില്‍ സിറിയയില്‍ ബശ്ശാറുല്‍ അസദും അദ്ദേഹത്തിന്റെ അലവികളില്‍ പെട്ട അനുയായികളും നടത്തിക്കൊണ്ടിരിക്കുന്ന വംശീയ മാനങ്ങളുള്ള കലാപത്തിനെതിരെ ഒരക്ഷരം ഉരിയാടാതെ രഹസ്യമായി അതിനെ പിന്തുണക്കുമ്പോള്‍ യഥാര്‍ഥത്തില്‍ ഇറാന്റെ സാമ്രാജ്യത്വ വിരുദ്ധ നിലപാടിനെ തന്നെ ആരെങ്കിലും സംശയിക്കുന്നുവെങ്കില്‍ അതിനെ കുറ്റം പറയാനാവില്ല.  സിറിയന്‍ ജനതയുടെ പത്ത് ശതമാനത്തെ മാത്രം പ്രതിനിധീകരിക്കുന്ന അലവി വിഭാഗം രാഷ്ട്രത്തിന്റെ എല്ലാ സംവിധാനങ്ങളും സമ്പദ് വ്യവസ്ഥയും സുരക്ഷസേനയുമെല്ലാം കയ്യടക്കിവെച്ചിരിക്കുകയാണ്. മാത്രമല്ല, സുന്നികള്‍ അധിവസിക്കുന്ന ഗ്രാമങ്ങളിലും നഗരങ്ങളിലും ശിയാക്കളുടെ ഗോത്രങ്ങളെ അധിവസിപ്പിക്കുകയും അവരെ എല്ലാറ്റിന്റെയും നേതൃത്വം ഏല്‍പിക്കുകയുമാണ് ബശ്ശാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. രണ്ടാംകിട പൗരന്മാരായിട്ടാണ് സുന്നികളെ അവര്‍ കാണുന്നത്. ഇതിനെതിരെ വിപ്ലവകാരികള്‍ രംഗത്ത് വന്നപ്പോള്‍ ശിയാക്കളില്‍ പെട്ട അലവികള്‍ ഭരണത്തിന്റെ പിന്‍ബലത്തില്‍ ആയുധമേന്തുകയും സുന്നികളുടെ വീടുകള്‍ തകര്‍ക്കുകയും കുട്ടികളെ അറുകൊല ചെയ്യുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്യുന്ന ഭീകരമായ അവസ്ഥയാണ് അവിടെ ഉണ്ടായത്. മാത്രമല്ല, അലവികളുടെ ഗോത്രങ്ങള്‍ താമസിക്കുന്ന ഗ്രാമങ്ങളിലും നഗരങ്ങളിലും സിറിയയില്‍ ഒരു വിപ്ലവവും കലാപവും അരങ്ങേറുന്നതായി അനുഭവപ്പെടുന്നു പോലുമില്ല എന്ന വിരോധാഭാസമാണ് സത്യത്തില്‍ സംജാതമായിട്ടുള്ളത്. ഒരു സുന്നീ കുടുംബത്തെയും സിറിയയിലെ വായു ശ്രസിക്കാന്‍ സ്വതന്ത്രമായി വിടില്ലെന്ന് ബശ്ശാറുല്‍ അസദിന്റെ മകനും സിറിയയില്‍ ഈ വര്‍ഷം നടന്ന പ്രധാന കൂട്ടക്കെലകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവനുമായ മാഹിറുല്‍ അസദ് താക്കീത് കഴിഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഈ പശ്ചാതലത്തിലാണ് ഇറാനുമായി നയതന്ത്രബന്ധങ്ങള്‍ പുനരാരംഭിക്കാന്‍ പ്രധാനമായും ചില ഉപാധികള്‍ ഈജ്പത് പ്രധാനമന്ത്രി മുഹമ്മദ്  മുര്‍സി മുന്നോട്ടുവെച്ചത്. ജനങ്ങളെ അക്രമിച്ച് ഏകാധിപത്യ ഭരണം നടത്തുന്ന സിറിയയിലെ ബശ്ശാറുല്‍ അസദിനെ പിന്തുണക്കുന്നത് നിര്‍ത്തുക, ഇറാഖില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ശിയാക്കളെ സഹായിക്കുന്നത് അവസാനിപ്പിക്കുക എന്നതാണ് ഇതിലെ പ്രധാന നിബന്ധനകള്‍.

അറബ് വസന്തം അരങ്ങേറിയ പശ്ചാതലത്തില്‍ ഈജിപ്തും തുനീഷ്യയും തുര്‍ക്കിയുമടങ്ങുന്ന മുസ്‌ലിം രാജ്യങ്ങളുമായി സഹകരിച്ച് അറബ് ജനതയുടെയും ആഗോള മുസ്‌ലിങ്ങളുടെയും പൊതുനന്മ ലക്ഷ്യം വെച്ച് ധീരമായി മുന്നോട്ട് പോകുന്നതിനു പകരം അന്ധമായ കക്ഷിത്വത്തിന്റെയും ശീഈ പക്ഷപാതിത്വത്തിന്റെയും പേരില്‍ തികച്ചും പ്രതിലോമകരമായ നയസമീപനങ്ങളുമായി ഇറാന്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ഇറാന്‍ അതിന് കനത്തവില നല്‍കേണ്ടി വരും തീര്‍ച്ച. അറബ് വസന്തത്തോടെ ആഗോള തലത്തില്‍ തന്നെ ശക്തിപകര്‍ന്ന ഇസ്‌ലാമിക ഉണര്‍വിനെയും നവജാഗരണ ശ്രമങ്ങളെയും അസ്ഥിരപ്പെടുത്താന്‍ പശ്ചിമേഷ്യയിലെ മുസ്‌ലിങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങളും ശിഥിലീകരണവും സൃഷ്ടിക്കുക എന്നത് സാമ്രാജ്യത്വത്തിന്റെ താല്‍പര്യമാണ്. അറിഞ്ഞോ അറിയാതെയോ സാമ്രാജ്യത്വ നിഗൂഢശ്രമങ്ങളുടെ ചട്ടുകങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് ഇറാന്‍ ഇപ്പോള്‍  ചെയ്തുകൊണ്ടിരിക്കുന്നത്.

Related Articles