Current Date

Search
Close this search box.
Search
Close this search box.

രാഷ്ട്രീയ പ്രവര്‍ത്തനം ഇബാദത്താവുന്നവിധം

politics.jpg

രാഷ്ട്രീയ പ്രവര്‍ത്തനം അല്ലാഹുവിനുള്ള ആരാധനയും ദൈവസാമീപ്യ മാര്‍ഗവുമായി മാറുമോ? ഒരു വ്യക്തി തെരെഞ്ഞെടുപ്പിലും മറ്റും നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനം അല്ലാഹുവിനുള്ള അനുസരണമായി മാറുമോ? രാഷ്ട്രീയഇടപെടലുകള്‍ അല്ലാഹുവിന്റെ പ്രതിഫലത്തിനര്‍ഹനാക്കുന്ന പ്രവര്‍ത്തനമാണോ? രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതില്‍ നിന്നും ആളുകളെ അകറ്റാന്‍ കാരണമായ ചില ചോദ്യങ്ങളാണിവ. വിശ്വാസത്തിന്റെ അഭാവം രാഷ്ട്രീയരംഗത്ത് വ്യക്തമാണ്. രാഷ്ട്രീയ പ്രവര്‍ത്തനവും ഇബാദത്താണെന്ന് പറയുന്നതിന്റെ പ്രസക്തി അവിടെയാണ്. അല്ലാഹു പറയുന്നു: ‘നിശ്ചയമായും എന്റെ നമസ്‌കാരവും ആരാധനാകര്‍മങ്ങളും ജീവിതവും മരണവുമെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാണ്.’ (അല്‍ അന്‍ആം: 162) ഇബാദത്ത് എന്നാല്‍ നമസ്‌കാരം നോമ്പും മാത്രമല്ല എന്നാണതിന്റെ ഉദ്ദേശ്യം. വിശ്വാസിയുടെ ജീവിതത്തിന്റെ സര്‍വ്വമേഖലകളെയും ഉള്‍ക്കൊള്ളുന്നതാണ് ഇസ്‌ലാം. രാഷ്ട്രീയ പ്രവര്‍ത്തനം അല്ലാഹുവിങ്കല്‍ നിന്നും പ്രതിഫലം ലഭിക്കുന്ന പ്രവര്‍ത്തനമാണ്. അല്ലാഹുവിന്റെ പ്രീതിമാത്രമുദ്ദേശിച്ചായിരിക്കണമത്. വിശ്വാസി ഏതൊരുപ്രവര്‍ത്തനവും ചെയ്യുമ്പോള്‍ അതിനൊരു ഉദ്ദേശ്യമുണ്ടായിരിക്കും. ഉദ്ദേശ്യത്തിനനുസരിച്ചാണ് അതിന്റെ പ്രതിഫലം നിര്‍ണ്ണയിക്കപ്പെടുന്നത്. പ്രവര്‍ത്തനങ്ങളെല്ലാം ഉദ്ദേശ്യമനുസരിച്ചാണ് എന്ന ഉമര്‍(റ) ഉദ്ധരിച്ച ഹദീസ് വളരെ പ്രസിദ്ധമാണ്. വളരെയധികം പുണ്യകരമായ ഹിജ്‌റ പോലും ഉദ്ദേശ്യം ശരിയാവാതിരുന്നാല്‍ പ്രതിഫലം നഷ്ടപ്പെടുത്തുമെന്ന് വ്യക്തമാക്കുകയാണ് പ്രസ്തുത ഹദീസ്.

പാര്‍ലമെന്റ് മന്ദിരത്തില്‍ വിശ്വസ്ത ശക്തികളെ ഉണ്ടാക്കിയെടുക്കുന്നതിനായി ഒരാള്‍ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കുന്നു. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് സ്ഥാനാര്‍ഥികളില്‍ ഏറ്റവും യോഗ്യരും ഉത്തമരുമായവരെ തെരെഞ്ഞെടുക്കാന്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവന്റെ പ്രവര്‍ത്തനം അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമാകുന്നു. ഭൗതികമായ ലക്ഷ്യങ്ങള്‍ക്കായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കാവതല്ല. ആളുകളുമായി ഇടപെടുകയും അവരില്‍ നിന്ന് പ്രയാസങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന മേഖലയാണ് രാഷ്ട്രീയം. അത്തരം സന്ദര്‍ഭങ്ങളില്‍ സഹനമവലംബിക്കണം. നാടിനും നാട്ടുകാര്‍ക്കും നന്മയുണ്ടാക്കാന്‍ ഏറ്റവും യോഗ്യനായ വ്യക്തിയെ തെരെഞ്ഞടുക്കാന്‍ പണിയെടുക്കുമ്പോള്‍ അതെല്ലാം സ്വാഭാവികം മാത്രം. ആളുകളോട് ഇടപെടുകയും അവരുടെ ദ്രോഹങ്ങളില്‍ സഹനമവലംബിക്കുകയും ചെയ്യുന്ന വിശ്വാസിയാണ് ആളുകളോട് ഇടപഴകാത്ത വിശ്വാസിയേക്കാള്‍ ഉത്തമന്‍ എന്നാണ് പ്രവാചകന്‍ തിരുമേനി നമ്മെ പഠിപ്പിച്ചിട്ടുള്ളത്. പ്രബോധനത്തിന്റെ ആദ്യകാലത്ത് നബി(സ)ക്ക് വളരെയേറെ പ്രയാസങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്.

നാവാണ് സര്‍വ നന്മകളെയും ഒരുമിച്ച് കൂട്ടുന്നത്. സംസാരിക്കാനും സംവദിക്കാനുമുള്ള കഴിവാണ് മനുഷ്യര്‍ക്ക് അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹം. അതിലൂടെയാണ് മനുഷ്യന്‍ അവന്റെ ആവശ്യങ്ങളും താല്‍പര്യങ്ങളും പ്രകടിപ്പിക്കുന്നതും പങ്കുവെക്കുന്നതും. തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നന്മയിലെ ധാരാളം സാധ്യതകള്‍ തുറന്ന് തരുന്നു. അവയില്‍ പെട്ടതാണ്:-
1. സ്ഥാനാര്‍ഥികളില്‍ കഴിവും യോഗ്യതയും ആത്മാര്‍ഥതയുമുള്ളവരെ തെരെഞ്ഞെടുക്കുന്നതില്‍ അല്ലാഹുവിനെ സൂക്ഷിക്കാനും അവന്റെ വിധികള്‍ പാലിക്കാനും ഉദ്‌ബോധിപ്പിക്കുക.
2. അപവാദ പ്രചരണങ്ങളും കളവും ഏഷണിയും വ്യാപിപ്പിക്കുന്നിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുക.
3. നന്മയിലേക്ക് ക്ഷണിക്കുകയും ആളുകളെ ഇസ്‌ലാമിക വിധികള്‍ പാലിക്കുന്നതിനും പ്രേരിപ്പിക്കുക.
4. ആക്ഷേപങ്ങളും ശകാരങ്ങളും വെടിയുക.
5. പൊതുജനങ്ങളുമായി സമ്പര്‍ക്കം ശക്തമാക്കുക.
6. സുഹൃത്തുക്കള്‍ക്കിടയില്‍ സ്‌നേഹബന്ധത്തിന് തടസ്സം സൃഷ്ടിക്കുന്ന എല്ലാം ഉപേക്ഷിച്ച് പരസ്പര ബന്ധം ശക്തമാക്കുക.
പ്രവാചകാധ്യാപനങ്ങളില്‍ പെട്ടതാണ് ആളുകളുടെ അഭിമാനം സംരക്ഷിക്കല്‍. നബി(സ) പറഞ്ഞു: ‘എന്റെ അനുയായികള്‍ ആരും ആരെകുറിച്ചും എന്നോട് ഒന്നും പറയാതിരിക്കട്ടെ. യാതൊരുവിധ മുന്‍വിധിയുമില്ലാത്ത തെളിഞ്ഞ ഹൃദയവുമായി അവരുടെ അടുത്ത് ചെല്ലാനാണ് ഞാനിഷ്ടപ്പെടുന്നത്.’ സഹാബാക്കള്‍ അതിന്റെ ഉത്തമമാതൃകകളായിരുന്നു. പൂര്‍വ്വികര്‍ നോമ്പിനെയും നമസ്‌കാരത്തെയും മാത്രമല്ല ആരാധനകളായി കണ്ടത്, മറിച്ച് ആളുകളുടെ അഭിമാന സംരക്ഷണത്തെയും ഇബാദത്തായിട്ടാണ് കണ്ടത്. ആളുകളുടെ അഭിമാനത്തെ ക്ഷതമേല്‍പിക്കാതിരിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും തെരെഞ്ഞെടുപ്പു നാളുകളില്‍. അസാന്നിദ്ധ്യത്തില്‍ അവരെ കുറിച്ച് സംസാരിക്കുന്നതില്‍ വളരെയധികം സൂക്ഷമത പാലിക്കേണ്ടതുണ്ട്. ആളുകളുടെ ന്യൂനതകളും വീഴ്ചകളും പിന്തുടരുന്നതും സൂക്ഷിക്കേണ്ടതാണ്. വളരെ കഠിനമായി അല്ലാഹുവിന്റെ ദൂതന്‍ താക്കീത് ചെയ്ത വിഷയമാണിത്. പ്രവാചകന്റെ മിഅ്‌റാജ് വേളയില്‍ ചെമ്പുനഖങ്ങള്‍ കൊണ്ട് സ്വന്തം മുഖവും ശരീരവും മാന്തി വികൃതമാക്കുന്ന ഒരു വിഭാഗത്തെ കണ്ടു. ആരാണ് അക്കൂട്ടരെന്ന് ജിബ്‌രീലിനോട് അദ്ദേഹം അന്വേഷിച്ചു. ‘ആളുകളുടെ മാംസം തിന്നുകയും അവരുടെ അഭിമാനം ക്ഷതപ്പെടുത്തുകയും ചെയ്തവരാണവര്‍.’ ആളുകളുടെ വികാരത്തെ വ്രണപ്പെടുത്താതിരിക്കല്‍ വിശ്വാസത്തിന്റെ ഭാഗമാണ്. ആരെങ്കിലും തന്റെ സഹോദരന്റെ അഭിമാനം സംരക്ഷിച്ചാല്‍ അല്ലാഹു അവനെ നരകത്തില്‍ നിന്ന് സുരക്ഷിതനാക്കുമെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. ആളുകളെ അപകീര്‍ത്തിപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നവരോട് സഹവസിക്കലും അവരുടെ വാക്കുകള്‍ അപ്പടി വിശ്വസിക്കലും കുറ്റകരമാണ്.

വിവ: അഹ്മദ് നസ്വീഫ് തിരുവമ്പാടി

Related Articles