Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യയില്‍ വസന്തത്തിന് ശേഷം ശിശിരമോ?

 

ഭീകരമായ പ്രതിസന്ധിയാണ് തുനീഷ്യന്‍ ഭരണകൂടം ഇപ്പോള്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ-ധൈഷണിക നേതൃത്വം എത്രയും വേഗത്തില്‍ അവക്ക് പരിഹാരം കണ്ടെത്തുന്നില്ലെങ്കില്‍ രാഷ്ട്രത്തെ അരാജകത്വത്തിലേക്ക് നയിക്കുകയായിരിക്കും തിക്തഫലം.
ഈ പ്രതിസന്ധിക്ക് വിവിധങ്ങളായ വശങ്ങളുണ്ട്. എന്നാല്‍ അവയില്‍ ഏറ്റവും അപകടകരമായത് ഭരണമുന്നണിയിലെ മുഖ്യരാഷ്ട്രീയ പാര്‍ട്ടിയായ അന്നഹ്ദക്കിടയിലെ ഭീകരമായ പിളര്‍പ്പാണെന്ന് തന്നെയാണ് നമ്മുടെ വിശ്വാസം. പാര്‍ട്ടിയിലെ രണ്ട് സമുന്നത നേതൃത്വങ്ങള്‍ക്കിടയിലെ വിയോജിപ്പ് മറ നീക്കി പുറത്ത് വന്നിരിക്കുന്നു. പാര്‍ട്ടിയുടെ സ്ഥാപക നേതാവും, ആത്മീയ ഗുരുവുമായ റാശിദുല്‍ ഗന്നൂശിയും പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും നിലവിലെ പ്രധാനമന്ത്രിയുമായ ഹമ്മാദി ജിബാലിക്കുമിടയിലെ അഭിപ്രായ ഭിന്നതയെക്കുറിച്ചാണ് നാം സൂചിപ്പിക്കുന്നത്.

അതിനിടെ ഹമാദിയുടെ മന്ത്രിസഭയില്‍ നിന്ന് തങ്ങളുടെ മന്ത്രിമാരെ റിപ്പബ്ലിക് പാര്‍ട്ടി പിന്‍വലിച്ചത് എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമായിരുന്നു. അതോടെ ഭരണമുന്നണിയുടെ പ്രതിസന്ധി പതിന്‍മടങ്ങ് വര്‍ധിച്ചു. അതോട് കൂടി നിലവിലെ മന്ത്രിസഭ പിരിച്ച് വിട്ട് ടെക്‌നോക്രാറ്റ് ഗവണ്‍മെന്റ് രൂപീകരിക്കാമെന്ന ഹമ്മാദി ജിബാലിയുടെ അഭിപ്രായത്തിന് ഒന്ന് കൂടി വഴിതെളിയുകയാണ് ചെയ്തത്. പക്ഷെ ഈ തീരുമാനത്തെ ഗന്നൂശി നേതൃത്വം നല്‍കുന്ന അന്നഹ്ദ ശക്തമായി എതിരിക്കുകയും ചെയ്തിരിക്കുന്നു.
രാഷ്ട്രീയക്കാരെ മാറ്റി സാങ്കേതിക വിദഗ്ദരെ ഉള്‍ചേര്‍ത്ത് ഭരണമുന്നണി രൂപീകരിക്കുമെന്ന് മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രി ജിബാലി പൊട്ടിച്ച വെടി തുനീഷ്യന്‍ രാഷ്ട്രീയത്തെ തലകീഴായി മറിക്കുകയായിരുന്നു. അന്നഹ്ദയുടെ ദൗര്‍ബല്യത്തെയും ഭീകരമായ പിളര്‍പ്പിനെയും കുറിച്ച ആദ്യ പ്രഖ്യാപനമായിരുന്നു അത്. റാശിദുല്‍ ഗന്നൂശിയുദ്ദേശിക്കുന്നത് പൂര്‍ണായും അന്നഹ്ദയുടെ ഭരണമാണ്. തന്റെ മരുമകന്‍ റഫീഖ് അബ്ദുസ്സലാമിനെ വിദേശകാര്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനുള്ള സമ്മര്‍ദത്തെ അദ്ദേഹം എതിര്‍ക്കുകയും ചെയ്യുന്നു. ഈ നയങ്ങളാണ് ഭരണമുന്നണിയിലെ മറ്റ് രണ്ട് വിഭാഗങ്ങളുമായുള്ള തുറന്ന സംഘട്ടനത്തിന് കളമൊരുക്കിയത്. വിശിഷ്യാ മുന്‍സിഫ് മര്‍സൂഖി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സ് ഫോര്‍ ദ റിപ്പബ്ലിക് പാര്‍ട്ടിയുമായി.

വിദേശകാര്യ മന്ത്രിയെ മാറ്റണമെന്നും, മന്ത്രിസഭയുടെ പുനസംഘാടനത്തില്‍ നീതി പാലിക്കണമെന്നുമാണ് മര്‍സൂഖിയുടെ പാര്‍ട്ടി മുന്നില്‍ വെക്കുന്ന നിബന്ധന. ഇവ പാലിച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് പിന്‍വാങ്ങുമെന്നായിരുന്നു ഭീഷണി. ഈ പ്രതിസന്ധിക്ക് പരിഹാരമെന്നോണമാണ് ഹമ്മാദി ജിബാലി ടെക്‌നോക്രാറ്റ് മന്ത്രിസഭയെ സമര്‍പിച്ചത്. അതോടെ ഗന്നൂശിയുടെ മരുമകന്‍ ഉള്‍പെടെയുള്ള എല്ലാ പാര്‍ട്ടിയിലെയും മന്ത്രിമാരെയും പിരിച്ച് വിടും. എന്നാല്‍ ഗന്നൂശി ഇതിന് സന്നദ്ധമല്ല. തന്റെ പാര്‍ട്ടിയെയും, അതിലുപരിയായി തന്റെ രാഷ്ട്രത്തെയും ഈ കഴുത്ത് ഞെരിക്കുന്ന പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടുത്തുന്നതിന് റാശിദുല്‍ ഗനൂശി എന്ത് പരിഹാരം സമര്‍പിക്കുമെന്ന് പ്രവചിക്കാന്‍ നമുക്കാവില്ല. പക്ഷെ, മന്ത്രിസഭയില്‍ നിര്‍ദേശിക്കുന്ന മാറ്റം വരുത്തുന്നതിലുള്ള അവധാനത പ്രതിസന്ധിയെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്യുകയെന്നതില്‍ നമുക്ക് സംശയമില്ല.

അങ്ങേയറ്റത്തെ തന്റേടവും, യുക്തിയുമുള്ള രാഷ്ട്രീയ നേതാവാണ് ഗനൂശിയെന്ന കാര്യത്തില്‍ ആര്‍ക്കും സന്ദേഹമില്ല. പക്ഷെ, ബുദ്ധിപരമോ, സാങ്കേതികമോ ആയ എന്ത് ന്യായമുണ്ടെങ്കില്‍ പോലും തന്റെ മരുമകനെ മന്ത്രിസ്ഥാനത്ത് തന്നെ ഉറപ്പിക്കാനുള്ള ശ്രമം അദ്ദേഹത്തിനും, അന്നഹ്ദക്കും വലിയ തോതില്‍ പോറലേല്‍പിക്കുയാണ് ചെയ്യുക. അന്നഹ്ദയെയും, രാഷ്ട്രത്തെയും അരാജകത്വത്തില്‍ നിന്നും അരക്ഷിതാവസ്ഥയില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഇതെന്നല്ല, ഇതിനേക്കാള്‍ വലിയ നിബന്ധനക്കും അദ്ദേഹം വഴങ്ങേണ്ടതുണ്ടായിരുന്നു.

തുനീഷ്യ നിലവിലുള്ള പ്രതിസന്ധിയില്‍ തുടരണമെന്ന് നാം ആഗ്രഹിക്കുന്നില്ല. ഭരണകൂടമോ, ഭരണമുന്നണിയോ ഇല്ലാത്ത ശോചനീയമായ അവസ്ഥയാണിത്. ഒരു പക്ഷെ സമീപ ഭാവിയില്‍ അവിടെ പ്രസിഡന്റുമില്ലാത്ത സാഹചര്യം സംജാതമായേക്കാം. വിപ്ലവത്തിന് വേണ്ടി മഹത്തായ ത്യാഗങ്ങള്‍ സമര്‍പിച്ച തുനീഷ്യന്‍ ജനത ഇത് സ്വീകരിക്കുമെന്ന് നാം വിശ്വസിക്കുന്നില്ല. വിപ്ലവത്തെ തകര്‍ക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന പഴയ ഭരണക്രമത്തിന്റെ കൂലിപ്പടയാളികള്‍ മാത്രമാണ് അപവാദം.

കടപ്പാട് : അല്‍ഖുദ്‌സ്
വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി
 

Related Articles