Current Date

Search
Close this search box.
Search
Close this search box.

Middle East, Politics

ജനാധിപത്യ അട്ടിമറി!!

ഈജിപ്തില്‍ മുഹമ്മദ് മുര്‍സിയെ സൈന്യം അധികാര ഭ്രഷ്ഠനാക്കി വീട്ടുതടങ്കലിലാക്കുകയും ഭരണഘടന ദുര്‍ബലപ്പെടുത്തുകയും ചെയ്തതോടെ ലോക നിഘണ്ടുവിലേക്ക് സംഭാവനയായി കടന്നുവന്ന പുതിയ സ്ജ്ഞയാണ് ‘ജനാധിപത്യ അട്ടിമറി’. ഇത്രയും നികൃഷ്ടമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ട് അത് അട്ടിമറി എന്ന് വിളിക്കാന്‍ കഴിയാത്ത ലോകത്താണ് നാമുള്ളത്. ലോകത്തെ എല്ലാ സൈനിക കമാന്‍ഡര്‍മാരും അട്ടിമറിനടത്തിയ ശേഷം പറയാറുള്ള ‘ജനം ഞങ്ങളെ ഇതിന് നിര്‍ബന്ധിച്ചതാണ്’ എന്ന  പല്ലവി തന്നെയാണ് ഈജിപ്തിലും നമുക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്. യഥാര്‍ഥത്തില്‍ ഫലസ്തീന്‍ സ്വാതന്ത്ര്യത്തിന്റെ സാധ്യതകള്‍ മുളയിലേ നുള്ളുവാനുള്ള സയണിസ്റ്റുകളുടെ ഗൂഡാലോചനകളാണ് അട്ടിമറിയായി പുറത്ത് വന്നിട്ടുള്ളത്. സൈന്യം അധികാരത്തില്‍ വന്ന ശേഷം നടത്തിയ ഏറ്റവും വലിയ പൊതുപ്രവര്‍ത്തനം റഫാ അതിര്‍ത്തി അടച്ചുപൂട്ടിയതാണല്ലോ!

ലോകത്തിനു മുമ്പില്‍ മനുഷ്യാവകാശവും ജനാധിപത്യവും ആവര്‍ത്തിച്ചുരുവിടുന്ന കപടന്മാരായ പശ്ചാത്യരും ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രത്തലവന്‍ പോലും ഇതിനെ അട്ടിമറി എന്ന് വിശേഷിപ്പിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. മധ്യപൗരസ്ത്യ ദേശത്ത് പശ്ചാത്യരുടെ ജനാധിപത്യവല്‍ക്കരണം സൈനിക ജനറല്‍മാരിലൂടെയും രാജാക്കന്മാരിലൂടെയും അവരുടെ ശിങ്കിടിമാരിലൂടെയുമാണ്. കാരണം എണ്ണക്കുമേലുള്ള ആധിപത്യം അരക്കിട്ടുറപ്പിക്കാന്‍ ഏറ്റവും നല്ല വഴി ഇത്തരം ഏകാധിപതികളുടെ ഭരണം തന്നെയാണ്. അള്‍ജീരിയയില്‍ ഇസ്‌ലാമിക കക്ഷികള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഫലം പുറത്ത് വിടുന്നതിന് മുമ്പ് സൈനിക അട്ടിമറയിലൂടെ ജനാധിപത്യത്തെ അബോര്‍ഷന്‍ ചെയ്തത് നാം കണ്ടതാണ്. ഒരു രാജ്യത്തെ മുഴുവന്‍ രക്തക്കളമാക്കുന്ന രൂക്ഷമായ സംഘട്ടനത്തിനാണ് അത് വഴിയൊരുക്കിയത്. എണ്ണസമ്പത്ത് കൊണ്ടനുഗ്രഹീതമായ ആ രാജ്യം ഇന്നും പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജനാധിപത്യത്തിന്റെ സാധ്യതകള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തി ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലേറുമ്പോഴെല്ലാം അതിനെ സൈന്യത്തിന്റെ അധികാരമുപയോഗിച്ച് അട്ടിമറി നടത്തുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഇസ്‌ലാമിക രാജ്യങ്ങളില്‍ സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്തിയാല്‍ പശ്ചാത്യരെ അനുകരിക്കുന്നവര്‍ അധികാരത്തിലെത്തുകയില്ല എന്ന തികഞ്ഞ ബോധ്യം അവര്‍ക്കുണ്ട്. ഇസ്‌ലാമിക സംസ്‌കാരത്തോടുള്ള അന്ധമായ വിരോധം കാരണം ഇസ്‌ലാമിസ്റ്റുകള്‍ ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തുന്നിടത്ത് സേഛാധിപതികളെയും രാജാക്കന്മാരെയും പട്ടാളത്തെയും അട്ടിമറിയിലൂടെയാണെങ്കിലും ഭരണമേല്‍പിക്കാന്‍ അവര്‍ നിര്‍ബന്ധരാകുന്നു എന്നതാണ് യാഥാര്‍ഥ്യം.

ഈജിപ്ഷ്യന്‍ സൈന്യം തങ്ങളുടെ നടപടി അട്ടിമറിയല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ജനങ്ങളുടെ മുമ്പില്‍ എന്തെല്ലാം നാടകങ്ങളാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ആസ്ഥാന പണ്ഡിതന്മാരെയും കോപ്റ്റിക് നേതാക്കന്മാരെയും പ്രതിപക്ഷ പാര്‍ട്ടികളെയും ലോക രാഷ്ട്രങ്ങളെയുമെല്ലാം അതിനവര്‍ ചട്ടം കെട്ടുമ്പോള്‍ യഥാര്‍ഥത്തില്‍ ജനാധിപത്യത്തിനു നേരെ കൊഞ്ഞനം കുത്തുകയാണ് ചെയ്യുന്നത്. അട്ടിമറി നടത്തിയതിന് തൊട്ടുടനെ ഇസ്‌ലാമിക ആഭിമുഖ്യമുള്ള ചാനലുകളെ അടച്ചുപൂട്ടിയതില്‍ നിന്ന് തന്നെ ഏതു രീതിയിലാണ് രാജ്യത്തെ അവര്‍ മുന്നോട്ട് നയിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ, മാത്രമല്ല, ലോകത്തെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളെല്ലാം ഇതിനെതിരെ പ്രതികരിക്കാതെ മാളത്തിലേക്ക് ഉള്‍വലിയുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. എന്നാല്‍ ഇസ്‌ലാം വിരുദ്ധ വാര്‍ത്തകള്‍ക്ക് മുന്‍ഗണന നല്‍കുന്ന സി എന്‍ എന്‍ പോലുള്ള ചാനലുകള്‍ക്ക് അവര്‍ സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു.

ഈജിപ്ഷ്യന്‍ ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ അട്ടിമറിച്ച സൈനിക നടപടി പശ്ചിമേഷ്യക്കു തന്നെ വലിയ ഭീഷണിയാണ് ഉയര്‍ത്തിയിട്ടുള്ളത്. ഒരു ജനത മഹത്തായ വിപ്ലവത്തിലൂടെ നേടിയെടുത്ത സദ്ഫലങ്ങളെ ഇത്തരത്തില്‍ അബോര്‍ഷന്‍ ചെയ്തത് ജനങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തും. മാത്രമല്ല, രാഷ്ട്രത്തിന്റെ ഭാവിയെ കുറിച്ച സ്വപ്‌നങ്ങള്‍ തകര്‍ക്കാനും ആശങ്കകള്‍ വര്‍ദ്ദിപ്പിക്കാനും മാത്രമാണ് ഇത് ഉപകരിക്കുക.

അവലംബം : അല്‍ മുസ്‌ലിം. നെറ്റ്
വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles