Current Date

Search
Close this search box.
Search
Close this search box.

ഗസ്സയുടെ പ്രതിരോധത്തെയാണ് അവര്‍ ഭയക്കുന്നത്

കാണാതായ മൂന്ന് ഇസ്രയേല്‍ പൗരന്‍മാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത് മുതല്‍ പാശ്ചാത്യ മാധ്യമങ്ങള്‍ അവരുടെ അനുശോചനത്തിലായിരുന്നു. എല്ലാ പരിപാടികളും മാറ്റി വെച്ച് ചാനലുകള്‍ അവരുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇടം നല്‍കി. ഇസ്രയേല്‍ സൈനിക വക്താക്കള്‍ക്കും പ്രതിനിധികള്‍ക്കും അറബികള്‍ക്കും മുസ്‌ലിംകള്‍ക്കും എതിരെ ആക്ഷേപം കോരിചൊരിയാന്‍ ചാനലുകള്‍ വാതിലുകള്‍ മലര്‍ക്കെ തുറന്നു വെച്ചു. സംഭവത്തിന് പിന്നില്‍ ആരാണെന്ന് ഇപ്പോഴും അവ്യക്തമായി തുടരുന്ന ഒരു കാര്യത്തിലാണിതെന്ന് പ്രത്യേകം ഓര്‍ക്കണം.

കഴിഞ്ഞ ദിവസം ഇസ്രയേല്‍ ഗസ്സയിലെ ഒരു വിഗലാംഗ കേന്ദ്രം അക്രമിച്ച് അവിടത്തെ അന്തേവാസികളെ വധിച്ചതിന്റെ ചിത്രങ്ങള്‍ ടെലിവിഷന്‍ ചാനലുകളിലൂടെ നാം കണ്ടതാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ വീല്‍ചെയറിന്റെ ഭാഗങ്ങളും മറ്റു നമുക്ക് കാണാമായിരുന്നു. മനുഷ്യത്വത്തെ മരവിപ്പിക്കുന്ന ഈ കാഴ്ച്ച യൂറോപ്യന്‍ നേതാക്കളില്‍ ചലമുണ്ടാക്കിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി. അതിലൂടെ ഒരു വെടിനിര്‍ത്തലും. ഇറ്റാലിയന്‍ കപ്പലായ അക്കിലെ ലോറായില്‍ നിന്ന് തട്ടികൊണ്ടു പോകപ്പെട്ട വിഗലാംഗനായ അമേരിക്കന്‍ ജൂതന്‍ ലിയോണ്‍ ക്ലിങ്‌ഹോഫറിന്റെ മരണത്തെ ഇസ്രയേലും പാശ്ചാത്യ ലോകവും എങ്ങനെയാണ് ഉപയോഗപ്പെടുത്തിയതെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. സംഭവത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അവര്‍ ഫലസ്തീനികളുടെ മേല്‍ കെട്ടിവെക്കുകയാണ് ചെയ്തത്.

ഗസ്സയിലെ ഇസ്രയേലിന്റെ കൂട്ടകശാപ്പിന് നേരെ നിര്‍ലജ്ജമായ മൗനം പാശ്ചാത്യ ലോകം സ്വീകരിച്ചിരിക്കുന്നത്. ചില മാധ്യമങ്ങള്‍ ഗസ്സയിലെ കൊല്ലപ്പെട്ട കുരുന്നുകളുടെ ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഗസ്സയില്‍ നിന്നുള്ള റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട ജൂതന്‍മാര്‍ എന്ന കുറിപ്പോടെയാണ് അതെന്ന് മാത്രം. കൂടുതല്‍ കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും കൊന്നൊടുക്കുന്നതിന് ഇസ്രയേലിന് കൂടുതല്‍ സമയം നല്‍കുകയാണ് ടോണി ബ്ലയറെ പോലുള്ള ‘സമാധാന ദൂതന്‍മാരും’ ചെയ്യുന്നത്. ഗസ്സക്ക് വേണ്ടി പ്രതിരോധിക്കുന്നവരില്‍ നിന്ന് കീഴടങ്ങലിന്റെ വെള്ളകൊടി ഉയരുമെന്ന പ്രതീക്ഷയിലാണവര്‍. എന്നാല്‍ ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകാനും പോകുന്നില്ല. പകരം കൂടുതല്‍ ശക്തിയോടെയും സ്ഥൈര്യത്തോടെയും നിലകൊള്ളുകയാണവര്‍. ഫലസ്തീന്‍ മണ്ണിലെ ഓരോ പ്രദേശത്ത് നിന്നും അവര്‍ റോക്കറ്റുകള്‍ വിക്ഷേപിക്കുന്നത് തുടരും. തൊട്ടടുത്ത് എത്തിനില്‍ക്കുന്ന കരയുദ്ധത്തെയും അവര്‍ കാത്തിരിക്കുന്നു. ഫലസ്തീന്‍ പ്രതിരോധ നേതാക്കള്‍ തങ്ങളുടെ ഫോണുകള്‍ സ്വിച്ച്ഓഫ് ചെയ്ത് പോരാട്ടത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുയാണവര്‍. അറബ് മധ്യസ്ഥന്‍മാരുടെ ഇടപെടല്‍ ഒഴിവാക്കുന്നതിനാണിത്.

ലോകത്ത് തന്നെ ഏറ്റവും മികച്ച ചാരപ്രവര്‍ത്തന ഉപകരണങ്ങള്‍ കയ്യിലുണ്ടെന്നാണ് ഇസ്രയേല്‍ വാദിക്കുന്നത്. ഗസ്സയുടെ ഓരോ ചാണും തങ്ങള്‍ക്കറിയാമെന്ന് പറയുന്ന അവര്‍ ഈ നേതാക്കളെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ അവര്‍ തകര്‍ത്തു കൊണ്ടിരിക്കുന്നത് മസ്ജിദുകളും വീടുകളുമാണ്. കൊന്നൊടുക്കുന്നത് കുട്ടികളെയും. ഇസ്രയേല്‍ സൈന്യം നിരായുധരായ നിരപരാധികളോട് മാത്രമേ യുദ്ധം ചെയ്തിട്ടുള്ളൂ എന്നതാണ് വസ്തുത. കഴിഞ്ഞ നാല്‍പത് വര്‍ഷത്തിനിടയില്‍ ഒരൊറ്റ അറബ് സൈന്യത്തെ പോലും അവര്‍ നേരിട്ടിട്ടില്ല.

ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും ഗസ്സക്കാര്‍ക്ക് നേരെ ഇസ്രയേല്‍ യുദ്ധം നടത്തുന്നു. പുതിയ നശീകരണവും രക്തസാക്ഷികളെയും അതുണ്ടാക്കുന്നു. എന്നാല്‍ ഓരോ പോരാട്ടവും അവരുടെ പോരാട്ട ശേഷി വര്‍ധിപ്പിക്കുയും നവീകരിക്കുകയുമാണ് ചെയ്തത്. ഉപരോധത്തിനും അറബ് ലോകത്തിന്റെ നിഷ്‌ക്രിയത്വത്തിനും മധ്യേയും റോക്കറ്റുകളും മിസൈലുകളും തുരങ്കങ്ങളും അവര്‍ കണ്ടുപിടിച്ചു.

ഗസ്സയിലെ വീട് തകര്‍ക്കപ്പെട്ടതിന് ശേഷം കുടുംബത്തോടൊപ്പം അഭയാര്‍ഥി ക്യാമ്പിലെത്തിയ ആറ് വയസ്സ് തികയാത്ത ഫലസ്തീന്‍ ബാലന്‍ ബോര്‍ഡിന് മുന്നില്‍ നില്‍ക്കുന്ന കാഴ്ച്ച സുന്ദരമാണ്. അവന്‍ ഒരു റോക്കറ്റ് വരക്കാന്‍ തുടങ്ങുകയാണ്. അവന്‍ റോസാ പുഷ്പമോ ഒരു വെള്ളപ്രാവിനെയോ വരച്ചിരുന്നെങ്കില്‍ എന്ന് നാം കൊതിച്ചു പോവുകയാണ്. എന്നാല്‍ ഇസ്രയേലും കൂട്ടാളികളും അവന്റെ ബാല്യത്തിന്റെ നിഷ്‌കളങ്കത കവര്‍ന്നെടുത്തിരിക്കുന്നു. എന്റെ അഭിപ്രായത്തില്‍ ഏറ്റവും വലിയ യുദ്ധകുറ്റം ഇതാണ്. അന്താരാഷ്ട്ര ജഡ്ജി ഗോള്‍ഡ് സ്‌റ്റോണിന്റെ രണ്ടാമത്തെ ഒരു റിപോര്‍ട്ട് നമുക്ക് പ്രതീക്ഷിക്കാം. ഈ ചിത്രത്തെയും അതുണ്ടാക്കുന്ന മാനസികമായ സ്വാധീനങ്ങളെയും കുറിച്ച് അദ്ദേഹം പറഞ്ഞേക്കാം.

രക്തസാക്ഷികള്‍ അനുദിനം വര്‍ധിക്കുകയാണ്. എല്ലാ വഞ്ചകരും, പ്രത്യേകിച്ചും റാമല്ലിയിലെ ഭരണകൂടവു അതിന്റെ വക്താക്കളും പറയുന്നത് പോലെ ഗസ്സയിലെ പ്രതിരോധം ക്ഷണിച്ചു വരുത്തിയ ഒന്നല്ല ഈ യുദ്ധം. നെതന്യാഹുവും ലിബര്‍മാനും എല്ലാ കൊലായാളി ഇസ്രയേല്‍ സംഘങ്ങളും കൂടി അവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. മൂന്ന് കുടിയേറ്റക്കാര്‍ അജ്ഞാതരുടെ കൈകളാല്‍ കൊലചെയ്യപ്പെട്ടത് അതിനായി അവര്‍ ഉപയോഗപ്പെടുത്തി. തട്ടികൊണ്ടു പോകലും കൊലപാതകവും ഇസ്രയേല്‍ തന്നെ നടത്തിയതാണോ എന്ന് സംശയിക്കുന്ന റിപോര്‍ട്ടുകളില്‍ അത്ഭുതപ്പെടേണ്ടതില്ല. ഈജിപ്തിലെ ജൂതന്‍മാരെ ഫലസ്തീനിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നതിന് ഈജിപ്തിലെ ജൂത ദേവാലയം അവര്‍ തകര്‍ത്തില്ലേ? ബാഗ്ദാദിലെ ജൂതന്‍മാരെ പലായനത്തിന് നിര്‍ബന്ധിക്കാന്‍ മൊസാദ് ചാരന്‍മാരെ ഉപയോഗിച്ച് ജൂതതെരുവില്‍ സ്‌ഫോടനം നടത്തിയില്ലേ? ഫല്‌സതീനികളെ ഭയപ്പെടുത്തി ഓടിക്കുന്നതിന് ദേര്‍യാസീനിലും ഖിബ്‌യയിലും കൂട്ടകശാപ്പുകള്‍ അവര്‍ നടത്തിയില്ലേ?

ഗസ്സയിലെ അവസ്ഥ ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച്ച (14/07/2014) അറബ് പ്രധാനമന്തിമാര്‍ യോഗം ചേരുകയാണ്. ഇസ്രയേലിന്റെ ക്രൂരമായ ആക്രമണം തുടങ്ങിയിട്ട് ഏഴ് നാള്‍ പിന്നിടുമ്പോള്‍ ‘അടിയന്തിര യോഗം’ ചേരാന്‍ നിങ്ങള്‍ക്കും അറബ് ലീഗ് ജനറല്‍ സെക്രട്ടക്കും നാണമില്ലേ? തങ്ങള്‍ക്ക് സാധിക്കാത്തത് നിര്‍വഹിച്ചു കൊടുത്ത നെതന്യാഹുവിനും അദ്ദേഹത്തിന്റെ സര്‍ക്കാറിനും ബൊക്ക അയച്ചു കൊടുക്കാനല്ലാതെ മറ്റെന്താണ് അവര്‍ ഇനി തീരുമാനിക്കുക? കാരണം പ്രതിരോധത്തെ മുറുകെ പിടിച്ച ഗസ്സയെയും അതിനെ നിയന്ത്രിക്കുന്ന ‘ഭീകരര്‍’ ഹമാസിനെയും തകര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞല്ലോ.

സിറിയന്‍ പ്രതിപക്ഷത്തെ ആയുധമണിയിക്കുന്നതിന് പരസ്പരം മത്സരിക്കുന്ന ഇക്കൂട്ടരുടെ കാര്യം ലജ്ജാകരം തന്നെ. അതിന് വേണ്ടി മില്ല്യണ്‍ കണക്കിന് ഡോളറുകള്‍ നിക്ഷേപിച്ച അവര്‍ തങ്ങളുടെ മൗനത്തിലൂടെ ഇസ്രയേലുമായി ഗൂഢാലോചന നടത്തുകയാണ്. പട്ടാപകല്‍ ഗസ്സയെ തകര്‍ത്തു കൊണ്ടിരിക്കുമ്പോഴും ഇസ്രയേലിന്റെ അതിക്രമത്തെയും ധിക്കാരത്തെയും പ്രതിരോധിക്കുന്ന എന്ന കാരണത്താലാണ് പട്ടാപകല്‍ ഗസ്സയെ നശിപ്പിക്കുന്നത്. ഇസ്രയേലിന്റെ അതിക്രമത്തിന് മറ്റൊരു സവിശേഷത കപട ജനാധിപത്യ വാദികളുടെ പിന്തുണയുള്ള ഒന്നാണത് എന്നതാണ്. അവര്‍ ഉദ്ദേശിക്കുന്നവരെ അവര്‍ക്ക് കൊല്ലാം. തകര്‍ക്കേണ്ടത് തകര്‍ക്കാം. ഈ വിശുദ്ധ റമദാനില്‍ എത്ര ഫലസ്തീനികള്‍ ഇരയാക്കപ്പെട്ടാലും അവരെ തടയാന്‍ ആരുമില്ല.

അഭയാര്‍ഥികളില്ലാത്ത യുദ്ധമാണ് ഗസ്സയിലേതെന്നതും ശ്രദ്ധേയമാണ്. അറബികളും ഈജിപ്തും ഗസ്സയെന്ന ജയിലിന്റെ കവാടങ്ങള്‍ ശക്തമായി അടച്ചിരിക്കുന്നു. ‘പ്രതിരോധ’മെന്ന വൈറസ് പകരുന്നത് അറബ് നേതാക്കള്‍ ആഗ്രഹിക്കുന്നില്ല. ഇസ്‌റായീല്യര്‍ക്ക് പ്രയാസം ഉണ്ടാക്കിയാല്‍ നിങ്ങളുടെയും ജനതയുടെയും സുസ്ഥിരത ഇല്ലാതാക്കുമെന്ന ഒരു നൂറ്റാണ്ടിലേക്കുള്ള സമാധാന ഉടമ്പടിക്ക് കീഴ്‌പ്പെട്ടിരിക്കുകയാണവര്‍.

ഗസ്സക്കാര്‍ ഒരു അറബ് രാഷ്ട്രത്തിലും അഭയം തേടില്ലെന്നും ഗസ്സ ഉപേക്ഷിക്കില്ലെന്നും നമുക്ക് ആശ്വസിക്കാം. കഴിഞ്ഞ ദിവസം ഇസ്രയേല്‍ നാവികസൈനികരെ തുരത്താന്‍ ഗസ്സക്കാര്‍ കാണിച്ച അസാമാന്യ ധീരതയോടെ അവര്‍ ചെറുത്ത് നില്‍പ് തുടരുകയും ചെയ്യും. ഈജിപ്ത് അതിര്‍ത്തിയിലെയും അറബ് എയര്‍പോര്‍ട്ടുകളിലെയും നിന്ദ്യതയേക്കാളും ഇഷ്ടപ്പെടുന്നത് രക്തസാക്ഷിത്വമാണ്.

രക്താസാക്ഷികളുടെ എണ്ണം വര്‍ധിക്കുകയാണ്. പ്രതിരോധവും അതോടൊപ്പം വര്‍ധിക്കുക തന്നെയാണ്. ഗസ്സക്ക് വേണ്ടി പ്രതിരോധിക്കുന്നവര്‍ മരണത്തെ ഭയക്കുന്നില്ല. ഈ ഉമ്മത്തിന് പുതിയ ശക്തി പകര്‍ന്നു നല്‍കുകയാണവര്‍. പ്രദേശത്തെ ഒന്നാകെ ഉള്‍ക്കൊള്ളുന്ന യഥാര്‍ത്ഥ മാറ്റത്തിന്റെ തീപ്പൊരികളാണ് ഗസ്സയുടെ ഹൃദയത്തില്‍ നിന്നും ഉയരുന്നത്.

വിവ : നസീഫ്

Related Articles