Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത് : ജനാധിപത്യം തിരിഞ്ഞുനടക്കുന്നു

തെരുവിലിറങ്ങിയ ജനരോഷത്തിനൊടുവില്‍ ഹുസ്‌നി മുബാറക്ക് ഭരണത്തില്‍ നിന്നും നിഷ്‌കാസിതനായത് മുതല്‍ മുഹമ്മദ് മുര്‍സിയുടെ ഭരണകൂടത്തെ സൈന്യം അട്ടിമറിയിലൂടെ പുറത്താക്കുന്നത് വരെ സംഘര്‍ഷഭരിതമായ രണ്ടുവര്‍ഷങ്ങളാണ് ഈജിപ്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളത്. വിപ്ലവത്തിന്റെ സവിശേഷമായ ഫലങ്ങള്‍ ലഭ്യമാകുന്നതിന് മുമ്പ് രാഷ്ട്രത്തിന് അധോഗതിയുടേയും പരാജയത്തിന്റെയും കൈപുനീര്‍ രുചിക്കേണ്ടിവന്നു. ജനാധിപത്യപരമായ ഈ മാറ്റത്തെ ഇത്ര പെട്ടെന്ന് പരാജയമെന്ന് അവര്‍ വിധിയെഴുതിയോ?

തുണീഷ്യന്‍ വിപ്ലവത്തെ തുടര്‍ന്നാണ് ഈജിപ്തില്‍ വിപ്ലവം അരങ്ങേറിയതെങ്കിലും മുബാറക്കിന്റെ ഭരണകൂടത്തെ പുറത്താക്കിയതിലൂടെയാണ് അറബ് വസന്തം യാഥാര്‍ഥ്യമായത്. മുബാറക്കിന്റെ സേഛ്വാധിപത്യത്തില്‍നിന്ന് ജനാധിപത്യമായി തെരഞ്ഞെടുക്കപ്പെട്ട മുര്‍സിയുടെ കയ്യിലേക്ക് അധികാരം മാറിയെങ്കിലും ജനാധിപത്യപരമായി രാഷ്ട്രം വേണ്ടത്ര പുരോഗമിച്ചിരുന്നില്ല. മാത്രമല്ല, ഇന്ന് സൈന്യം മുര്‍സി അനുകൂലികളും ഇഖ്‌വാനികളും നടത്തുന്ന ജനകീയമായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

സൈന്യം അട്ടിമറിയിലൂടെ അധികാരം പിടിമുറുക്കിയതോടെ രാഷ്ട്രീയമായി ഈജിപ്തില്‍ പുലരാനിരിക്കുന്ന നവോഥാനത്തെ കുറിച്ച പ്രതീക്ഷകള്‍ അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കിടയില്‍ പുതിയ തെരഞ്ഞെടുപ്പും ഭരണഘടനാ നവീകരണവുമെല്ലാം സൈന്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രക്ഷോഭകാരികളായ അമ്പതോളം പേരെ കൊലപ്പെടുത്തിയും നൂറ് കണക്കിന് ഇഖ്‌വാന്‍ നേതാക്കളെ തുറങ്കിലടച്ചുമുള്ള സൈന്യത്തിന്റെ പ്രവര്‍ത്തന ശൈലി ഈജിപ്തിലെ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് സന്ദേഹങ്ങളുയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല, ഈജിപ്തില്‍ അരങ്ങേറിയതു പോലെ അറബ് വസന്തം അടിച്ചുവീശിയ രാഷ്ട്രങ്ങളിലെ ജനാധിപത്യസംവിധാനങ്ങളെ തകര്‍ക്കാനുള്ള വൈദേശികമായ കുത്സിതശ്രമങ്ങള്‍ വര്‍ധിച്ചുവരുന്നു എന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.

ബഅസ് പാര്‍ട്ടിനേതാവായ ബശ്ശാറുല്‍ അസദിന്റെ ഗവണ്‍മെന്റ് സിറിയയിലെ വിമതപക്ഷത്തെ മൃഗീയമായി അടിച്ചമര്‍ത്തുന്നതും അറേബ്യന്‍ രാഷ്ട്രങ്ങള്‍ മര്‍ദ്ധക ഭരണാധികാരികളിലേക്ക് എളുപ്പത്തില്‍ മാറിക്കൊണ്ടിരിക്കുന്നുവോ എന്ന ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്യുന്നു. സുന്നി -ശിയാ കക്ഷികളായിത്തിരിഞ്ഞുകൊണ്ട് വ്യത്യസ്ത മുസ്‌ലിം രാഷ്ട്രങ്ങളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.

ഈജിപ്തിലെ ഈ മാറ്റങ്ങള്‍ മധ്യപൗരസ്ത്യദേശത്ത് തന്നെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തും. എല്ലാ ഭാഗത്ത് നിന്നുമുള്ള സമ്മര്‍ദ്ധങ്ങളെയാണ് ഈജിപ്ത് ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. അട്ടിമറി നടത്തിയ പട്ടാളഭരണകൂടത്തിന് സഹായവാഗ്ദാനങ്ങളുമായി സൗദി മത്സരിച്ചെത്തിയതും യു എ ഇ എട്ട് ബില്യന്‍ ഡോളര്‍ സഹായം പ്രഖ്യാപിച്ചതും ഇതിന്റെ ഭാഗമാണ്. ഇസ്രായേലി എഴുത്തുകാരനും നോവലിസ്റ്റുമായ ഡേവിഡ് ഗോള്‍ഡ്മാന്‍ ‘ഈജിപ്തിന്റെ ഭാവി ഇന്ന് തീരുമാനിക്കുന്നത് തഹരീര്‍ സ്‌ക്വയറില്‍നിന്നല്ല, റിയാദിലെ രാജകൊട്ടാരത്തില്‍ നിന്നാണ്’ എന്ന് അഭിപ്രായപ്പെട്ടത് ഇതിനാലാണ്.

സൈനിക അട്ടിമറിയുടെ സ്തുതിപാടകരേയും നമുക്ക് കാണാം. ‘ശര്‍ഖുല്‍ ഔസത്ത്’ പത്രത്തില്‍ ഹുസൈന്‍ ഷോഭോക്ഷി എഴുതി : ഈജിപ്ഷ്യരുടെ സ്‌നേഹം സമ്പാദിച്ചതിലൂടെ സീസിയെ ദൈവം അനുഗ്രഹിക്കട്ടെ! അരാചകത്വത്തിന്റെയും പ്രതിസന്ധിയുടെയും  കാലങ്ങള്‍ക്ക് ശേഷം യഥാര്‍ഥ നിയമവ്യവസ്ഥ ഈജിപ്തിലേക്ക് കൊണ്ടുവരുന്നത് സീസിയാണ്’. ബ്രദര്‍ഹുഡ് ഭരണത്തില്‍ തുടരുകയായിരുന്നുവെങ്കില്‍ നൈലിന് മീതെയുള്ള ഒരു വടക്കന്‍ കൊറിയയായി ഈജിപ്ത് മാറുമായിരുന്നു എന്ന് നിരീക്ഷിച്ചവരുമുണ്ട്.

ഈജിപ്ത് പ്രശ്‌നത്തിലെ സൗദി അറേബ്യയുടെ ഇടപെടല്‍ അറേബ്യന്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ സുന്നി – ശിയാ പ്രശ്‌നങ്ങള്‍ക്കപ്പുറം പുതിയ ഒരു പിളര്‍പ്പിന് കൂടി വഴിയൊരുക്കിയേക്കും. കാരണം ബ്രദര്‍ഹുഡ് ഒരുവശത്തും സുന്നിരാജാക്കന്മാരും സൈനിക മതേതര വ്യവസ്ഥയുമടങ്ങുന്ന ഒരു വിഭാഗം മറുവശത്തുമാണുള്ളത്. ഇതെല്ലാം ഈജിപ്തിലെ ജനാധിപത്യത്തിന്റെ ചക്രവാളത്തെ കൂടുതല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുക മാത്രമല്ല, ഒരു പക്ഷെ എന്നെന്നേക്കുമായി അത് നിഷ്‌കാസിതമായേക്കാം.

  ഈജിപ്ഷ്യന്‍ വിഷയത്തില്‍ കൃത്യമായ രാഷ്ട്രീയ തീരുമാനമെടുക്കുന്നതില്‍ ഭാഗികമായെങ്കിലും അമേരിക്ക മടിച്ചുനില്‍ക്കുന്നത്. ഈജിപ്തില്‍ നടന്നത് സൈനിക അട്ടിമറിയാണെന്ന് അംഗീകരിക്കാന്‍ അമേരിക്ക തയ്യാറായിട്ടില്ല. മാത്രമല്ല, അതിനെ തുടര്‍ന്നുള്ള സാമ്പത്തികവും സൈനികവുമായ സഹായം പിന്‍വലിക്കാനും ഒബാമയുടെ ഭരണകൂടം തയ്യാറാകാത്തതും ഈ കാരണത്താലായിരിക്കും.  ഈജിപ്ഷ്യന്‍ ജനതയുടെ ജനാധിപത്യമായ ഉണര്‍വിനും സാമ്പത്തികവും രാഷ്ട്രീയവുമായി മെച്ചപ്പെട്ട ഒരു ഭാവിക്കും വേണ്ടിയാണ് അമേരിക്ക ഈജിപ്തുമായി ദൃഢബന്ധം കാത്തുസൂക്ഷിക്കുന്നതെന്ന് വൈറ്റ്ഹൗസ് മാധ്യമവക്താവായ ജയ്കാര്‍ണി വിവരിക്കുന്നു. അമേരിക്കയുടെ വൈദേശിക നയവും അമേരിക്കന്‍ നിയമവ്യവസ്ഥയുടെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ ലക്ഷ്യങ്ങളും മുന്‍നിര്‍ത്തിയുള്ള ഇടപാടുകളായിരിക്കും ഈജിപ്ഷ്യന്‍ വിഷയത്തില്‍ അമേരിക്ക കൈക്കൊള്ളുക എന്നതാണ് ഇതിന്റെയര്‍ഥം.

ഈജിപ്തിന് അമേരിക്ക നല്‍കിക്കൊണ്ടിരിക്കുന്ന നിരന്തര സഹായവും സൈനിക നേതൃത്വത്തിനെതിരെ കൃത്യമായ ഒരു നടപടിയും അടിച്ചേല്‍പിക്കാത്തതും അട്ടിമറിക്ക് അമേരിക്ക മൗനാനുവാദം നല്‍കിയിരിക്കുന്നു എന്നതിന് തെളിവാണ്. അമേരിക്കയുടെ മൂലധനത്തെ മാത്രം ആശ്രയിച്ചുനില്‍ക്കുന്ന രാഷ്ട്രമാക്കി ഈജിപ്തിനെ മാറ്റുകയും  അവരുടെ അജണ്ടകള്‍ സുന്ദരമായി നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് അമേരിക്ക ഈജിപ്തില്‍ നിന്നും ആഗ്രഹിക്കുന്നത്. ഇതിലൂടെ ഒരിക്കലും ഈജിപ്തില്‍ രാഷ്ട്രീയ സുസ്ഥിരതകൈവരുകയില്ല.

സൈന്യത്തിന്റെ നിലപാടുകളിലെ ദൗര്‍ബല്യവും ഈജിപ്തിലെ അമേരിക്കയുടെ നിഗൂഢ താല്‍പര്യങ്ങളും ഇപ്പോള്‍ സഹനത്തോടെ കാത്തിരിക്കുന്ന ബ്രദര്‍ഹുഡിന് അധികാരത്തിലേറാന്‍ അവസരമൊരുക്കിയേക്കും. പക്ഷെ, ജനാധിപത്യതത്വങ്ങളോടുള്ള അവരുടെ പ്രതിബദ്ധതയും യഥാര്‍ഥത്തില്‍ ദുര്‍ബലമാണ്.

പിരമിഡ് നിര്‍മാണത്തിന് എത്രപേര്‍ ബലിനല്‍കിയിട്ടുണ്ട്! സൂയസ് കനാല്‍ നിര്‍മാണത്തിന് വേണ്ടിയും എത്രപേര്‍ ജീവന്‍ സമര്‍പ്പിച്ചിട്ടുണ്ട്? ഇത്തരത്തില്‍ ലക്ഷ്യം നേടിയെടുക്കാന്‍ വേണ്ടി ഏതറ്റംവരെയും സമര്‍പ്പിക്കാന്‍ ബ്രദര്‍ഹുഡ് തയ്യാറാണെന്ന ഇഖ്‌വാന്റെ രാഷ്ട്രീയവിഭാഗം ഉപാധ്യക്ഷന്റെ പ്രസ്താവന കൂടുതല്‍ പ്രതിഫലനങ്ങളുണ്ടാക്കാതിരിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ഈജിപ്തിനെ കുറിച്ച ആശങ്കകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അല്‍അസ്ഹര്‍ ഇമാം അഹ്മദ് ത്വയ്യിബ് ആസന്നമായ ആഭ്യന്തര യുദ്ധത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ഈജിപ്തിന്റെ പരിവര്‍ത്തനത്തില്‍ ആര്‍ക്കാണ് മുഖ്യപങ്ക് വഹിക്കാനാവുക? സൈനിക ഭരണകൂടത്തിനോ, മുസ്‌ലിം ബ്രദര്‍ഹുഡിനോ, നാലിലൊന്ന് വോട്ടോടെ കഴിഞ്ഞ ഭരണകൂടത്തെ പിന്തുണക്കുകയും ഇപ്പോള്‍ അട്ടിമറിയെ പിന്തുണക്കുകയും ചെയ്ത സലഫി പാര്‍ട്ടിയായ അന്നൂറിനോ?

മുര്‍സിയുടെ അധപ്പതനത്തിലൂടെ ആദ്യമായി ബലികഴിക്കപ്പെട്ടത് ജനാധിപത്യമാണ്. ഈജിപ്തിനും അറബ് ലോകത്തിനുമിടയില്‍ ഈ സൈനിക അട്ടിമറിയിലൂടെ സാമൂഹികമായ വിഭജനമുണ്ടാകുകയാണെങ്കില്‍ ജനാധിപത്യത്തിന്റെ ഏത് അളവുകോല്‍ ഉപയോഗിച്ചാണ് അതിനെ സംസ്‌കരിക്കാന്‍ സാധിക്കുക

അവലംബം : www.project-syndicate.org
വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles