Current Date

Search
Close this search box.
Search
Close this search box.

ആരാണ് അൽഖസ്സാം ബ്രിഗേഡ്‍സ്?

ഫലസ്തീന്‍ പ്രതിരോധ വിഭാഗമായ ഹമാസാണ് രണ്ടായിരത്തി ഏഴ് മുതല്‍ ഗസ്സ മുനമ്പ് ഭരിക്കുന്നത്. ഇസ്രായേലില്‍ ഭയ തരംഗങ്ങള്‍ സൃഷ്ടിച്ചു കൊണ്ട്, 1400 ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും ഇരുനൂറോളം പേര്‍ ബന്ധികളാക്കപ്പെടുകയും ചെയ്ത ഒക്ടോബര്‍ 7 ലെ ആക്രമണം നടത്തിയത് ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് ആയിരുന്നു. അതിനു ശേഷം മാത്രം, മുന്‍പിന്‍ നോക്കാതെയുള്ള ബോംബിഗിലൂടെ 8000ല്‍ അധികം ഫലസ്തീനികളെ ഇസ്രായേല്‍ കൊന്നു കളഞ്ഞിരിക്കുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ പ്രത്യക്ഷ ലംഘനമാണ് ഇസ്രായേല്‍ ആക്രമണമെന്ന് യുനൈറ്റഡ് നാഷന്‍സ് തലവന്‍ വിലയിരുത്തിയിട്ടുണ്ട്.

ഹമാസിനെയും ഖസ്സാം ബ്രിഗേഡ്‌സിനെയും മറ്റു ഫലസ്തീനി സായുധ വിഭാഗങ്ങളെയും തകര്‍ത്തു കളയാന്‍ വേണ്ടി ഇസ്രായേല്‍ സൈന്യം ഉപരോധിത ഫലസ്തീന്‍ പ്രദേശങ്ങളിലേക്ക് പ്രവേശിക്കുമെന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിജ്ഞ എടുത്തിരുന്നു. എന്നാല്‍ തങ്ങള്‍ ‘തയാറാണ്’ എന്നായിരുന്നു ഖസ്സാം ബ്രിഗേഡ്‌സിന്റെ പ്രതികരണം. കരമാര്‍ഗം അധിനിവേശം നടത്തുമെന്ന ഭീഷണി ‘ഞങ്ങളെ ഭയപ്പെടുത്തുന്നില്ല’ എന്നാണ് ഖസ്സാമിന്റെ വക്താവ് അബൂ ഉബൈദ പ്രസ്താവിച്ചത്. തങ്ങളുടെ ടണലുകള്‍ ഉപയോഗിച്ചു കൊണ്ട് ഇസ്രായേലി സൈന്യത്തെ എതിരിടാന്‍ ഖസ്സാം പോരാളികള്‍ക്ക് സാധിക്കുമെന്നതിനാല്‍ കരയുദ്ധം രക്തരൂക്ഷിതമായേക്കുമെന്ന് വിശകലന വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

ആരാണ് ഹമാസ്?

ഹറകത് അല്‍ മുഖാവമ അല്‍ ഇസ്ലാമിയ (ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനം) എന്നതിന്റെ ചുരുക്കമാണ് ഹമാസ്. ഭാഷാപരമായി അഭിനിവേശം എന്നാണ് ഹമാസ് എന്ന അറബി പദത്തിന്റെ അര്‍ഥം. 1987 ലെ ഒന്നാം ഇന്‍തിഫാദയുടെ സമയത്താണ് മുന്‍നിര രാഷ്ട്രീയ ശക്തിയായി ഗസ്സയില്‍ ഹമാസ് രൂപപ്പെടുന്നത്. ഭൂമി കയ്യേറിയുള്ള ഇസ്രായേലിന്റെ കുടിയേറ്റ അധിനിവേശത്തിനെതിരെയുള്ള സമാധാനപരമായ ബഹുജന പ്രക്ഷോഭമാണ് ഇന്‍തിഫാദ. അധിനിവിഷ്ഠ വെസ്റ്റ് ബാങ്കിലും ഹമാസിന് സ്വാധീനമുണ്ട്. റമദാനില്‍ ഭക്ഷണ വിതരണം, സ്‌കൂളുകളും ആശുപത്രികളും നിര്‍മിക്കുക തുടങ്ങിയ വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളും ചെയ്യുന്നതിനാല്‍ വര്‍ഷം തോറും ഹമാസിന്റെബഹുജനസമ്മതി വര്‍ധിക്കുന്നുണ്ട്.

1987 ല്‍ ശൈഖ് അഹ്‌മദ് യാസീനിന്റെ നേതൃത്വത്തില്‍ ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡിന്റെ ശാഖയായാണ് ഹമാസ് സ്ഥാപിതമാവുന്നത്. ഗസ്സയിലെ 2.3 മില്ല്യണ്‍ ജനങ്ങളെ പോലെ, 1948 (ഇസ്രായേല്‍ ഒരു രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ട വര്‍ഷം) മുതല്‍ യാസീനും അഭയാര്‍ഥിയായിരുന്നു. 750,000 ല്‍ അധികം ഫലസ്തീനികളെ അവരുടെ മാതൃരാജ്യത്ത് നിന്ന് വംശീയ ഉന്മൂലനം നടത്തിയിട്ടാണ് ഇന്നത്തെ ഇസ്രായേല്‍ രൂപപ്പെടുന്നത്. ഗസ്സ, വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസെലേം തുടങ്ങിയ പ്രദേശങ്ങളിലെ ഇസ്രായേല്‍ കയ്യേറ്റത്തിനെതിരെ സായുധ പ്രതിരോധം തീര്‍ക്കാനുള്ള ഫലസ്തീനികളുടെ അവകാശത്തിന് വേണ്ടി സംസാരിച്ച ഹമാസ് തലവന്‍ ശൈഖ് യാസീന്‍, സായുധ പ്രതിരോധത്തെ തള്ളിപ്പറഞ്ഞ ‘ഫലസ്തീനിയന്‍ അതോരിറ്റി’ (പി.എ) യെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. അധിനിവിഷ്ഠ വെസ്റ്റ് ബാങ്കില്‍ ഫലസ്തീനിയന്‍ അതോരിറ്റി ആണ് ഭരണം നിര്‍വഹിക്കുന്നത്.

രണ്ടാം ഇന്‍തിഫാദ എന്ന ഫലസ്തീനി ബഹുജന പ്രക്ഷോഭം 2000 ല്‍ നടന്നു. ജൂത ആരാധനകള്‍ക്ക് അനുവാദമില്ലാത്ത ഇസ്ലാമിന്റെ മൂന്നാമത്തെ വിശുദ്ധ ഗേഹം അല്‍ അഖ്‌സ പള്ളിയിലേക്ക് ഇസ്രായേലി മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന്റെ പ്രകോപനപരമായ സന്ദര്‍ശനത്തെ തുടര്‍ന്നായിരുന്നു രണ്ടാം ഇന്‍തിഫാദ ഉടലെടുത്തത്. പള്ളി തകര്‍ത്ത് ജൂത ആരാധനാലയം പണിയലാണ് കുടിയേറ്റ ഇസ്രായേലികളുടെ ആഗ്രഹം. ഹമാസ് നേതാക്കളുടെ കൊലപാതകം ഉള്‍പ്പെടെയുള്ള മാരക സൈനിക നടപടികള്‍ കൊണ്ടാണ് പ്രക്ഷോഭത്തെ ഇസ്രായേല്‍ നേരിട്ടത്. ഇത് കൂടുതല്‍ ആക്രമണങ്ങള്‍ക്ക് വഴിവെച്ചു.

ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടു കൊലപ്പെടുത്തുന്നത് നിര്‍ത്തുമെന്നും 1967 ലെ കരാര്‍ അടിസ്ഥാനമാക്കി കൊണ്ട് ഫലസ്തീന്‍ ഭൂപ്രദേശങ്ങളില്‍ നിന്നും ഇസ്രായേല്‍ പിന്മാറുമെന്നുമുള്ള നിബന്ധനകള്‍ അംഗീകരിക്കപ്പെട്ടപ്പോള്‍ 2003 ല്‍ യാസീന്‍ വെടി നിര്‍ത്തലിനു സമ്മതിച്ചു. എന്നാല്‍ 2004 മാര്‍ച്ച് 22 നു സുബഹി നമസ്‌കാരം കഴിഞ്ഞു പള്ളിയില്‍ നിന്നും പുറത്തിറങ്ങിയ യാസീനിനെ അദേഹത്തിന്റെ 67 ആം വയസില്‍ ഇസ്രായേല്‍ പട്ടാളം കൊലപ്പെടുത്തി. തുടര്‍ന്ന് സഹതലവനായിരുന്ന അബ്ദുല്‍ അസീസ് അല്‍ റന്‍തീസി ഹമാസിന്റെ നേതൃത്വം ഏറ്റെടുത്തു.

ഗസ്സ മുനമ്പില്‍ ഹമാസിനുള്ള സ്വാധീനം കൂടിക്കൊണ്ടിരുന്നു. പരമാധികാര രാഷ്ട്രത്തിന് വേണ്ടിയുള്ള ഫലസ്തീനികളുടെ അഭിലാഷം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കാത്തതിനാല്‍ 1993 ല്‍ ഫലസ്തീനികള്‍ക്കും ഇസ്രായേലിനും ഇടയില്‍ ഒപ്പ് വെക്കപ്പെട്ട ഓസ്ലോ കരാര്‍ പരാജയപ്പെട്ടു. ഓസ്ലോ കരാറിന്റെ മറവില്‍ നിയമവിരുദ്ധ കുടിയേറ്റത്തിലൂടെ 1967 ലെ ഭൂമി കയ്യേറ്റം ഇസ്രായേല്‍ വിപുലപ്പെടുത്തുകയാണ് എന്ന് ഹമാസ് ആരോപിച്ചു.

2006 ലെ ഗസ്സ പാര്‍ലമെന്റ് ഇലക്ഷനില്‍ വിജയിച്ച ഹമാസ് 2007 ല്‍ പ്രദേശത്തിന്റെ ഭരണം ഏറ്റെടുത്തു. ഹമാസ് ഭരണമേറ്റെടുത്തതോടെ ഇസ്രായേല്‍ ഗസ്സയില്‍ ഉപരോധമേര്‍പ്പെടുത്തി. ഖാലിദ് മിശ്അലില്‍ നിന്നും 2017 ല്‍ ഹമാസ് നേതൃത്വം ഏറ്റെടുത്ത ഇസ്മാഈല്‍ ഹനിയ്യയാണ് ഇപ്പോള്‍ ഹമാസിനെ നയിക്കുന്നത്.

അല്‍ ഖസ്സാം ബ്രിഗേഡ്‌സ്

ഫലസ്തീന്‍ ഭൂപ്രദേശങ്ങളിലെ ഇസ്രായേലി കയ്യേറ്റത്തെ സായുധമായി പ്രധിരോധിക്കുക എന്ന തങ്ങളുടെ ലക്ഷ്യത്തെ സഹായിക്കുന്നതിനു വേണ്ടി 1992 ല്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സ് എന്ന സായുധ വിഭാഗത്തിനു ഹമാസ് രൂപം നല്‍കി.

യൂറോപ്യന്‍ അധിനിവേശകര്‍ക്കെതിരെ സിറിയയിലെ ലെവന്റില്‍ പോരാടിയ സിറിയന്‍ സ്വാതന്ത്ര്യ സമര പോരാളി ഇസ്സുദീന്‍ അല്‍ ഖസ്സാമില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാണ് ഖസ്സാം എന്ന നാമം സ്വീകരിച്ചത്. ഫ്രഞ്ച് അധിനിവേശകരാല്‍ ഫലസ്തീനിലേക്ക് നാട് കടത്തപ്പെട്ട ശേഷം ജൂതര്‍ക്കും ബ്രിട്ടനുമെതിരെ സായുധ പ്രതിരോധത്തിന് ആഹ്വാനം ചെയ്ത അദ്ദേഹം ഫലസ്തീന്‍ സമരത്തെ ഏറ്റെടുത്തിരുന്നു.1935 ല്‍ ബ്രിട്ടീഷ് അധിനിവേശകര്‍ അദ്ദേഹത്തെ കൊന്നു കളയുകയായിരുന്നു. അദേഹത്തിന്റെ സായുധ സമരവും തുടര്‍ന്നുള്ള മരണവും 1936 ല്‍ ഫലസ്തീനില്‍ നടന്ന അറബ് വിപ്ലവത്തിന് കാരണമായി എന്ന് വിശ്വസിക്കപ്പെടുന്നു.

ഇസ്രായേലിനെതിരെയുള്ള സായുധ സമരത്തിന്റെ ഭാഗമായി ചാവേര്‍ ആക്രമണമടക്കമുള്ള നിരവധി ചെറുത്തുനില്‍പ്പുകള്‍ ഖസ്സാം ബ്രിഗേഡ്‌സ് നടത്തിയിട്ടുണ്ട്. ഗസ്സയിലെ ഏറ്റവും വലുതും മികച്ച രീതിയില്‍ സംഘടിക്കപ്പെട്ടതുമായ സായുധ വിഭാഗത്തെ നിലവില്‍ മുഹമ്മദ് ദൈഫ് ആണ് നയിക്കുന്നത്. മര്‍വാന്‍ ഇസ്സ ആണ് സഹതലവന്‍. ഖസ്സാം ബ്രിഗേഡ്‌സ് സ്ഥാപക നേതാവ് സലാഹ് ശെഹാദാഹിനെ 2002 ലെ ഒരു ആകാശ ആക്രമണത്തിലൂടെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തുകയായിരുന്നു.

എത്ര മാത്രം ശക്തമാണ് ഖസ്സാം ബ്രിഗേഡ്‌സ്?

അംഗങ്ങളുടെ എണ്ണത്തെ കുറിച്ചു ഭിന്നാഭിപ്രായമുണ്ടെങ്കിലും ‘സി. ഐ. എ വേള്‍ഡ് ഫാക്ട് ബുക്ക്’ അനുസരിച്ചു 20000-25000 അംഗങ്ങളുണ്ട് ഖസ്സാം ബ്രിഗേഡ്‌സിന്. തോക്കുകളും ഗ്രനേഡുകളും അത്യാധുനിക നിര്‍മിത റോക്കറ്റുകളുമടങ്ങിയ വലിയ ആയുധ ശേഖരം ഖസ്സാം ബ്രിഗാഡ്‌സിനുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ സൈനിക ശക്തിയെ കുറിച്ചും സജ്ജീകരണങ്ങളെ കുറിച്ചുമുള്ള കൃത്യമായ വിവരങ്ങള്‍ പൊതുജനത്തിന് ലഭ്യമല്ല.

2005 ല്‍ ഇസ്രായേല്‍ ഗസ്സയില്‍ നിന്നും പിന്‍വാങ്ങിയ അവസരത്തില്‍ ഹമാസ് തങ്ങളുടെ സായുധ വിഭാഗത്തെ വിപുലപ്പെടുത്തി. ഇറാനില്‍ നിന്നും ലഭിക്കുന്നു എന്ന് പറയപ്പെടുന്ന സാമ്പത്തിക സഹായത്താല്‍ നൂതന സൈനിക സജീകരണങ്ങള്‍ നിര്‍മിച്ചെടുക്കുവാന്‍ ഹമാസിനു സാധിച്ചിട്ടുണ്ട്. ഇസ്രായേലി ആക്രമണത്തെ ചെറുക്കുന്നതില്‍ ആയുധ ശേഖരണത്തിന് വലിയ പങ്കുണ്ടെന്ന് ഹമാസ് വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ആയുധങ്ങള്‍ അടിയറ വെക്കാനുള്ള ഫലസ്തീനിയന്‍ അതോറിറ്റിയുടെ ആവശ്യത്തെ ഹമാസ് തള്ളി കളഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തുടരുന്ന ഇസ്രായേലി ആകാശ ആക്രമണങ്ങളിലും സൈനിക അക്രമണങ്ങളിലുമായി ഖസ്സാം ബ്രിഗേഡ്‌സിന് ആയിരക്കണക്കിന് പോരാളികളെ നഷ്ടപ്പെട്ടിട്ടുണ്ട്.

ഖസ്സാം ബ്രിഗേഡ്സിന്റെ സൈനിക നടപടികള്‍

പ്രാദേശികമായി സ്വയം നിര്‍മിക്കുന്ന ആയുധങ്ങള്‍ക്ക് പുറമെ, പുറത്ത് നിന്നും ഒളിച്ചു കടത്തുന്നതിലൂടെ കൂടിയാണ് ബ്രിഗാഡ്‌സ് തങ്ങളുടെ ആയുധ ശേഖരം നില നിര്‍ത്തുന്നത് എന്ന് പറയപ്പെടുന്നു. യു. എസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ന്റെ 2021 ലെ റിപ്പോര്‍ട്ട് പ്രകാരം ഹമാസും മറ്റു സംഘടനകളും 2021 സംഘര്‍ഷത്തില്‍ ഇസ്രായേലിനെതിരെ തൊടുത്തു വിട്ട റോക്കറ്റുകളുടെ ആകെ എണ്ണം 4400 ല്‍ അധികമാണ്. പതിനൊന്നു ദിവസം നീണ്ടു നിന്ന സംഘര്‍ഷത്തില്‍ ഇസ്രായേലി ആക്രമണം കാരണം 260 ഫലസ്തീനികള്‍ കൊല്ലപ്പെട്ടപ്പോള്‍ ഇസ്രായേലിന്റെ ഭാഗത്തു നിന്നും 13 പേര് കൊല്ലപ്പെട്ടു.

തത്ക്ഷണ സ്‌ഫോടക ഉപകരണങ്ങള്‍ (Improvised Explosive Devices), റോക്കറ്റ് വിക്ഷേപിനികള്‍, ടാങ്ക് പ്രതിരോധകമായ മിസൈലുകള്‍, ചെറു പീരങ്കികള്‍ തുടങ്ങിയവയുടെ നിര്‍മാണത്തില്‍ ഖസ്സാം ബ്രിഗാഡ്‌സ് നൈപുണ്യം നേടിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ രേഖപ്പെടുത്തുന്നു. എങ്കിലും സ്ട്രാറ്റജിയിലും രഹസ്യാത്മകതയിലുമാണ് ഹമാസ് മുന്നിട്ടു നില്‍ക്കുന്നത്. ഈ നയത്തിന്റെ ഭാഗമാണ് രഹസ്യമായി സഞ്ചരിക്കാന്‍ പോരാളികളെ സഹായിക്കുന്ന വിപുലമായ ടണല്‍ സംവിധാനം.

ഈയിടെയായി ഹമാസ് അവരുടെ റോക്കറ്റിന്റെ ശക്തി വര്‍ധിപ്പിക്കുകയും തങ്ങളുടെ ആയുധ ശേഖരണത്തിലേക്ക് ഡ്രോണുകള്‍ കൂടെ ഉള്‍പ്പെടുത്തുകയും ചെയ്തു. ഒക്ടോബര്‍ 7 ന് ഇസ്രായേലിന്റെ ആക്രമണ പ്രതിരോധ മതിലുകളെ മറികടക്കാന്‍ ഖസ്സാം ബ്രിഗാഡ്‌സ് റോക്കറ്റ് കൊണ്ടുള്ള ബാരേജ് ഉപയോഗിച്ചിരുന്നു.

ഹമാസിന്റെ ഒക്ടോബര്‍ 7 ലെ ആക്രമണം

അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രായേല്‍ നടത്തുന്ന നിയമലംഘനത്തോടും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ഫലസ്തീനികള്‍ക്കെതിരെയുള്ള കുടിയേറ്റ ഇസ്രായേലികളുടെ വര്‍ധിക്കുന്ന അക്രമണങ്ങളോടുമുള്ള പ്രതികരണമാണ് ഒക്ടോബര്‍ 7ലെ ആക്രമണം എന്നാണ് ഹമാസ് പറയുന്നത്.

ഇസ്രായേല്‍ ജയിലുകളില്‍ കഷ്ടപ്പെടുന്ന ഫലസ്തീനികളെ വിട്ടു കിട്ടുന്നതിന് ആവശ്യമായ അത്രയും ഇസ്രായേലികളെ തടവുകാരായി പിടി കൂടാന്‍ സാധിച്ചിട്ടുണ്ടെന് ഹമാസ് അവകാശപ്പെടുന്നു. അറബ് രാഷ്ട്രങ്ങള്‍ക്കും ഇസ്രായേലിനുമിടയിലുള്ള ഇടപാടുകള്‍ സാധാരണത്വം കൈവരിക്കുന്നത് മറ്റൊരു കാരണമായിരിക്കാമെന്ന് ചില വിശകലന വിദഗ്ധര്‍ വിലയിരുത്തിയിട്ടുണ്ട്.

”ഭൂമിയില്‍ അവശേഷിക്കുന്ന അവസാന കയ്യേറ്റത്തെയും അവസാനിപ്പിക്കാനുള്ള മഹാ യുദ്ധത്തിന്റെ ദിവസമാണിത്” എന്നായിരുന്നു ഖസ്സാം ബ്രിഗാഡ്‌സ് സൈനിക കമാണ്ടര്‍ മുഹമ്മദ് ദൈഫ് പ്രസ്താവിച്ചത്. ഫലസ്തീനിനെ പിന്തുണക്കുന്നവരോടും മുസ്ലിം രാജ്യങ്ങളോടും സായുധ സമരത്തില്‍ അണി ചേരാന്‍ വേണ്ടി പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്തു അദ്ദേഹം.

ഗസ്സയിലെ മറ്റു പ്രതിരോധ വിഭാഗങ്ങള്‍

ഇസ്രായേല്‍ അധിനിവേശ സേനക്കെതിരായ പ്രതിരോധത്തില്‍ ഹമാസിനൊപ്പം തങ്ങളും പങ്കുചേരുകയാണെന്ന് ഗസ്സയിലെ മറ്റു സായുധ ഗ്രൂപ്പുകളും സൂചിപ്പിച്ചിട്ടുണ്ട്.

‘ഫലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദിന്റെ’ സായുധ വിഭാഗമായ ‘സറായ അല്‍ ഖുദുസ് ബ്രിഗേഡ്‌സ്’ ആണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ‘ക്രിട്ടിക്കല്‍ ത്രെട്‌സ് പ്രൊജക്റ്റ്’ ന്റെ കണക്കു പ്രകാരം 1992 ല്‍ രൂപം കൊണ്ട അല്‍ ഖുദുസ് ബ്രിഗേഡ്‌സ് കുറഞ്ഞത് ഇരുപത്തി മൂന്ന് റോക്കറ്റ് അക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

ഗസ്സയില്‍ സജീവ സൈനിക സാന്നിധ്യമുള്ള മറ്റൊരു ഗ്രൂപ്പാണ് ‘അബു അലി മുസ്തഫ ബ്രിഗേഡ്‌സ്.’ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ എന്ന സംഘടനയുടെ സൈനിക വിഭാഗമാണ് അബു അലി മുസ്തഫ ബ്രിഗാഡ്‌സ്. ഇസ്രായേലിനെതെരിയായ സായുധ പ്രതിരോധത്തില്‍ പങ്കാളികളാകാന്‍ അംഗങ്ങളോട് ഔദ്യോഗിക ടെലെഗ്രാം സന്ദേശങ്ങളിലൂടെ മുസ്തഫ ബ്രിഗാഡ്‌സ് ആഹ്വാനം ചെയ്തിട്ടുണ്ട്.

വിവ: ഇര്‍ശാദ് പേരാമ്പ്ര

അവലംബം: അല്‍ജസീറ

 

കൂടുതല്‍ വായനക്ക്: https://whatsapp.com/channel/0029VaAuUdUJP20xSxAZiz0r

Related Articles