Current Date

Search
Close this search box.
Search
Close this search box.

ഒരിക്കലും തുടച്ചു മാറ്റപ്പെടില്ലെന്ന് തെളിയിക്കുകയാണ് ഫലസ്തീൻ ജനത

“തങ്ങളുടെ അസ്തിത്വത്തെക്കുറിച്ചും കൊളോണിയൽ അടിച്ചമർത്തലിനെ ചെറുക്കാനുള്ള നിശ്ചയദാർഢ്യത്തെക്കുറിച്ചും ഫലസ്തീനികൾ ലോകത്തെ ഓർമ്മിപ്പിച്ചത് അവർക്ക് പ്രാവർത്തികമായ, അനിവാര്യമായ, അവശേഷിക്കുന്ന ഒരേയൊരു വഴിയിലൂടെയാണ്.”

ദശാബ്ദങ്ങളായി അമേരിക്കൻ സാമ്രാജ്യത്തിന്റെ സഹായവും പിന്തുണയും ഉള്ള ഇസ്രായേൽ, ഫലസ്തീനിനെ രാഷ്ട്രീയമായി തുടച്ചുനീക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. തങ്ങളിൽ നിന്ന് അതിക്രമിച്ച് കൈയ്യടക്കിയ ഭൂമിയുടെ മേലുള്ള തദ്ദേശീയ അവകാശവാദവും പരമാധികാരവും തങ്ങൾ എളുപ്പത്തിൽ ഉപേക്ഷിക്കില്ലെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫലസ്തീനികൾ വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

സങ്കുചിതമായ യൂറോ-അമേരിക്കൻ കാഴ്ച്ചപ്പാടിൽ ‘ഒരു ദേശം ഭരിക്കാനുള്ള അധികാരം’ എന്ന അർത്ഥത്തിലല്ല ഞാൻ ഇവിടെ ‘പരമാധികാരം’ എന്ന പദം ഉപയോഗിക്കുന്നത്. മറിച്ച്, ഒരു ജനതയും അവരുടെ പരമ്പരാഗത ജന്മഭൂമിയും തമ്മിലുള്ള ആഴമേറിയതും നിസ്വാർത്ഥവുമായ ബന്ധത്തിൽ നിന്ന് ഉടലെടുക്കുന്ന, ഭരിക്കാനുള്ള ഒരു അധികാരത്തെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത് . അത് യഥാർത്ഥത്തിൽ മറ്റെല്ലാ രാഷ്ട്രീയ അടിച്ചമർത്തലുകളും അർത്ഥശൂന്യമാക്കുന്ന ഒരു ബന്ധമാണ്.

ഫലസ്തീനികളും ഫലസ്തീനും തമ്മിലുള്ള ആഴത്തിലുള്ള ആ ബന്ധമാണ് വളരെക്കാലമായി ഇസ്രായേൽ മായ്ച്ചു കളയാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സമീപകാലത്ത്, ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള – പ്രത്യേകിച്ച് ഇസ്രായേലും സൗദി അറേബ്യയും തമ്മിലുള്ള – ബന്ധം സാധാരണ നിലയിലാക്കാനായി നടന്നിട്ടുള്ള ശ്രമങ്ങൾ ഈ മായ്ച്ചുകളയൽ പ്രക്രിയക്ക് തീവ്രത നൽകുന്നുണ്ട്. ഈ സാധാരണവൽക്കരണത്തിലേക്കുള്ള ഓരോ ചുവടുവെപ്പിലും ഉന്നത നയതന്ത്രജ്ഞരും രാഷ്ട്രീയക്കാരും ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഒരുപാട് ആളുകൾക്ക് ഫലസ്തീനികൾ ഒരു വിഷയമല്ലാതായി മാറുന്നു. അവരുടെ സ്വാതന്ത്ര്യത്തിനും വിമോചനത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള അഭിലാഷങ്ങളെ പരിഗണിക്കാത്ത ഒരു പ്രദേശമായി മിഡിൽ ഈസ്റ്റ് മാറിയിരിക്കുന്നു എന്നതാണ് ഫലത്തിൽ സംഭവിക്കുന്നത്. അത് മിഡിലീസ്റ്റിന്റെ തന്നെ ഭാവിയെ എങ്ങനെയാണ് ബാധിക്കുന്നത് എന്നു പോലും അവർ ആലോചിക്കുന്നില്ല എന്നതാണ് വാസ്തവം.

ഫലസ്തീനികൾ ദശാബ്ദങ്ങളായി ഇസ്രായേൽ തങ്ങൾക്ക് മേൽ അനുദിനം അടിച്ചേൽപ്പിക്കുന്ന അക്രമങ്ങളെ ആഗോള ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. അവർക്കു നേരെയുള്ള ഓരോ അതിക്രമങ്ങളെയും അവിടെ നടന്നിട്ടുളള ഓരോ കൊലപാതകങ്ങളെയും അക്രമങ്ങളെയും അവർ കൃത്യമായി രേഖപ്പെടുത്തി വെക്കുന്നുണ്ട്. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനത്തിലൂടെ ഇസ്രായേലി ഭരണകൂട അക്രമങ്ങൾ തങ്ങളുടെ സ്വാതന്ത്ര്യവും അന്തസ്സും എങ്ങനെ വൃണപ്പെടുത്തുന്നുവെന്നും നിരന്തരമായ അതിക്രമങ്ങൾ തങ്ങളുടെ മേൽ അഴിച്ചുവിടുന്നതെങ്ങനെയെന്നുമൊക്കെ അവർ കൃത്യമായി രേഖകളായി സൂക്ഷിക്കുന്നു.

ഇസ്രായേലിന്റെ നിരന്തരമായ ക്രൂരതയുടെ ഈ തെളിവുകളോട് അന്താരാഷ്ട്ര സമൂഹത്തിലെ പ്രമുഖർ എങ്ങനെയാണ് പ്രതികരിച്ചത് എന്നത് പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. നിശബ്ദതയേക്കാൾ മോശമായ ഭാഷയിലാണവരൊക്കെയും അതിനോട് പ്രതികരിച്ചത്. അവർ ആവർത്തിച്ച് ഇസ്രായേലിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. ഇസ്രായേലിന്റെ കൊളോണിയൽ അടിച്ചമർത്തലിനെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഫലസ്തീനികളെ അവരുടെ ശേഷിക്കുന്ന മണ്ണിൽ നിന്ന് പുറത്താക്കാനും ചരിത്രത്തിൽ നിന്നും ആഗോള രാഷ്ട്രീയത്തിൽ നിന്നും തുടച്ചുനീക്കാനുമുള്ള ശ്രമങ്ങൾ തീവ്രമാക്കാൻ അടിസ്ഥാനപരമായി ഇസ്രായേലിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു.

ഫലസ്തീനികൾ നയതന്ത്രപരമായും രാഷ്ട്രീയമായും അവരുടെ സായുധവും നിരായുധവുമായ ചെറുത്തുനിൽപ്പിലൂടെയും പ്രതിഷേധത്തിലൂടെയും ലോകത്തോട് സംസാരിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അവരെ കേൾക്കുന്നവരോടെല്ലാം തങ്ങളുടെ അവസ്ഥ അവർ നിരന്തരമായി വ്യക്തമാക്കികൊണ്ടേയിരുന്നു. എന്നാൽ ആ ശ്രമങ്ങളെല്ലാം അവരുടെ സാഹചര്യത്തെ മാറ്റുന്നതിന് പ്രേരകമായില്ല എന്ന് മാത്രമല്ല, വാസ്തവത്തിൽ അവരുടെ സ്ഥിതി കൂടുതൽ വഷളാക്കുകയാണുണ്ടായത്.

ഫലസ്തീൻ ജനതയെ അറബ് ആഗോള ബോധത്തിൽ നിന്ന് തുടച്ചുനീക്കാനുള്ള ശ്രമങ്ങൾ ഇസ്രായേൽ ശക്തമാക്കിയപ്പോൾ ഫലസ്തീനികൾ യഥാർത്ഥത്തിൽ മറ്റൊരു വഴിയിലേക്കാണ് എത്തിയത്.
ഒന്നുകിൽ തങ്ങളെ തടവിലാക്കിയവരുടെ നിയമങ്ങളിൽ നിലനിന്നുകൊണ്ട്, അവർ തീർത്ത ജയിലിന്റെ പരിധിക്കുള്ളിൽ നിന്ന് ഫലസ്തീനികൾക്ക് തങ്ങളുടെ അവസ്ഥയെ വിവരിച്ചു കൊണ്ടേയിരിക്കാം. അവരുടെ നിരന്തരമായ ക്രൂരത തടയാൻ കുറച്ച് മനുഷ്യത്വമുള്ള ആരെങ്കിലും ഒടുവിൽ ഇടപെടുമെന്ന് പ്രതീക്ഷയോടെ അവർക്കത് തുടർന്നു കെണ്ടേയിരിക്കാം. അല്ലെങ്കിൽ ആ സംവിധാനത്തിന്റെ ആന്തരിക യുക്തിക്ക് അനുസൃതമായി അവരുടെ ക്രൂരവും മനുഷ്യത്വരഹിതവുമായ വ്യവസ്ഥയോട് പ്രതികരിക്കുന്ന രീതിയിൽ അവർക്ക് പ്രവർത്തിക്കാൻ തുടങ്ങാം.

ആഗോള തലത്തിൽ നേതൃസ്ഥാനങ്ങൾ വഹിക്കുന്ന ലോകരാജ്യങ്ങൾ – അത് ഫലസ്തീനിനുമേൽ അഭിപ്രായങ്ങളും ന്യായീകരണങ്ങളുമുള്ള സ്റ്റേറ്റ് ആണെങ്കിലും – ഇസ്രായേലും അവരുടെ പ്രധാന സംരക്ഷകരായ അമേരിക്കയുമടക്കം ലോകരാജ്യങ്ങളിൽ ഇത്തരത്തിൽ സ്വാധീനം ചെലുത്തുന്നവരായിത്തീർന്നതും ലോകശക്തികളെന്ന പദവിയും ദേശസുരക്ഷയുമൊക്കെ ഉണ്ടാക്കിയെടുത്തതും നിരന്തരവും സംഘടിതവുമായ ഭരണകൂട അതിക്രമങ്ങളിലൂടെയാണ് എന്നത് അനിഷേധ്യമായ വസ്തുതയാണ്.

അങ്ങനെയൊരു സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു വൻകിട രാജ്യങ്ങൾക്കും ആദർശ മൂല്യങ്ങൾ നിരത്തികൊണ്ട് തങ്ങളുടെ രാജ്യസുരക്ഷയെ കുറിച്ച് സംസാരിക്കാനോ അതിനായുള്ള തങ്ങളുടെ ക്രൂരമായ അധിനിവേശങ്ങളെ ന്യായീകരിക്കാനോ കഴിയില്ല എന്നതാണ് വസ്തുത. വാസ്‌തവത്തിൽ, നികൃഷ്ടമായ ഈ ലോകക്രമത്തിൽ ഉന്നതമായ ആദർശങ്ങൾ പ്രഖ്യാപിക്കപ്പെടുന്നത്, ഏത് അധികാരവും നേടിയെടുക്കാനും നിലനിർത്താനും ആവശ്യമായ ക്രൂരമായ അക്രമം മറച്ചുവെക്കാൻ മാത്രമാണ് എന്നത് കാണാനാകും.

യഥാർത്ഥത്തിൽ, ഫലസ്തീനെതിരെ അധിനിവേശ രാജ്യങ്ങൾ നടത്തുന്ന സംഘടിതമായ ഓരോ അക്രമങ്ങളും ഫലസ്തീൻ പോരാട്ടത്തെ ശക്തിപ്പെടുത്തുന്ന ഒരു കാരണമായി ഉയർന്നു വരുന്നുണ്ട്. കോളനിവൽക്കരിക്കപ്പെട്ടവരുടെ ഇത്തരം പ്രവർത്തനങ്ങളെ ‘ഭീകരത’ എന്നാണ് പലരും മുദ്രകുത്തുന്നത്. അത് അധിനിവേശ ശക്തികൾ നടത്തുന്ന കൂടുതൽ വ്യവസ്ഥാപിതവും ദൂരവ്യാപകവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ ഭരണകൂട അക്രമത്തേക്കാൾ മോശമാണ് എന്നവർ വാദിക്കുന്നു.

ഇത്തരത്തിലുള്ള പോരാട്ടങ്ങൾ ‘യുക്തിരഹിതമാണ്’ എന്നാണ് പലരുടെയും അഭിപ്രായം. കാരണം, അധിനിവേശത്തിനിരയായവർ ശക്തമായ രാഷ്ട്രങ്ങൾക്കെതിരെ പോരാട്ടം നടത്താൻ വളരെ ദുർബലരാണ് എന്ന് മാത്രമല്ല, അക്രമത്തിനുള്ള കഴിവ് ഫലസ്തീനികളെപ്പോലുള്ള രാജ്യരഹിതരും ദുർബലരും ശ്വാസംമുട്ടുന്നവരുമായ ആളുകൾക്ക് സമാനമാക്കാൻ കഴിയില്ല എന്നും അവർ നിരീക്ഷിക്കുന്നു. ഈ അവസാന പോയിന്റ് തീർച്ചയായും ശരിയാണ്. പക്ഷേ ഇത് കോളനിവൽക്കരിക്കപ്പെട്ടവർക്ക് പലപ്പോഴും ബാധകമാവാത്ത നിരീക്ഷണമാണ്.

ഗസ്സയിൽ നിന്ന് ഇസ്രയേലിനെതിരായ സമീപകാല ആക്രമണങ്ങൾ ഫലസ്തീനെ ഉടനടി വിമോചിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതല്ല മറിച്ച്, ഈ പ്രവർത്തനങ്ങൾ സമരത്തിന്റെ കാഴ്ചപ്പാടും ചലനാത്മകതയും മാറ്റാൻ ശേഷിള്ളതാണ്. ഫലസ്തീൻ ഒരു തകർന്നടിഞ്ഞ പ്രശ്നമാണെന്നും പൂർണ്ണമായും അവഗണിക്കപ്പെടുകയും ഒടുവിൽ വിസ്മരിക്കപ്പെടുകയും ചെയ്യണമെന്നുമുള്ള നിലവിലെ അന്താരാഷ്ട്ര സമവായത്തെ ഇളക്കിവിടാനാണ് അവ ഉദ്ദേശിക്കുന്നത്. ഫലസ്തീനിന്റെ ഈ ചെറുത്തുനിൽപ്പ് ഒരു ഓർമ്മപ്പെടുത്തലാണ്. ഫലസ്തീനികൾ നിലനിൽക്കുന്നുണ്ടെന്നും അവരുടെ ഭൂമിയിൽ സ്വതന്ത്രരും പരമാധികാരികളും ആയി ജീവിക്കാനുള്ള അവരുടെ അവകാശം ഒരിക്കലുമവർ ഉപേക്ഷിക്കില്ലെന്നതിനുമുള്ള തെളിവാണിത്.

ഈ പ്രതികരണങ്ങൾ അവരുടെ നിലവിലെ സാഹചര്യങ്ങൾക്ക് മാറ്റം കൊണ്ടുവരുന്ന ഒന്നല്ല. ഒരു പക്ഷെ, അവരുടെ അവസ്ഥ കൂടുതൽ വഷളാകാനും സാധ്യതയുണ്ട്. ഫലസ്തീനിയൻ പ്രതിരോധങ്ങൾ കാരണമല്ല അവ കൂടുതൽ മോശമാക്കുന്നത്; മറിച്ച്, ഫലസ്തീനികൾ എങ്ങനെ പ്രതിരോധിക്കുന്നു എന്നത് പരിഗണിക്കാതെ തന്നെ ഫലസ്തീനിനെ ഇല്ലാതാക്കാനും ഇസ്രായേൽ ഇതിനകം നേടിയത് ഔദ്യോഗികമായി മാറ്റാനുമുള്ള ഇസ്രായേൽ ഭരണകൂടത്തിന്റെ തന്നെ നിലവിലുള്ള പ്രവർത്തനങ്ങളാലാണ് അത് സംഭവിക്കുന്നത്.

പ്രായോഗികമായി ഫലസ്തീനിലെ മുഴുവൻ ഭൂമിയിലും ഇസ്രായേൽ-ജൂത പരമാധികാരം എന്ന അവരുടെ അജണ്ടയിലേക്കാണ് അവർ ധൃതികൂട്ടുന്നത്. അതെ, കോളനിവൽക്കരിക്കപ്പെട്ടവർ ശക്തിയുടെ കാര്യത്തിൽ തുല്യരല്ല. എന്നാൽ ഈ കൊളോണിയൽ ലോകക്രമത്തിൽ സംഘടിത അക്രമത്തിൽ ഏർപ്പെടുമ്പോൾ മാത്രമേ അവർക്ക് അവരുടെ അസ്തിത്വത്തിന്റെ ശ്രദ്ധയും അംഗീകാരവും ലഭിക്കുകയുള്ളൂവെന്ന് കോളനിവൽക്കരിക്കപ്പെട്ടവർ വ്യക്തമായി മനസിലാക്കുന്നു. അല്ലാത്തപക്ഷം, അവർ കൊല്ലപ്പെടുകയും മായ്‌ക്കപ്പെടുകയും ചെയ്യുന്നു.

ശക്തമായ രാജ്യങ്ങളിലെ പത്രപ്രവർത്തകരും അക്കാദമിക് വിദഗ്ധരും രാഷ്ട്രീയക്കാരും ഫലസ്തീനികളോട് ശാന്തമാകാൻ ആവശ്യപ്പെടുമ്പോൾ അവർ ആഗ്രഹിക്കുന്നത്, ഫലസ്തീനെ പതുക്കെ ക്രൂരമായി ഇല്ലാതാക്കാനാണ്. ഈ യാഥാർത്ഥ്യത്തിൽ നിൽക്കുമ്പോൾ ഫലസ്തീനികൾക്ക് ശാന്തതയേയോ പിന്മാറ്റത്തെയോ കുറിച്ച് ആലോചിക്കാൻ കഴിയില്ല എന്ന് മാത്രമല്ല, കുടിയേറ്റ കൊളോണിയൽ ശക്തിയായ ഇസ്രയേലിന്റെ ക്രൂരമായ നുകത്തിൽ നിന്ന് ഫലസ്തീനികൾക്ക് ഒരു രക്ഷയും ആ പിന്മാറ്റങ്ങൾ നൽകില്ല.

ഇസ്രായേൽ ഗവൺമെന്റും യു.എസിലെയും മറ്റിടങ്ങളിലെയും രാഷ്ട്രീയക്കാരും വിദേശനയ വിദഗ്ധരും ഇപ്പോൾ ഈ സംഭവവികാസങ്ങളെല്ലാം പൂർണ്ണമായും സുരക്ഷയെന്ന മാനദണ്ഡത്തിന് ചുറ്റുമാണ് കേദ്രീകരിപ്പിക്കുന്നത്. ശനിയാഴ്ചത്തെ ഓപ്പറേഷൻ നടത്താൻ ഫലസ്തീൻ പോരാളികൾക്ക് വഴിയൊരുക്കിയ ഇന്റലിജൻസ് പരാജയത്തിലും മറ്റ് സാങ്കേതിക സുരക്ഷാ വീഴ്ചകളിലും അവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഗസ്സ മുനമ്പിൽ തുടരുന്ന ക്രൂരമായ ബോംബാക്രമണത്തിലും അവരുടെ ഊന്നലുണ്ടാകും. ഫലസ്തീനികളെ പുറത്താക്കൽ, കൂടുതൽ ഫലസ്തീൻ ഭൂമി ഔദ്യോഗികമായി പിടിച്ചെടുക്കൽ, ഫലസ്തീനെ തുടച്ചുനീക്കൽ എന്നിവയിലായിരിക്കും ഇനിയവരുടെ പരിഗണന. ചുരുക്കത്തിൽ, അവരുടെ പതിവ് ചെയ്തികളിൽ കൂടുതൽ ജാഗ്രതരായി ഇസ്രായേൽ വ്യാപൃതമാകും.

പക്ഷെ, ഫലസ്തീനികൾ മായ്‌ക്കപ്പെടില്ല എന്നതാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. മറിച്ച്, ന്യായമായ ഫലസ്തീൻ പോരാട്ടത്തെ ലോകം കൂടുതൽ മനസ്സിലാക്കുകയും പിന്തുണയ്ക്കുകയുമാണ് ചെയ്യുന്നത്. ഈ മഹാ ശക്തികളെല്ലാം തങ്ങളുടേതായിരിക്കണമെന്ന് നിശ്ചയിച്ച് ഇല്ലാതാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ആ അവസ്ഥയെ ഫലസ്തീനിലെ ജനങ്ങൾ നിരസിച്ചുകൊണ്ടേയിരിക്കും. ലോകമെമ്പാടുമുള്ള ആളുകൾ അവരുടെ പോരാട്ടങ്ങൾ ഫലസ്തീൻ പോരാട്ടത്തിൽ പ്രതിഫലിക്കുന്നത് തുടർന്നും കാണും . ഫലസ്തീൻ ഒരു രാഷ്ട്രീയ കഥയായും ഒരു രാഷ്ട്രീയ ദർശനമായും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെയും അധികാര വ്യവസ്ഥകളുടെയും വെളിപ്പെടുത്തലിനുള്ള തെളിവായും ഒരിക്കലും ഹൃദയത്തിൽ നിന്ന് മായ്‌ക്കപ്പെടാത്ത ഒന്നായി ലോകമെമ്പാടുമുള്ള ആളുകളുടെ മനസ്സുകളിൽ നിലനിൽക്കും.

അല്ലാതെ ഇസ്രായേലിന് അനുകൂലമായ നയതന്ത്ര ബന്ധങ്ങളുടെ നിലവിലെ ബലാബലങ്ങളല്ല കാലത്തിന്റെ അടയാളമായി നിലകൊള്ളാൻ പോകുന്നത്. ഈ കൊളോണിയൽ ലോകക്രമത്തിന്റെ അടിസ്ഥാനപരമായ അക്രമവും അനീതിയും തുറന്നു കാണിക്കുകയും വിമോചനത്തിനും ഒരു ബദൽ സംവിധാനം സൃഷ്ടിക്കുന്നതിനും വേണ്ടി ശഠിക്കുകയും ചെയ്യുന്ന ഫലസ്തീനിയൻ വിപ്ലവവീര്യം, നിലവിൽ ലോകം ഭരിക്കുകയും ഫലസ്തീനെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്യുന്ന എല്ലാ ശക്തരായ രാജ്യങ്ങളെയും മറികടക്കുക തന്നെ ചെയ്യും.

 

അവലംബം: അല്‍ജസീറ

വിവ: ആയിഷ നൗറിൻ

Related Articles