Current Date

Search
Close this search box.
Search
Close this search box.

പാശ്ചാത്യരെ അതിശയിപ്പിക്കുന്ന ഗസ്സക്കാരുടെ സഹനശക്തി

യൂറോപ്പിലെ ഫെഡറേഷൻ ഓഫ് ഇസ്‌ലാമിക് ഓർഗനൈസേഷൻ്റെ തലവനായ അബ്ദുല്ല ബിൻ മൻസൂറിനെ യാത്രക്കിടയിൽ വിമാനത്താവളത്തിൽ ആകസ്മികമായാണ് ഞാൻ കണ്ടുമുട്ടിയത്. വർഷങ്ങൾക്ക് മുമ്പ് എന്റെ ടെലിവിഷൻ പ്രോഗ്രാമായ “വിത്തൗട്ട് ബോർഡേഴ്‌സിൽ” ( ബിലാ ഹുദൂദ്) അദ്ദേഹം എന്റെ അതിഥിയായിരുന്നു. എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം – യൂറോപ്പിലെ ഇസ്ലാമിക പ്രവർത്തനങ്ങളിലെ നിറ സാന്നിധ്യവും നേതൃനിരയിലുള്ള വ്യക്തിത്വവുമാണ് അദ്ദേഹം. എന്നാൽ വർഷങ്ങളായി ഞങ്ങൾ പരസ്പരം കണ്ടിട്ടില്ല.

ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന്റെ ഇസ്രായേലിനോടുള്ള അന്ധമായ പക്ഷപാതം, ഫ്രാൻസിലെ ശക്തമായ സയണിസ്റ്റു മേധാവിത്വം, ഇസ്‌ലാമോഫോബിയ സൃഷ്ടിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് എന്നിവയുടെ വെളിച്ചത്തിൽ ഗസ്സ യുദ്ധം ഫ്രഞ്ച് മുസ്‌ലിംകളിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ഇസ്രായേൽ നേതാക്കൾ രാവും പകലും “ഹമാസ്” എന്ന് പറയുമ്പോഴും ഫ്രാൻസിൽ ഫലസ്തീനുമായി ബന്ധപ്പെട്ട പതാക ഉയർത്തുന്നത് മുതൽ ഹമാസ് പ്രസ്ഥാനത്തിന്റെ പേര് ഉച്ചരിക്കുന്നത് വരെ കുറ്റകരമാക്കുന്ന ഒക്ടോബർ 7 ന് ശേഷം 24 മണിക്കൂറിനുള്ളിൽ പുറപ്പെടുവിച്ച നിയമത്തെ കുറിച്ച് അദ്ദേഹം എന്നോട് പറഞ്ഞു. തുടർന്ന് യുദ്ധം തുടങ്ങി രണ്ടാഴ്ച പിന്നിട്ടപ്പോൾ ഗസ്സയിൽ ഇസ്രായേൽ ചെയ്ത അഭൂതപൂർവമായ കുറ്റകൃത്യങ്ങളുടെ വെളിച്ചത്തിൽ ഫ്രഞ്ച് സമൂഹത്തിലും ചില രാഷ്ട്രീയക്കാരിലും അത് വരുത്തിയ മാറ്റത്തെ കുറിച്ചും സംസാരിച്ചു.

പക്ഷേ, അദ്ദേഹത്തിന്റെ സംഭാഷണത്തിൽ എന്റെ ശ്രദ്ധ ആകർഷിച്ചത്, ഇസ്‌ലാമിനെ ഭയപ്പെടുത്താനും അതിന്റെ പ്രതിച്ഛായ വികൃതമാക്കാനും കഴിഞ്ഞ ദശകങ്ങളിൽ ശതകോടികൾ ചെലവിട്ട് ശക്തമായ പ്രചാരണങ്ങൾ നടത്തിയിട്ടും ഫ്രാൻസിലും പൊതുവെ പടിഞ്ഞാറൻ രാജ്യങ്ങളിലും ഇസ്‌ലാമിനെപ്പറ്റിയുള്ള പോസിറ്റീവ് വീക്ഷണത്തെക്കുറിച്ച അദ്ദേഹത്തിന്റെ സംസാരമാണ്. ഗസ്സയിലെ ജനങ്ങൾ പലതും മായ്‌ച്ചുകളയുകയും ഇസ്‌ലാമിന്റെ ഉജ്ജ്വലമായ ഒരു ചിത്രം കാണിച്ചുതരികയും ചെയ്തു. അവരുടെ ആയിരക്കണക്കിന് വീഡിയോ ക്ലിപ്പുകൾ ലോകമെമ്പാടുമുള്ള നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും പ്രചരിക്കുകയും ചെയ്തു.

അവരുടെ ക്ഷമ, നിശ്ചയദാർഢ്യം, ദൈവ വിധിയിലെ സംതൃപ്തി എന്നിവയെല്ലാം ആ സമൂഹത്തിൻ്റെ ശോഭനമായ ചിത്രം ലോകത്തിനു മുന്നിൽ സമർപ്പിച്ചു. ഇസ്രായേലി തടവുകാരുമായി മാനുഷികവും മാന്യവുമായ ഇടപഴക്കം ലോകത്തെ ആകർഷിച്ചു. ഇത് ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാനും വായിക്കാനും നിരവധി പാശ്ചാത്യരെ പ്രേരിപ്പിച്ചു.തുടർന്ന് ആളുകൾ കൂട്ടത്തോടെ ദൈവിക മതത്തിൽ പ്രവേശിച്ചു തുടങ്ങിയിരിക്കുന്നു.

ഇബ്നു മൻസൂർ പറയുന്നു: “40 വർഷമായി, ഫ്രാൻസിൽ ഇസ്ലാം മതത്തോട് ഇത്രയധികം തല്പര്യം കാണിക്കുന്നവരെ ഞങ്ങൾ കണ്ടിട്ടില്ല. പ്രത്യേകിച്ച് ഫ്രഞ്ച് യുവാക്കളും യുവതികളും ഗസ്സ യുദ്ധത്തിനുശേഷം ഇസ്ലാമിലേക്ക് ആകൃഷ്ടരാവുന്നത് നാം കാണുന്നു. ദൈനം ദിനം ഇസ്ലാമിൻ്റെ വെളിച്ചം സ്വീകരിക്കുന്നവരുടെ എണ്ണം ഔദ്യോഗികമായി 80-ൽ നിന്ന് 400 ആയി ഉയർന്നു. ഓരോ ദിവസവും ചുരുങ്ങിയത്, മുന്നൂറോളം പുതിയ ഫ്രഞ്ചുകാർ ഇസ്ലാമിൽ പ്രവേശിക്കുന്നു.

ബിൻ മൻസൂറിന്റെ വാക്കുകൾ അനുസരിച്ച്, തൂഫാനുൽ അഖ്‌സ പൊട്ടിപ്പുറപ്പെട്ടതിനുശേഷം, രണ്ട് മാസത്തെ യുദ്ധാനന്തരം ഫ്രാൻസിൽ മാത്രം ഇസ്ലാം സ്വീകരിച്ചവരുടെ എണ്ണം ഏകദേശം 20,000 ആണ്. ഇവരിൽ ഭൂരിഭാഗവും യുവാക്കളാണ്. ഡസൻ കണക്കിന് വരുന്ന മറ്റു പാശ്ചാത്യ രാജ്യങ്ങളിലും ഇതേ അനുപാതത്തിൽ ഇസ്ലാമിൻ്റെ സ്വാധീനം വർധിച്ചു കൊണ്ടിരിക്കുന്നു.

ഞാൻ ബിൻ മൻസൂറിനോട് ആരാഞ്ഞു: നിങ്ങൾ അവരോട് എന്തിനാണ് ഇസ്ലാംസ്വീകരിക്കാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചോ? അദ്ദേഹം പറഞ്ഞു, “അതെ.” അവരിൽ ഭൂരിഭാഗവും പറഞ്ഞു, “ഗസ്സയിലെ ജനങ്ങൾക്ക് അവരുടെ സ്വന്തക്കാരും ബന്ധുക്കളും സമ്പത്തും വീടും എല്ലാം നഷ്ടപ്പെട്ടിട്ടും അവരിൽ ഞങ്ങൾ കണ്ട ക്ഷമ, സംതൃപ്തി, ഉറപ്പ്, സുരക്ഷിതത്വം, സമാധാനം എന്നിവക്ക് പിന്നിലെ രഹസ്യത്തെക്കുറിച്ച് ഞങ്ങൾ ചോദിക്കാൻ പ്രേരിതരായി. ഇസ്ലാമിലും ഖുർആനിലും ഞങ്ങൾ അത് കണ്ടെത്തി.

അപ്പോൾ ഞങ്ങൾ പറഞ്ഞു: ‘ജന ഹൃദയത്തിൽ സന്തോഷവും സമാധാനവും ഉളവാക്കുന്ന ഈ മഹത്തായ മതം എന്താണ്?’ നമ്മുടെ ജീവിതത്തിൽ ഇല്ലാത്ത ഈ നിശ്ചയദാർഢ്യവും സുരക്ഷിതത്വവും സമാധാനവും അനുഭവിച്ചു ജീവിക്കുന്നത് എങ്ങനെ? അതിനാൽ ഞങ്ങൾ ഇസ്‌ലാമിനെ കുറിച്ച് വായിച്ചു ഖുർആനിൽ അത് ഉണ്ടെന്ന് ബോധ്യപ്പെടുകയും ഈ മതം സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു.

അവരുടെ പ്രായത്തെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ ഇബ്നു മൻസൂർ പറഞ്ഞു: “അവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരും ചെറുപ്പക്കാരികളുമാണ്. കൂടാതെ പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് ഞങ്ങൾ ഇസ്‌ലാമിൽ പ്രവേശിച്ച സർട്ടിഫിക്കറ്റ് നൽകുന്നില്ല. മാതാപിതാക്കളുടെ സാന്നിധ്യത്തിലും അവരുടെ സമ്മതത്തോടെയുമല്ലാതെ അതിന്ന് നിയമം അനുവദിക്കുന്നുമില്ല. അച്ഛനമ്മമാർ ചിലപ്പോഴൊക്കെ കുട്ടികളുമായി വന്ന് അവരുടെ ഇഷ്ടപ്രകാരം ഒപ്പിട്ട് ”കുട്ടികളെ ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യുന്നത് ‘ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു.

ഞാൻ അവനോട് പറഞ്ഞു: ഒരു മതേതര രാജ്യത്ത് ഇത്തരം സാക്ഷ്യപത്രങ്ങൾ കൊണ്ടു പ്രയോജനമെന്ത്? “അദ്ദേഹം പറഞ്ഞു: “മരണവും അനന്തരാവകാശവും ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും ഇസ്ലാമിന്റെ നിയമ വ്യവസ്ഥകൾ മുസ്ലിമിന് ബാധകമാക്കേണ്ടത് പ്രധാനമാണ്.” ഞാൻ അവനോട് പറഞ്ഞു: നിങ്ങൾ ഇതുവരെ അനുഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വിചിത്രമായ കേസ് ഏതാണ്? അവൻ പറഞ്ഞു: പതിനെട്ടു വയസ്സുള്ള ഒരു പെൺകുട്ടി അവളോട് ഇസ്ലാം മതം സ്വീകരിച്ചതിന്റെ കാരണം ചോദിച്ചു .അവൾ പറഞ്ഞു: “ഞാൻ ഖുർആൻ പരിഭാഷ വായിച്ചു തുടങ്ങി. ഈ ഗ്രന്ഥം അയച്ച ദൈവത്തെക്കുറിച്ച് അറിയാൻ ഞാൻ അത് വായിക്കും. മനുഷ്യഹൃദയങ്ങൾക്ക് പ്രധാനം ചെയ്യുന്ന ശാന്തിയും സമാധാനവും നൽകുന്ന ഗ്രന്ഥമാണത്. പൂർത്തിയാക്കിയില്ല, പക്ഷേ വായന നിർത്തി കരഞ്ഞു. എന്റെ കണ്ണുനീർ ഇതുവരെ മുമ്പൊന്നുവില്ലാത്ത വിധത്തിൽ ഒഴുകി”. ഞാൻ ആത്മഗതം ചെയ്തു: “ഇതാണ് ഞാൻ ആരാധിക്കാൻ ആഗ്രഹിക്കുന്ന മഹാനായ ദൈവം”, അങ്ങനെ ഞാൻ ഇസ്ലാമിൽ പ്രവേശിക്കാൻ തീരുമാനിച്ചു.

മറ്റൊരു പെൺകുട്ടി എന്നോട് പറഞ്ഞു: അഞ്ച് ആൺമക്കളെ നഷ്ടപ്പെട്ട ഒരു ഉമ്മയെ ഞാൻ കണ്ടു. അവർ മുഖത്തടിച്ച് നിലവിളിച്ച് കരയുന്നതിനുപകരം, അവരുടെ ക്ഷമ കണ്ടു. അവർ പറഞ്ഞു: എൻ്റെ മക്കൾ എനിക്കു മുന്നെ സ്വർഗത്തിലേക്കു പോയി. ഞാൻ പറഞ്ഞു: ഇവർ മനുഷ്യരല്ല. എനിക്കും അവരെപ്പോലെ ആകണം. ഇസ്ലാമാണ് അവരെ ഇത്തരത്തിൽ മാറ്റിയതെന്ന് ബോധ്യപ്പെട്ടു. അതിനാൽ ഞാൻ ഈ മതത്തിൽ പ്രവേശിക്കാൻ തീരുമാനിച്ചു. ഫലസ്തീനിനോടും ഗസ്സയോടുമുള്ള ജനസാമാന്യത്തിൻ്റെ സഹതാപമാണ് “ടിക് ടോക്ക്” ആപ്ലിക്കേഷനിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അമേരിക്കയെയും യൂറോപ്യൻ യൂണിയനെയും പ്രേരിപ്പിച്ചത്.

അബ്ദുല്ല ബിൻ മൻസൂർ എന്നോട് പറഞ്ഞത്, ഫ്രാൻസിനെ കുറിച്ചും മറ്റുമുള്ള പരിമിതമായ ഉദാഹരണങ്ങൾ മാത്രമാണ്. എന്നാൽ സമീപകാലത്ത് പാശ്ചാത്യ പത്രങ്ങളിൽ നിന്ന് വിവർത്തനം ചെയ്ത ഡസൻ കണക്കിന് റിപ്പോർട്ടുകൾ ഞാൻ വായിച്ചു. സോഷ്യൽ മീഡിയാ സൈറ്റുകളിൽ പ്രചരിക്കുന്ന നിരവധി വീഡിയോകളും ക്ലിപ്പുകളും കണ്ടു. പ്രത്യേകിച്ച് “ പടിഞ്ഞാറുള്ള കൗമാരക്കാർക്കും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രിയങ്കരമായ ‘ടിക് ടോക്ക്’ ആപ്ലിക്കേഷൻ.

അമേരിക്കയിലും മറ്റും ജനം ഈ മഹത്തായ മതത്തെക്കുറിച്ച് ഗവേഷണം നടത്തുന്നതും അതിൽ ആകൃഷ്ടരാരാവുന്നതും അബ്ദുല്ല മൻസൂർ വെളിപ്പെടുത്തിയ വസ്തുതകളെ സ്ഥിരീകരിക്കുന്നു. അമേരിക്കൻ നിയമനിർമ്മാതാക്കൾ ‘ടിക്ക് ടോക്ക് ‘ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു. ന്യൂയോർക്ക് ടൈംസ് അടക്കമുള്ള പത്രങ്ങളുടെയും മറ്റു മാധ്യമങ്ങളുടെയും റിപ്പോർട്ടുകൾ പ്രകാരം അമേരിക്കയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങൾ ഇസ്ലാം, ഖുർആൻ, പലസ്തീൻ എന്നിവയെക്കുറിച്ചുള്ളവയാണ്.

സെപ്തംബർ 11 ലെ സംഭവങ്ങൾക്ക് ശേഷം ഇത് പോലൊരു അവസ്ഥയുണ്ടായിട്ടില്ല. എന്നാൽ 2001 സെപ്റ്റംബർ 11 നും 2023 ഒക്ടോബർ 7 നും തമ്മിലുള്ള വ്യത്യാസം, ആദ്യത്തേത് ഇസ്‌ലാമിനെ വികലമാക്കാനും മുസ്‌ലിംകളെ കുറ്റവാളികളാക്കാനും ഉപയോഗിച്ചു. രണ്ടാമത്തേത് ലോകത്തെ മുഴുവൻ യഥാർത്ഥ ഇസ്ലാമിനെപ്പറ്റി പഠിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്നതിൽ വിജയിച്ചു. മുസ് ലിംകളെക്കുറിച്ച വികലമായ ചിത്രം സത്യത്തിന് വിരുദ്ധവും ഒരു പാശ്ചാത്യ-സയണിസ്റ്റ് സൃഷ്ടിയുമാണെന്ന് തെളിയിച്ചു.

ക്ഷമയോടെയും സംതൃപ്തിയോടെയും തങ്ങൾ സ്നേഹിക്കുന്നവരോട് വിടപറയുന്ന ഗസ്സയിലെ ക്ഷമാശീലരുടെ ചിത്രങ്ങളോ, ഹമാസ് പോരാളികൾക്ക് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നൽകുന്ന ഇസ്രായേൽ തടവുകാരുടെ ചിത്രങ്ങളോ, അവർക്ക് നന്ദിയും കടപ്പാടും അർപ്പിക്കുന്ന ചിത്രങ്ങളോ കണ്ടാൽ മതി ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ച സത്യം ബോധ്യമാകും. ഇസ്രായേലികൾ യുദ്ധത്തടവുകാരല്ല, ഒരു വിനോദസഞ്ചാര യാത്രയിലായിരുന്നു എന്ന് തോന്നിപ്പോകും. ഒരു പക്ഷേ ഈ ചിത്രങ്ങൾ കാരണമാവാം – തടവുകാരെ മോചിപ്പിക്കുന്ന പ്രവർത്തനങ്ങൾ ദിവസേന ഒരു മാധ്യമ ഉത്സവമായി മാറിയതിന് ശേഷം – യുദ്ധം പുനരാരംഭിക്കാനും ഗസ്സയിൽ കുറ്റകൃത്യങ്ങൾ തുടരാനും ഇസ്രായേലികൾ തീരുമാനിച്ചതും. മുറിവുകളും വേദനകളും വകവയ്ക്കാതെ ലോകം മുഴുവൻ കണ്ട സായാഹ്ന സന്തോഷത്തിൻ്റെ രംഗങ്ങൾ.

ഒക്ടോബർ 7 മുതൽ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് വലിയ മാറ്റങ്ങളാണ്. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ജനങ്ങൾ കടന്ന് പോകുന്ന ഈ തീവ്രമായ വേദനയും വലിയ പരീക്ഷണവും മനുഷ്യൻ്റെ അവബോധത്തെയും ജാഗ്രതയെയും തട്ടിയുണർത്തും. ഇസ്ലാമിനെയും മുസ്‍ലിംകളെയും കുറിച്ചുള്ള അടിസ്ഥാന രഹിതമായ ആശയങ്ങൾ കഴിഞ്ഞ ദശാബ്ദങ്ങളിൽ സ്ഥാപിച്ചെടുക്കുന്നതിൽ സയണിസ്റ്റുകൾ വിജയിച്ചു.എന്നാൽ ഗസ്സക്കാരുടെ ത്യാഗവും സഹനശക്തിയും ഇസ്ലാമിൻ്റെ ശത്രുക്കൾ നിർമ്മിച്ച നിഷേധാത്മകകമായ വീക്ഷണങ്ങളെ മാറ്റിപ്പണിയുക തന്നെ ചെയ്യും.

ദൈവവിധിയിൽ സംതൃപ്തരായ ഗസ്സക്കാരുടെ അന്യായമായി ചിന്തപ്പെടുന്ന രക്തവും അവരുടെ ക്ഷമയും വൃഥാവിലാവുകയില്ല. കാരണം വിശ്വാസിയുടെ രക്തം അല്ലാഹുവിൻ്റെ കണ്ണിൽ അത്രയും മഹത്തരവും വിശുദ്ധവുമാണ്. കിടങ്ങുകാരുടെയും ഫറോവൻ അതിക്രമത്തിന് വിധേയരായവരുടെയും കഥയുടെ ഗുണപാഠമായി ഖുർആൻ പറഞ്ഞ് തരുന്നത് എല്ലാ മർദ്ദനപീഡനങ്ങളും വകവെക്കാതെ അവർ വിശ്വാസത്തിൽ ഉറച്ചു നിന്നു എന്നാണ്.

മരണാനന്തര ജീവിതത്തെക്കുറിച്ച് ഉറപ്പുള്ളവർക്കും ദൈവം രക്തസാക്ഷികളായി തിരഞ്ഞെടുക്കുന്നവർക്കും മരണം ജീവിതത്തിന്റെ അവസാനമല്ല എന്നതിന്റെ തെളിവാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്. മാത്രമല്ല രക്തസാക്ഷികൾ സദാ “ജീവിച്ചിരിക്കുന്നവരും അവരുടെ രക്ഷിതാവിനാൽ വിഭങ്ങൾ നൽകപ്പെടുന്നവരുമാണ്”. അത് ഏറ്റവും അന്തസ്സുറ്റ മരണമാണ്. മരണം അനിവാര്യമായും ഓരോരുത്തരും രുചിക്കുമെന്നത് അല്ലാഹുവിൻ്റെ വിധിയാണ്. മേൽ സൂക്തങ്ങളിലുള്ള വിശ്വാസവും ഉറപ്പും പ്രപഞ്ചത്തെയും ജീവിതത്തെയും കുറിച്ചുള്ള ഒരു വ്യക്തിയുടെ ധാരണയെ മാറ്റിമറിക്കുന്നു.

ഗസ്സയിലും വെസ്റ്റ് ബാങ്കിലുമുള്ള നമ്മുടെ സഹോദരങ്ങൾക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത് നമ്മെ വേദനിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പടിഞ്ഞാറൻ രാജ്യങ്ങളിൽ ഇസ്‌ലാമിനെക്കുറിച്ച് ഗൗരവത്തിൽ വായിക്കുന്നവരിൽ കാണുന്ന പരിവർത്തനം നമ്മെ അത്യധികം സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു. പ്രപഞ്ച സ്രഷ്ടാവ് ആസൂത്രണം ചെയ്ത പ്രപഞ്ചത്തിലെ ഒരു മാറ്റത്തിന്റെ തുടക്കമായിരിക്കാം, അതിനായി അവൻ ഗസ്സയിലെ രക്തസാക്ഷികളെ പ്രത്യേകം തെരഞ്ഞെടുത്തതുമായിരിക്കാം.

ആഗോളതലത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഒറ്റ രാത്രികൊണ്ട് സംഭവിക്കുന്നതല്ല. സയണിസ്റ്റുകളുടെ ബോധപൂർവമായ പ്രാേപഗണ്ഡയും മാധ്യമ-രാഷ്ട്രീയ-സാമ്പത്തിക ആധിപത്യവും അവഗണിച്ച് ആയിരക്കണക്കിന് ചെറുപ്പക്കാരും ചെറുപ്പക്കാരികളും പാശ്ചാത്യ രാജ്യങ്ങളിൽ ദൈവിക മതമായ ഇസ്‌ലാമിലേക്ക് കടന്നുവരുന്നു. “ഞാനും എന്റെ ദൂതന്മാരും ജയിക്കുമെന്ന് ദൈവം വിധിച്ചിരിക്കുന്നു” എന്ന ദൈവിക വാഗ്ദാനം സത്യമായി പുലരുക തന്നെ ചെയ്യും. എപ്പോൾ എന്നത് അല്ലാഹുവിൻ്റെ തീരുമാനവുമായി ബന്ധപ്പെട്ടതാണ്.

 

വിവ: എം.ബി.അബ്ദുർ റഷീദ് അന്തമാൻ

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles