Current Date

Search
Close this search box.
Search
Close this search box.

ക്രിയാത്മകതയുടെ ഇടങ്ങളാവുന്ന ഫലസ്തീനീ അഭയാർഥി ക്യാമ്പുകൾ

വീടിനെ കുറിച്ചുള്ള ഗസ്സയുടെ സങ്കൽപ്പമെന്താണ്?

“ഉദാഹരണത്തിന്, ‘ഇസ്രായേൽ ഒരു വീട് ആക്രമിച്ചു’ എന്ന് പറയുന്നിടത്തെ വീട് എന്താണ്? അമേരിക്കയിലും ഇംഗ്ലണ്ടിലുമുള്ള വീടാണോ; രണ്ടാളുകളും ഒരു ജോടി ഇണകളും ഒരു കുട്ടിയും ഒരു നായയും ചേർന്ന വീട്? അല്ല, ഗസ്സയിലെ വീടുകൾ തലമുറകളെ ഉൾക്കൊള്ളുന്നവയാണ്.” – റിഫാത് അൽ അരീർ, 13 ഒക്ടോബർ 2023.

സമർഥരും അതുല്യരുമായ മറ്റു പലരെയും പോലെ റിഫാതും യാത്ര പറയാതെയാണ് നമ്മെ വിട്ടു പിരിഞ്ഞു പോയത്. പ്രിയപ്പെട്ടവരെ അവസാന നോക്ക് കാണാൻ പോലും അനുവദിക്കാതെയാണ് ഗസ്സക്കെതിരിലുള്ള ഇസ്രായേലിൻ്റെ വംശഹത്യ യുദ്ധം തുടരുന്നത്. എന്നാൽ ഗസ്സ നിവാസികളിൽ 80 ശതമാനം പേർക്കും ലഭിക്കുന്ന ഒരു യാത്രയയപ്പുണ്ട്. ഒരു നിർബന്ധിത യാത്രയയപ്പ്. അത് സ്വന്തം വീടുകളിൽ നിന്നുള്ള യാത്രയയപ്പാണ്.

ഇതാദ്യമായല്ല ഫലസ്തീനികൾ സ്വന്തം വീടുകളോട് യാത്ര പറയുന്നത്. ഇസ്രായേലി അധിനിവേശം തുടരുകയും സ്വയം നിർണയത്തിനും തിരിച്ചു പോക്കിനുമുള്ള ഫലസ്തീനി അഭയാർഥികളുടെ അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്ന കാലത്തോളം ഇത് അവസാനത്തേതുമായിരിക്കില്ല.

റിഫാത് പറഞ്ഞു വെക്കുന്ന ഫലസ്തീനി ‘വീട്’ എന്താണെന്നറിയാമോ?

1948 ലും പിന്നീട് 1967 ലും സ്വന്തം നാടുകളിൽ നിന്നും നിർബന്ധിത പലായനം ചെയ്യേണ്ടി വന്ന ഫലസ്തീനി അഭയാർഥികൾക്ക് അവരുടെ ദുഷ്‌കര ടെൻ്റുകൾക്ക് പകരം ലഭിച്ച 12 ചതുരശ്ര മീറ്റർ മാത്രം വീതിയുള്ള ഓരോ മുറികളാണ് അവിടത്തെ വീടുകൾ. മുൻകൂട്ടി തയാറാക്കിയ സാമഗ്രികൾ കൊണ്ട് നിർമിക്കുന്ന ഇത്തരം വീടുകളുടെ മേൽകൂര സിങ്ക് കൊണ്ടുള്ളതാണ്.

സമീപ കിഴക്കിലുള്ള ഫലസ്തീനി അഭയാർഥി ക്യാമ്പുകളിലെ ഓരോ കുടുംബത്തിനും 100 ചതുരശ്ര മീറ്റർ ഭൂമിയും ഇത്തരമൊരു ഒറ്റ മുറി വീടുമാണ് നൽകിയിട്ടുള്ളത്. ഒരു ഇടമെന്ന നിലക്കും ആളുകൾ എന്ന നിലക്കും ഈ ക്യാമ്പുകൾ സ്വയം വളർന്നു വികസിക്കണമത്രെ. അതും രാഷ്ട്രീയമായി താത്കാലികമെന്ന് കരുതപ്പെടുന്നതും അതിർത്തി നിർണയിക്കപ്പെട്ടതുമായ ഒരു തുണ്ട് ഭൂമിക്കകത്ത്. ഒന്ന് കൂടെ കൃത്യമായി പറഞ്ഞാൽ ഫലസ്തീനി അഭയാർഥി ക്യാമ്പിലെ പാർപ്പിടങ്ങളെ കുറിച്ചാണ് റിഫാത് പറയുന്നത്.

രാഷ്ട്രീയമായി ഉപേക്ഷിക്കപ്പെട്ടവർ

ഗസ്സക്ക് പുറമെ വെസ്റ്റ് ബാങ്കിലും ജോർദാനിലും സിറിയയിലും ലെബനാനിലുമായി കെട്ടി ഉയർത്തിയിട്ടുള്ള 58 ഔദ്യോഗിക ഫലസ്തീനി അഭയാർഥി ക്യാമ്പുകളിൽ 1.5 മില്യൺ ജനങ്ങൾ ജീവിക്കുന്നുണ്ട്. ഗസ്സയുടെ കാര്യം മാത്രം എടുക്കുകയാണെങ്കിൽ,  2.1 മില്യൺ വരുന്ന ആകെ ജനസംഖ്യയുടെ 80 ശതമാനവും അഭയാർഥികളാണ്. അതിൽ പകുതിയും  അഭയാർത്ഥി ക്യാമ്പുകളിൽ താമസിക്കുന്നവരുമാണ്. 

ഫലസ്തീനി ക്യാമ്പുകളുടെയും അഭയാർഥികളുടെയും ഉന്നമനത്തിന് വേണ്ടി 1949 ൽ ഐക്യ രാഷ്ട്ര സഭ രൂപം നൽകിയ സംഘടനയാണ് ‘യുനൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്സ് ഏജൻസി ഫോർ ഫലസ്തീനിയൻ റഫ്യൂജീസ്’ (UNRWA). ക്യാമ്പുകളിൽ അഭയാർഥികൾ താമസിക്കുന്ന കാലത്തോളം നിലനിൽക്കേണ്ട ഒരു താത്കാലിക സംഘടനയാണ് ഇത്. എന്നാൽ, ലോകത്തിലെ മറ്റെല്ലാ അഭയാർഥികളുടെയും കാര്യങ്ങളിൽ ഇടപെടാൻ വേണ്ടിയുള്ള സമാന സംഘടനയായ ‘യു.എൻ ഹൈകമ്മീഷണർ ഫോർ റഫ്യൂജീസ്’ അനുഭവിക്കുന്ന അഭയാർഥികളെ സ്വദേശത്തേക്ക് മടങ്ങാൻ സാഹചര്യമൊരുക്കുക എന്ന രാഷ്ട്രീയ കർതൃത്വം യു.എൻ.ആർ.ഡബ്ല്യു.എ ക്ക് നിഷേധിക്കപ്പെടുന്നു. 

ഈ രാഷ്ട്രീയ പക്ഷപാതിത്വം വർധിക്കുകയാണ് ചെയ്തത്. ‘മടങ്ങാനുള്ള അവകാശം’ എന്ന രാഷ്ട്രീയ അനിവാര്യതയെ തുടക്കത്തിൽ  അംഗീകരിച്ച യു.എൻ ജനറൽ അസംബ്ലിയുടെ പിന്നീടുള്ള പ്രമേയങ്ങളിൽ അതിന് തക്കതായ പരിഗണന നൽകാത്തത് ഇതിനുദാഹരണമാണ്.  

1948 ഡിസംബറിൽ അംഗീകരിക്കപ്പെട്ട 194 ാം പ്രമേയത്തിലെ (III) രണ്ടാം ആർട്ടിക്കിളിൻ്റെ മൂലവാക്യം ഇങ്ങനെയായിരുന്നു: “സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോയി അയൽവാസികൾക്കൊപ്പം സമാധാന ജീവിതം ആഗ്രഹിക്കുന്ന അഭയാർഥികൾക്ക് വേണ്ട അനുമതി നൽകുന്നതിൽ കാലതാമസം സംഭവിക്കുന്നില്ല എന്ന കാര്യം ജനറൽ അസംബ്ലി ഉറപ്പ് വരുത്തുന്നതാണ് (Resolve). മടങ്ങിപ്പോവുന്നില്ല എന്ന് തീരുമാനിച്ചവരുടെയും നഷ്ടം സംഭവിച്ചവരുടെയും സ്വത്ത് വകകൾക്ക് പകരം തത്തുല്യമോ അല്ലെങ്കിൽ അന്താരാഷ്ട്ര നിയമപ്രകാരമുള്ളതോ ആയ നഷ്ടപരിഹാരം നൽകാൻ ഗവൺമെൻ്റ് അല്ലെങ്കിൽ ഉത്തരവാദപ്പെട്ട അധികാരികൾ ബാദ്ധ്യസ്ഥരുമാണ്”.

ഒരു വശത്ത് ഫലസ്തീനി സ്വത്ത് വകകൾക്ക് ‘നഷ്ടവും’ ‘കേട്‍പാടും’ സംഭവിക്കുന്നത് അംഗീകരിക്കുകയും മറുവശത്ത് സമാധാനപരമായ സഹവർത്തിത്വത്തിന് തടസ്സം നിൽക്കുന്നവരാണ് ഫലസ്തീനികൾ എന്ന് ചിത്രീകരിക്കുകയും ചെയ്യുന്ന അപകടകരവും പരസ്പരവിരുദ്ധവുമായ പദപ്രയോഗമാണ് ഈ ആർട്ടിക്കിളിനുള്ളത്. അതിനും പുറമെ ഈ ആർട്ടികിളിലെ നിർവഹണപരമായ പദങ്ങൾ (operative words) നാടകീയമായി മാറി മറിയുന്നതാണ് പിന്നീട് കാണാൻ കഴിയുന്നത്.

ഐക്യ രാഷ്ട്ര സഭയുടെ പ്രമേയങ്ങളിലെ നിർവഹണപരമായ ഖണ്ഡികകൾ (operative paragraphs) ഒരു ക്രിയ രൂപം കൊണ്ടാണ് തുടങ്ങുക. അംഗ രാഷ്ട്രങ്ങളുടെ അംഗീകാരത്തോടെ ഐക്യ രാഷ്ട്ര സഭ  ചെയ്യാൻ ഉദ്ദേശിക്കുന്ന കർമത്തിലേക്കുള്ള സൂചന കൂടിയായിരിക്കും ഈ ക്രിയ രൂപം. പ്രശ്ന പരിഹാരം കാണും എന്ന അർഥത്തിലുള്ള ‘റിസോൾവ് ‘ (Resolve) എന്ന ക്രിയ ആയിരുന്നു “മടങ്ങാനുള്ള അവകാശത്തിന്” വേണ്ടി ആരംഭത്തിൽ ഉൾപ്പെടുത്തിയിരുന്നത്. പിന്നീട് ഈ ക്രിയക്ക് പകരം ‘അംഗീകരിക്കുന്നു’ (Recognise) എന്ന ക്രിയ കൊണ്ടു വന്നു. പിന്നീട് അതും മാറ്റി ‘പരിഗണിക്കുന്നതാണ്’ (Consider) എന്ന ക്രിയ കൊണ്ടുവരുകയും അവസാനം ‘പിന്തുണക്കുന്നു’ (Endorse) എന്നാക്കി മാറ്റുകയും ചെയ്തു. ഫലസ്തീനികളുടെ പുനരധിവാസ ഉത്തരവാദിത്തത്തിൽ നിന്നും അന്താരാഷ്ട്ര സമൂഹത്തെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളായിരുന്നു വാക്ക് കൊണ്ടുള്ള ഈ കളികൾ.

ഫലസ്തീനി അഭയാർഥികൾ രാഷ്ട്രീയമായി ഉപേക്ഷിക്കപ്പെട്ട് “പാറകളിൽ കൊത്ത് പണി” ചെയ്യാൻ അയക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുതയാണ് ഇവയൊക്കെയും സൂചിപ്പിക്കുന്നത്. അസാധ്യമായവ ചെയ്യാൻ തുനിയുന്നതിനെ കുറിക്കുന്ന ഒരു അറബി പഴഞ്ചൊല്ല് ആണ് “പാറകളിൽ കൊത്ത് പണി” എന്നത്. ഒരു അഭയാർത്ഥി ക്യാമ്പ് ലീഡർ പറഞ്ഞത് പോലെ അവർ അക്ഷരാർഥത്തിൽ  കൊത്ത് പണി നടത്തുകയാണ്. പാറകൾക്ക് പകരം സിമൻ്റിലാണ് കൊത്ത് പണി എന്ന വിത്യാസം മാത്രം.

‘സുരക്ഷ ഭീഷണി’

ചരിത്രപരമായി നോക്കുകയാണെങ്കിൽ ഒരു നിശ്ചിത കാര്യത്തിന് വേണ്ടി രൂപം നൽകപ്പെട്ടവയാണ് അഭയാർഥി ക്യാമ്പുകൾ. തടങ്കൽ പാളയത്തെ ഓർമിപ്പിക്കുന്ന ക്യാമ്പ് നിർമിച്ചു കൊണ്ട് ഒരു സമൂഹത്തിൻ്റെ അകത്തുള്ള ഐക്യദാർഢ്യത്തെ തടസ്സപ്പെടുത്തുക എന്നത് ഒരു ഉദ്ദേശ്യമായിരിക്കാം. ദരിദ്ര ഗ്രാമീണ മേഖലകളുടെ വികസനവും പുഷ്ടിപ്പെടുത്തലും; പുറന്തള്ളാൻ വേണ്ടിയുള്ള ഒരുമിപ്പിക്കൽ; പുനരധിവാസത്തിലൂടെയും സാമ്പത്തിക ഉദ്ഗ്രഥനത്തിലൂടെയുമുള്ള പ്രതിസന്ധി പരിഹാരം എന്നിവയൊക്കെയും ഉദ്ദേശ്യമായിരിക്കാവുന്നതാണ്.

എന്നിരിക്കിലും, ഇവിടെ സൂചിപ്പിച്ച ഓരോ ഉദാഹരണത്തിലെയും ക്യാമ്പ് നിവാസികൾ അവർക്ക് ലഭിക്കുന്ന സാധനങ്ങളും സൗകര്യങ്ങളും എന്താണോ അത് ഉപയോഗിച്ച് കൊണ്ട് അവരുടെ തന്നെ കർതൃത്വത്തിൽ പരമാധികാര ഗവൺമെൻ്റുകളുടെ ക്രൂര ലക്ഷ്യങ്ങളോട്  പ്രതിരോധം തീർക്കുകയാണ്. ഫലസ്തീനികളുടെ കാര്യത്തിൽ ഇടവും (Space) ഇടം ഉണ്ടാക്കലും (Space- making) ആണത്. തങ്ങളുടെ കാര്യത്തിലെ കാലവിളംബം അപരിഹാര്യമാണെന്ന് ഫലസ്തീനികൾ നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. ജീവിതം എത്രത്തോളം അഭയാർഥി ക്യാമ്പുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് ആ സ്ഥലത്തെ സ്വയം നിർണയാവകാശം നേടിയെടുക്കാനുള്ള സായുധ പോരാട്ടത്തിൻ്റെ ഭൂമിയാക്കി മാറ്റിയവരാണ് ഫലസ്തീനികൾ. 

മടങ്ങിപ്പോവാനും സ്വയം നിർണയവകാശത്തിനുമുള്ള ഫലസ്തീനികളുടെ അഭിലാഷത്തെ അന്താരാഷ്ട്ര സമൂഹം അവഗണിച്ചതിനാൽ  അവർ ക്യാമ്പുകളിലും പാർപ്പിടങ്ങളിലും പുതിയ വഴികൾ അന്വേഷിച്ചു. നിയന്ത്രിതവും അടച്ചു പൂട്ടിയതുമായ ആ ഇടത്തിൻ്റെ പരിമിതികളിൽ നിന്ന് കൊണ്ട് ജീവിതോപാധികൾ തേടി അവർ കഠിനാധ്വാനം ചെയ്തു. 

ഫലസ്തീനി സ്വത്വത്തിൻ്റെ ഐക്യത്തിനും പ്രതിരോധത്തിനും പുറമെ ഈ ക്യാമ്പുകൾ സാമ്പത്തിക വളർച്ചയും ഭൂമിശാസ്ത്രപരമായ ഉദ്ഗ്രഥനവും പരിപോഷിപ്പിക്കുന്നുണ്ട്. അങ്ങനെയാണ് ആതിഥേയ ഗവൺമെൻ്റുകൾക്ക് ഈ ക്യാമ്പുകൾ ഒരു ‘സുരക്ഷ ഭീഷണി’ ആയി മാറുന്നത്. യഥാർഥത്തിൽ ആതിഥേയ ഗവൺമെൻ്റുകളും അന്താരാഷ്ട്ര സമൂഹവും വളർച്ചയെ നിയന്ത്രിക്കാനും രാഷ്ട്രീയ പ്രതിസന്ധി ലഘൂകരിക്കാനുമുള്ള ഒരു ഉപാധിയായാണ് ക്യാമ്പുകളെ കാണുന്നത്.

അത് കൊണ്ട് തന്നെ, നിയന്ത്രിത ജീവിതോപാധികൾ മാത്രം ലഭ്യമാവുന്ന കള്ളികളായി തിരിച്ച രൂപരേഖയിലായിരിക്കണം (layout) ക്യാമ്പുകൾ എന്ന നിഷ്‌കർഷയോടെ  ഐക്യ രഷ്ട്രസഭയും ആതിഥേയ ഗവൺമെൻ്റുകളും അംഗീകരിച്ചിട്ടുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ ക്യാമ്പുകൾ ബാധ്യസ്ഥരാണ്. ക്യാമ്പ് ഇടങ്ങളിൽ എളുപ്പത്തിൽ പോലീസിംഗ് നടത്താൻ ആതിഥേയ ഗവൺമെൻ്റുകളെ സഹായിക്കുന്ന ഈ രൂപത്തിലുള്ള ക്യാമ്പുകളിൽ ചെറിയ ഐക്യദാർഢ്യ സംഗമങ്ങൾ അടക്കമുള്ള എല്ലാ രാഷ്ട്രീയ പ്രവർത്തികളെയും അടിച്ചമർത്താനും ഗവൺമെൻ്റിന് എളുപ്പം സാധിക്കുന്നതാണ്.

ഇവിടെ മിഷേൽ ഫുക്കോ പ്രസക്തമാണ്: “കൃത്യമായ അതിർത്തികൾ വരച്ച ഭൂപ്രദേശങ്ങളിലാണ് പരമാധികാര ശക്തിയോടുള്ള അനുസരണയുടെ കാര്യത്തിൽ മികച്ച പോലീസിംഗ് സാധ്യമാവുക”. ഗസ്സയിൽ നടക്കുന്ന വംശഹത്യ യുദ്ധം ഗസ്സയിലെ അഭയാർഥി ക്യാമ്പുകളോടുള്ള യുദ്ധം കൂടിയാണ്. ഗസ്സയിലെ ആകെ ജനസംഖ്യയുടെ പകുതിയും താമസിക്കുന്നത് ക്യാമ്പുകളിലാണ്. മറ്റ് ധാരാളം പേർ പുറം ക്യാമ്പുകളിലുമാണ്. 

തങ്ങളുടെ സ്വയം നിർണയവകാശം ഉപേക്ഷിക്കാൻ വിസമ്മതിച്ചു കൊണ്ട് ഹിംസാത്മക ആക്രമണങ്ങളെ സജീവമായി പ്രതിരോധിച്ച ചരിത്രം കൂടിയാണ് ക്യാമ്പുകൾക്കുള്ളത്. ഭൂമിശാസ്ത്രപരമായ പരിമിത അതിർ വരമ്പിനുള്ളിൽ 75 വർഷമായി സഹിച്ചു കഴിയുമ്പോഴും ‘മാൻഹാട്ടനെ’ മറികടക്കാൻ പാകത്തിലുള്ള ജനസാന്ദ്രതയാൽ ക്യാമ്പ് ഇടങ്ങളെ നിർമിക്കുകയായിരുന്നു ഫലസ്തീനികൾ.

അങ്ങനെയാണ് അഭയാർഥികൾ പ്രതിരോധത്തിൻ്റെ ക്രിയാത്മക ഇടങ്ങളായി ക്യാമ്പുകളെ പുനർനിർമിച്ചത്. യുദ്ധ സമയത്ത് ദുഷ്‌കരമാവുന്ന കരമാർഗമുള്ള സഞ്ചാരത്തിന് പകരമായി ടണലുകളും ഉയർന്ന നടപ്പാതകളും നിർമിച്ചു കൊണ്ട് അവർ പ്രതിരോധ സംവിധാനങ്ങൾ പടുത്തുയർത്തി. ഫലസ്തീനികൾ നിർമിച്ച ‘ഭൂമിയിലേക്ക്’ ആക്രമണത്തിന് പോവുന്ന സൈനികർക്ക് പരിശീലനം നൽകാൻ ക്യാമ്പുകളുടെയും അറബി പട്ടണങ്ങളുടെയും മാതൃകാരൂപം ഉണ്ടാക്കേണ്ട നിർബന്ധ സാഹചര്യത്തിൽ ഇത് ഇസ്രായേലിനെ കൊണ്ടെത്തിച്ചിരിക്കുന്നു.  

ജീവിതവും മരണവും ഒരുമിക്കുന്ന ഇടം

ഫലസ്തീനികൾക്ക് അധിനിവേശവും ഹിംസാത്മകമായ അടിച്ചമർത്തലും പ്രതിരോധിക്കാനുള്ള ഇടവും സ്ഥലവുമാണ് അഭയാർഥി ക്യാമ്പുകൾ. ലെബനാനിലെ ഫലസ്തീനി അഭയാർഥികൾ രാജ്യത്തെ പ്രൊഫഷണൽ ജോലികളിൽ നിന്നും പുറന്തളളപ്പെടുന്നതിനെ പ്രതിരോധിക്കാൻ ക്യാമ്പുകളിൽ ആശ്രയം കണ്ടെത്തുന്നു. സാമൂഹികവും സാമ്പത്തികവുമായ അരികുവൽകരണത്തിൻ്റെ പ്രതിരോധമാണ് ജോർദാനിലും സിറിയയിലും അഭയാർഥി ക്യാമ്പുകൾ. അധിനിവിഷ്ട ഫലസ്തീൻ ഭൂപ്രദേശങ്ങളിലെ അഭയാർഥി ക്യാമ്പുകൾ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയും നിയന്ത്രണത്തിന് എതിരെയുമുള്ള പ്രതിരോധമാണ്. 

ഫലസ്തീനി ക്യാമ്പുകളുടെ സാന്ദ്രതയും കർതൃത്വവും വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ അവരുടെ മേലുള്ള നിയന്ത്രണം തിരിച്ചു പിടിക്കാൻ പല തരത്തിലുള്ള നടപടികൾ അന്വേഷിക്കുകയാണ് ആതിഥേയ ഗവൺമെൻ്റുകൾ. ഫലസ്തീനി ക്യാമ്പുകൾ ഭൂമിശാസ്ത്രപരമായി പുന:ക്രമീകരിക്കുന്ന ജോർദാൻ ഒരു ഉദാഹരണമാണ്. ക്യാമ്പുകൾക്ക് ഇടയിലുള്ള തെരുവിൻ്റെ വിസ്തീർണ്ണം കൂട്ടാൻ തീരുമാനിച്ച ജോർദാൻ്റെ ലക്ഷ്യം ക്യാമ്പുകളെ പരസ്പരം വേർപെടുത്തുക എന്നതാണ്. 

ക്യാമ്പിന് ചുറ്റും കോൺക്രീറ്റ് മതിലുകളും ഇരുമ്പ് ഗേറ്റുകളും കെട്ടി സഞ്ചാരം തടസപ്പെടുത്തുന്ന രീതിയിൽ, ഒരു തടങ്കൽ പാളയത്തിന് സമാനമായ നിയന്ത്രണമാണ് ലെബനാനിലും അധിനിവിഷ്ട പ്രദേശങ്ങളിലും ആവിഷ്കരിച്ചത്. ചില സന്ദർഭങ്ങളിൽ ക്യാമ്പ് പൂർണമായും തകർക്കുക പോലുമുണ്ടായി. തെൽ സാതർ, ജിസ്ർ എൽ ബാഷ, നഹ്ർ എൽ ബരെദ്, ജെനിൻ തുടങ്ങിയ ക്യാമ്പുകളും ഇന്നത്തെ ഗസ്സയിലെ എല്ലാ ക്യാമ്പുകളും ഇപ്രകാരം തകർക്കപ്പെട്ടവയാണ്.

അപ്പോൾ, എന്താണ് ഫലസ്തീനി ക്യാമ്പിലെ ഒരു വീട്? അതൊരു അഭയമാണ്; കഷ്ടതയുടെ ഇടമാണ്; ജീവിതോപാധിയാണ്; സന്തോഷ സന്താപങ്ങളുടെ ഇടമാണ്; ഓർമകളുടെയും അഭിലാഷങ്ങളുടെയും ഇടമാണ്; ധാരാളം നിമിഷങ്ങളും സംഭാഷണങ്ങളും; കൂട്ടായ പോരാട്ടങ്ങളുടെയും പ്രതിരോധത്തിൻ്റെയും ഇടം; ഇടമില്ലാത്ത അയൽവാസിക്ക് തലചായ്ക്കാനിടം കൊടുക്കുന്ന ഇടം; ജീവിതത്തിൻ്റെയും മരണത്തിൻ്റെയും ഇടം. എല്ലാറ്റിലുമുപരിയായി, മടങ്ങിപ്പോവുക എന്ന അവകാശവും നീതിയും സാധ്യമാവുന്നത് വരെ ജീവിക്കാനുള്ള ഒരു ഇടമാണ് ഫലസ്തീനി ക്യാമ്പിലെ ഒരു വീട്.

പ്രമുഖ ബ്രീട്ടീഷ്-ഫലസ്തീനി സർജനും മാനുഷികവാദിയുമായ ഗസ്സാൻ അബു സിത്ത പറയുന്നു: “ആധുനിക ഫലസ്തീനി സ്വത്വ രൂപീകരണത്തിൽ അഭയാർഥി ആവുക എന്ന അപമാന സംഗതിയുടെ പങ്ക് ഈ യുദ്ധത്തിൽ നിന്നും വളരെ അത്ഭുതത്തോടെ ഞാൻ തിരിച്ചറിഞ്ഞ ഒരു കാര്യമാണ്. മരണത്തേക്കാൾ നീചമായ ഫലസ്തീനികളുടെ വിധി.

“അത് കൊണ്ടാണ് ജബലിയ ക്യാമ്പ് ഇപ്പോഴും നിറഞ്ഞു കവിയുന്നത്”.

വിവ: ഇർശാദ് പേരാമ്പ്ര

Related Articles