Current Date

Search
Close this search box.
Search
Close this search box.

ജമീല അശ്ശൻത്വി, ഫലസ്തീനിയൻ പ്രതിരോധത്തിന്റെ സ്ത്രീ മുഖം

ഗസ്സയിൽ നടന്നു കൊണ്ടിരിക്കുന്ന ഇസ്രായേൽ ഉപരോധത്തിനിടെ ഒക്ടോബർ 19 വ്യാഴാഴ്ചയാണ് ജമീല അബ്ദുല്ല ത്വാഹാ അശ്ശൻത്വി തൻറെ 68 ാം വയസ്സിൽ  രക്തസാക്ഷിയാകുന്നത്. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ഇസ്രായേൽ സേന പ്രത്യേകം ലക്ഷ്യമിട്ട ഹമാസ് നേതാക്കളിൽ അശ്ശൻത്വിയും ഉണ്ടായിരുന്നു എന്നാണ് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആരായിരുന്നു ആ അറുപത്തിയെട്ടുകാരി എന്നും എന്തായിരുന്നു അവരുടെ പ്രസക്തി എന്നും മരണശേഷം ലോകം മുഴുവൻ ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്.

1957 ൽ ഗസ്സയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിലാണ് അശ്ശൻത്വിയുടെ ജനനം. ഈജിപ്തിലെ ഐൻ ഷംസ് സർവ്വകലാശാലയിലാണ് അവർ ഉന്നത വിദ്യാഭ്യാസം നേടിയത്. വിദ്യാഭ്യാസ ജീവിതത്തിനിടെ മുസ്ലിം ബ്രദർഹുഡിന്റെ പ്രവർത്തനങ്ങളിൽ അനുരക്തയായി. 1980 ൽ ഇംഗ്ലീഷ് ഭാഷയിൽ ഡോക്ടറേറ്റ് നേടിയ ശേഷം അശ്ശൻത്വി ഗസ്സയിൽ തിരിച്ചു ചെല്ലുകയും ഹമാസുമായി സഹകരിച്ചു പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്തു. ഗസ്സ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ അധ്യാപികയായും അവർ സേവനമനുഷ്ഠിച്ചിരുന്നു. ദീർഘകാലം ഹമാസിന്റെ സംഘടന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ തന്നെ അശ്ശൻത്വിയുണ്ടായിരുന്നു. പിന്നീട് ഹമാസിന്റെ വനിതാ വിഭാഗത്തിനു രൂപം നൽകിയതും അവർ തന്നെയാണ്.

ഫലസ്തീൻ വിമോചന ചരിത്രത്തിലെ അവിസ്മരണീയമായ നേതാവും ഹമാസിന്റെ സ്ഥാപക നേതാക്കളിലൊരാളുമായ അബ്ദുൽ അസീസ് റൻതീസിയെയാണ് ജമീല അശ്ശൻത്വി വിവാഹം കഴിച്ചത്. 2004 ലെ ഇസ്രായേൽ ആക്രമണത്തിൽ റൻതീസി കൊല്ലപ്പെട്ട ശേഷവും ജമീല സജീവമായി ഹമാസിന്റെ കർമ്മ രംഗത്ത് തന്നെനിലകൊണ്ടു.

ഫലസ്തീൻ ലെജിസ്ലേറ്റീവ് കൗൺസിലിലെ അംഗമായി ദീർഘകാലം പ്രവർത്തിച്ച ശേഷം ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറൊയിലും അശ്ശൻത്വി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഹമാസിന്റെ ഉന്നത തീരുമാന സമിതിയിലെ ആദ്യ വനിതാ സാന്നിധ്യമായിരുന്നു അവർ.

2006 നവംബർ 3ന് ഗസ്സ മുനമ്പിലെ ബൈത് ഹനൂൻ പട്ടണത്തിലെ ഒരു പള്ളിയിൽ ഇസ്രായേൽ അധിനിവേശ സൈന്യം ഏർപ്പെടുത്തിയ ഉപരോധം വിജയകരമായി തകർത്ത് 1500 സ്ത്രീകൾ അണിനിരന്ന വനിതാ മാർച്ചിന് നേതൃത്വം നൽകിയപ്പോഴാണ് ജമീല അശ്ശൻത്വി ലോക ശ്രദ്ധയിലേക്ക് വരുന്നത്. മൂന്ന് ദിവസത്തിന് ശേഷം, അവരുടെ വീട് ഇസ്രായേൽ വിമാനങ്ങൾ ബോംബെറിഞ്ഞു തകർത്തു. അവരുടെ സഹോദര ഭാര്യ നഹ്‌ല അശ്ശൻത്വിയും മറ്റ് രണ്ട് ഫലസ്തീനികളും ആ ആക്രമണത്തിൽ കൊല്ലപ്പെടുകയുണ്ടായി. 2013 ൽ, അക്കാലത്ത് ഗസ്സ മുനമ്പ് ഭരിച്ചിരുന്ന ഹമാസ് സർക്കാരിന്റെ വനിത മന്ത്രിയായി ജമീല അശ്ശൻത്വി നിയമിതയായി.

2021ൽ, ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ, ഫലസ്തീനിയൻ ചാനലായ അൽ-അഖ്സ ടിവിയോട് അവർ പ്രതികരിച്ചതിങ്ങനെയാണ്. “ഹമാസ് നേതൃത്വത്തിലെ സ്ത്രീകളുടെ സാന്നിധ്യം പ്രസ്ഥാനത്തിന്റെ ഭാവിക്ക് വിലപ്പെട്ട ഒരു സംഭാവനയാണെന്ന് ഞങ്ങൾ തെളിയിക്കും. ഫലസ്തീനിലെ ഒരു സ്ത്രീ പ്രസ്ഥാനമെന്ന നിലയിൽ, ഞങ്ങൾ ഹമാസ് രാഷ്ട്രീയ ബ്യൂറോയിൽ ഇത് വരെ ഔദ്യോഗിക പദവികൾ വഹിച്ചിട്ടില്ല. പക്ഷെ മുമ്പും ഞങ്ങൾ സംഘടനയിലും അതിന്റെ തീരുമാനമെടുക്കൽ പ്രക്രിയകളിലും സജീവമായി പങ്കെടുത്തിട്ടുണ്ട്. ഫലസ്തീനിയൻ സ്ത്രീകൾക്ക് രാഷ്ട്രീയ രംഗത്ത് കൃത്യമായ ഐഡന്റിറ്റിയും കരുത്തുമുണ്ട്. ”

ഗസ്സയിലെ അഭയാർത്ഥി ക്യാമ്പിൽ ജനിച്ച്, ഫലസ്തീൻ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിച്ച്, ആ മണ്ണിൽ തന്നെ രക്തസാക്ഷിയായിരിക്കുകയാണ് ജമീല അശ്ശൻത്വി. അവരുടെ വിദ്യാത്ഥിത്വവും കുടുംബ ജീവിതവും കരിയറുമെല്ലാം ഫലസ്തീൻ വിമോചനത്തിന് വേണ്ടി പോരാടിക്കൊണ്ടായിരുന്നു. മുസ്ലിം സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തത്തിന്റെ ധീരമായൊരു അദ്ധ്യായം എഴുതി ചേർത്താണ് അശ്ശൻത്വി വിട വാങ്ങിയിരിക്കുന്നത്. ഇസ്ലാമിന്റെ രാഷ്ട്രീയ വർത്തമാനം കൂടുതൽ സ്ത്രീനാമങ്ങളാൽ സമ്പന്നമാവാൻ ജമീല അശ്ശൻത്വി ഒരു പ്രചോദനമാവട്ടെ.

 

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/KcaSUOBtFi97cUjnUYXVVV

Related Articles