Current Date

Search
Close this search box.
Search
Close this search box.

സുൽത്താൻ അബ്ദുൽ ഹമീദും ഹെർസലും; ഖുദ്സിനായുള്ള കുതന്ത്രങ്ങളും മറുതന്ത്രങ്ങളും

ജൂത ജനവിഭാഗത്തിന് ഒരു പ്രത്യേക രാഷ്ട്ര നിർമ്മാണമെന്ന ലക്ഷ്യത്തോടെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് സയണിസം എന്ന പ്രസ്ഥാനം പൂർണ്ണ രൂപം പ്രാപിക്കുന്നത്. ഭരണാധികാരികളുടെ ക്രൂര മർദ്ദനത്തിൽ മനം മടുത്ത കിഴക്കൻ, മധ്യ യൂറോപ്പിലെ ജൂതൻമാർക്കിടെയിലാണ് ആദ്യമായി ഈ ചിന്ത സജീവമായത്. വംശീയതയും വിദ്വേഷവും പരിധി വിട്ടതോടെ അവർ പരിപൂർണ്ണ മോചനം ആഗ്രഹിച്ചു. സ്വിറ്റ്സർലാൻഡിൽ പ്രഥമ ജൂത കോൺഫറൻസ് സംഘടിപ്പിച്ച ആസ്ട്രിയൻ മാധ്യമപ്രവർത്തകൻ തിയോഡർ ഹെർസലാണ് ഈ മൂവ്മെന്റിന് നേതൃത്വം നൽകിയത്. സ്വന്തം മതത്തിലെ പണച്ചാക്കുകളെ പെട്ടന്ന് തന്നെ സ്വാധീനിച്ച ഹെർസൽ, അർജന്റീന, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളോട് ചിലർക്ക് താത്പര്യമുണ്ടായിട്ട് കൂടി പുതിയ രാഷ്ട്രം ഫലസ്തീനിൽ തന്നെ വേണമെന്ന് വാശിപിടിച്ചുക്കുകയായിരുന്നു. ഫണ്ട് സ്വരൂപണത്തിനും, രാഷ്ട്ര നിർമ്മാണ ആലോചനകൾ സാക്ഷാത്കരിക്കാനുമായി ജൂയിഷ് ഏജൻസി എന്ന സംഘടനക്കും രൂപം നൽകി.

ഹെർസലും സുൽത്താൻ അബ്ദുൽ ഹമീദും

ലക്ഷ്യ പൂർത്തീകരണത്തിനായി ലോക രാഷ്ട്രങ്ങളുമായി അഭേദ്യ ബന്ധം സ്ഥാപിച്ച് തുടങ്ങിയ സയണിസം, യൂറോപ്പിലെ വൻകിട രാജ്യങ്ങളുമായി കൈകോർത്തു. അബ്ദുൽ ഹമീദ് സുൽത്താനുമായി ഏറെ അടുത്ത ബന്ധം സൂക്ഷിച്ച ജർമ്മൻ ഭരണാധികാരി വില്യം രണ്ടാമൻ ഇതിൽ പ്രധാനിയായിരുന്നു. പ്രദേശത്തെ ബ്രിട്ടൻ, ഫ്രഞ്ച് അധിനിവേശം അവസാനിപ്പിക്കാനും, ജർമ്മൻ അധുനികവത്കരണത്തിന്റെ ഭാഗമായി ബെർലിൻ-ബഗ്ദാദ് റെയിൽവേ പദ്ധതി സാക്ഷാത്കരിക്കുന്നത് മുഖേന സൈനിക ശാക്തീകരണത്തിനായി അഹോരാത്രം പരിശ്രമിച്ച് കൊണ്ടിരുന്ന വ്യക്തിയാണ് സർ വില്യം രണ്ടാമൻ. തന്റെ സൗഹൃദ വലയുമുപയോഗിച്ച് ജർമ്മൻ ചക്രവർത്തിയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പടുത്തിയ ഹെർസൽ, ഒന്നാം ജുത കോൺഫറൻസിന് ശേഷം അദ്ദേഹവുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുകയും ജർമ്മനിയുടെ സംരക്ഷണത്തിന് കീഴിൽ ഒരു കമ്പനി തുടങ്ങാനുള്ള അനുമതിക്കായി ചക്രവർത്തിക്ക് മുന്നിൽ ഉപാധിയും വെച്ചു.

സാർ ചക്രവർത്തിയും അബ്ദുൽ ഹമീദും നടത്തിയ അടുത്ത കൂടിക്കാഴ്ചയിൽ ഹെർസലിന്റെയും കൂട്ടാളികളുടേയും പദ്ധതികൾ അബ്ദുൽ ഹമീദിന് മുമ്പിൽ അവതരിപ്പിച്ചു. തീർത്തും നിരാശാജനകമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഉസ്മാനി നേതൃത്വത്തിന്റെ പരമാധികാരം അംഗീകരിക്കുന്ന കാലത്തോളം ഫലസ്തീനിൽ കാർഷിക പ്രവർത്തനങ്ങൾ നടത്താനുള്ള യഹൂദികളുടെ പദ്ധതികൾക്ക് തന്റെ പൂർണ്ണ പിന്തുണ അറിയിച്ച ചക്രവർത്തി, ഹെർസലിന്റെ സ്വപ്നങ്ങൾക്ക് പുതിയ മാനങ്ങൾ നൽകി. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, റഷ്യ, ഓസ്ട്രിയ-ഹംഗറി തുടങ്ങിയ രാജ്യങ്ങൾക്കിടെയിലുള്ള ആഗോള പോരിനിടെ കൊളോണിയൽ അധികാരികൾക്ക് മുന്നിൽ ഒട്ടോമൻ സാമ്രാജ്യത്തിന്റെ സമാധാനവും, സുരക്ഷയും ഉറപ്പുവരുത്തുകയായിരുന്നു ജർമ്മനിയുടെ പ്രധാന ലക്ഷ്യം. പ്രസ്തുക കാരണത്താൽ തന്നെ, സുൽത്താൻ അബ്ദുൽ ഹമീദിന്റെ തിരസ്കരണം വില്യം രണ്ടാമൻ ശിരസ്സാവഹിക്കുകയും സയണിസ്റ്റ് പ്രസ്ഥാന നേതാക്കളോട് ഇത് പൂർണ്ണമായി അനുസരിക്കാൻ ആവിശ്യപ്പെടുകയും ചെയ്തു. ജർമ്മനിയുടെ ഭരണ നയതന്ത്രം തങ്ങളുടെ സ്വപ്നത്തിന് വിലങ്ങുതടിയാണെന്ന് മനസ്സിലാക്കിയ ഹെർസൽ എന്ത് വിലകൊടുത്തും സുൽത്താനുമായി നേരിട്ടുള്ള കൂടിക്കാഴ്ചക്ക് ശ്രമിച്ച് കൊണ്ടേയിരുന്നു. സാമ്പത്തിക മാന്ദ്യം നേരിടുന്ന ഉസ്മാനികൾക്ക് പ്രലോഭിപ്പിക്കുന്ന ധന സഹായം വാഗ്ദാനം ചെയ്യുകയാണ് ഹെർസൽ കണ്ട ഏറ്റവും ഉചിതമായ മാർഗം.

1896-1902 വരെ അഞ്ച് പ്രാവിശ്യം ഇസ്താംബൂൾ സന്ദർശിച്ച ഹെർസൽ ഒടുവിൽ സുൽത്താന്റെ അടുത്ത സുഹൃത്തായ ഓസ്ട്രിയൻ പൗരൻ ജോലൻസ്കി മുഖേന കൂടിക്കാഴ്ചക്കുള്ള അവസരം നേടിയെടുത്തു.

ഹെർസലിന്റെ ആവിശ്യങ്ങൾ തള്ളപ്പെടുന്നു

1878ൽ ബ്രിട്ടൻ അധീനപ്പെടുത്തിയ സൈപ്രസ് ഉസ്മാനികൾക്ക് തിരിച്ച് കൊടുക്കുമെന്നും അത് വഴി കിഴക്കൻ അനാറ്റോളയിൽ ഉസ്മാനി മുന്നണിക്ക് ഭീഷണി സൃഷ്ടിക്കുന്ന അർമേനിയൻ ശക്തികളെ തുരത്താമെന്നും ഹെർസൽ സുൽത്താന് വാക്ക് കൊടുത്തു. ആദ്യം വിസമ്മതിച്ച സുൽത്താൻ, പിന്നിട് ഹെർസലിന്റെ തുടർ സമ്മർദ്ദങ്ങൾക്കൊടുവിൽ സമ്മതിച്ചു. 1901 മേയ് പതിനെട്ടിന് സുൽത്താനുമായി നടന്ന കൂടിക്കാഴ്ച ഹെർസൽ തന്റെ ഓർമ്മക്കുറിപ്പിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു: ഈ രാജ്യം എന്റെ സ്വകാര്യ സ്വത്തല്ല എന്നതിനാൽ ഈ ഭൂമിയുടെ ഒരിഞ്ച് പോലും വിട്ട് തരാൻ എനിക്കവകാശമില്ല. മുൻകാല പ്രപിതാക്കൾ ചോര ചിന്തി നേടിയെടുത്തതാണീ ഭൂമി, വേണ്ടി വന്നാൽ സ്വന്തം രക്തം കൊണ്ടുമിത് സംരക്ഷിക്കാൻ ഞങ്ങൾ ഒരുക്കമാണ്. സുൽത്താന്റെ ദൃഢനിശ്ചയത്തിന് മുന്നിൽ പ്രതീക്ഷയുടെ വാതിൽ അടഞ്ഞെങ്കിലും ഹെർസൽ തന്റെ ശ്രമങ്ങൾ ഉപേക്ഷിച്ചിരുന്നില്ല. ഫലസ്തീൻ കൈക്കലാക്കാൻ സുൽത്താൻ സമ്മതിക്കുമെന്ന പ്രതീക്ഷയോടെ അത്യാകർഷണീയമായ വാഗ്ദാനങ്ങളുമായി വീണ്ടും രാജാവിനെ സമീപിച്ച് കൊണ്ടേയിരുന്നു. ഒടുവിൽ 1.5 പൗണ്ട് മില്യൺ സാമ്പത്തിക സഹായം നൽകാമെന്നേറ്റ് സുൽത്താനെ സമീപിച്ചു. ഫലസ്തീൻ വിശുദ്ധ യാത്രക്കായി താങ്കളുടെ അനുമതി കാത്തിരിക്കുകയാണ് ജൂതരെന്നും സ്നേഹ സമ്മാനമായി അഞ്ച് മില്യൺ ഗോൾഡൻ ലിറ സ്വീകരിക്കണമെന്നും ഹെർസൽ അഭ്യർഥിച്ചു. സ്വിറ്റ്സർലൻഡിലെ ബേസലിൽ അരങ്ങേറിയ പ്രഥമ സയണിസ്റ്റ് സമ്മേളന ശേഷം ഹെർസൽ പോലുള്ള മത, സാമൂഹ്യ നേതാക്കളെ യൂറോപ്പിലെ ചാരൻമാർ വഴി കൃത്യമായി നിരീക്ഷിച്ചിരുന്ന സുൽത്താന് അവരുടെ പദ്ധതികളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു.

ചതി മനസ്സിലാക്കിയ സുൽത്താൻ രണ്ടാം സന്ദർശനത്തിൽ തന്നെ ഹെർസലിനെയും കൂട്ടാളികളേയും തള്ളിപ്പറഞ്ഞു. ഹെർസലിന്റെ കൂടിക്കാഴ്ചകളുടെ ഓർമ്മക്കുറിപ്പ് തന്റെ രേഖകളിൽ സുൽത്താൻ കുറിച്ച് വെച്ചതായി കാണാം: കിഴക്കിനേക്കാൾ കൂടുതൽ ശക്തരാണ് യൂറോപ്പിലെ ജൂതർ. അതിശീഘ്രം വളർന്ന് കൊണ്ടിരിക്കുന്ന വംശീയതയിൽ നിന്ന് മുക്തി നേടാനാണ് അവർ യൂറോപ്പിൽ നിന്ന് മോചിതരാകാൻ ആഗ്രഹിക്കുന്നതിന്റെ പ്രഥമ കാരണം. തദവസരത്തിൽ ഫലസ്തീനിൽ നിലയുറപ്പിക്കാൻ ശ്രമിക്കുന്ന ജൂതരുടെ മോഹം നാം കണ്ടറിയേണ്ടിയിരിക്കുന്നു. ഫലസ്തീനിൽ കൃഷിമാർഗം കടന്നുകൂടാൻ ശ്രമിക്കുന്ന ഹെർസലിന്റെ ആശയങ്ങളിലെ അപകടം ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു.

ഖുദ്സും അബ്ദുൽ ഹമീദ് രണ്ടാമനും

ജൂതൻമാരുടെ ഫലസ്തീൻ കുടിയേറ്റ തീരുമാനം വളരെ പെട്ടന്ന് തന്നെ സയണിസ്റ്റ് കോൺഗ്രസ്സിൽ പാസ്സാകുകയും തുടർ നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. സർ അലക്സാണ്ടർ രണ്ടാമനെ വധിച്ചതിൽ ജൂതൻമാർക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടതോടെ റഷ്യയിലെ ജൂതൻമാർ നിസ്സഹായരായി ആട്ടിയോടിക്കപ്പെട്ടു. വളരെ ചെറിയ ശതമാനമാണ് പലായനം ചെയ്തതെങ്കിലും അവരെ ഫലസ്തീനിലേക്ക് കുടിയേറാൻ അനുമതി നൽകാതിരിക്കാൻ ഉസ്മാനികൾ അതീവ ശ്രദ്ധാക്കുകലളായിരുന്നു. നിശ്ചയിക്കപ്പെട്ടതിൽ കൂടുതൽ ദിവസങ്ങൾ ഖുദ്സിൽ തങ്ങി ജൂതൻമാർ ഈ ഉത്തരവ് കാറ്റിൽപറത്തി. ഇതിൽ രോഷംകൊണ്ട സുൽത്താൻ ജൂതർക്ക് കൂടുതൽ വിലക്കേർപ്പെടുത്തി. ഒട്ടോമൻ പാസ്പോർട്ട് കൈവശമുണ്ടെങ്കിൽ മാത്രമേ ഫലസ്തീനിൽ പ്രവേശിക്കാൻ അനുമതിയുള്ളെന്നും മുപ്പത് ദിവസക്കാലയളവിന് ശേഷം തിരിച്ച് പോകണമെന്നും 1884ൽ സുൽത്താൻ ഉത്തരവിറക്കി.

1890ലും അടുത്ത വർഷവും മൂന്ന് ഉത്തരവുകൾ നിലവിൽ വന്നു. ഭാവിയിൽ ജെറുസലേമിലെ ജനസാന്ദ്രതയിൽ മുന്നിട്ട് നിൽക്കുമെന്ന് മുൻകൂട്ടി കണ്ട് ജൂത അഭയാർഥികളെ അമേരിക്കയിലേക്ക് നാടുകടത്താനായിരുന്നു ഇതിൽ ആദ്യത്തേത്. ഫലസ്തീനിൽ വീട് വെക്കരുതെന്നായിരുന്നു രണ്ടാമത്തെ ഉത്തരവ്. ഫലസ്തീൻ ജനവിഭാഗത്തിന്റെ താത്പര്യങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ ജൂത രാഷ്ട്രം സ്ഥാപിക്കാനുള്ള നിയമതടസ്സം കൂടി നിലവിൽ വന്നു.

കഴിയും വിധം ഫലസ്തീനികളെ സഹായിക്കാനുള്ള എല്ലാ സാധ്യതകളും സുൽത്താൻ അബ്ദുൽ ഹമീദ് ശ്രമിച്ചിരുന്നു. ഉസ്മാനി സ്കൂളുകളിലും സർവ്വകാശാലകളിലും, വിശിഷ്യ ഇസ്താംബൂൾ സർവ്വകലാശാലയിൽ ജറുസലേം വിദ്യാർഥികൾക്ക് പ്രവേശനം നേടിക്കൊടുക്കൊടുത്തു.
സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമന്റെ നേട്ടങ്ങൾ വിശദമായി പറയുന്ന ജറുസലേം ചരിത്രകാരൻ ആരിഫ് വിശദീകരിക്കുന്നുണ്ട്. 87 കിലോമീറ്റർ നീളമുള്ള ജറുസലേം-ജഫ റെയിൽവേയാണ് ഇതിൽ പ്രധാനം. 1885ൽ ഖുദ്സിലെ ടൈൽസ് മുഴുവൻ മാറ്റിയ അദ്ദേഹം പകരമായി പുതിയവ നിർമ്മിക്കുകയും ചെയ്തു.

1891ൽ സുൽത്താൻ അബ്ദുൽ ഹമീദ് നിർമ്മിച്ച മുൻസിപ്പൾ ഹോസ്പിറ്റലും ഇതിൽ പ്രധാനമാണ്. 1909ൽ ക്ലോക്ക് ടവർ, ജറുസലേം എഞ്ചിനീയർമാർ കൂടി നിർമ്മിച്ച ടെലഫോൺ നെറ്റ് വർക്കും ഇതിൽ പെട്ടതാണ്. നഗരത്തിലെ ജലക്ഷാമം പരിഹരിക്കാനായി ‘സുൽത്താൻ പൂൾ’ നിർമ്മിച്ച് നൽകി. പഴയയതിന് പകരം പുതിയ വഴികൾ ഉണ്ടാക്കി കൊടുക്കുകയും 1917ൽ ഇംഗ്ലീഷ് പട നശിപ്പിച്ച ഖുദ്സിന്റെ ഖലീൽ വാതായനം പുനസ്ഥാപിച്ച് നൽകിയുമൊക്കെ അബ്ദുൽ ഹമീദ് ഫലസ്തീനികളോട് കൂറ് പ്രകടിപ്പിച്ചു.

ജനസംഖ്യാ പെരുപ്പം കാരണം പട്ടണത്തിന് കിഴക്ക് ഭാഗത്തായി പന്ത്രണ്ട് കിലോമീറ്ററോളം നീളത്തിൽ അർത്താസ് പട്ടണത്തിൽ ജലസേചന പദ്ധതി അടക്കം നിരവധി മികച്ച പ്രവർത്തനങ്ങൾ സുൽത്താൻ അബ്ദുൽ ഹമീദ് കാഴ്ചവെച്ചിരുന്നു. 1925ൽ ഈ ജലസംഭരണിയെ ബ്രിട്ടിഷ് സൈന്യം ദിശമാറ്റികളഞ്ഞു. നഗരത്തിൽ മതകേന്ദ്രങ്ങൾ നിർമ്മിക്കാൻ അതീവ തത്പരനായിരുന്ന സുൽത്താൻ അബ്ദുൽ ഹമീദ്; അൽ അഖ്സ, അൽ സഖ് ർ തുടങ്ങിയ മസ്ജിദുകൾ പുനർനിർമ്മാണം നടത്തി മോടിപിടിപ്പിച്ചു. വിദ്യഭ്യാസ പ്രവർത്തനങ്ങൾക്ക് തുല്യ പ്രാധാന്യം നൽകിയ അദ്ദേഹം 1906ൽ തന്റെ കീഴുദ്യോഗസ്ഥരോട് റാഷിദിയ പാഠശാല നിർമ്മിക്കാൻ ഉത്തരവിട്ടു.

1876-1909വരെ നീണ്ടു നിന്ന സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമന്റെ ഭരണകാലയളവിൽ ഫലസ്തീൻ വിഷയത്തിൽ പ്രധാനമായും രണ്ട് നിലപാടുകൾ സ്വീകരിച്ചിരുന്നതായി കാണാം. ഒന്ന്, സാമ്പത്തിക മാന്ദ്യം അനുഭവിക്കുമ്പോഴും സ്വത്ത് നൽകി ഫലസ്തീൻ കൈകലാക്കാൻ ശ്രമിച്ച സയണിസത്തിന്റെ കുതന്ത്രം തിരിച്ചറിയുകയും അവരുടെ ആവിശ്യങ്ങൾ പൂർണ്ണമായും നിരാകരിക്കുകയും ചെയ്തു. ഖുദ്സിൽ വൈജ്ഞാനിക കേന്ദ്രങ്ങൾ നിർമ്മിച്ച് നഗര പുനരുദ്ധാരണം സാധ്യമാക്കിയതാണ് ഇതിൽ രണ്ടാമത്തേത്. ഒരു കാലത്ത് സാംസ്കാരിക പ്രൗഢിയുടെ നേർചിത്രമായി നിലനിന്ന ഇസ്താംബൂൾ യൂനിവേഴ്സിറ്റി ഇതിനുദാഹരണം മാത്രം.

 

വിവ- ആമിർ ഷെഫിൻ

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles