Current Date

Search
Close this search box.
Search
Close this search box.

ഗസ്സ ചുമക്കുന്ന പുതുലോകം

ഗസ്സ തകർന്നടിഞ്ഞു കഴിഞ്ഞു ഏതാണ്ട് പകുതിയും. പാർപ്പിട കേന്ദ്രങ്ങൾ പൂർണമായും ഇല്ലാതായി.  ആളില്ലാത്ത ഒഴിഞ്ഞ വീടുകൾ, വലിയ ടവറുകളും ഓഫീസ് സമുച്ചയങ്ങളും ഒന്നൊഴിയാതെ അധിനിവേശ സേന തകർത്തു തരിപ്പണമാക്കി. കുറച്ചധികം  രക്തസാക്ഷികളുടെ ജഡങ്ങളെങ്കിലും ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. ഓരോ ദിവസവും ശരാശരി 200 പേരെ പുതിയ നാസി സൈന്യം കൊന്നു തള്ളുന്നു. ഇങ്ങിനെയൊക്കെയാണെങ്കിലും ഗസ്സ ഒരത്ഭുതമായി നിലകൊള്ളുകയാണ്. ജീവിതത്തിൻ്റെയും മരണത്തിൻ്റെയും എല്ലാ മാനദണ്ഡങ്ങളെയും ഗസ്സാവികൾ മാറ്റിമറിച്ചിരിക്കുന്നു.

ഗസ്സയുടെ ഭൂമിക്കിന്ന് രക്തസാക്ഷികളുടെ സുഗന്ധമാണ്. അങ്ങനെയൊരു ഗന്ധമുള്ള ലോകത്തെ ഏക ഭൂപ്രദേശം. ശക്തിയുടെയും ബലാബലത്തിൻ്റെയും ഒരു ഗണിതത്തിനും വഴങ്ങാതെ ഗസ്സയും ഗസ്സയുടെ പ്രിയപ്പെട്ട പോരാളികളും ലോകത്തെ മുഴുവൻ വിസ്മയിപ്പിക്കുന്നുണ്ട്. അമേരിക്കയുടെ അതിനൂതന അയേൺ ഡോമിനെ മറികടന്ന് ടെൽ അവീവിൽ വരെ ആയിരക്കണക്കിന് മിസൈലുകൾ പതിപ്പിക്കാൻ അവർക്ക് കഴിയുന്നതെങ്ങിനെയെന്നാണ് ലോകം ആശ്ചര്യം കൊള്ളുന്നത്. അത്യാധുനികമായ മെർക്കാവാ ടാങ്കിനെ കയ്യകലത്തിൽ തകർത്തു കത്തിച്ചു കളയാൻ മാത്രമുള്ള ശക്തിയുടെ രഹസ്യം ഗവേഷണ വിഷയമാവുകയാണ്. പ്ലാനിംഗിൻ്റെയും സ്ട്രാറ്റജിയുടെയും മറുപേരായി അൽ അഖ്സ ഓപ്പറേഷൻ മാറിക്കഴിഞ്ഞു. വിശ്വാസത്തിൻ്റെയും സ്വാതന്ത്ര്യബോധത്തിൻ്റെയും ശക്തിയാണതെന്ന് ലോകത്തിന് മനസ്സിലാകുമോ?

ടെലിവിഷൻ ശ്രദ്ധിച്ചാൽ അവർ കൂസലേതുമില്ലാതെ വിവരിക്കുന്നത് കാണാം, ഇവിടെയാണെൻ്റെ ഉമ്മ രക്തസാക്ഷിയായ തെന്ന്. ഈ വാതിലിലൂടെയാണ് എൻ്റെ ഉപ്പയുടെയും പെങ്ങളുടെയും മുകളിലേക്ക് അമേരിക്കൻ മിസൈലുകൾ വന്നു വീണതെന്ന്. ഇവിടെയായിരുന്നു ലോകത്തെ ഏറ്റവും മികച്ച സൈനിക ബറ്റാലിയനായ ഗൂലാനി ബ്രിഗേഡ് തോറ്റോടിയതെന്ന്. ഇവിടെ വെച്ചായിരുന്നു അൽ ഖസ്സാമിൻ്റെ പ്രിയപ്പെട്ട പോരാളികളിലൊരാൾ ഏകനായി പ്രത്യക്ഷപ്പെട്ട് സയണിസ്റ്റ് സൈനികരെ കീഴ്പ്പെടുത്തിയതെന്ന്. ഇവിടെ വെച്ചായിരുന്നു അൽ ഖുദ്സ് ബ്രിഗേഡിലെ ധീരനായ പോരാളി സയണിസ്റ്റ് സൈന്യത്തിൻ്റെ ഡ്രോൺ കീഴ്പ്പെടുത്തിയതെന്ന്. 

ധീരതയുടെയും രക്തത്തിൻ്റെയും സാക്ഷ്യങ്ങളാൽ സമ്പന്നമാണിന്ന് ഗസ്സയും അവിടുത്തെ മനുഷ്യരും. കിളവ രാജവംശങ്ങളുടെ പെട്രോ ഡോളറിനാൽ വിലക്ക് വാങ്ങാൻ കഴിയുന്നതല്ല അവരുടെ തത്വവും തന്ത്രങ്ങളും. അമേരിക്കൻ ഡോളറും യൂറോയും ബ്രിട്ടീഷ് പൗണ്ടും അതിന് വിലയാകില്ല.  ലോകത്തെവിടെയുള്ളതിനേക്കാളും  ഭൂമിക്ക് വിലയുള്ള നഗരമായി ഗസ്സ മാറിയിട്ടുണ്ട്. നൂയോർക്കിനേക്കാളും പാരീസിനെക്കാളും ലണ്ടൻ നഗരത്തേക്കാളും മൂല്യമുള്ള ദേശമാണിന്ന് ഗസ്സ. ലോകത്തെമ്പാടുമുള്ള സ്വാതന്ത്ര്യ ദാഹികൾക്ക് ചുംബിക്കാവുന്ന മണ്ണായത് മാറിക്കഴിഞ്ഞു. യുദ്ധശേഷം ഹമാസുണ്ടാകില്ലന്ന് വീരസ്യം പറയുന്ന യാങ്കി -സയണിസ്റ്റ് തമ്പുരാക്കൾക്കോ അവർക്ക് കൂട്ടിക്കൊടുപ്പ് നടത്തുന്ന മുസ്‍ലിം നാമധാരികൾക്കോ ഇത് മനസ്സിലാകില്ല. 

സംഭവലോകത്തെ മുഴുവൻ അക്കങ്ങളെയും ഗസ്സ മായ്ച്ചുകളഞ്ഞിരിക്കുന്നു. ഗസ്സ പുതിയ അക്കങ്ങൾ തീർക്കും. പുതിയ ആകാശവും ഭൂമിയും രൂപപ്പെടുത്തും. ഒരു നവലോക ക്രമത്തെ തീർച്ചയായും അത് ഗർഭം ധരിച്ചിരിക്കുന്നു. അതതിൻ്റെ അവസാന മടിത്തട്ടിലാണ്. ഒരു നൂറ്റാണ്ടുകാലമായി സാമ്രാജ്യത്വവും സയണിസവും അറബ് സയണിസ്റ്റുകളും ഏകാധിപതികളും സഖ്യ കക്ഷികൾ ഒന്ന് ചേർന്ന് അമർച്ച ചെയ്ത ജനാധിപത്യത്തിൻ്റെയും പൗരസ്വാതന്ത്ര്യത്തിൻ്റെയും കാറ്റും വെളിച്ചവും അറബ് ഇസ്‍ലാമിക ലോകത്ത് അടിച്ചു വീശും. ലോകത്തെമ്പാടുമുള്ള സത്യസന്ധരായ സ്വാതന്ത്ര്യ ദാഹികളും ജനാധിപത്യ വാദികളും അതിന് കലവറയില്ലാത്ത പിന്തുണയേകും.

Related Articles