Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനിലെ കുഞ്ഞുങ്ങളെ കുറിച്ച് ഓര്‍ക്കാറുണ്ടോ നിങ്ങള്‍ ?

ഇസ്രായേലി വ്യോമാക്രമണം ഇടിമുഴക്കിയപ്പോള്‍ എട്ട് വയസ്സുകാരി പ്രെറ്റി അബൂ ഗസ്സ ഞെട്ടിപ്പോയി. അവളുടെ അഞ്ച് വയസ്സുള്ള ഇരട്ട സഹോദരങ്ങള്‍ അമ്മ എസ്രയുടെ കൈകളിലേക്ക് ഓടി. പ്രെറ്റിയുടെ രണ്ട് വയസ്സുള്ള ഇളയ സഹോദരന്‍ ഉറക്കെ കരയാന്‍ തുടങ്ങി. അവരുടെ സമീപ പ്രദേശമായ സെന്‍ട്രല്‍ ഗസ്സ മുനമ്പിലെ ദേര്‍ എല്‍ ബാലയിലെ കനത്ത ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എസ്ര തന്റെ കുട്ടികളെ അവളുടെ ഭര്‍തൃ ഗൃഹത്തിലേക്ക് കൊണ്ടുവന്നു. എന്നാല്‍ പെട്ടെന്നുള്ള ആക്രമണത്തിന്റെ മാനസിക പ്രത്യാഘാതങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അത്ര പെട്ടെന്നൊന്നും കഴിയില്ല. ‘ഭയത്താല്‍ മുഖം വിളറി പേടിച്ചു വിറക്കുന്ന കുഞ്ഞുങ്ങളുടെ കാഴ്ച്ച വളരെ വേദനാജനകമാണ്. പരിഭ്രാന്തിയും ഭയവും കാരണം ഇന്ന് പ്രെറ്റി പലതവണ ഛര്‍ദ്ദിച്ചു’ – 30 വയസ്സുള്ള അമ്മ പറഞ്ഞു.

ഗസ്സയില്‍ കുടുങ്ങിക്കിടക്കുന്ന 2.3 ദശലക്ഷം ആളുകളില്‍ പകുതിയോളം വരുന്ന കുട്ടികള്‍ വര്‍ഷങ്ങളായുള്ള ഉപരോധവും അക്രമവും കാരണം മാനസികവും വൈകാരികവുമായ പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ‘സേവ് ദി ചില്‍ഡ്രന്‍’ എന്ന സംഘടന 2022 ല്‍ നടത്തിയ ഒരു പഠനമനുസരിച്ച് ഇസ്രയേല്‍ നിയന്ത്രിത പ്രദേശത്തെ അഞ്ചില്‍ നാലു കുട്ടികളും വിഷാദവും സങ്കടവും ഭയവും അനുഭവിക്കുന്നു. ഒക്ടോബര്‍ 7ന് ഫലസ്തീന്‍ ഗ്രൂപ്പായ ഹമാസിന്റെ സായുധ വിഭാഗത്തിന്റെ ആക്രമണത്തെത്തുടര്‍ന്ന് ഗാസയില്‍ ഇസ്രായേല്‍ ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 2,382 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 9,714 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തില്‍ 1400-ലധികം പേര്‍ കൊല്ലപ്പെട്ടു. വര്‍ഷങ്ങളായി തങ്ങള്‍ നേരിട്ട ആക്രമണങ്ങളില്‍ ഏറ്റവും തീവ്രമായ ഈ സംഘര്‍ഷത്തില്‍ തങ്ങളുടെ കുഞ്ഞുങ്ങളെ ജീവനോടെയും മാനസികാരോഗ്യത്തോടെയും നിലനിര്‍ത്താന്‍ ഗസ്സയിലെ മാതാപിതാക്കള്‍ പാടുപെടുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഇസ്രായേല്‍ ഗസ്സയിലെ വൈദ്യുതി വിച്ഛേദിച്ചതിന് ശേഷം ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ഇന്ധനം ലഭിക്കാത്ത സാഹചര്യത്തില്‍ പ്രദേശവാസികള്‍ ഇരുട്ടിലാണ് കഴിയുന്നത്. യുട്യൂബ്, വാട്ട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ ആശ്വാസ ഗ്രൂപ്പുകളിലൂടെ കുട്ടികളെ ആശ്വസിപ്പിക്കാനുള്ള ഉപദേശം തേടാന്‍ പല മാതാപിതാക്കളും അവര്‍ക്ക് ലഭിക്കുന്ന പരിമിതമായ ഇന്റര്‍നെറ്റാണ് ഉപയോഗിക്കുന്നത്.

വ്യോമാക്രമണങ്ങളോടുള്ള മക്കളുടെ പ്രതികരണങ്ങള്‍ എസ്ര വളരെ ഉത്കണ്ഠയോടെ നിരീക്ഷിക്കുന്നു. ഛര്‍ദ്ദിക്ക് പുറമേ കുഞ്ഞുങ്ങള്‍ അറിയാതെ മൂത്രമൊഴിക്കുന്നതും ബുദ്ധിമുട്ടാണ്. ഈ ലക്ഷണം അടുത്തിടെയുള്ളതാണെന്നും അത് കുഞ്ഞുങ്ങള്‍ വളരെയധികം ഭയപ്പെടുന്നതിനെയാണ് സൂചിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. ‘സേവ് ദി ചില്‍ഡ്രന്‍’ ഗസ്സയിലെ കുട്ടികളെ പരിചരിക്കുന്നവരില്‍ നിന്നും 2022ല്‍ എടുത്ത കണക്കനുസരിച്ചുള്ള റിപ്പോര്‍ട്ടില്‍, 2018ല്‍ 53% കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിച്ചിരുന്നെങ്കില്‍ ഇപ്പോളത് 79 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. അവസാന ഇസ്രായേല്‍-ഹമാസ് യുദ്ധം 2021 ലായിരുന്നു. സംസാരിക്കാനും ആശയവിനിമയത്തിനും ഭാഷ ഉപയോഗിക്കാനുമുള്ള ബുദ്ധിമുട്ടുകള്‍ കൂടുന്നത് പോലുള്ള ലക്ഷണങ്ങളും ഏല്‍പിച്ച പണികള്‍ പൂര്‍ത്തിയാക്കാനുള്ള കഴിവില്ലായ്മയും 2018 മുതല്‍ കുട്ടികളില്‍ വര്‍ദ്ധിച്ചു.

‘കുട്ടികളോട് എങ്ങനെ സംസാരിക്കണം എന്നതിനെക്കുറിച്ചുള്ള ധാരാളം യൂട്യൂബ് വീഡിയോകള്‍ കഴിഞ്ഞ യുദ്ധസമയത്ത് ഞാന്‍ കണ്ടെത്തിയിരുന്നു. അവരുമായി സംസാരിക്കുകയും അവരുടെ ചുറ്റുപാടില്‍ എന്താണ് സംഭവിക്കുന്നതെന്ന് ചര്‍ച്ചചെയ്യുകയും ചെയ്യേണ്ടത് പ്രധാനമായിരുന്നു’- അവര്‍ ജീവിക്കുന്ന ഭയാനകമായ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അത്തരം തന്ത്രങ്ങളുടെ സ്വാധീനം പരിമിതമാണെന്ന് കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ട് എസ്ര പറഞ്ഞു.

അവരുടെ മനസ്സിനെ വ്യാപൃതമാക്കുക

സംഘട്ടന സമയത്ത് കുട്ടികളെ രസിപ്പിക്കുന്നതിനെ കുറിച്ചും വ്യാപൃതമാക്കുന്നതിനെ കുറിച്ചും ഓണ്‍ലൈന്‍ ഉറവിടങ്ങളില്‍ നിന്ന് എസ്ര പഠിച്ചു. വീഡിയോ കാണുന്നതിന് നിശ്ചയിച്ച നിയന്ത്രണങ്ങള്‍ കുറക്കുകയായിരുന്ന ഒരു വഴി. ‘സാധാരണയായി ഞാന്‍ എന്റെ കുട്ടികളുടെ ഐപാഡ് ഉപയോഗം പരിമിതപ്പെടുത്താറുണ്ടായിരുന്നു, എന്നാല്‍ ഈ വിഷമകരമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സ്വയം രസിപ്പിക്കാന്‍ വേണ്ടി കാര്‍ട്ടൂണുകള്‍ കാണാന്‍ ഞാന്‍ അവരെ അനുവദിക്കുന്നു. എന്റെ ഐപാഡോ സെല്‍ഫോണോ അവര്‍ കാണുമ്പോള്‍ ചാര്‍ജ്ജ് ചെയ്തിട്ടുണ്ടെന്ന് ഞാന്‍ ഉറപ്പാക്കുകയും ചെയ്യുന്നു,’ – അവര്‍ വിശദീകരിച്ചു. എസ്ര തന്റെ മക്കള്‍ക്ക് കഥകള്‍ വായിച്ചുകൊടുക്കാറുമുണ്ട്. ഗസ്സയിലെ ഫലസ്തീനികള്‍, യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി, റെഡ് ക്രസന്റ് എന്നിവര്‍ പറയുന്നതനുസരിച്ച് ഇസ്രായേല്‍ വ്യോമസേന മുമ്പത്തെ ആക്രമണങ്ങളിലെ പോലെ റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം നടത്തുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കുന്നില്ല. ഇത് കുടുംബങ്ങളെ അവരുടെ ജീവനുവേണ്ടി ഓടേണ്ട അവസ്ഥയിലാക്കുന്നു.

2022 ലെ ഹ്യൂമാനിറ്റേറിയന്‍ നീഡ്സ് ഓവര്‍വ്യൂവില്‍, യു.എന്‍ ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് ഫലസ്തീനിലുടനീളം 678,000 കുട്ടികള്‍ക്ക് മാനസികാരോഗ്യവും മാനസിക-സാമൂഹിക പിന്തുണ സേവനങ്ങളും ആവശ്യമാണെന്ന് കണക്കാക്കുന്നു. ഗസ്സയിലെ പകുതിയിലധികം കുട്ടികള്‍ക്കും അത്തരം പിന്തുണ ആവശ്യമാണ്. ലഭ്യമായ മാനസികാരോഗ്യസംരക്ഷണം നിലവിലെ ആവശ്യം പരിഹരിക്കാന്‍ പര്യാപ്തമല്ല, പ്രത്യേകിച്ച് ആവര്‍ത്തിച്ചുള്ള ദുരിതങ്ങളുടെ സമയത്ത്. ഇതുമൂലം സ്വന്തമായി മാനസികാരോഗ്യ-വൈകാരിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന മാതാപിതാക്കള്‍ക്ക് അവരുടെ ഭയവിഹ്വലരായ കുട്ടികളെ ആശ്വസിപ്പിക്കാനുള്ള വഴികള്‍ സ്വയം കണ്ടെത്തേണ്ടിവരുന്നു.

തന്റെ മക്കളുടെ കളികള്‍ പലപ്പോഴും യുദ്ധത്തെയും പ്രിയപ്പെട്ടവരിലേക്കുള്ള അമ്മയുടെ ഫോണ്‍ വിളികളെ അനുകരിക്കുന്നതിലും ചുറ്റിപ്പറ്റിയാണെന്ന് എസ്ര അനുസ്മരിക്കുന്നു. ‘കുട്ടികള്‍ എന്നെ നോക്കി ഫോണ്‍ സംഭാഷണങ്ങളിലെന്നപോലെ ‘നിങ്ങളുടെ പ്രദേശത്ത് എന്താണ് സംഭവിക്കുന്നത്?’ എന്ന് പരസ്പരം ചോദിക്കുന്നു. ഗസ്സയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന എന്റെ കുടുംബാംഗങ്ങളെ ഞാന്‍ വിളിക്കുമ്പോള്‍ അവര്‍ എന്നെ അനുകരിക്കുന്നു’. എസ്ര വിശദീകരിച്ചു.

സ്വയം ആവിഷ്‌കരിക്കാനുള്ള മാര്‍ഗങ്ങള്‍

തങ്ങള്‍ നേരിടുന്ന അക്രമത്തിന്റെ യാഥാര്‍ത്ഥ്യവുമായി തന്റെ മൂന്ന് പെണ്‍മക്കള്‍ പോരാടുകയാണെന്ന് 30 വയസ്സുള്ള മറ്റൊരു അമ്മ, റാവണ്‍ പറഞ്ഞു. ‘ഒരു അമ്മയെന്ന നിലയില്‍ ഞാന്‍ അനുഭവിച്ച അഞ്ചാമത്തെ യുദ്ധമാണിത്. ഓരോ തവണയും സംഘട്ടനം നടക്കുമ്പോള്‍ എന്റെ പെണ്‍മക്കളെ എങ്ങനെ ചേര്‍ത്തുനിര്‍ത്താം എന്നതിനെക്കുറിച്ചുള്ള എന്റെ ധാരണ വളര്‍ത്തുന്നതിന് ഞാന്‍ യൂട്യൂബിലേക്കും ഓണ്‍ലൈന്‍ ലേഖനങ്ങളിലേക്കും തിരിയുന്നു’-റാവണ്‍ പറഞ്ഞു. അവരുടെ മൂത്ത മകള്‍ മാനസികാഘാതത്തിന്റെ തീവ്രമായ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ‘എന്റെ പെണ്‍മക്കളായ ഐസല്‍ (9 വയസ്സ്), അരീന്‍ (6 വയസ്സ്), അലീന്‍ (4 വയസ്സ്) എന്നിവരെ ബോംബാക്രമണത്തിന്റെ ഭയാനകമായ ശബ്ദങ്ങള്‍ അഗാധമായി ബാധിച്ചിരിക്കുന്നു, പ്രത്യേകിച്ച് ഐസലിനെ. യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ മനസ്സിലാക്കാനുള്ള പ്രായമുണ്ട് അവള്‍ക്ക്. അവള്‍ ഊണും ജലപാനവും നിര്‍ത്തി. അവളുടെ ഹൃദയമിടിപ്പ് കൂടിയതായിട്ടും ഞാന്‍ ശ്രദ്ധിച്ചു’ – അവര്‍ പറഞ്ഞു. അലീനും ഭക്ഷണത്തോട് വൈമുഖ്യമുള്ളതിന്റെയും ഭയം കാരണം ഇടയ്ക്കിടെ വിറയ്ക്കുന്നതിന്റെയും ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്ന് റാവണ്‍ പറഞ്ഞു.

മക്കളുടെ ഉത്കണ്ഠ ലഘൂകരിക്കാന്‍ വേണ്ടി റാവണ്‍ അവരെ ഗ്രൂപ്പ് ഗെയിമുകളിലും പ്രവര്‍ത്തനങ്ങളിലും വ്യാപ്ൃതരാക്കാന്‍ ശ്രമിക്കുന്നു. ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി റാവണ്‍ യൂട്യൂബിനെയും മക്കളുടെ അധ്യാപകര്‍ അയച്ച ബോധവല്‍ക്കരണ സന്ദേശങ്ങളെയുമാണ് ആശ്രയിക്കുന്നത്. സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ ഉത്കണ്ഠയുടെ വല്ല ലക്ഷണളുമുണ്ടോ എന്നറിയാനായി അവരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിര്‍ദേശിക്കുന്നത് അത്തരം ഉപദേശങ്ങളില്‍ ഒന്നാണ്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കുട്ടികളുടെ വികാരങ്ങള്‍ കിയാത്മകമായി പ്രകാശിപ്പിക്കാനുള്ള മാര്‍ഗമായി കഥകള്‍ എഴുതുന്നതും ചിത്രം വരയ്ക്കുന്നതും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടതെന്ന് അമ്മമാരെ ഉപദേശിക്കുന്നു.

ഷെല്ലാക്രമണത്തില്‍ നിന്ന് സുരക്ഷിതസ്ഥാനം തേടുന്ന ഗസ്സയിലെ പലരെയും പോലെ റാവണും കുടുംബവും ഇസ്രായേല്‍ ആക്രമണത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളില്‍ ഗസ്സ സിറ്റിയിലെ അല്‍-നസ്‌റിലുള്ള അവരുടെ വീട്ടില്‍ കഴിഞ്ഞു. എന്നാല്‍, അവരുടെ വസതിക്ക് സമീപം ബോംബാക്രമണം ശക്തമായതിനെത്തുടര്‍ന്ന് അവര്‍ ഗസ്സ മുനമ്പിന്റെ ഹൃദയഭാഗത്തുള്ള ദെയ്ര്‍ എല്‍ ബലാഹിന് സമീപമുള്ള നുസെറാത്ത് അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മാറി. എസ്രയുടെ മക്കളെപ്പോലെ സ്ഥലം മാറ്റം റാവയുടെ കുട്ടികളുടെയും മാനസിക അസ്വസ്ഥത കുറച്ചില്ല. ‘ഞാന്‍ ഭക്ഷണം തയ്യാറാക്കുമ്പോള്‍ പോലും അവര്‍ എന്നോട് ചേര്‍ന്ന് നില്‍ക്കുന്നു. ഞാന്‍ അവരെ നിരന്തരം ആശ്ലേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു’- നിസ്സഹായ സ്വരത്തില്‍ അവര്‍ പറഞ്ഞു.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെക്കുറിച്ച് മക്കള്‍ ചോദിക്കുമ്പോള്‍ സന്തോഷകരമായ സമയത്തെ ഫോട്ടോകളും വീഡിയോകളും കാണിച്ചും കളികളില്‍ ഏര്‍പ്പെട്ടും ഒരുമിച്ച് വായിച്ചും ആലിംഗനം ചെയ്തും അവരുടെ ശ്രദ്ധ തിരിക്കാന്‍ റാവണ്‍ ശ്രമിക്കുന്നു. എസ്രയില്‍ നിന്ന് വ്യത്യസ്തമായി മൊബൈല്‍ ഫോണുകളും ഐപാഡുകളും അത്യാഹിത നേരങ്ങളില്‍ അത്യാവശ്യമായത് കാരണം തന്റെ കുട്ടികള്‍ വിനോദത്തിനായി ഉപയോഗിക്കുന്നത് പരിമിതപ്പെടുത്താന്‍ റാവണ്‍ നിര്‍ബന്ധിതയാകുന്നു. യുദ്ധവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളുടെ സമയത്ത് ടെലിവിഷന്‍ ഓഫാക്കി വാര്‍ത്തകളോടുള്ള അവരുടെ എക്‌സ്‌പോഷര്‍ നിയന്ത്രിക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്.

മാനസികാരോഗ്യപരമായ കരുതല്‍

ചില മാനസികാരോഗ്യ വിദഗ്ധര്‍ സോഷ്യല്‍ മീഡിയയില്‍ സൗജന്യ സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഫലസ്തീന്‍ കൗണ്‍സിലിംഗ് സെന്റര്‍ അവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യമുള്ളവര്‍ക്ക് ‘ഫോണ്‍ കോളുകള്‍ വഴിയും വാട്ട്സ്ആപ്പ് വഴിയും സൗജന്യ മാനസിക പിന്തുണ’ നല്‍കുന്നതിന് ഒരു അടിയന്തര ടീമിന്റെ രൂപീകരണത്തെകുറിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. ഫോണിലൂടെ ലഭ്യമായ ഫലസ്തീനിലുടനീളമുള്ള പ്രൊഫഷണല്‍ മാനസികാരോഗ്യ- സോഷ്യല്‍ വര്‍ക്ക് സ്‌പെഷ്യലിസ്റ്റുകളുടെ പേരും കോണ്‍ടാക്റ്റുകളും ഉള്‍പ്പെടുന്ന ഒരു ലിസ്റ്റ് പോസ്റ്റിന്റെ കൂടെ ചേര്‍ത്തിരിക്കുന്നു. തീവ്രമായി ബാധിച്ച കുട്ടികളെ എങ്ങനെ സഹായിക്കാം എന്നതിനെക്കുറിച്ചുള്ള നിരവധി ടിപ്പുകളും പേജ് പങ്കിടുന്നുണ്ട്.

‘ഇസ്രായേല്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന അക്രമത്തിന്റെ തോത്, ആളപായവും നാശവും ചിത്രീകരിക്കുന്ന ചിത്രങ്ങളുടെ വ്യാപകമായ പ്രചരണം, സ്‌ഫോടനങ്ങളുടെ തുടര്‍ച്ചയായ ശബ്ദങ്ങള്‍ എന്നിവ കുട്ടികളെ വല്ലാതെ സ്വാധീനിക്കുന്നു’- ഗസ്സ ആസ്ഥാനമായുള്ള മനോരോഗ വിദഗ്ദ്ധനായ മുയാദ് ജൗദ വിശദീകരിച്ചു. തീവ്രമായ കോപം, നിര്‍ത്താതെയുള്ള കരച്ചില്‍, നീണ്ടുനില്‍ക്കുന്ന നിലവിളി തുടങ്ങിയ ലക്ഷണങ്ങള്‍ കുട്ടികളില്‍ പ്രകടമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും അക്രമാസക്തമായ പ്രമേയങ്ങളുള്ള കളികളില്‍ അവര്‍ ഏര്‍പ്പെടുകയും ചെയ്‌തേക്കാം, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

രണ്ടും നാലും വയസ്സുള്ള തന്റെ രണ്ട് പെണ്‍മക്കളില്‍ ഇത്തരം പെരുമാറ്റങ്ങള്‍ കണ്ടിട്ടുണ്ടെന്ന് രണ്ട് കുട്ടികളുടെ അമ്മയായ അന്‍സം പറയുന്നുണ്ട്. ‘ഞാന്‍ അവരെ കെട്ടിപ്പിടിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു, കാരണം അത് മാതൃസഹജമാണ്. ഒരു അമ്മയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഞാന്‍ ഭീതിയിലാണ്. എന്നാല്‍ നമ്മള്‍ ജീവിക്കുന്നതും സാക്ഷ്യം വഹിക്കുന്നതുമായ കൂട്ടക്കൊലകള്‍ക്കിടയില്‍ മാനസിക സുഖം ഒരു ആഡംബരമാണ്. അവര്‍ ജീവനോടെ പുറത്തുവരണമെന്ന് മാത്രമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്’ – അവര്‍ കൂട്ടിച്ചേര്‍ത്തു.

 

അവലംബം: അല്‍ജസീറ
വിവ: ഹിറ പുത്തലത്ത്

 

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles