Current Date

Search
Close this search box.
Search
Close this search box.

“അവരുടെ ശഹാദത്ത് മസ്ജിദുൽ അഖ്സക്ക് വേണ്ടിയാണ്”

പ്രിയപ്പെട്ട മക്കളുടെ ശഹാദത്തിനെ കുറിച്ച് ഹമാസ് മേധാവി ഡോ. ഇസ്മാഈൽ ഹനിയ്യയുടെ വാക്കുകൾ

ആദ്യമായി അല്ലാഹു ഞങ്ങൾക്ക് നൽകിയിട്ടുള്ള ഈ ബഹുമതിക്ക് അങ്ങേയറ്റത്തെ നന്ദി രേഖപ്പെടുത്തുകയാണ്, എൻറെ മൂന്ന് മക്കളെയും പേരക്കുട്ടികളെയും രക്തസാക്ഷികളാക്കി എന്നെ ആദരിച്ച അല്ലാഹുവിനെ ഞാൻ സ്തുതിക്കുകയാണ് . ഇതുവരെ എൻറെ കുടുംബത്തിൽ നിന്നും മഹത്തായ ആ മാർഗത്തിൽ അറുപതോളം അംഗങ്ങളാണ് രക്തസാക്ഷികളായത്. ഈ ഒരു നില കൈവരിക്കാനായതിൽ ഞാൻ വീണ്ടും അല്ലാഹുവിനെ സ്തുതിക്കുകയാണ്. 

ഈ ജനത മുസ്‍ലിം ഉമ്മത്തിലെ മുഴുവൻ പോരാളികൾക്കും വേണ്ടി ഈ ഭൂമിയിൽ തന്നെ ജീവിക്കാൻ തീരുമാനിച്ചവരാണ്. രക്തസാക്ഷികളുടെ ചുടു ചോര കൊണ്ട് ഞങ്ങളുടെ ജനതക്കും സമുദായത്തിനും വേണ്ടി പുതിയൊരു ലോകം ഞങ്ങൾ കെട്ടിപ്പടുക്കും, ഇൻശാ അല്ലാഹ്. ഇവിടെ ദോഹയിലെ ആശുപത്രികളിൽ കഴിയുന്ന മുറിവേറ്റ സഹോദരി സഹോദരന്മാരെ സന്ദർശിക്കുമ്പോഴായിരുന്നു അധിനിവേശ സേന എൻറെ മക്കളെയും പേരമക്കളെയും ലക്ഷ്യം വെച്ചുകൊണ്ട് ആക്രമണം നടത്തിയ വിവരം ഞാൻ അറിയുന്നത്. അവരെല്ലാം അല്ലാഹുവിലേക്ക് രക്തസാക്ഷികളായി മടങ്ങി. തീർച്ചയായും ഈ സ്ഥലത്തിന്റെയും സമയത്തിൻ്റെയും തൂഫാനുൽ അഖ്സയുടെയും  എല്ലാവിധ ഔന്നിത്യവും ഉജ്ജ്വലമായ പര്യവസാനവും നേടിയവരാണവർ. 

സമയത്തിന്റെ ഔന്നിത്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, തക്ബീറുകളാൽ ഉമ്മത്ത് മുഖരിതമാവുന്ന പരിശുദ്ധമായ ഈദുൽ ഫിത്വറിൻ്റെ സമയം തന്നെ അല്ലാഹു അവർക്ക് വേണ്ടി തിരഞ്ഞെടുത്തു എന്നതാണ്.  ഇനി സ്ഥലത്തിൻ്റെ പ്രത്യേകത, അവർ ശഹീദുകളായിരിക്കുന്നത് പോരാളികൾ കഴിയുന്നിടത്താണ്, പണ്ഡിതർക്കും പ്രബോധകർക്കും ഇടയിൽ വെച്ചാണ്. ഗസ്സയിൽ നിലയുറപ്പിച്ചിരിക്കുന്ന പോരാളികളോടൊപ്പമാണ് എൻ്റെ മക്കളും പേരക്കുട്ടികളും കഴിഞ്ഞിരുന്നത്. ഉജ്ജ്വലമായ പര്യവസാനം എന്നാൽ ഈ പരിശുദ്ധമായ ഭൂമിയിൽ വെച്ചുള്ള രക്തസാക്ഷിത്വമാണ്. കഴിഞ്ഞ ആറുമാസമായി ഈ ജനത മസ്ജിദുൽ അഖ്സക്കും ഫലസ്തീനിനും വേണ്ടി ധീരമായ രക്തസാക്ഷിത്വം വരിച്ചു കൊണ്ടേയിരിക്കുകയാണ്. അവരിൽ കുട്ടികളും സ്ത്രീകളും പ്രായമായവരും എല്ലാവരുമുണ്ട്. 

ഈ മഹത്തായ സമയത്ത് നമ്മുടെ ജനതയോടൊപ്പം ചേർന്നുനിന്നുകൊണ്ടുതന്നെ അല്ലാഹുവെ സ്തുതിക്കുകയാണ് ഞാൻ. ‘നിങ്ങളില്‍ നിന്ന് രക്തസാക്ഷികളെ ഉണ്ടാക്കിത്തീര്‍ക്കുവാൻ’ എന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. ആയുസ്സും അവധിയുമെല്ലാം അല്ലാഹുവിങ്കലാണ്. ഞാൻ നേരത്തേ സൂചിപിച്ചതു പോലെ പെരുന്നാൾ എന്നത് കുടുംബാംഗങ്ങളെ സന്ദർശിക്കുന്ന സമയമാണ്. അല്ലാഹു അവർക്ക് പൊറുത്തു കൊടുക്കട്ടെ.. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും രക്തസാക്ഷികളോടൊപ്പം അവരെയും അല്ലാഹു ജന്നാത്തുൽ ഫിർദൗസിൽ ചേർക്കട്ടെ. ആ രക്തസാക്ഷികളോടൊപ്പം ചേർന്നുകൊണ്ട് നാം ശോഭനമായ ഭാവി പണിയുക തന്നെ ചെയ്യും. തീർച്ചയായും ഈ മാർഗത്തിൽ അറുപതിലധികം കുടുംബാംഗങ്ങളെയാണ് നമ്മൾ സമർപ്പിച്ചിട്ടുള്ളത്. അതിൽ എൻറെ മക്കളും പേരമക്കളും എൻ്റെ പ്രിയപ്പെട്ടവരുടെ പലരുമുണ്ട്. 

ഈ ശത്രുവിനെ ശക്തമായി പ്രത്യാക്രമണം നടത്തിയും ജീവൻ നൽകിയും രക്തം ചിന്തിയുമാണ് നമ്മൾ തുല്യതയില്ലാത്ത വിധം പ്രതിരോധിക്കുന്നത്. ഗസ്സയിൽ അവർ നടത്തിയ വംശഹത്യകളും കൂട്ടക്കൊലകളും കൂട്ട പലായനങ്ങളും നമ്മൾ കണ്ടതാണ്. പതിനായിര കണക്കിനാളുകളാണ് ഇപ്പോഴും ടെൻ്റുകളിൽ കഴിയുന്നത്. പാഠശാലകളും ആശുപത്രികളും അവർ തരിപ്പണമാക്കി. പ്രിയപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെയും മുന്നിൽവച്ച് ആളുകളെ കൊന്നുകളയുകയാണ് അവർ. മൃതദേഹങ്ങൾ റോഡുകളിൽ വലിച്ചെറിയുന്നു. ഇത്തരത്തിലുള്ള കൂട്ടക്കൊലപാതകങ്ങളും വംശഹത്യകളും ഫലസ്തീനികളുടെ ആത്മവീര്യം വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.   

നേതാക്കളുടെ വീടുകളെയും അവരുടെ മക്കളെയും കുടുംബാംഗങ്ങളെയും ഇല്ലാതാക്കിയാലും ഞങ്ങളുടെ ജനതയുടെ ന്യായമായ ആവശ്യങ്ങളിൽ നിന്നും ഞങ്ങൾ പിന്മാറുകയേ ഇല്ല. എത്രതന്നെ ഇല്ലാതാക്കാൻ ശ്രമിച്ചാലും മുഴുവൻ ഫലസ്തീനികളുടെയും ഈ പോരാട്ട മാർഗത്തിൽ തന്നെ നിലയുറപ്പിക്കാനുള്ള ആത്മവിശ്വാസവും ഈമാനും ഇസ്തിഖാമത്തും ഇനിയും വർദ്ധിത വീര്യം കൈവരിക്കുകയേ ഉള്ളൂ എന്ന് ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്. ഈ മണ്ണിൽ ഈ ജനതയുടെ ആവശ്യങ്ങളുടെ സാക്ഷാത്കാരമാണ് ഞങ്ങളുടെ ലക്ഷ്യം. അധിനിവേശ സയണിസ്റ്റുകളുടെ എല്ലാ കുതന്ത്രങ്ങളും പരാജയപ്പെടാനുള്ളതാണ്. 

യുദ്ധം ആറ് മാസം പിന്നിട്ടിരിക്കുകയാണ്. അൽ സന്നയിലെ സിംഹക്കുട്ടികളെ നിങ്ങൾ കണ്ടില്ലേ, സയണിസ്റ്റ് അധിനിവേശ ശക്തികളെ അവരെങ്ങനെ എതിരിട്ടുവെന്ന് നിങ്ങൾ കണ്ടില്ലേ.. നാലു മാസമാണ് അധിനിവേശ സേന ഖാൻ യൂനിസിൽ അക്രമണമഴിച്ചുവിട്ടത്. പക്ഷേ നമ്മുടെ ധീരരായ പോരാളികൾ സർവ്വ സജ്ജരായി അവരെ പ്രതിരോധിക്കുകയുണ്ടായി. പോരാളികളുടെ രക്തം ഏറെ ആവേശത്തോടെയാണ് ഞങ്ങൾ എടുത്തണിയുന്നത്. അവർക്ക് നിത്യതയും പ്രതാപവും എക്കാലവുമുണ്ടാവട്ടെ. ശത്രു ഒരുകാലത്തും വിജയിക്കാൻ പോകുന്നില്ല. നമ്മൾ നമ്മുടെ പ്രഖ്യാപിത നിലപാടിൽ നിന്നും ഒരടി പോലും പിന്മാറുകയുമില്ല. 

വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകളിൽ നമ്മൾ മുന്നേ വ്യക്തമാക്കിയതാണ്. ഇത്തരം ചർച്ചകളെ രാഷ്ട്രീയമായി മുതലാക്കാനാണ് അവർ ശ്രമിക്കുന്നത് . കൂട്ടക്കൊലകളും വംശഹത്യകളും ശത്രു അവസാനിപ്പിക്കാത്തിടത്തോളം കാലം വെടിനിർത്തലുമായി ബന്ധപ്പെട്ട അനുരഞ്ജന ശ്രമങ്ങൾ സാധ്യമല്ല. അമേരിക്കയോടും മധ്യസ്ഥത നിർവഹിക്കുന്ന ആളുകളോടും ഞങ്ങൾക്ക് പറയാനുള്ളത് ഇത്ര മാത്രമാണ്. ഒരു കാര്യം വളരെ കൃത്യമാണ്, വ്യക്തമാണ്. ഇതിൽ നിന്നും ഞങ്ങൾ പിന്മാറുന്ന പ്രശ്നമില്ല. ഇപ്പോൾ രക്തസാക്ഷിത്വം വരിച്ച എൻ്റെ മക്കൾ, അവരെയൊക്കെ ഇല്ലാതാക്കിയാൽ ഇനി ഹമാസ് തങ്ങളുടെ നിലപാട് മാറ്റും എന്നത് വെറും വ്യാമോഹം മാത്രമാണ് . ഞങ്ങൾ ഫലസ്തീനികളുടെ ഒപ്പം തന്നെയാണ് സഞ്ചരിക്കുന്നത്, അതിലൊരു മാറ്റവും ഉണ്ടാവുകയില്ല. ഈ ജനതയുടെ ആത്യന്തികമായ ലക്ഷ്യം ഖുദ്സാണ്, മസ്ജിദുൽ അഖ്സയാണ്. ഈ യുദ്ധം അഥവാ തൂഫാനുൽ അഖ്സ ലോക മുസ്ലിംകളുടെ ആദ്യ ഖിബ്‍ലയായിരുന്ന മൂന്നാമത്തെ ഹറമായ മസ്ജിദുൽ അഖ്സക്ക് വേണ്ടിയാണ് . 

ഫലസ്തീനിൽ ഇതുവരെ ശഹാദത്ത് വരിച്ചവരുടെ രക്തത്തേക്കാൾ ഒട്ടും വലുതല്ല എൻറെ മക്കളുടെ രക്തം. രക്തസാക്ഷികളായ അനവധി പേർ – പെൺകുട്ടികൾ, ആണ്‍കുട്ടികൾ, എന്റെ മക്കൾ എല്ലാവരും ഒരുപോലെയാണ്. ഫലസ്തീനിലെ രക്തസാക്ഷികളായ മുഴുവൻ മക്കളും എന്റെയും മക്കളാണ്. 

അധിനിവേശകരുടെ തുടക്കം മുതലേ ഉള്ള ഉന്നം നേതാക്കളും അവരുടെ വീടുകളും കുടുംബാംഗങ്ങളുമായിരുന്നു എന്നത് നിങ്ങൾക്കറിയാവുന്ന കാര്യമാണ്. ഞാൻ വീണ്ടും പറയാൻ ആഗ്രഹിക്കുന്നു, ഈ രക്തസാക്ഷിത്വങ്ങളെല്ലാം ഖുദ്സിൻ്റെ സ്വാതന്ത്ര്യത്തിനു  വേണ്ടിയാണ്. ഈ വിമോചന പോരാട്ടത്തിൽ കൃത്യമായ പങ്കുവഹിക്കാൻ കഴിഞ്ഞതിൽ അല്ലാഹുവിനെ സ്തുതിക്കുകയാണ്. കരയാക്രമണം തുടങ്ങിയതിനുശേഷം ടെൻ്റുകളിൽ നിന്ന് നമ്മുടെ ധീരരായ പോരാളികൾ അധിനിവേശ സേനക്ക് അപ്രതീക്ഷിതമായി കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. 

ഇനിയും ആവർത്തിച്ചു പറയട്ടെ, ഞങ്ങളൊഴുക്കിയ എല്ലാ രക്തവും മസ്ജിദുൽ അഖ്സയുടെ വിമോചനത്തിനു വേണ്ടിയാണ് . ഈ മാർഗ്ഗത്തിൽ ഞങ്ങൾ തുടരുകയും ചെയ്യും, ഇൻശാ അല്ലാഹ്. അതിൽ ഞങ്ങൾക്ക് യാതൊരുവിധ സംശയവുമില്ല. അതിലൊരു പോരായ്മയും ഞങ്ങൾ കാണുന്നുമില്ല. ”അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട് പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്‌. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല. അവന്‍ അവരെ ലക്ഷ്യത്തിലേക്ക് നയിക്കുകയും അവരുടെ അവസ്ഥ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്‌. സ്വര്‍ഗത്തില്‍ അവരെ അവന്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അവര്‍ക്ക് അതിനെ അവന്‍ മുമ്പേ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്‌.

റഫയോ മറ്റേതെങ്കിലും പ്രദേശമോ ആക്രമിക്കും എന്ന അധിനിവേശകരുടെ ഭീഷണി ഞങ്ങളെയോ ഫലസ്തീനിലെ ജനങ്ങളെയോ തെല്ലും ഭീതിപ്പെടുത്തുന്നതല്ല. അങ്ങനെ ഭീഷണിപ്പെടുത്താതെ തന്നെ അവർ ഒരുപാട് വംശഹത്യകളും കൊലപാതകങ്ങളും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഗസ്സയിൽ അവർ ചെയ്തന്താണ്? ഖാൻ യൂനിസിൽ സംഭവിച്ചതെന്താണ് ? ഗസ്സയുടെ കിഴക്ക് ഭാഗത്ത് എന്താണ് നടന്നത്? അപ്പോൾ ഇതൊക്കെ വെറും രാഷ്ട്രീയ ചരടുവലികളാണ്.

കീഴൊതുങ്ങാൻ ഞങ്ങൾക്ക് ഉദ്ദേശമില്ല. കീഴൊതുങ്ങുന്നവർ മുസ്‌ലിംകളുമല്ല. ഒരു തരത്തിലുള്ള പിന്മാറ്റത്തിനും ഈ ജനത ഒരുക്കമല്ല. ഇതാണ് ഞങ്ങളുടെ മുദ്രാവാക്യം. ഈ ചരിത്ര നിമിഷത്തിൽ  ഞങ്ങൾക്ക് വീണ്ടും വീണഅഠഉം പറയാനുള്ളത് അത് തന്നെയാണ്.

 

വിവ: മുഖ്താർ നജീബ്

കടപ്പാട്: aljazeera.com

 

Related Articles