Current Date

Search
Close this search box.
Search
Close this search box.

പടിഞ്ഞാറിന് ഇസ്രായേലൊരിക്കലും അക്രമം തുടങ്ങി വെക്കില്ല, എല്ലാം ‘തിരിച്ചടിക്കുന്നതാണ്’

സയണിസ്റ്റുകളുടെ കോളനിവൽക്കരണ ചെയ്തികൾ ന്യായമാണെന്നും ഫലസ്തീനിയൻ തദ്ദേശീയ ജനതക്കെതിരെ അക്രമം പ്രവർത്തിക്കാത്തവരാണ് സയണിസ്റ്റുകൾ എന്നുമുള്ള ശാഠ്യം ഫലസ്തീനിലെ കുടിയേറ്റ അധിനിവേശത്തിന് ലഭിക്കുന്ന പാശ്ചാത്യൻ പിന്തുണയുടെ സുപ്രധാനമായ ഘടകങ്ങളിൽ ഒന്നാണ്. മറുവശത്ത്, കുടിയേറ്റ അധിനിവേശത്തിന് എതിരെയുള്ള ഫലസ്തീനിയൻ ചെറുത്തുനിൽപ്പിനെ ഇത് അന്യായമായി കാണുകയും ചെയ്യുന്നു.

ഇക്കാരണത്താലാണ് ഇസ്രായേലും പാശ്ചാത്യൻ ഭരണകൂടങ്ങളും തിങ്ക് ടാങ്കുകളും അവർക്ക് പാദസേവ ചെയ്യുന്ന പത്രമാധ്യമങ്ങളും ഒന്നടങ്കം ഫലസ്തീനിയൻ തദ്ദേശീയർക്ക് മേലുള്ള ജൂത അധിനിവേശകരുടെ അടിച്ചമർത്തലുകളെ ‘തിരിച്ചടിയും’ ‘പ്രതികരണവും’ ഒക്കെയായി മനസ്സിലാക്കുന്നത്.

കുടിയേറ്റ അധിനിവേശങ്ങൾ (settler-colonialism) പൊതുവെ അവരുടെ കൂട്ടക്കൊലകൾക്ക് വേണ്ടി ഇത്തരം വിശദീകരണങ്ങൾ ഉപയോഗിക്കാറുണ്ടെങ്കിലും തദ്ദേശീയ ജനതയുടെ പ്രതിരോധ പോരാട്ടത്തെ സൂചിപ്പിക്കാൻ അവയെ ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഈ വീക്ഷണ പ്രകാരം, കുടിയേറ്റ അധിനിവേശങ്ങളിലെ അക്രമങ്ങളുടെ തുടക്കം എല്ലായിപ്പോഴും തദ്ദേശീയരുടെ ചെറുത്തുനിൽപ്പോടെ ആയിരിക്കും, അതിനാൽ തന്നെ തദ്ദേശീയർക്ക് എതിരെയുള്ള അധിനിവേശകരുടെ യുദ്ധം ഒരു തരം ‘പ്രതികരണവും’ ആയിരിക്കും.

ഇസ്രായേലും പാശ്ചാത്യൻ മാധ്യമങ്ങളും ‘പ്രതികരണ നടപടി’ എന്ന് വിശേഷിപ്പിച്ച ഒക്ടോബർ ഏഴിന് ഗസ്സക്കെതിരെ ഇസ്രായേൽ തുടങ്ങി വെച്ച വംശഹത്യ യുദ്ധത്തിന്റെ കാര്യത്തിൽ മാത്രം ബാധകമായ സംഗതിയല്ല ഇത്. ഫലസ്തീനിയൻ ചെറുത്തുനിൽപ്പ് പോരാട്ടങ്ങളെ വിശേഷിപ്പിക്കാൻ ഒരു കാലത്തും ഉപയോഗിച്ചിട്ടില്ലാത്ത ഈ പദം 1948-ൽ ഇസ്രായേലിന്റെ സ്ഥാപനം മുതൽ ഇങ്ങോട്ടുള്ള ഇസ്രായേലിന്റെ എല്ലാ സുപ്രധാന കൂട്ടക്കൊലകളെയും വിശദീകരിക്കാൻ ഉപയോഗിച്ചിട്ടുണ്ട്.

വംശീയ ആഖ്യാനങ്ങൾ

1982 ൽ 18000 ജനങ്ങളെ കൊല്ലുകയും അര മില്ല്യണിനടുത്ത് ജനങ്ങളെ ഭവനരഹിതരാക്കി തീർക്കുകയും ചെയ്ത ഇസ്രായേലിന്റെ അതിക്രൂരമായ ലബനാൻ ആക്രമണത്തെ ഫലസ്തീനിയൻ വിമോചന പ്രസ്ഥാനത്തിന് (പി.എൽ.ഒ) എതിരെയുള്ള “തിരിച്ചടി” എന്നാണ് ഇസ്രായേൽ വിശേഷിപ്പിച്ചത്. പി.എൽ.ഒ ക്ക് പകരം പി.എൽ.ഒ വിരുദ്ധരായ അബൂ നിദാൽ ഗ്രൂപ്പ് ഉത്തരവാദിത്തം ഏറ്റെടുത്ത ഇസ്രായേലിന്റെ ലണ്ടൻ അംബാസിഡർക്ക് എതിരെയുള്ള കൊലപാതക ശ്രമത്തെയാണ് അവർ ഇതിന് വേണ്ടി ഉദ്ധരിച്ചത്.

ഏറെ വ്യവസ്ഥാപിതമായി ഈ വാചാടോപത്തെ കുടിയേറ്റ അധിനിവേശങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. 1976 ൽ കുടിയേറ്റ അധിനിവേശത്തിന്റെയും വെള്ളക്കാരുടെ ആധിപത്യത്തിന്റെയും അന്ത്യത്തിന് വേണ്ടി പോരാടിയ 310 ബ്ലാക്ക് ഗറില്ലകളെയും പൗരന്മാരെയും റുഡീഷ്യയിലെ കുടിയേറ്റ അധിനിവേശം കൂട്ടക്കൊല ചെയ്ത സന്ദർഭത്തിൽ അവരുടെ ആക്രമണത്തെ റുഡീഷ്യൻ വെള്ള വംശീയ വാദികളും ദി ന്യൂയോർക്ക് ടൈംസ് ഉദ്ധരിക്കുന്ന പോലെ ചില ‘രാഷ്ട്രീയ നിരീക്ഷകരും’ ഒരു തരം ‘തിരിച്ചടി’ എന്നാണ് വിശേഷിപ്പിച്ചത്.

സമാനമായി, 1978-ൽ സാമ്പിയൻ അഭയാർത്ഥി ക്യാമ്പുകളിൽ 1600 ഓളം ആഫ്രിക്കക്കാരെ റുഡീഷ്യൻ വെള്ള വംശജർ കൊല ചെയ്ത സംഭവത്തെ ദി ടൈംസ് സൂചിപ്പിക്കുന്നത് ‘പ്രതികരണ ആക്രമണങ്ങൾ’ എന്ന നിലയിലാണ്. പക്ഷേ, വെള്ള വംശീയ വാദികളുടെ കുടിയേറ്റ അധിനിവേശത്തിന് എതിരെയുള്ള ഗറില്ലകളുടെ ആക്രമണത്തെ വിശദീകരിക്കാൻ അവർ ഈ പദം ഉപയോഗിക്കുന്നില്ല.

ദക്ഷിണാഫ്രിക്കയിലെ സൗത്ത് വെസ്റ്റ് ആഫ്രിക്ക ജനകീയ പ്രസ്ഥാനത്തിന്റെ (South West Africa People’s Organisation — Swapo) നമീബിയൻ സ്വാതന്ത്ര്യ സമര പോരാളികളെ പരാജയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അപ്പാർത്തീഡ് ഭരണകൂടം നടപ്പിലാക്കിയ സൈനിക ആക്രമണങ്ങളെ ഐക്യരാഷ്ട്ര സംഘടനയും ദി ടൈംസും 1989 വരെയും ശേഷം 1990 ലെ നമീബിയൻ സ്വാതന്ത്ര്യത്തിന് ശേഷവും “തിരിച്ചടി” എന്ന് വിശേഷിപ്പിച്ചു പോന്നു.

മൊസാംബിക്കോയിലെ വെള്ള വംശീയ വാദികളുടെ കുടിയേറ്റ കോളനിയിലെ പോർച്ചുഗീസ് ഭരണം അവസാനിപ്പിക്കുന്നതിനായി പോരാടുന്ന 1970 കളിൽ ആഫ്രിക്കൻ ജനതക്കും ഗറില്ലാ പോരാളികൾക്കും നേരെ പോർച്ചുഗീസ് സൈന്യം അഴിച്ചു വിട്ട ആക്രമണങ്ങളും ‘തിരിച്ചടി’ എന്ന നിലയിലാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. അംഗോളയിലെ വെള്ള വംശീയവാദികളുടെ കുടിയേറ്റ കോളനിയിലെ ആഫ്രിക്കൻ ജനതയെയും അംഗോളൻ ജനകീയ വിമോചന പ്രസ്ഥാനത്തെയും (People’s Movement for the Liberation of Angola – MPLA) ലക്ഷ്യം വച്ച് പോർച്ചുഗീസ് സൈന്യം നടത്തിയ ആക്രമണങ്ങളുടെ സ്ഥിതിയും മറ്റൊന്നല്ല.

1981 നും 1993 നും ഇടയിൽ അംഗോളയിൽ സൗത്താഫ്രിക്കയുടെ അപ്പാർത്തീഡ് ഭരണകൂടം നടത്തിയ ആക്രമണത്തെ എം.പി.എൽ.എ യ്ക്ക് ലഭിക്കുന്ന SWAPO-യുടെ പിന്തുണയ്ക്കുള്ള ‘തിരിച്ചടി’യായാണ് ഹ്യൂമൻ റൈറ്റ് വാച്ച് പോലും മനസ്സിലാക്കിയതെങ്കിലും സ്വാപോയുടെ ഈ പിന്തുണയെ കുടിയേറ്റ അധിനിവേശത്തിന് എതിരെയുള്ള തിരിച്ചടിയായി കണ്ടില്ല.

അധിനിവേശ ക്രൂരത

അധിനിവേശ ക്രൂരതയുടെ കാര്യത്തിൽ ഫലസ്തീനോട് ഏറ്റവും അടുത്തു നിൽക്കുന്ന മറ്റൊരു ഉദാഹരണം ഒരുപക്ഷേ അൾജീരിയ ആയിരിക്കും. 1830 ൽ ഫ്രാൻസ് അൾജീരിയ കോളനിവൽകരിക്കുകയും ആയിരക്കണക്കിന് കുടിയേറ്റക്കാരെ അങ്ങോട്ടയക്കുകയും തദ്ദേശീയരായ അൾജീരിയക്കാരുടെ ഭൂമി അവർ കയ്യേറുകയും ചെയ്തു. ഫ്രെഞ്ച് അധിനിവേശ സൈന്യവും കുടിയേറ്റക്കാരും അവിടെയൊരു അപ്പാർത്തീഡ് സ്ഥാപിക്കുകയും രണ്ടാം ലോക യുദ്ധം വരെയുള്ള അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെ നിഷ്ഠൂരവും വംശഹത്യാപരവുമായി അടിച്ചമർത്തുകയും ചെയ്തു.

യുദ്ധത്തിന് ശേഷം തങ്ങളുടെ ഫ്രെഞ്ച് അധിനിവേശകരിൽ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള അൾജീരിയൻ ആവശ്യം 1945 മെയ് മാസത്തിൽ വലിയ പ്രക്ഷോഭങ്ങളായി മാറി. ‘അധിനിവേശം അവസാനിപ്പിക്കുക’ എന്ന മുദ്രാവാക്യം രാജ്യത്തുടനീളം അലയടിച്ചു. മെയ് 8-ാം തിയ്യതി ഭൂമിരാഹിത്യവും ദാരിദ്ര്യവും വർദ്ധിച്ചു കൊണ്ടിരുന്ന സെത്തീഫിൽ അൾജീരിയൻ പതാക വീശിക്കൊണ്ട് 8000 പ്രക്ഷോഭകാരികൾ സംഘടിക്കുകയും ഫ്രെഞ്ച് പോലീസ് ഇവരെ നേരിടുകയും ചെറുപ്പക്കാരനായ ഒരു അൾജീരിയക്കാരനെ വെടിവെച്ചു കൊല്ലുകയും ചെയ്തു.

ഇതേത്തുടർന്ന് ജനക്കൂട്ടം വിരണ്ടോടുകയും, ഓടുന്ന വേളയിൽ കണ്ണിൽ കണ്ട അധിനിവേശക്കാരെ ആക്രമിക്കുകയും 21 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തു. വിശപ്പും രോഷവും അങ്ങേയറ്റം വർദ്ധിച്ചു കൊണ്ടിരുന്ന കോൺസ്റ്റന്റൈൻ പ്രദേശത്തേക്കും ഈ അക്രമ സംഭവങ്ങൾ വ്യാപിക്കുകയും 102 അധിനിവേശക്കാരെ ആക്രമിക്കുകയും വധിക്കുകയും പ്രതികാരത്തോടെ മൃതദേഹങ്ങൾ വിരൂപമാക്കുകയും ചെയ്തു; ആക്രമിക്കപ്പെട്ടവരിൽ പലരും അവർ ജോലി ചെയ്ത തോട്ടങ്ങളുടെ മുതലാളിമാരായിരുന്നു.

ഈ അക്രമ സംഭവങ്ങളെ തുടർന്ന് സ്വതന്ത്ര ഫ്രഞ്ച് ഭരണകൂടം അൾജീരിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിനായി 10000 സൈന്യത്തെ അവിടെ വിന്യസിക്കുകയും ചെയ്തു. അവർ വീടുകൾ അഗ്നിക്കിരയാക്കുകയും ഫ്രഞ്ച് നാവിക, വ്യോമ സേനകളുടെ പിന്തുണയോടെ മുഴുവൻ അൾജീരിയൻ ഗ്രാമങ്ങളിലും ബോംബിട്ട് അവരെ വധിക്കുകയും ചെയ്തു.

ആയിരക്കണക്കിന് അൾജീരിയക്കാർ ഫ്രഞ്ച് പതാകക്ക് മുന്നിൽ മുട്ടു കുത്തി “ഞങ്ങൾ നായകളാണ്” എന്ന് വിളിച്ചു പറയാൻ നിർബന്ധിക്കപ്പെടുകയും അതേസമയം കൊല്ലപ്പെട്ട അൾജീരിയൻ മൃതദേഹങ്ങളുടെ വിരലുകളുപയോഗിച്ച് പട്ടാളക്കാർ യുദ്ധ ട്രോഫി എന്ന നിലയിൽ മോതിരങ്ങൾ നിർമ്മിക്കുകയും ചെയ്തു.

തുനീഷ്യൻ അതിർത്തിയിലെ ഗ്വെലാമ എന്ന പ്രദേശത്ത് വെച്ച് അധിനിവേശ സായുധ സംഘങ്ങൾ അൾജീരിക്കാരെ ആക്രമിച്ചു. മെയ് 8-ാം തിയ്യതിയിലെ പ്രക്ഷോഭം മുന്നിൽ കണ്ട് ഒരു കൊളോണിയൽ നേതാവ് അവിടത്തെ നാലായിരത്തോളം അധിനിവേശകരെ ആയുധങ്ങൾ നൽകി സജ്ജരാക്കി നിർത്തിയിരുന്നു. ഗ്വെലാമിലെ താമസക്കാരായ 16,500 അൾജീരിയക്കാരെ ലക്ഷ്യമാക്കി പ്രക്ഷുബ്ധരായ കുടിയേറ്റക്കാർ കൂടുതൽ ക്രൂരമാം വിധത്തിലുള്ള അക്രമങ്ങൾ അഴിച്ചു വിട്ടു.

ഫ്രഞ്ച് ഔദ്യോഗിക കണക്കുകൾ പ്രകാരം അൾജീരിയൻ ജനസംഖ്യയുടെ 25 മുതൽ 45 വരെ പ്രായപരിധിയിൽ വരുന്ന കാൽ ഭാഗം പേരെയും, അഥവാ ആയിരത്തി അഞ്ഞൂറോളം പേരെ അവർ കൊന്നു തള്ളിയിട്ടുണ്ട്. ഈ മൃതദേഹങ്ങളെ അവർ ഒന്നിച്ചു മറവു ചെയ്യുകയും ശേഷം അന്വേഷണങ്ങളെ തടയാൻ വേണ്ടി അവ പുറത്തെടുത്ത് കത്തിച്ചു കളയുകയും ചെയ്തു.

ഫ്രഞ്ച് മർദ്ദനത്തിന്റെ അന്തിമ കണക്കുകൾ ഭയാനകമായിരുന്നു; പതിനേഴായിരത്തിനും ഇരുപതിനായിരത്തിനും ഇടയ്ക്ക് അൾജീരിയക്കാർ കൊല്ലപ്പെട്ടു എന്നാണ് ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തെങ്കിൽ അൾജീരിയൻ വൃത്തങ്ങളുടെ കണക്കനുസരിച്ച് അത് 45000 ന് അടുത്താണ്. അതേസമയം ഫ്രഞ്ച് ചരിത്രകാരന്മാർ പറയുന്നത് അറുപതിനായിരമോ എൺപതിനായിരമോ ആണ് കൊല്ലപ്പെട്ടവരുടെ എണ്ണം എന്നാണ്. നേരത്തെ ഫ്രഞ്ച് പട്ടാളക്കാരനും പിന്നീട് ചരിത്രകാരനായി മാറുകയും ചെയ്ത ഒരാൾ ഞങ്ങളോട് പറഞ്ഞത്, ഇതൊക്കെ ‘തിരിച്ചടിയുടെ’ ഭാഗമായാണ് ചെയ്തത് എന്നാണ്.

ശാൾ ദ് ഗോൾ ഈ മൊത്തം കൂട്ടക്കൊലയെയും മൂടി വെക്കുകയും ഫ്രീ ഫ്രാൻസ് ഫോഴ്സ് കോളനിവൽകൃത അൾജീരിയൻ ജനതയോട് ചെയ്തു കൂട്ടിയ ക്രൂരതകളെ കുറിച്ച് അന്വേഷിക്കാൻ നിയമിക്കപ്പെട്ട കമ്മീഷനെ പിരിച്ചു വിടുകയുമാണുണ്ടായത്.

ഒരു പതിറ്റാണ്ടു കഴിഞ്ഞ്, കോൺസ്റ്റന്റൈൻ തീരത്തെ സ്കിക്ഡ എന്ന പേരിലറിയപ്പെടുന്ന പുരാതന പട്ടണത്തിലെ ഫ്രഞ്ച് കോളനിയായിരുന്ന ഫിലിപ്പ് വില്ലെയിൽ അധിനിവേശകരെയും പോലീസുകാരെയും സൈന്യത്തെയും ആക്രമിച്ചു കൊണ്ട് മറ്റൊരു പ്രക്ഷോഭം 1955 ആഗസ്റ്റിന് പൊട്ടിപ്പുറപ്പെട്ടു. നൂറോളം യൂറോപ്യൻ അധിനിവേശകരെ അവർ വധിച്ചു.

അങ്ങേയറ്റം അപരിഷ്കൃതമായിരുന്നു ഈ ഫ്രഞ്ച് ‘തിരിച്ചടി’. സൈന്യവും പോലീസും അധിനിവേശകരും ചേർന്ന് ആയിരക്കണക്കിന് അൾജീരിയക്കാരെയാണ് കൊന്നു തള്ളിയത്. ഡസൻ കണക്കിനാളുകളെ സ്പോട്ടിൽ വെടിവെച്ചു കൊല്ലുകയും, ബാക്കി വരുന്ന നൂറു കണക്കിന് ആളുകളെ ഫിലിപ്പ് വില്ലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ ഒന്നിച്ചു കൂട്ടി വധിക്കുകയുമാണ് ചെയ്തത്.

അധിനിവേശകരുടെ മരണാനന്തര ചടങ്ങിനിടെ എട്ട് മുസ്‌ലിംകൾ വിലാപകരുടെ കൈകളാൽ ആൾക്കൂട്ടക്കൊല ചെയ്യപ്പെട്ടു. അൾജീരിയൻ ദേശീയ വിമോചന മുന്നണി (Algerian National Liberation Front) 12000 പേരെ ഫ്രഞ്ചുകാർ വധിച്ചുവെന്ന് വാദിക്കുന്നു. അതേസമയം, ആ എണ്ണത്തിന്റെ പത്തിൽ ഒന്ന് മാത്രമാണ് യഥാർത്ഥ കണക്കെന്ന് ഫ്രഞ്ചുകാർ അവകാശപ്പെടുന്നു. എന്നിരുന്നാലും, ഫിലിപ്പ് വില്ലെയിലെ ആക്രമണത്തിന് ഒരു മാസത്തിനിടയ്ക്ക് ഇരുപതിനായിരം ആളുകളെയാണ് ഫ്രാൻസ് വധിച്ചത് എന്നാണ് ഒരു ഫ്രഞ്ച് ഔദ്യോഗിക വക്താവ് ഒരു അമേരിക്കൻ ഡിപ്ലോമാറ്റുമായി പങ്ക് വെച്ചത്.

രണ്ടാം ലോക യുദ്ധം മുതൽ അമേരിക്കൻ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുന്ന പ്രമുഖ അമേരിക്കൻ തിങ് ടാങ്കായ റാൻഡ് കോർപ്പറേഷന്റെ ഒരു പഠനം അധിനിവേശകർ, കൊല്ലപ്പെട്ട ‘പൗരന്മാർക്കെതിരെ’ അൾജീരിയൻ വിപ്ലവകാരികൾ നടത്തിയ ‘കൂട്ടക്കൊലയോടുള്ള’ ‘തിരിച്ചടി’ എന്നാണ് ഫ്രഞ്ച് സൈന്യത്തിന്റെ ഈ അരു കൊലയെ വിശദീകരിക്കുന്നത്.

പക്ഷേ, ഫ്രഞ്ച് അധിനിവേശകരിൽ നിന്ന് വംശഹത്യാ നടപടികൾ നേരിടുന്ന അൾജീരിയക്കാർ അധിനിവേശകർക്കെതിരെ നടത്തിയ ആക്രമണങ്ങൾ റാൻഡ് കോർപ്പറേഷന്റെ ഗവേഷകരെ സംബന്ധിച്ച് തിരിച്ചടിയുടെ ഭാഗമായിരുന്നില്ല. 1871 ൽ മാത്രം അൾജീരിയൻ ജനസംഖ്യയുടെ മൂന്നിലൊരു ഭാഗവും ഫ്രാൻസിന്റെ അൾജീരിയക്കാർക്കെതിരെയുള്ള വംശഹത്യയിൽ കൊല്ലപ്പെട്ടിരുന്നു.

ഫലസ്തീനിയൻ ജനതയ്ക്കെതിരെ നിലവിൽ നടക്കുന്ന വാചാടോപ യുദ്ധവുമായി ഇതുവരെ പറഞ്ഞതിന് എന്തെങ്കിലും സാമ്യം ഉണ്ടെങ്കിൽ അതിനു കാരണം അതേ കൊളോണിയൽ മാന്വലാണ് അതിപ്പോഴും പിന്തുടരുന്നത് എന്നതാണ്.

1400 ഫലസ്തീനികൾ കൊല്ലപ്പെട്ട 2008 ഡിസംബറിലെയും 2009 ജനുവരിയിലെയും ഗസ്സക്കു മേലുള്ള ഇസ്രായേൽ ആക്രമണത്തെ കുറിച്ച് ഇസ്രായേലിനെയും പാശ്ചാത്യൻ ഭരണകൂടങ്ങളെയും മുഖ്യധാരാ മാധ്യമങ്ങളെയും അനുകരിച്ചു കൊണ്ട് ന്യൂയോർക്ക് ടൈംസ് അവകാശപ്പെട്ടത്, ഇസ്രായേലിനെതിരെ തൊടുത്തുവിട്ട ഫലസ്തീനിയൻ റോക്കറ്റിനോടുള്ള ‘പ്രതികരണത്തിന്റെ ഭാഗമായിരുന്നു’ അതെന്നാണ്. തീർച്ചയായും, ഇസ്രായേലിനു നേരെയുള്ള ഫലസ്തീൻ ആക്രമണം ഒരിക്കലും ഇസ്രായേലിന്റെ കൊളോണിയൽ ഹിംസയോടും അധിനിവേശത്തോടും ഉപരോധത്തോടുമുള്ള പ്രതികരണമായിരിക്കുകയില്ല!

180 ഫലസ്തീനികളെ വധിച്ച 2012 ലെ ആക്രമണത്തെയും സമാനമായി ‘തിരിച്ചടി’ എന്ന നിലയിലായിരുന്നു വിശദീകരിക്കപ്പെട്ടത്. 2014 ജൂണിലും പിന്നീട് ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും ഇസ്രായേലീ ഉപരോധിത ഗസ്സയിൽ ഇസ്രായോൽ നടത്തിയ 2250 ഫലസ്തീനികളുടെ മരണത്തിനിടയാക്കിയ ബോംബിങ്ങിനെയും “തിരിച്ചടിയുടെ ഭാഗമായിരുന്നു” എന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. 256 ഫലസ്തീനികൾ കൊല്ലപ്പെട്ട 2021 ലെ ഇസ്രായേലിന്റെ മാരകമായ ആക്രമണത്തെ ദി ടൈംസും മറ്റ് പാശ്ചാത്യൻ മീഡിയകളും ‘പ്രതികരണ നടപടികളുടെ’ ഭാഗം എന്നാണ് വിശേഷിപ്പിച്ചത്.

അതുകൊണ്ട് തന്നെ ഗസ്സയിൽ ഇസ്രായേൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വംശഹത്യ നടപടിയെ കുറിച്ചുള്ള വിവരണങ്ങളിലെ ‘പ്രതിക്രിയാ നടപടി’ അല്ലെങ്കിൽ ‘തിരിച്ചടി’ തുടങ്ങിയ വാക്കുകളുടെ സർവ്വസാന്നിധ്യം ഒട്ടും അത്ഭുതാവഹമല്ല.

‘പ്രതിക്രിയാപരമായ’ വംശഹത്യ

ഒക്ടോബർ ഏഴിലെ ഇസ്രായേൽ സൈന്യത്തിന്റെ പരാജയം ഫലസ്തീനിയൻ ജനതക്കു മേലുള്ള ഇസ്രായേൽ വംശഹത്യയെ ‘പ്രതിക്രിയാ നടപടി’ എന്ന നിലയിൽ ന്യായീകരിക്കാൻ സ്വയം പര്യാപ്തമല്ലെന്ന് ഇസ്രായേല്യർ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു.

പിഞ്ചു കുഞ്ഞുങ്ങളെ കത്തിച്ചു, ഗർഭിണികളുടെ കുടൽ പുറത്തെടുത്തു, ലൈംഗിക പീഢനങ്ങൾ നടപ്പാക്കി തുടങ്ങിയ ബീഭത്സമായ കഥകൾ അവർ കെട്ടിച്ചമക്കാൻ തുടങ്ങി. അതേപോലെ  UNRWA തൊഴിലാളികൾ ഹമാസ് അംഗങ്ങളാണെന്നു തുടങ്ങി പിന്നീടവർ പ്രചരിപ്പിച്ച നുണക്കഥകളും. ഒരിക്കലും നടന്നിട്ടില്ലാത്ത ഇസ്രായേലീ ഭാവനകൾ മാത്രമാണ് കുഞ്ഞുങ്ങളെ കത്തിച്ചതും, ഗർഭിണികളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കഥകളെന്ന് വൈകാതെ തന്നെ തുറന്നു കാട്ടപ്പെട്ടു.

അതേസമയം, ‘ഹനിബൽ ഡയറക്ടീവ്’ എന്നറിയപ്പെടുന്ന ഇസ്രായേലീ സൈനിക തന്ത്രത്തിന്റെ ഭാഗമായി ഇസ്രായേൽ സൈന്യം ഇസ്രായേലീ പൗരന്മാർക്കെതിരെ മനഃപൂർവ്വം വെടിവെക്കുകയും അവരെ കുരുതി ചെയ്യുകയും ചെയ്തതിനുള്ള കൂടുതൽ തെളിവുകൾ ഇസ്രായേലീ പത്രമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഫോറൻസിക് തെളിവുകളുടെയും ഇരകളുടെയോ അതിജീവതകളുടെയോ മൊഴികളുടെയും അഭാവത്തിൽ ലൈംഗിക പീഢനവുമായി ബന്ധപ്പെട്ട ആരോപണങ്ങളാവട്ടെ ന്യൂയോർക് ടൈംസിന് പോലും തെളിയിക്കാൻ കഴിയാതെ കിടക്കുന്നു.

ഈ ഇസ്രായേലീ അവകാശ വാദങ്ങൾ സത്യങ്ങളെന്ന പോലെ പ്രചരിപ്പിക്കുന്നതിൽ ന്യൂയോർക് ടൈംസ് വഹിച്ച പങ്ക് അവരുടെ തന്നെ റിപ്പോർട്ടർമാരുമായും തങ്ങളുടെ കുടുംബത്തിലെ സ്ത്രീ പീഡനത്തിനിരയാവുകയോ ലൈംഗികമായി ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന വാദത്തെ തള്ളിക്കളഞ്ഞ ഇസ്രായേലീ കുടുംബങ്ങളുമായും പ്രശ്നങ്ങളുണ്ടാവുന്നതിന് കാരണമാവുകയും ചെയ്തു (ടൈംസിനകത്തെ അറബ് മുസ്‌ലിം വംശജരായ തൊഴിലാളികളെ ആന്തരിക സംഘർഷങ്ങൾ ചോർത്തി നൽകി എന്ന പേരിൽ വേട്ടയാടുന്നിടത്ത് വരെ ഇത് എത്തി).

ഈ ഇസ്രായേലീ പ്രോപ്പഗണ്ടയിൽ ഐക്യ രാഷ്ട്ര സഭ പോലും ഭാഗവാക്കാണ്. നേരിട്ട് അന്വേഷണം നടത്താൻ അനുവാദമില്ലാതെ ഇസ്രായേലീ ഭരണകൂടം നൽകിയ വിവരങ്ങൾ മാത്രം ശേഖരിക്കുകയും ചെയ്ത അടുത്തിടെ പുറത്തിറങ്ങിയ, മേല്പറഞ്ഞ പീഢനാരോപണങ്ങളെ കുറിച്ചുള്ള ഐക്യരാഷ്ട്ര സഭ റിപ്പോർട്ട് ഇസ്രായേലിന്റെ അവകാശവാദങ്ങൾ വിശ്വസിക്കാൻ ‘മതിയായ കാരണങ്ങളുണ്ട്’ എന്നാണ് ഉപസംഹരിക്കുന്നത്. പക്ഷേ അവയെന്താണെന്ന് പ്രസ്തുത റിപ്പോർട്ട് ഒരിക്കലും പുറത്തുവിട്ടിട്ടില്ലെന്ന് മാത്രമല്ല, ഇസ്രായേലിന്റെ ചില അവകാശ വാദങ്ങൾ ‘അടിസ്ഥാനരഹിതമാണെന്ന്’ കണ്ടെത്തുകയും ചെയ്യുന്നു.

അന്വേഷണ സംഘത്തിന് ഈ ലൈംഗികാതിക്രമങ്ങളുടെ വ്യാപ്തി എത്രത്തോളമെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അതിന്റെ വ്യാപ്തിയും, ആഴവും, സവിശേഷ സ്വഭാവവും മനസ്സിലാക്കാൻ കൂടുതൽ വിശാലമായ അന്വേഷണം ആവശ്യമാണെന്നും പ്രസ്തുത റിപ്പോർട്ട് പ്രഖ്യാപിക്കുന്നു. തന്നെയുമല്ല, ഒക്ടോബർ ഏഴിലെ ലൈംഗിക പീഢനത്തിന് ഇരയായവരെയോ അതിജീവിച്ചവരെയോ കാണാൻ യു.എന്നിന്റെ സംഘം പരമാവധി ശ്രമിച്ചെങ്കിലും അങ്ങനെയുള്ള ആരെയും കാണാൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഈ റിപ്പോർട്ടിനെ കുറിച്ച് ഇലക്ട്രോണിക് ഇൻതിഫാദയിലെ അലീ അബൂനിഅ്മയും അസാ വിൻസ്റ്റാൻലിയും നടത്തിയ സമഗ്രമായ വിശകലനത്തിൽ തുറന്നു കാട്ടിയ പോലെ, യു.എൻ റിപ്പോർട്ടിന്റെ അതിശയകരമായ ഒരു വശമെന്നു പറയുന്നത് ലൈംഗിക പീഢനത്തെ സംബന്ധിക്കുന്ന എന്തെങ്കിലുമൊരു തെളിവ് അത് പുറത്തു കൊണ്ടുവന്നതായി റിപ്പോർട്ട് പറയുന്നില്ലെന്ന് മാത്രമല്ല, ‘ഇസ്രായേലീ ദേശീയ സ്ഥാപനങ്ങൾ നൽകിയതെന്ന്’ റിപ്പോർട്ടു തന്നെ അംഗീകരിക്കുന്ന ‘വ്യക്തവും വിശ്വാസകരവുമായ വിവരങ്ങളെ’ കുറിച്ച് മാത്രമാണ് റിപ്പോർട്ട് പറയുന്നുള്ളൂ.

ഒട്ടേറെ ഡിജിറ്റൽ മെറ്റീരിയലുകൾ പരിശോധിച്ചെങ്കിലും ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള യാതൊരു തെളിവുകളും കണ്ടെത്താൻ യു.എൻ സംഘത്തിന് കഴിഞ്ഞില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇസ്രായേലിന്റെ ‘പ്രതിക്രിയാ’ വംശഹത്യയെ ന്യായീകരിക്കുന്നതിൽ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഈ ആരോപണത്തിന്റെ കേന്ദ്ര പങ്ക് പരിഗണിച്ചു നോക്കുമ്പോൾ, ഇസ്രായേലീ ആരോപണങ്ങളെ കുറിച്ച് പലരും പ്രകടിപ്പിച്ചിരുന്ന സംശയത്തെ ഇത്തരം തെളിവുകളുടെ അഭാവം സ്ഥിരപ്പെടുത്തുകയാണ് ചെയ്യുന്നത്.

എങ്കിലും, യു.എൻ റിപ്പോർട്ട് വിശ്വസ്തമെന്ന് കണ്ടെത്തിയ ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള ആരോപണം ഇസ്രായേലീ സൈന്യവും കുടിയേറ്റക്കാരും വെസ്റ്റ് ബാങ്കിലെ ഫലസ്തീനിയൻ സ്ത്രീകൾക്കും പുരുഷന്മാർക്കുമെതിരെ നടത്തിയതാണ്. ഇസ്രായേലീ സൈന്യം പൂർണമായി തള്ളിക്കളഞ്ഞ ആരോപണങ്ങളെ പറ്റി അന്വേഷണങ്ങൾ നടത്താനും റിപ്പോർട്ട് സൈന്യത്തിനോടാവശ്യപ്പെടുന്നു.

ഇസ്രായേൽ പുരുഷ സൈനികരുടെ ലൈംഗികാതിക്രമത്തിന് ഇരകളായിരുന്നു പതിറ്റാണ്ടുകളോളം ഇസ്രായേലീ സ്ത്രീ സൈനികർ എന്ന വസ്തുതയെയും ഈ റിപ്പോർട്ട് അവഗണിക്കുന്നു. പക്ഷേ അതും കുറ്റാരോപണത്തിന്റെ ഭാഗമായിരുന്നില്ല. 2020 ൽ  മാത്രം, ഇസ്രായേലീ സൈന്യം പുറത്തു വിട്ട കണക്കുകൾ പ്രകാരം, ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ച 1542 പരാതികളാണ് ലഭിച്ചത്, അതിൽ 26 പീഡന സംഭവങ്ങളും 391 അശ്ലീല പ്രവർത്തിയെ സംബന്ധിച്ചതും, 92 കേസുകൾ ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടതുമായിരുന്നു. ഇതിൽ 31 കേസുകൾക്കല്ലാതെ ഇസ്രായേലീ സൈന്യം കേസ് ഫയൽ ചെയ്തിട്ടില്ല. ഇസ്രായേലീ, ഫലസ്തീനിയൻ സ്ത്രീകൾക്കെതിരെയുള്ള ഇസ്രായേലീ ലൈംഗികാതിക്രമങ്ങളും തിരിച്ചടിയുടെ ഭാഗമാണോ എന്ന കാര്യം അവ്യക്തമാണ്!

ഫലസ്തീനിയൻ ചെറുത്തു നിൽപ്പിന് മുൻപിൽ ഇസ്രായേൽ സൈന്യം ദയനീയമായി പരാജയപ്പെട്ടു എന്ന ശക്തമായ തെളിവുകളുള്ള വസ്തുതയാണ് ഇസ്രായേലിന്റെ ‘തിരിച്ചടിയാക്രമണങ്ങളെ’ പറ്റിയുള്ള പാശ്ചാത്യൻ സംവാദങ്ങളിൽ കടന്നു വരാത്ത കാര്യം. അവിതർക്കിതമായ ഈ വസ്തുതയെ അവഗണിക്കുകയാണവർ.

ഇസ്രായേലി സൈനിക താവളങ്ങളും ഗസ്സയെ വളഞ്ഞിരിക്കുന്ന ഇസ്രയേലിന്റെ ചെക്ക്പോസ്റ്റുകളും ഫലസ്തീനികൾ പിടിച്ചെടുക്കുകയും, ആക്രമണത്തിനിടക്ക് ഉറങ്ങിപ്പോയ ഇസ്രായേലി പട്ടാളക്കാരുടെ അപഹാസ്യകരമായ ദൃശ്യങ്ങളുമൊക്കെ ആണ് വാസ്തവത്തിൽ ഇസ്രായേലിന്റെ ഈ വംശഹത്യാ യുദ്ധത്തിന്റെ കാരണം. ഇസ്രായേലീ ഉദ്യോഗസ്ഥർ ‘മനുഷ്യമൃഗങ്ങൾ’ എന്നു വിശേഷിപ്പിച്ച കോളനിവൽകൃതർക്ക് കൊളോണിയൽ ഇസ്രായേലീ സൈന്യത്തെ പരാജയപ്പെടുത്താൻ കഴിഞ്ഞെന്ന വസ്തുത ദുർഗ്രഹമാവുന്നതും അതിനാലാണ്.

1880 കൾ മുതൽ ഫലസ്തീനിയൻ തദ്ദേശീയ ജനതക്കെതിരെ അതിക്രമങ്ങൾ ആരംഭിച്ച ഇസ്രായേലീ സയണിസ്റ്റ് കൊളോണിയലിസത്തിന് അധിനിവേശം നടത്താനുള്ള അവകാശമുണ്ടെന്നും അത് ഫല്സതീനികളുടെ പ്രതിരോധത്തെ സാധൂകരിക്കുന്ന തരത്തിലുള്ള അതിക്രമമല്ലെന്നും വാദിക്കുന്നു എന്നതാണ് പാശ്ചാത്യൻ ആഖ്യാനത്തിന്റെ പ്രശ്നം.

ഈ ആഖ്യാന പ്രകാരം, വംശീയവും അധിനിവേശപരവുമായ യൂറോപ്യൻ സയണിസ്റ്റ് ഹിംസയെ പ്രതിരോധിക്കാൻ തുനിഞ്ഞതിലൂടെ ഫലസ്തീനികളാണ് ഹിംസക്ക് തുടക്കം കുറിച്ചത്. അക്കാരണത്താൽ തന്നെയാണ് അവരുടെ ചെറുത്തുനിൽപ്പിനെ ഒരിക്കലും “പ്രതിക്രിയാപരം” എന്ന് വിശേഷിപ്പിക്കാൻ സാധിക്കാത്തതും!

 

വിവ: മൻഷാദ് മനാസ്

കടപ്പാട്: https://www.middleeasteye.net/

Related Articles